തിരയുക

ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയിൽ തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്യുന്നു, വത്തിക്കാനിലെ പോൾ ആറാമൻ ശാലയി., 28/10/2020 ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയിൽ തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്യുന്നു, വത്തിക്കാനിലെ പോൾ ആറാമൻ ശാലയി., 28/10/2020 

പാപികളോടൊത്ത് പ്രാർത്ഥിക്കുന്ന യേശു, പാപ്പായുടെ പൊതുദർശന ചിന്ത!

യേശു നമുക്കെല്ലാവർക്കും വേണ്ടി നമ്മോടൊന്നു ചേർന്നു പ്രാർത്ഥിക്കുന്നു. അവിടന്നേകിയ പ്രാർത്ഥനാദാനം നാം സ്വീകരിക്കുകയും സ്വന്തമാക്കുകയും വേണം, പ്രാർത്ഥിക്കാൻ താഴ്മ അനിവാര്യമാണ്. ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തണുപ്പും അതോടൊപ്പം കോവിദ് 19 രോഗവ്യാപനവും കൂടിവരികയാണ് റോമിൽ. ഇവിടെ ചൊവ്വാഴ്ച (27/10/20) മാത്രം 1007 പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു.  ഈയൊരു അവസ്ഥ നിലനില്ക്കുന്നതിനാൽ കോവിദ് 19 രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഈ ബുധനാഴ്ചയും (28/10/20) വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പരിപാടി അരങ്ങേറിയത്.  പൊതുകൂടിക്കാഴ്ചാ വേദി, കഴിഞ്ഞാഴ്ചയിലെന്ന പോലെ തന്നെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്ത്, പോൾ ആറാമൻ പാപ്പായുടെ നാമത്തിലുള്ള അതിവിശാലമായ ശാലയായിരുന്നു. വേദിയിലെത്തിയ പാപ്പാ, ശാലയിൽ സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ ജനങ്ങളെ, അകലെ നിന്ന് അഭിവാദ്യം ചെയ്തതിനു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ, പ്രാർത്ഥനയെ അധികരിച്ച് പഴയനിയമത്തെ, പ്രത്യേകിച്ച്, സങ്കീർത്തന ഗ്രന്ഥത്തെ അവലംബമാക്കിയുള്ള പ്രബോധനപരമ്പര കഴിഞ്ഞയാഴ്ച അവസാനിച്ചതിനെ തുടർന്ന് പുതിയനിയമത്തിലേക്കു കടന്നു. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ മുഖ്യ പ്രഭാഷണത്തിന് ആമുഖമായി പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം :

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം !

മുൻ കൂടിക്കാഴ്ചകളിലെന്ന പോലെ ഇന്നും ഞാൻ ഇവിടെയാണ് നില്ക്കുക. നിങ്ങളുടെ അടുത്തേക്കിറങ്ങിവന്ന് നിങ്ങളെ അഭിവാദ്യം ചെയ്യാനാണ് എനിക്കിഷ്ടം എന്നിരുന്നാലും നാം അകലം പാലിക്കേണ്ടിയിരിക്കുന്നു. കാരണം ഞാൻ താഴേക്കിറങ്ങിയാൽ ഉടൻ തന്നെ എല്ലാവരും അഭിവാദ്യം ചെയ്യുന്നതിനായി അടുത്തുകൂടും. ഇത് നമുക്ക് ഏറെ ഹാനികരമായ കോവിദ് 19 എന്ന ബാധയ്ക്കുമുന്നിൽ പാലിക്കേണ്ട കരുതലിനും ജാഗ്രതയ്ക്കും വിരുദ്ധമാണ്. ആകയാൽ ഞാൻ താഴേക്കിറങ്ങാത്തതിന് എന്നോടു പൊറുക്കുക. ഞാൻ ഇവിടെ നിന്നുകൊണ്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. നിങ്ങളെല്ലാവരും എന്നും എൻറെ ഹൃദയത്തിൽ ഉണ്ട്. എന്നെയും നിങ്ങൾ ഹൃദയത്തിൽ പേറുക, എനിക്കുവേണ്ടിയും പ്രാർത്ഥിക്കുക. അകന്നുനിന്നുകൊണ്ടും ഒരാൾക്ക് മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ സാധിക്കും. എന്നെ മനസ്സിലാക്കുന്നതിന് നന്ദി. 

ഈ വാക്കുകളെ തുടർന്ന് പാപ്പാ പരിചിന്തനത്തിലേക്കു കടന്നു:

യേശുവിൻറെ പ്രാർത്ഥന

പ്രാർത്ഥനയെ അധികരിച്ചുള്ള നമ്മുടെ പരിചിന്തന സരണി പഴയനിയമത്തിലൂടെ കടന്ന് ഇപ്പോൾ യേശുവിൽ എത്തിയിരിക്കയാണ്. യേശു പ്രാർത്ഥിക്കുകയായിരുന്നു. അവിടത്തെ പരസ്യദൗത്യാരംഭം ജോർദ്ദാൻ നദിയിൽ വച്ചുള്ള മാമ്മോദീസായോടെയാണ്. എല്ലാം സുവിശേഷകന്മാരും ഈ സംഭവത്തിന് ഏകയോഗമായി മൗലിക പ്രാധാന്യം കല്പിക്കുന്നു. സകല ജനതകളും പ്രാർത്ഥനയിൽ എപ്രകാരം ഒന്നുചേർന്നുവെന്ന് അവർ വിവരിക്കുകയും ഈ സമാഗമത്തിന് എങ്ങനെയാണ് പ്രസ്പഷ്ടമായ അനുതാപ സ്വഭാവം ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. (മർക്കോസ് 1,5; മത്തായി 3,8) പാപമോചനത്തിനായി സ്നാനം സ്വീകരിക്കാൻ ജനങ്ങൾ യോഹന്നാൻറെ പക്കലേക്കു പോയിക്കൊണ്ടിരുന്നു. ഇവിടെ അനുതാപത്തിൻറെ, മാനസാന്തരത്തിൻറെ ഒരു സ്വഭാവം ഉണ്ട്. 

യേശുവിൻറെ മാമ്മോദീസായും പ്രാർത്ഥനയും

യേശുവിൻറെ പ്രഥമ പരസ്യപ്രവൃത്തി ജനങ്ങളുടെ ഒരു കൂട്ടായ പ്രാർത്ഥനയിൽ പങ്കുചേരലായിരുന്നു. സ്നാനപ്പെടാൻ പോകുന്ന ജനത്തിൻറെ പ്രാർത്ഥന, തങ്ങൾ എല്ലാവരും പാപികളാണ് എന്ന തിരിച്ചറിവോടെ നടത്തിയ ഒരു അനുതാപ പ്രാർത്ഥന ആയിരുന്നു അത്. ഇക്കാരണത്താൽ സ്നാപകൻ അതിനോടു വിയോജിപ്പു പ്രകടിപ്പിക്കുമാറ് ഇപ്രകാരം പറയുന്നു: "ഞാൻ നിന്നിൽ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എൻറെ അടുത്തേക്കു വരുന്നോ?" (മത്തായി 3:14). യേശു ആരാണെന്ന് സ്നാപകന് അറിയാമായിരുന്നു. എന്നാൽ യേശു തറപ്പിച്ചുപറയുന്നത്, അത്, പിതാവിൻറെ ഹിതത്തോടുള്ള അനുസരണത്തിൻറെ പ്രവൃത്തിയാണ് എന്നാണ്. (മത്തായി 3,15), നമ്മുടെ മാനുഷികാവസ്ഥയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്രവൃത്തിയാണത്. ദൈവജനത്തിലെ പാപികളോടൊപ്പം അവിടന്ന് പ്രാർത്ഥിക്കുന്നു. ഒരു കാര്യം നാം മനസ്സിൽ സൂക്ഷിക്കണം, അതായത്, യേശു നീതിമാനാണ്, അവിടന്ന് പാപിയല്ല. എന്നാൽ അവിടന്ന് നമ്മിലേക്ക്, പാപികളിലേക്ക് വരെ ഇറങ്ങിവരുന്നു, നമ്മോടൊത്തു പ്രാർത്ഥിക്കുന്നു.  അനുസരണക്കേട് കാണിക്കുന്ന ആളുകളിൽ നിന്നുള്ള അന്തരവും ദൂരവും വ്യക്തമാക്കി കാണിക്കുന്നതിനായി അവിടന്ന് നദിയുടെ എതിർ കരയിൽ നിൽക്കുകയല്ല ചെയ്യുന്നത്. മറിച്ച് അവിടന്ന് സ്വന്തം കാലുകൾ ശുദ്ധീകരണ ജലത്തിൽ മുക്കുന്നു. ഒരു പാപിയെന്ന പോലെ അവിടന്ന് അതു ചെയ്യുന്നു. സ്വപുത്രനെ അയക്കുകയും സ്വയം ശൂന്യവത്ക്കരിക്കുകയും, പാപിയെപ്പോലെ കാണപ്പെടുകയും ചെയ്ത സ്വപുത്രനെ അയച്ച ദൈവത്തിൻറെ മഹത്വം ഇതാണ്.

യേശു “ഇമ്മാനുവേൽ”- ദൈവം നമ്മോടുകൂടെ

യേശു അകലങ്ങളിലെ ഒരു ദൈവമല്ല, അങ്ങനെയാകാൻ അവിടത്തേക്കു കഴിയില്ല. മനുഷ്യാവതാരം അത്  പൂർണ്ണമായും മാനുഷികമായി അചിന്തനീയമായ വിധത്തിലും വെളിപ്പെടുത്തി. അങ്ങനെ, സ്വന്തം ദൗത്യം ആരംഭിച്ചുകൊണ്ട്, യേശു അനുതപിക്കുന്ന ഒരു ജനതയുടെ തലപ്പത്ത് നില്ക്കുന്നു. അത് അവിടന്ന് അവിടത്തേയ്ക്കു പിന്നാലെ നാമെല്ലാവരും കടന്നുപോകേണ്ടതിന് ധൈര്യം പ്രകടിപ്പിക്കേണ്ടതായ ഒരു വിടവ് ഉണ്ടാക്കുകയെന്ന ചുമതല സ്വയം ഏറ്റെടുക്കുന്നതു പോലെയാണ്. കാലത്തികവിൻറെ പുതുമ ഇതാണ് എന്നാണ് ഇതിന് കത്തോലിക്കാസഭയുടെ മതബോധനം നല്കുന്നു വിശദീരണം. അതിൽ പറയുന്നതിങ്ങനെയാണ്: “തൻറെ മക്കളിൽ നിന്ന് ദൈവപിതാവ് പ്രതീക്ഷിച്ചിരുന്ന പുത്രസഹജമായ പ്രാർത്ഥന ഒടുവിൽ, തൻറെ ഏകജാതനായ സുതൻ തന്നെ അവിടത്തെ മനുഷ്യപ്രകൃതിയിൽ മനുഷ്യരോടൊത്ത്, മനുഷ്യർക്കുവേണ്ടി ജീവിച്ചു” ( 2599). യേശു നമ്മോടൊപ്പം പ്രാർത്ഥിക്കുന്നു. ഇതെന്നും നമ്മുടെ മനസ്സിലുണ്ടായിരിക്കണം.

യേശു നായകൻ

ആ ദിവസം, യോർദ്ദാൻ നദിയുടെ തീരത്ത്, നരകുലം മുഴുവനും, പ്രാർത്ഥനയുടെ അനാവിഷ്കൃതാഭിവാഞ്ഛകളോടുകൂടി, ഉണ്ട്. സർവ്വോപരി പാപികളായ ജനം, ദൈവം സ്നേഹിക്കില്ല എന്നു കരുതിയവർ, ദേവാലായത്തിൻറെ പടിവാതിലിനപ്പുറത്തേക്ക് കടക്കാൻ ധൈര്യപ്പെടാത്തവർ, യോഗ്യരല്ലെന്ന് തോന്നിയതിനാൽ പ്രാർത്ഥിക്കാത്തവർ. യേശു എല്ലാവർക്കുമായി, അവർക്കു വേണ്ടിയും വന്നു, അവരോടൊന്നു ചേർന്നുകൊണ്ടാണുതാനും അവിടന്ന് ആരംഭിക്കുന്നുത്. നായകനാണ് അവിടന്ന്.

സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന

എല്ലാറ്റിനുമുപരിയായി, യേശുവിന്റെ സ്നാനം നടന്ന പ്രാർത്ഥനാന്തരീക്ഷം  ലൂക്കായുടെ സുവിശേഷം എടുത്തുകാട്ടുന്നു: “എല്ലാ ജനങ്ങളും സ്നാനമേറ്റുകൊണ്ടിരിക്കെ, യേശുവും സ്നാനം സ്വീകരിച്ചു, അവിടന്നു പ്രാർത്ഥിക്കുകയായിരുന്നു, അപ്പോൾ സ്വർഗ്ഗം തുറന്നു” (ലൂക്കാ 3.2). പ്രാർത്ഥിക്കുന്നതിലൂടെ, യേശു സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നു, പരിശുദ്ധാത്മാവ് ആ വിടവിലൂടെ ഇറങ്ങിവരുന്നു. മുകളിൽ നിന്ന് ഒരു ശബ്ദം അതിശയകരമായ സത്യം പ്രഖ്യാപിക്കുന്നു: "നീ എൻറെ പ്രിയ പുത്രനാണ്, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (ലൂക്കാ 3,22). ഈ ലളിതമായ വാക്യത്തിൽ അപാരമായ ഒരു നിധി അടങ്ങിയിരിക്കുന്നു: ഇത് പിതാവിങ്കലേക്ക് സദാ തിരിഞ്ഞിരിക്കുന്ന യേശുവിൻറെയും അവിടത്തെ ഹൃദയത്തിൻറെയും രഹസ്യത്തെക്കുറിച്ചുള്ള ചില അനുമാനങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ശിക്ഷാവിധിയിലേക്കെത്തിക്കുന്ന ജീവിതത്തിൻറെയും ലോകത്തിൻറെയും ചുഴലിക്കാറ്റിലും, സഹിക്കേണ്ടിവരുന്ന കഠിനവും സങ്കടകരവുമായ അനുഭവങ്ങളിലും, തലചായ്ക്കാൻ  ഒരിടമില്ലാത്ത അനുഭവത്തിലും (മത്തായി 8:20), വിദ്വേഷവും പീഡനവും പൊട്ടിപ്പുറപ്പെട്ടപ്പോഴും,  യേശു ഒരിക്കലും അഭയസങ്കേതം ഇല്ലത്താവനായിരുന്നില്ല: അവിടന്ന് നിത്യമായി പിതാവിൽ വസിക്കുന്നു.

ദൈവം സാക്ഷ്യപ്പെടുത്തുന്ന പുത്രൻ

യേശുവിൻറെ പ്രാർത്ഥനയുടെ അതുല്യമായ മഹത്വം ഇതാ: പരിശുദ്ധാത്മാവ് അവിടത്തെ വ്യക്തിയെ സ്വന്തമാക്കുന്നു, അവൻ പ്രിയപ്പെട്ടവനാണെന്നും തന്നെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന പുത്രനാണെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

യോർദ്ദാൻ നദിയുടെ തീരത്ത് യേശുനടത്തുന്ന ഈ പ്രാർത്ഥന തീർത്തും വ്യക്തിപരമാണ് – അവിടത്തെ ഭൗമിക ജീവിതത്തിലുടനീളം അപ്രകാരം തന്നെ ആയിരിക്കും – പന്തക്കൂസ്തായിൽ ആകട്ടെ ആ പ്രാർത്ഥന, വരപ്രസാദത്താൽ, ക്രിസ്തുവിൽ സ്നാനമേറ്റ എല്ലാവരുടെയും പ്രാർത്ഥനയായിത്തീരും. അവിടന്നാണ് നമുക്കുവേണ്ടി ഈ ദാനം നേടിത്തന്നത്. താൻ പ്രാർത്ഥിച്ചിരുന്നതുപോലെ പ്രാർത്ഥിക്കാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു.

വിനയം അനിവാര്യമായ പ്രാർത്ഥന

ഇക്കാരണത്താൽ, ഒരു സായാഹ്ന പ്രാർത്ഥനാവേളയിൽ നമുക്ക് തളർച്ചയും ശൂന്യതയും അനുഭവപ്പെടുകയാണെങ്കിൽ, ജീവിതം പൂർണ്ണമായും പ്രയോജനശൂന്യമെന്ന് നമുക്ക് തോന്നുന്നുവെങ്കിൽ, ആ നിമിഷം നമ്മൾ യേശുവിൻറെ പ്രാർത്ഥന നമ്മുടേതായിത്തീരണമെന്ന് പ്രാർത്ഥിക്കണം. “എനിക്ക് ഇന്ന് പ്രാർത്ഥിക്കാൻ കഴിയില്ല, എന്തുചെയ്യണമെന്ന് എനിക്കറിയില്ല: എനിക്ക് അത് തോന്നുന്നില്ല, ഞാൻ യോഗ്യനല്ല, യോഗ്യയല്ല… അപ്പോൾ നമുക്കായി പ്രാർത്ഥിക്കാൻ നാം നമ്മെത്തന്നെ യേശുവിന് സമർപ്പിക്കണം..... യേശു ജോർദ്ദാനിലെ വെള്ളത്തിലേക്കിറങ്ങിയത് അവിടത്തേക്കു വേണ്ടിയല്ല മറിച്ചു നമുക്കെല്ലാവർക്കും വേണ്ടിയാണ്. മാപ്പപേക്ഷിക്കുന്നതിനും അനുതാപത്തിൻറെ സ്നാനമേല്ക്കുന്നതിനും ദൈവജനം മുഴുവനും ജോർദ്ദാൻ നദിയിലെത്തുന്നു. ജോർദ്ദാനിൽ പ്രാർത്ഥിക്കാൻ അണഞ്ഞവർ “നഗ്നമായ ആത്മാവോടും നഗ്ന പാദങ്ങളോടും” കൂടെ ആയിരുന്നുവെന്ന് ഒരു ദൈവശാസ്ത്രജ്ഞൻ പറയുന്നുണ്ട്. അതാണ് എളിമ, പ്രാർത്ഥിക്കുന്നതിന് വിനയം ആവശ്യമാണ്. മോശ ചെങ്കടൽ തുറന്നതു പോലെ യേശു സ്വർഗ്ഗം തുറക്കുന്നു, അത് നാമെല്ലാവരും അവിടത്തെ പിന്നാലെ പോകുന്നതിനു വേണ്ടിയാണ്. യേശു നമുക്കു അവിടത്തെ പ്രാർത്ഥന സമ്മാനിച്ചു, അത് പിതാവിനോടുള്ള അവിടത്തെ സ്നേഹസംഭാഷണമാണ്. നമ്മുടെ ഹൃദയത്തിൽ വേരുറപ്പിക്കാൻ ആഗ്രഹിക്കുന്ന ത്രിത്വത്തിൻറെ ഒരു വിത്തായിട്ടാണ് അവിടന്ന് അത് നമുക്ക് പ്രദാനം ചെയ്തത്. അതു നമുക്ക് സ്വീകരിക്കാം! പ്രാർത്ഥനയെന്ന സമ്മാനം നമുക്ക് സ്വീകരിക്കാം. എല്ലായ്പ്പോഴും അവിടത്തോടൊപ്പം ആയിരിക്കാം. നമുക്ക് തെറ്റുപറ്റില്ല. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

കാമറൂണിലെ കുമ്പയിൽ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികൾ

ആഫ്രിക്കൻ നാടായ കാമറൂണിൽ ഇക്കഴിഞ്ഞ ശനിയാഴ്ച (24/10/20) യുവവിദ്യാർത്ഥികൾ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം പാപ്പാ വേദനയോടെ അനുസ്മരിച്ചു.

കാമറൂണിലെ കുംബയിൽ കഴിഞ്ഞ ശനിയാഴ്ച ക്രൂരമായി കൊല്ലപ്പെട്ട യുവ വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ വേദനയിൽ താൻ പങ്കുചേരുന്നുവെന്നു പറഞ്ഞ പാപ്പാ നിരപരാധികളായ കൊച്ചുകുട്ടികൾ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കവെ അവരുടെ ജീവിതം പിച്ചിച്ചീന്തിയ ഇത്തരം ക്രൂരവും വിവേകശൂന്യവുമായ പ്രവൃത്തി തന്നെ ഏറെ അസ്വസ്ഥനാക്കുന്നുവെന്ന് വെളിപ്പെടുത്തി. 

സമാനമായ കൃത്യങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനും കാമറൂണിൻറെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും ഭാഗങ്ങളിൽ സമാധാനം വീണ്ടും പുലരുന്നതിനും ദൈവം ഹൃദയങ്ങളിൽ വെളിച്ചം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ആയുധങ്ങൾ നിശബ്ദമാകുമെന്നും എല്ലാവരുടെയും സുരക്ഷയും വിദ്യാഭ്യാസത്തിനും ഭാവിയ്ക്കു മുള്ള ഓരോ യുവാവിൻറെയും അവകാശവും ഉറപ്പാക്കപ്പെടുമെന്നുമുള്ള പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്ത പാപ്പാ തുടർന്ന് എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2020, 14:16