തിരയുക

നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടവർ നമ്മൾ! നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടവർ നമ്മൾ! 

പാപ്പാ: പൊതുഭവന പരിപാലനം, അടിയന്തിര പ്രാധാന്യം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സൃഷ്ടിയെ അധികരിച്ച് രണ്ടു സന്ദേശങ്ങൾ പാപ്പാ ട്വിറ്ററിൽ വെള്ളിയാഴ്ച (02/10/20) കണ്ണിചേർത്തു.  

“സൃഷ്ടിയുടെ കാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടിയതാണ് ഫ്രാൻസീസ് പാപ്പായുടെ  ഈ രണ്ടു സന്ദേശങ്ങളും.

ഇവയിൽ ആദ്യത്തേത് ഇപ്രകാരമാണ്: 

"ഒരേകുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ നാമെല്ലാവരും വസിക്കുന്നത് പൊതുവായ ഒരു ഭവനത്തിലാണ് എന്ന അവബോധത്തിൽ നമുക്ക് നിരന്തരം വളരാം". 

പാപ്പാ കുറിച്ച ഇതര ട്വിറ്റർ സന്ദേശം നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം എടുത്തുകാട്ടുന്നു.

“സ്ഥായിയും സമഗ്രവുമായ വികസനത്തിനായുള്ള അന്വേഷണത്തിൽ മാനവകുടുംബത്തെ മുഴുവൻ ഒന്നിപ്പിക്കുക എന്ന ദൗത്യം നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുക എന്ന അടിയന്തിര വെല്ലുവിളിയിൽ അന്തർലീനമാണ്. എന്തെന്നാൽ എല്ലാം പരിവർത്തനവിധേയമാണെന്ന അവബോധം നമുക്കുണ്ട്”

സമഗ്ര മാനവ വികസനത്തിനായി പ്രവർത്തിക്കുന്ന വത്തിക്കാൻ വിഭാഗം ഇക്കൊല്ലം മെയ് 24 മുതൽ 2021 മെയ് 24 വരെ പ്രത്യേക “ലൌദാത്തൊ സീ” വത്സരം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അവബോധം നാൾക്കുനാൾ വർദ്ധമാനമാക്കുക എന്ന ലക്ഷ്യത്തോടെ “സൃഷ്ടിയുടെ കാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടി ഇത്തരം ചെറു സന്ദേശങ്ങൾ ട്വിറ്ററിൽ കണ്ണിചേർക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

02 October 2020, 13:50