തിരയുക

സമാധാനത്തിനുള്ള സഭൈക്യ പ്രാര്‍ത്ഥനയില്‍... സമാധാനത്തിനുള്ള സഭൈക്യ പ്രാര്‍ത്ഥനയില്‍... 

കുരിശില്‍ വിശ്വസിക്കുന്നവര്‍ക്ക് കൂട്ടായ്മയില്‍ ജീവിക്കാം

പാപ്പാ ഫ്രാന്‍സിസ് റോമിലെ സഭകളുടെ കൂട്ടായ്മ സംഘടിപ്പിച്ച സമാധാന പ്രാര്‍ത്ഥനയില്‍ പങ്കുവച്ച സുവിശേഷധ്യാനം...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 


1. സമാധാനത്തിനായി സഭൈക്യ പ്രാര്‍ത്ഥന
ഒക്ടോബര്‍ 20, ചൊവ്വാഴ്ച റോമിലെ കാപ്പിത്തോളീനിലെ കന്യകാനാഥയുടെ നാമത്തിലുള്ള ബസിലിക്കയില്‍ സഭകളുടെ റോമിലെ കൂട്ടായ്മ സംഘടിപ്പിച്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  റോമിലെ സാന്‍ എജീഡിയോ സമൂഹം സംഘടിപ്പിച്ച പ്രാര്‍ത്ഥനയില്‍ പാപ്പായ്ക്കൊപ്പം, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥന്‍, ആംഗ്ലിക്കന്‍ കൂട്ടായ്മയുടെ തലവന്‍ ബിഷപ്പ് ജസ്റ്റിന്‍ ബില്‍ബിയും ഇതര മതനേതാക്കളും പങ്കെടുത്തു.

2. ‘സ്വയം രക്ഷിക്കുക’ എന്ന ആക്രോശം
യേശുവിന്‍റെ കുരിശിലെ അന്ത്യനിമിഷങ്ങളെ ധ്യാനിക്കുന്നതായിരുന്നു സുവിശേഷഭാഗം (മത്തായി 15). ചുറ്റുംനിന്നവരുടെ പ്രതികരണങ്ങളെ  ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ വിന്യസിപ്പിച്ചത്. സഭ അംഗീകരിക്കാത്തതും അധികൃതവുമല്ലാത്ത സുവിശേഷങ്ങളാണ് “സ്വയം രക്ഷിക്കുക…” എന്ന ചിന്തയെ മഹത്വീകരിക്കുന്നത്. എന്നാല്‍ സത്യമായ സുവിശേഷം മറ്റുള്ളവര്‍ക്കുവേണ്ടി കുരിശു വഹിക്കുക, സഹിക്കുക, സ്വയം സഹനം ഏറ്റെടുക്കു എന്നെല്ലാമാണ് രേഖപ്പെടുത്തുന്നതെന്ന് പാപ്പാ വിശദീകരിച്ചു. നമ്മുടെ അനുദിന ജീവിത ചുറ്റുപാടുകളിലും നമ്മില്‍ത്തന്നെയുമുള്ള സ്വാര്‍ത്ഥചിന്തയാണ് സ്വയം രക്ഷിക്കുകയെന്നത്. കുരിശില്‍ക്കിടക്കുന്ന യേശുവിനെ കണ്ട് ചുറ്റും നിന്ന ഫരിസേയപ്രമാണികളും ജനങ്ങളും ചിന്തിച്ചതും പറഞ്ഞതും, ഇയാള്‍ സ്വയം രക്ഷിക്കട്ടെ എന്നായിരുന്നെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കൂടെ കുരിശില്‍ തറയ്ക്കപ്പെട്ട കള്ളന്മാരും പറഞ്ഞത്, “നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക”യെന്നാണ്.

3. സ്നേഹമില്ലാത്തിടത്ത് ദൈവം ഇടപെടും
ദൈവം നമ്മുടെ അനുദിന ജീവിതത്തിന്‍റെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഇടപെടണമെന്നോ, ഒരു അത്ഭുതം അതിനായി പ്രവര്‍ത്തിക്കണമെന്നോ ചിന്തിക്കുന്നത് സ്വാര്‍ത്ഥതയും തെറ്റായ ചിന്താഗതിയുമാണ്. ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത് മനുഷ്യന്‍റെ സ്നേഹമില്ലായ്മയെന്ന യഥാര്‍ത്ഥ പ്രശ്നത്തിലായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വ്യക്തിപരവും സാമൂഹികവും രാജ്യാന്തരവും, പാരിസ്ഥിതികവുമായ ഇന്നിന്‍റെ പ്രതിസന്ധികള്‍ക്ക് അടിസ്ഥാന കാരണം മനുഷ്യജീവിതത്തിലെ സ്നേഹക്കുറവാണ്, സ്നേഹമില്ലായ്മയാണെന്ന് പാപ്പാ പ്രസ്താവിച്ചു. മാത്രമല്ല നമ്മുടെ രക്ഷയെക്കുറിച്ചു മാത്രം ചിന്തിക്കുന്നത് പൈശാചികമാണെന്നും പാപ്പാ പരാമര്‍ശിച്ചു.

4. ദൈവവും മനുഷ്യനും തമ്മിലുള്ളൊരു കിടമത്സരം
എളിമയുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ട്, അവിടുന്ന് പറുദീസയിലായിരിക്കുമ്പോള്‍ തന്നെയും ഓര്‍ക്കണമേയെന്നു യാചിച്ച രണ്ടാമത്തെ കള്ളന് ഈശോ രക്ഷ വാഗ്ദാനംചെയ്തത് അയാളുടെ എളിമയുള്ള സ്നേഹം കണ്ടിട്ടാണെന്ന് പാപ്പാ പ്രസ്താവിച്ചു (മത്തായി 15, 42). കാല്‍വരി അങ്ങനെ സ്വന്തം രക്ഷയെക്കുറിച്ചു ചിന്തിക്കുന്ന സ്വാര്‍ത്ഥനായ മനുഷ്യനും ലോകരക്ഷയ്ക്കായി തന്നെത്തന്നെ സ്വയാര്‍പ്പണം ചെയ്ത ദൈവവും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്‍റെ വേദിയായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഇത് ദൈവത്തിലുള്ള വിശ്വാസവും മനുഷ്യന് തന്നില്‍ത്തന്നെയുള്ള സാര്‍ത്ഥമായ വിശ്വാസവും തമ്മിലുള്ള യുദ്ധമാണ്. കുറ്റമാരോപിക്കുന്ന മനുഷ്യനും ക്ഷമിക്കുന്ന ദൈവവും തമ്മിലുളള മാറ്റുരയ്ക്കലാണിതെന്നും പാപ്പാ വിശേഷിപ്പിച്ചു. അവസാനം ദൈവത്തിന്‍റെ വിജയമാണ് നമുക്ക് വെളിപ്പെട്ടുകിട്ടിയത്. അത് മനുഷ്യര്‍ക്കായി  ദൈവിക കാരുണ്യം ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കി.

കുരിശിന്‍റെ വിരിമാറില്‍നിന്ന് ഒലിച്ചത് ക്ഷമയും അളവറ്റ ദൈവികകാരുണ്യവും സ്നേഹവുമായിരുന്നു. കുരിശില്‍ വിശ്വസിക്കുന്നവര്‍ക്കും, കുരിശിന്‍റെ ദൗത്യം മനസ്സിലാക്കുന്നവര്‍ക്കും മാത്രമേ സഹോദരീ സഹോദരന്മാരായി ജീവിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പരസ്പരം ക്ഷമിക്കുവാനും ജീവിതത്തില്‍ സഹനത്തിന്‍റെ കുരിശുകള്‍, അപരനുവേണ്ടിപ്പോലും ഏറ്റെടുക്കുവാനും സന്നദ്ധരാകുന്നവര്‍ ഈ ഭൂമിയില്‍ സഹോദരങ്ങളായി ജീവിക്കുമെന്ന് പാപ്പാ ഉദ്ബോദിപ്പിച്ചു.

5. ഐക്യത്തിനുള്ള ഏകമാര്‍ഗ്ഗം രമ്യതയുള്ള സ്നേഹം
കുരിശില്‍ വിരിച്ചുപിടിച്ച ക്രിസ്തുവിന്‍റെ കരങ്ങള്‍ ആരുടെ നേര്‍ക്കും വിരല്‍ചൂണ്ടുന്നില്ല. മറിച്ച്, സകലരെയും സകല ലോകത്തെയും ആശ്ലേഷിക്കുകയാണതെന്ന് പാപ്പാ പ്രസ്താവിച്ചു. സ്നേഹത്തിനു മാത്രമേ വിദ്വേഷത്തെ കെടുത്താനാവൂ.  സ്നേഹത്തിനു മാത്രമേ അനീതിയെ കീഴടക്കാനാവൂ. സ്നേഹമുണ്ടെങ്കിലേ മറ്റുള്ളവര്‍ക്കായി നമ്മുടെ ജീവിതത്തില്‍ ഇടം കണ്ടെത്താന്‍ സാധിക്കൂവെന്നും പാപ്പാ വിശദമാക്കി. എവിടെയും പൂര്‍ണ്ണ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള ഏകമാര്‍ഗ്ഗം രമ്യതയുള്ള സ്നേഹമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2020, 15:55