തിരയുക

Vatican News
നൈജീരിയയിൽ അരങ്ങേറുന്ന ആക്രമണത്തിൻറെ ബാക്കിപത്രം! നൈജീരിയയിൽ അരങ്ങേറുന്ന ആക്രമണത്തിൻറെ ബാക്കിപത്രം!  (AFP or licensors)

ആക്രമണങ്ങളുടെ എല്ലാ രൂപങ്ങളും ഒഴിവാക്കണം, മാർപ്പാപ്പാ

നൈജീരിയയിൽ നിന്നെത്തുന്ന വാർത്തകൾ ആശങ്കാജനകം, അന്നാടിനു വേണ്ടി പ്രാർത്ഥിക്കുക, ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (25/10/20) മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ നടത്തിയ അഭ്യർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻനാടായ നൈജീരിയയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

അന്നാട്ടിലെ കവർച്ചവിരുദ്ധ പ്രത്യേക സേന  (SARS, Special Anti-Robbery Squad) ഒക്ടോബർ 20-ന് (20/10/20) ലാഗോസിൽ യുവ പ്രകടനക്കാർക്കുനേരെ നിറയൊഴിച്ചതിനെ തുടർന്ന് ശക്തമായിരിക്കുന്ന പ്രകടനങ്ങളെയും അതിനോടനുബന്ധിച്ചുള്ള ആക്രമണങ്ങളെയും സംബന്ധിച്ച വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ച (25/10/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ സമാധാനത്തിനായുള്ള പ്രാർത്ഥന അഭ്യർത്ഥിച്ചത്. 

ക്രമസമാധാന സേനയും യുവ പ്രകടനക്കാരും തമ്മിൽ ഇയിടെ ഉണ്ടായ സംഘർഷങ്ങളെക്കുറിച്ചു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ആശങ്കയോടെയാണ് താൻ ശ്രവിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

സകലവിധ അക്രമങ്ങളും ഒഴിവാക്കുന്നതിനും നീതിയും പൊതുനന്മയും പരിപോഷിപ്പിച്ചുകൊണ്ട് സാമൂഹ്യ ഏകതാനത നിരന്തരം അന്വേഷിക്കുന്നതിനും കഴിയുന്നതിനായി ദൈവത്തോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.

നിഷ്ഠൂര പ്രവർത്തന ശൈലികൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുന്ന കവർച്ചവിരുദ്ധ സവിശേഷ സേനയെ, സാർസിനെ (SARS) പിരിച്ചുവിടാമെന്ന് നൈജീരിയായുടെ പ്രസിഡൻറ് മുഹമ്മദ് ബുഹാരി (Muhammadu Buhari) വാക്കു നല്കിയതിനു ശേഷവും പ്രതിഷേധപ്രകടനങ്ങൾക്കും സംഘർഷങ്ങൾക്കും ശമനമുണ്ടായിട്ടില്ല.

 

26 October 2020, 08:42