തിരയുക

ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 18/10/2020 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 18/10/2020 

"സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും "

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ ശൈത്യം പിടിമുറിക്കി തുടങ്ങിയിരിക്കയാണെങ്കിലും ഇക്കഴിഞ്ഞ ദിനങ്ങളെ അപേക്ഷിച്ച് നല്ല കാലാവസ്ഥ അനുഭവപ്പെട്ട ഒരു ദിനമായിരുന്നു, കത്തോലിക്കാ സഭ പ്രേഷിതദിനം ആചരിച്ച ഒക്ടോബർ 18, ഞായർ (18/10/20). ആദിത്യകിരണങ്ങൾ നിർല്ലോഭം ചൊരിയപ്പെട്ട അന്ന് വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ നിരവധി വിശ്വാസികൾ സന്നിഹിതരായിരുന്നു. കോവിദ് 19 മഹാമാരിയുടെ സംക്രമണം ഇറ്റലിയുൾപ്പടെയുള്ള യൂറോപ്യൻ നാടുകളിൽ വീണ്ടും ശക്തിപ്രാപിച്ചുവരുന്നതിനാൽ രോഗപ്രതിരോധനടപടികൾ പൂർവ്വാധികം ശക്തിപ്പെടുത്തുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് നിലവിൽ. തന്മൂലം  രോഗപ്രതിരോധ നടപടികൾ സാധ്യമായ വിധത്തിൽ പാലിച്ചുകൊണ്ടാണ് വിശ്വാസികൾ ചത്വരത്തിൽ നിലയുറപ്പിച്ചിരുന്നത്. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ച (18/10/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 22,15-21 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവിനായി കെണിയൊരുക്കുന്ന ഫരിസേയരുടെ നിർദ്ദേശപ്രകാരം അവരുടെ അനുയായികൾ യേശുവിനോട് ഉന്നയിക്കുന്ന “സീസറിനു നികുതികൊടുക്കുന്നത് നിയമാനുസൃതമാണോ” എന്ന ചോദ്യവും “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന അവിടത്തെ വിസ്മയകരമായ പ്രത്യുത്തരവും ഉൾക്കൊള്ളുന്ന വചനങ്ങൾ ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

ഫ്രാൻസീസ് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ:

 “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക”  (മത്തായി 22,21)

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

തൻറെ എതിരാളികളുടെ കാപട്യത്തെ നേരിടുന്ന യേശുവിനെയാണ് ഈ ഞായറാഴ്ചത്തെ സുവിശേഷം (മത്തായി 22:15-21) നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അവർ അവിടത്തെ ഏറെ അഭിനന്ദിക്കുന്നു. തുടക്കത്തിൽ അഭിനന്ദന പ്രവാഹം. പിന്നീട് അവർ, അവിടത്തെ വിഷമത്തിലാക്കാനും ജനത്തിനുമുന്നിൽ അപഹാസ്യനാക്കാനും ഒരു കുടില ചോദ്യം ഉന്നയിക്കുന്നു. അവർ അവിടത്തോടു ചോദിക്കുന്നു: “സീസറിന് നികുതി കൊടുക്കുന്നത് ന്യായമാണോ അല്ലയോ?” (മത്തായി 22, 17) അതായത്, സീസറിന് നികുതി അടയ്ക്കുക എന്നത്. അക്കാലത്ത് പലസ്തീനിൽ, റോമൻ സാമ്രാജ്യാധിപത്യം അസഹനീയമായിരുന്നു. കാരണം നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളു, റോമാക്കാർ അധിനിവേശക്കാരായിരുന്നു എന്നതു തന്നെ. മതപരമായ കാരണങ്ങളുമുണ്ട്. നാണയത്തിലും ചക്രവർത്തിയുടെ രൂപം പതിച്ചുകൊണ്ട് അദ്ദേഹത്തോുള്ള ആരാധനയെ അടിവരിയിട്ടു കാട്ടിയിരുന്നത്, ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഇസ്രായേലിൻറെ ദൈവത്തെ നിന്ദിക്കലായിരുന്നു. “അതേ” എന്നോ “അല്ല” എന്നോ എന്ന ഒരുത്തരമല്ലാതെ മറ്റൊരുത്തരം ഇല്ലെന്ന ബോധ്യം യേശുവിനോടു ചോദ്യം ഉന്നയിച്ചിരുന്നവർക്ക് ഉണ്ടായിരുന്നു. ഈ ചോദ്യം വഴി യേശുവിനെ ഒരു മൂലയ്ക്ക് ഒതുക്കാമെന്നും അവിടത്തെ കെണിയിൽ വീഴ്ത്താമെന്നും കരുതി അവർ കാത്തിരിക്കയായിരുന്നു. എന്നാൽ അവരുടെ ദ്രോഹചിന്ത അറിയാമായിരുന്ന യേശു ചതിക്കുഴിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. ഒരു നാണയം, നികുതി കൊടുക്കാനുപയോഗിക്കുന്ന നാണയത്തുട്ട്, കാണിക്കാൻ അവിടന്ന് അവരോട് ആവശ്യപ്പെടുകയും അത് കൈയ്യിലെടുത്തുകൊണ്ട് അതിൽ കാണുന്ന രൂപം ആരുടേതാണെന്ന് അവരോട് ചോദിക്കുകയും ചെയ്യുന്നു. അത് സീസറിൻറെ, അതായത്, ചക്രവർത്തിയുടെതാണ്, എന്ന് അവർ പ്രത്യുത്തരിക്കുന്നു. അപ്പോൾ യേശു അരുളിചെയ്തു: “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മത്തായി 22,21).

വിവാദങ്ങൾക്ക് അതീതനാകുന്ന യേശു

ഈ ഒരു മറുപടിയിലൂടെ യേശു ഈ തർക്കത്തിനൊക്കെ അതീതനായി നില്ക്കുന്നു. ഒരു വശത്ത്, സീസറിനുള്ള നികുതി കൊടുക്കണമെന്നത് യേശു അംഗീകരിക്കുന്നു. കാരണം നാണയത്തിന്മേൽ പതിച്ചിരിക്കുന്നത് സീസറിൻറെ രൂപമാണ്. നികുതിയടയ്ക്കുക എന്നത് നമ്മെ എല്ലാവരെയും സംബന്ധിച്ചും ബാധകമാണ്. എന്നാൽ, സർവ്വോപരി, നാമെല്ലാവരും നമ്മുടെ ഉള്ളിൽ മറ്റൊരു രൂപം പേറുന്നുണ്ട് എന്ന വസ്തുതയും അത് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അത് ദൈവത്തിൻറെ രൂപമാണ്. നമ്മുടെ ഹൃദയത്തിലും ആത്മാവിലും നാമത് സംവഹിക്കുന്നു. ആകയാൽ നമ്മുടെ അസ്തിത്വത്തിന്, നമ്മുടെ ജീവിതത്തിന് നമുക്ക് കടപ്പാടുള്ളത് ദൈവത്തോടു, അവിടത്തോടു മാത്രമാണ്.

ദൈവത്തിൻറെ പ്രാഥമ്യം

യേശു പുറപ്പെടുവിച്ച ഈ വിധിന്യായത്തിൽ രാഷ്ട്രീയ-മത മണ്ഡലങ്ങൾ തമ്മിലുള്ള അന്തരത്തിൻറെ മാനദണ്ഡം  തെളിയുക മാത്രമല്ല, എക്കാലത്തെയും, ഇന്നത്തെയും, വിശ്വാസികളുടെ ദൗത്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പ്രസ്ഫഷ്ടമാകുകയും ചെയ്യുന്നു. നികുതി അടയ്ക്കുകയെന്നത് പൗരന്മാരുടെ കടമയാണ്, അതുപോലെ തന്നെ രാജ്യത്തിൻറെ ന്യായമായ നിയമങ്ങളുടെ പാലനവും. അതേസമയം ദൈവത്തിനു സ്വന്തമായവയുടെമേൽ അവിടത്തേക്കുള്ള അവകാശം മാനിച്ചുകൊണ്ട്  മനുഷ്യജീവിതത്തിലും ചരിത്രത്തിലും ദൈവത്തിൻറെ പ്രാഥമ്യം അംഗീകരിക്കേണ്ടതും ആവശ്യമാണ്.

സ്നേഹനാഗരികത പണിതുയർത്തുകയെന്ന ദൗത്യം

ഇവിടെ നിന്നാണ് സഭയുടെയും ക്രിസ്ത്യനികളുടെയും ദൗത്യത്തിൻറെ തുടക്കം. സ്വന്തം കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരോട് ദൈവത്തെക്കുറിച്ചു സംസാരിക്കുകയും അവിടത്തേക്ക് സാക്ഷ്യമേകുകയും ചെയ്യുകയാണ് ഈ ദൗത്യം. സുവിശേഷത്താലും പരിശുദ്ധാരൂപിയുടെ ജീവരസത്താലും  സമൂഹത്തെ ചൈതന്യവത്ക്കരിച്ചുകൊണ്ട് അതിൽ സജീവ സാന്നിധ്യമാകാൻ ജ്ഞാനസ്നാനത്തിൻറെ ശക്തിയാൽ നാം ഒരോരുത്തരും,  വിളിക്കപ്പെട്ടിരിക്കുന്നു. നീതിയും സാഹോദര്യവും വാഴുന്ന, സ്നേഹനാഗരികത കെട്ടിപ്പടുക്കുന്നതിന് തനതായ സംഭാവനയേകിക്കൊണ്ട്, താഴ്മയോടും, അതേ സമയം ധൈര്യത്തോടുംകൂടെ പരിശ്രമിക്കുക എന്നതാണ് ഇതിനർത്ഥം.

പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കുക

എല്ലാ കാപട്യങ്ങളിൽ നിന്നും രക്ഷപ്പെടാനും സത്യസന്ധരും ക്രിയാത്മകതയുള്ളവരുമായ പൗരന്മാരാകാനും ഏറ്റം പരിശുദ്ധയായ മറിയം എല്ലാവരേയും സഹായിക്കട്ടെ. ദൈവമാണ് ജീവിതത്തിൻറെ കേന്ദ്രവും പൊരുളും എന്നതിന് സാക്ഷ്യം വഹിക്കുകയെന്ന ദൗത്യത്തിൽ ക്രിസ്തുശിഷ്യരായ നമ്മെ അവൾ പിന്തുണയ്‌ക്കട്ടെ.

ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തരം പാപ്പാ, ഈ ഞായറാഴ്ച (18/10/20) കത്തോലിക്കാ സഭ ലോക പ്രേഷിതദിനം ആചരിക്കുന്നത് അനുസ്മരിച്ചു.

പ്രേഷിത ഞായർ

“ഇതാ ഞാൻ, എന്നെ അയയ്‌ക്കുക. സാഹോദര്യത്തിന്റെ നെയ്ത്തുകാർ" എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ  "നെയ്ത്തുകാർ" എന്ന പദം മനോഹരമാണെന്നും ക്രിസ്ത്യാനികളെല്ലാവരും സാഹോദര്യത്തിൻറെ നെയ്ത്തുകാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു.

ലോകമാകുന്ന മഹാ വയലിൽ സുവിശേഷം വിതയ്ക്കുന്നവരായ പ്രഷിതരും പ്രേഷിതകളും പുരോഹിതരും സമർപ്പിതരും അല്മായവിശ്വാസികളും സവിശേഷമാം വിധം വിളിക്കപ്പെട്ടവരാണെന്ന് അനുസ്മരിച്ച പാപ്പാ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് സമൂർത്തമായ പിന്തുണ നൽകുകയും ചെയ്യാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വൈദികൻ പീയെർ ലുയീജി മക്കാല്ലിയുടെ മോചനം

രണ്ടു വർഷം മുമ്പ് നൈജറിൽ വച്ച് തട്ടിക്കൊണ്ടു പോകപ്പെട്ട ഇറ്റലി സ്വദേശിയായ വൈദികൻ പീയെർ ലുയീജി മക്കാല്ലിയെ (Pier Luigi Maccalli) ബന്ദികർത്താക്കൾ അടുത്തയിടെ വിട്ടയച്ചത് പാപ്പാ, പ്രേഷിതദിനാചരണ പശ്ചാത്തലത്തിൽ, സസന്തോഷം അനുസ്മരിച്ചു.

അദ്ദേഹത്തൊടൊപ്പം മറ്റു മൂന്നു ബന്ദികളെയും മോചിപ്പിച്ചതിൽ പാപ്പാ തൻറെ ആനന്ദം പ്രകടിപ്പിച്ചു.

പ്രേഷിതർക്കും മതബോധകർക്കും,  ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുകയൊ തട്ടിക്കൊണ്ടുപോകപ്പെടുകയൊ ചെയ്യുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുകയും ചെയ്തു. 

ലിബിയയ്ക്കു വേണ്ടി പ്രാർത്ഥിക്കുക

ലിബിയയിൽ ഒരു മാസത്തിലേറെയായി തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളെ അനുസ്മരിച്ച പാപ്പാ അവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രചോദനവും പിന്തുണയും നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ടവരെ എത്രയും വേഗം വീണ്ടും ആശ്ലേഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ സമുദ്രതാരമായ മറിയം സജീവമാക്കി നിറുത്തട്ടെയെന്ന് പാപ്പാ ആശംസിക്കുകയും എല്ലാവരെയും അവളുടെ സംരക്ഷണയ്ക്ക് സമർപ്പിക്കുകയും ചെയ്തു. 

ലിബിയയുടെ ഭാവിയെ സംബന്ധിച്ച് പ്രസക്തിയുള്ള, അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിവിധ ചർച്ചകൾക്ക് പാപ്പാ പ്രാർത്ഥനാസഹായം നല്കി.

രാജ്യത്തെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന സംഭാഷണത്തെ പരിപോഷിപ്പിക്കുന്നതിന്, എല്ലാത്തരം ശത്രുതകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ മത്സ്യത്തൊഴിലാളികൾക്കും ലിബിയയ്ക്കും വേണ്ടി നിശബ്ദമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാശംസകൾ

തദ്ദനന്തരം പാപ്പാ റോമാക്കരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമായ തീർത്ഥാടകരെ, പ്രത്യേകിച്ച്, റോമിലുള്ള പെറുവിയൻ സമൂഹത്തെയും ഇറ്റലിയിലെ മൃഗസംരക്ഷണ വിഭാഗത്തിലെ സന്നദ്ധപ്രവർത്തകരെയും സസ്നേഹം അഭിവാദ്യം ചെയ്തു.

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2020, 13:38