തിരയുക

ഫ്രാൻസീസ് പാപ്പാ, ത്രികാലപ്രാർത്ഥനാ വേളയിൽ, ഞായർ, 25/10/2020 ഫ്രാൻസീസ് പാപ്പാ, ത്രികാലപ്രാർത്ഥനാ വേളയിൽ, ഞായർ, 25/10/2020 

ദൈവസ്നേഹം സോദര സ്നേഹത്തിൽ ആവിഷ്കൃതമാകുന്നു, പാപ്പാ!

നമ്മുടെ ഹൃദയം നാം ഒരു സഹോദരൻറെയൊ സഹോദരിയുടെയൊ നേർക്ക് അടച്ചിടുന്നിടത്തോളം കാലം, യേശു നമ്മോട് ആവശ്യപ്പെടുന്നതുപോലെയുള്ള അവിടത്തെ ശിഷ്യരായിരിക്കുന്നതിൽ നിന്ന് ഏറെ ദൂരത്തായിരിക്കും നമ്മൾ, ഫ്രാൻസിസ് പാപ്പാ, ത്രികാലജപ സന്ദേസം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ സൂര്യപ്രഭയാർന്ന സുന്ദരമായ ഒരു ദിനമായിരുന്നു ഈ ഞായറാഴ്ച (25/10/20). അന്ന് വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ നിരവധി വിശ്വാസികൾ സന്നിഹിതരായിരുന്നു. കോവിദ് 19 മഹാമാരിയുടെ സംക്രമണം ഒരിക്കൽകൂടി ശക്തിയാർജ്ജിച്ചു വരുന്നതിനാൽ ഇറ്റലിയുൾപ്പടെയുള്ള യൂറോപ്യൻ നാടുകളിൽ സർക്കാരുകൾ നിയന്ത്രണങ്ങൾ  കർശനമാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രോഗപ്രതിരോധ നടപടികൾ സാധ്യമായ വിധത്തിൽ പാലിച്ചുകൊണ്ടാണ് വിശ്വാസികൾ ചത്വരത്തിൽ നിലയുറപ്പിച്ചിരുന്നത്. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ച (25/10/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 22,34-40 വരെയുള്ള വാക്യങ്ങൾ, അതായത്, ഫരിസേ യരിൽ ഒരുവനായ ഒരു നിയമപണ്ഡിതൻ യേശുവിനെ പരീക്ഷിക്കുന്നതിന് അവിടത്തോടു അതിപ്രധാന കല്പന ഏതാണ് എന്ന് ചോദിക്കുന്നതും അവിടന്ന് അതിന് പ്രത്യുത്തരമായി “നീ നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക” എന്ന് പറയുന്നതുമായ സംഭവം രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷഭാഗം ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിന് ആധാരം. 

പാപ്പായുടെ പ്രഭാഷണം: ദൈവസ്നേഹവും സോദരസ്നേഹവും

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ സുവിശേഷ ഭാഗത്ത് (മത്തായി 22: 34-40), ഒരു നിയമപണ്ഡിതൻ “സുപ്രധാന കല്പന”, അതായത്, ദൈവിക നിയമസംഹിതയിലെ മുഖ്യ കല്പന, ഏതാണെന്ന് യേശുവിനോടു ചോദിക്കുന്നു. യേശു അതിന് ലളിതമായി മറുപടി നൽകുന്നു: “നീ നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക” (മത്തായി 22,37). എന്നിട്ട് അവിടന്ന് ഉടനെ കൂട്ടിച്ചേർക്കുന്നു: "രണ്ടാമത്തെ കല്പനയും ഇതിന് സമാനമാണ്:" നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക" (മത്തായി 22,39).

ജീവിതത്തിൻറെ മൗലിക പ്രമാണങ്ങൾ

ദൈവം മോശയിലൂടെ സ്വന്തം ജനത്തിന് നൽകിയ രണ്ട് അടിസ്ഥാന പ്രമാണങ്ങളെ  യേശുവിന്റെ പ്രതികരണം ആവർത്തിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നു (നിയമാവർത്തനം 6: 5; ലേവ്യർ 19: 18). അപ്രകാരം അവിടന്ന്, അവർ "അവിടത്തെ പരീക്ഷിക്കാൻ" തീർത്ത ചതിക്കുഴിയെ മറികടക്കുന്നു (മത്തായി 22,35). നിയമവ്യവസ്ഥകളുടെ മുൻഗണനാശ്രേണിയെക്കുറിച്ച് നിയമ വിദഗ്ദ്ധർ തമ്മിലുള്ള വിവാദത്തിലേക്ക് യേശുവിനെ വലിച്ചിഴയ്ക്കാനാണ്, വാസ്തവത്തിൽ, അവിടന്നുമായി സംഭാഷണത്തിലേർപ്പെട്ടവർ ശ്രമിക്കുന്നത്. എന്നാൽ, യേശുവാകട്ടെ എക്കാലത്തെയും വിശ്വാസികൾക്കായി നമ്മുടെ ജീവിതത്തിൻറെ രണ്ട് മൗലിക പ്രമാണങ്ങൾ നല്കുന്നു. ഒന്നാമത്തേത്, ധാർമ്മികവും മതപരവുമായ ജീവിതത്തെ ആശങ്കാഭരിതവും നിർബന്ധിതവുമായ അനുസരണയിലേക്ക് ചുരുക്കാനാവില്ല എന്നതാണ്. കൽപ്പനകൾ ഉത്ക്കണ്ഠയോടുകൂടിയൊ നിർബന്ധിതമോ ആയി പാലിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ധാർമ്മികവും മതപരവുമായ ജീവിതത്തെ ആകുലവും നിർബന്ധിതവുമായ അനുസരണത്തിലേക്ക് ചുരുക്കാനാവില്ലെന്നും മറിച്ച്, സ്നേഹമായിരിക്കണംം അതിൻറെ മൗലിക തത്വമെന്നും യേശു നമുക്ക് മനസ്സിലാക്കിത്തരുന്നു. രണ്ടാമത്തെ മൗലിക തത്വം, സ്നേഹം ദൈവത്തിനും അയല്ക്കാരനും ഉന്മുഖമായി നീങ്ങണം, അത് ദൈവത്തെയും അയൽക്കാരനെയും വേറിട്ടു നിറുത്തിയല്ല ഒന്നായികണ്ടുകൊണ്ടുവേണം എന്നതാണ്. യേശുവിൻറെ പ്രബോധനത്തിലെ സുപ്രധാന പുതുമകളിലൊന്നാണിത്, അയൽക്കാരനോടുള്ള സ്നേഹത്തിൽ ആവിഷ്കൃതമാകാത്തത് ദൈവത്തോടുള്ള യഥാർത്ഥ സ്നേഹമല്ലെന്ന് യേശു നമുക്കു മനസ്സിലാക്കിത്തരുന്നു; അതുപോലെ, ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് നിർഗ്ഗമിക്കാത്തത് അയൽക്കാരനോടുള്ള യഥാർത്ഥ സ്നേഹമല്ല.

ഇരട്ട സ്നേഹം

യേശു തൻറെ മറുപടി ഉപസംഹരിക്കുന്നത് ഈ വാക്കുകളിലാണ്: “ഈ രണ്ടു കല്പനകളിൽ സമസ്ത നിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു” (മത്തായി 22, 40). ഇതിനർത്ഥം, കർത്താവ് സ്വന്തം ജനത്തിന് നൽകിയിട്ടുള്ള എല്ലാ പ്രമാണങ്ങളും ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹവുമായുള്ള ബന്ധത്തിലായിരിക്കണം. വാസ്തവത്തിൽ, ദ്വിവിധവും അവിഭാജ്യവുമായ ഈ സ്നേഹം സാക്ഷാത്ക്കരിക്കാനും പ്രകടിപ്പിക്കാനും ഉള്ളതാണ് എല്ലാ കൽപ്പനകളും. ദൈവത്തോടുള്ള സ്നേഹം, സർവ്വോപരി, ഒരുവൻ പ്രകടിപ്പിക്കുന്നത് പ്രാർത്ഥനയിലാണ്, പ്രത്യേകിച്ച്, ആരാധനയിലാണ്. ദൈവാരാധന നമ്മൾ ഏറെ അവഗണിക്കാറുണ്ട്. നാം നന്ദിപ്രകടിപ്പിക്കുന്നതിനും എന്തെങ്കിലും കാര്യസാധ്യത്തിനുമായി പ്രാർത്ഥിക്കാറുണ്ട്, എന്നാൽ നമ്മൾ ആരാധന അവഗണിക്കുന്നു. ദൈവത്തെ ആരാധിക്കുകയാണ് പ്രാർത്ഥനയുടെ കാതൽ. അയൽക്കാരനോടുള്ള സ്നേഹം സാഹോദര്യ സ്നേഹമെന്നും അറിയപ്പെടുന്നു.  അത് സാക്ഷാത്ക്കരിക്കപ്പെടുന്നത് സാമീപ്യം, ശ്രവണം, പങ്കുവയ്ക്കൽ, പരസേവനം എന്നിവയാലാണ്. അസഹ്യമാണ്, അല്ലെങ്കിൽ അവൻ എൻറെ സമയം അപഹരിക്കും, അപരന് താങ്ങാകാനൊ, അവൻറെ വേദനയിലും സഹനങ്ങളിലും അവനോടൊപ്പമായിരിക്കാനൊ  സമയമില്ല തുടങ്ങിയ കാരണങ്ങളാൽ അപരനെ ശ്രവിക്കുന്നതിൽ പലപ്പോഴും നാം അവഗണന കാട്ടുന്നു. എന്നാൽ വൃഥാഭാഷണത്തിന് നാം സദാ സമയം കണ്ടെത്തുന്നു. യാതനയനുഭവിക്കുന്നവന് സാന്ത്വനമേകാൻ സമയമില്ല, എന്നാൽ സല്ലപിക്കുന്നതിന് എറെ സമയമുണ്ടുതാനും. നിങ്ങൾ ജാഗരൂഗരായിരിക്കുക. യോഹന്നാൻ ശ്ലീഹാ എഴുതുന്നു: “കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല” (1 യോഹന്നാൻ 4,20)  അങ്ങനെ നാം ഇവിടെ ഈ കല്പനകൾ തമ്മിലുള്ള ഐക്യം കാണുന്നു. 

സ്നേഹത്തിൻറെ ഉറവിടം:  ദൈവം

സ്നേഹത്തിൻറെ സജീവവും ഉന്മേഷദായകവുമായ ഉറവിടത്തിലേക്കു പോകാൻ യേശു, ഇന്നത്തെ സുവിശേഷത്തിലുടെ, നമ്മെ വീണ്ടും സഹായിക്കുന്നു. ഈ ഉറവിടം ദൈവം തന്നെയാണ്, ഒന്നിനും ആർക്കും തകർക്കാൻ കഴിയാത്ത ഒരു കൂട്ടായ്മയിൽ പൂർണ്ണമായും നാം സ്നേഹിക്കേണ്ട ദൈവം. എല്ലാ ദിവസവും പ്രാർഥിക്കേണ്ട ഒരു ദാനമാണ് കൂട്ടായ്മ, മാത്രമല്ല, ലോകത്തിലെ വിഗ്രഹങ്ങളാൽ നമ്മുടെ ജീവിതത്തെ അടിമപ്പെടുത്താതിരിക്കേണ്ടതിന് വ്യക്തിപരമായ ഒരു പ്രതിബദ്ധത കൂടിയാണത്. അയൽക്കാരനെ സ്നേഹിക്കുകയെന്നത്, എന്നും, നമ്മുടെ പരിവർത്തനത്തിൻറെയും വിശുദ്ധിയുടെയും യാത്രയുടെ പ്രമാണീകരണമാണ്. 

സുവിശേഷാനുസൃതം ജീവിക്കുന്നതിനായുള്ള ശ്രമം തുടരുക

ഇതാണ് പ്രമാണീകരണം: “ഞാൻ ദൈവത്തെ സ്നേിക്കുന്നു” എന്നു പറയുകയും അയൽക്കാരനെ സ്നേഹിക്കാതിരിക്കുകയും ചെയ്താൽ ശരിയാകില്ല. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നതിൻറെ തെളിവ് ഞാൻ എൻറെ അയൽക്കാരനെ സ്നേഹിക്കുന്നു എന്നതാണ്. നമ്മുടെ ഹൃദയം നാം ഒരു സഹോദരൻറെയൊ സഹോദരിയുടെയൊ നേർക്ക് അടച്ചിടുന്നിടത്തോളം കാലം, യേശു നമ്മോട് ആവശ്യപ്പെടുന്നതുപോലെയുള്ള അവിടത്തെ ശിഷ്യരായിരിക്കുന്നതിൽ നിന്ന് ഏറെ ദൂരത്തായിരിക്കും നമ്മൾ. . എന്നാൽ അവിടത്തെ ദൈവികമായ കരുണ നമ്മെ നിരാശയിൽ നിപതിക്കാൻ അനുവദിക്കുന്നില്ല, മറിച്ച്, സുവിശേഷാനുസൃതം ജീവിക്കുന്നതിനായുള്ള ശ്രമം അനുദിനം വീണ്ടും ആരംഭിക്കാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു.

ദൈവത്തിൻറെ എല്ലാ നിയമങ്ങളുടെയും സംഗ്രഹവും നമ്മുടെ രക്ഷ ആശ്രയിച്ചിരിക്കുന്നതുമായ “മഹത്തായ കൽപ്പന”, സ്നേഹത്തിന്റെ ഇരട്ട കല്പന, ഉൾക്കൊള്ളാൻ ഏറ്റവും പരിശുദ്ധയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം നമ്മുടെ ഹൃദയത്തെ തുറക്കട്ടെ.

ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ, ആഫ്രിക്കൻ നാടായ നൈജീരിയായിൽ നിന്നെത്തുന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി. 

നൈജീരിയയ്ക്കു വേണ്ടി പ്രാർത്ഥിക്കുക

ക്രമസമാധാന സേനയും യുവ പ്രകടനക്കാരും തമ്മിൽ ഇയിടെ ഉണ്ടായ സംഘർഷങ്ങളെക്കുറിച്ചുള്ള വാർത്തകൾ ആശങ്കയോടെയാണ് താൻ ശ്രവിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

നീതിയും പൊതുനന്മയും പരിപോഷിപ്പിച്ചുകൊണ്ട് സാമൂഹ്യ മൈത്രിക്കായുള്ള നിരന്തര അന്വേഷണത്തിൽ സകലവിധ സംഘർഷങ്ങളും ഒഴിവാക്കുന്നതിനു വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കൺസിസ്റ്ററി നവമ്പർ 28- ന്, പുതിയ 13 കർദ്ദിനാളന്മാർ 

നവമ്പർ 28-ന് താൻ ഒരു കൺസിസ്റ്ററി വിളിച്ചുകൂട്ടുകയും 13 പേരെ കർദ്ദിനാളന്മാരായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ അറിയിച്ചു.

ഇറ്റലി, മാൾട്ട, റുവാണ്ട, അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, ചിലി, ബ്രൂണൈ, മെക്സിക്കൊ എന്നിങ്ങനെ 8 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പാപ്പാ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തുക.

പതിമൂന്നു പേരിൽ ആറു പേരും ഇറ്റലി സ്വദേശികളാണ്.

നവമ്പർ  28-ന് കർദ്ദിനാൾസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന പതിമൂന്നു പേർ:    

1- മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യദർശി, മാൾട്ട സ്വദേശിയായ ബിഷപ്പ് മാരിയൊ ഗ്രെഷ് (Mario Grech)

2-  വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ, ഇറ്റലി സ്വദേശിയായ ബിഷപ്പ് മർചേല്ലൊ സെമെറാറൊ (Marcello Semeraro)

3-  റുവാണ്ടയിലെ കീഗലി അതിരൂപതയുടെ ആർച്ചുബിഷപ്പ്  അന്ത്വാൻ കമ്പാന്ത (Antoine Kambanda)

4-  അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് വ്വിൽട്ടൺ ഗ്രിഗറി (Wilton Gregory)

5-  ഫിലിപ്പീൻസിലെ കാപിസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് ഹൊസെ അദ്വിൻകൂള (José Advincula)

6-  ചിലിയിലെ, സന്ധ്യാഗൊ ദി ചിലി അതിരൂപതയുടെ ആർച്ചുബിഷപ്പ് ചെലെസ്തീനൊ അവോസ് ബ്രാക്കൊ (Celestino Aós Braco)

7-  ബ്രൂണൈ സ്വദേശിയും അവിടത്തെ അപ്പസ്തോലിക് വികാരിയുമായ ബിഷപ്പ് കൊർണേലിയൂസ് സിം (Cornelius Sim) 

8-  ഇറ്റലി സ്വദേശിയും സീയെന്ന കോള്ളെ വാൽ ദി എൽസ മാന്തൽചീനൊ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് ഔഗൂസ്തൊ പാവൊളൊ ലൊയൂദിച്ചെ (Augusto Paolo Lojudice)

9-  അസ്സീസിയിലെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിൻറെ സംരക്ഷണച്ചുമതല വഹിക്കുന്ന ഇറ്റലി സ്വദേശിയായ ഫ്രാൻസിസ്ക്കൻ വൈദികൻ മൗറൊ ഗമ്പേത്തി (Mauro Gambetti)

10- മെക്സിക്കോയിൽ വിശ്രമജീവിതം നയിക്കുന്ന ബിഷപ്പ് ഫെലിപ്പെ അരിസ്മേന്തി എസ്ക്കീബെൽ ( Felipe Arizmendi Esquivel) 

11- ഇറ്റലി സ്വദേശിയും ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ മുൻ സ്ഥിരം നിരീക്ഷകനുമായ അപ്പസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് സിൽൽവാനൊ മാരിയൊ തൊമാസി (Silvano M. Tomasi)

12- പൊന്തിഫിക്കൽ ഭവനത്തിലെ ധ്യാനപ്രാസംഗികനായ ഇറ്റലിക്കാരനായ കപ്പൂച്ചിൻ വൈദികൻ റനിയേരൊ കന്തലമേസ (Raniero Cantalamessa)

13- റോമിൻറെ പ്രാന്തത്തിലുള്ള കാസ്തെൽ ദി ലേവ എന്ന സ്ഥലത്തെ മരിയൻ തീർത്ഥാടന കേന്ദ്രമായ ദൈവിക സ്നേഹത്തിൻറെ പരിശുദ്ധമറിയത്തിൻറെ (Santa Maria del Divino Amore) ഇടവക വികാരി, ഇറ്റലി സ്വദേശിയായ വൈദികൻ എൻറീക്കൊ ഫെറോച്ചി (Enrico Feroci) എന്നിവരായിരിക്കും കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുക.

ക്രിസ്തുവിനോടുള്ള തങ്ങളുടെ ഐക്യം സ്ഥിരീകരിച്ചുകൊണ്ട് അവർ, റോമിൻറെ മെത്രാനടുത്ത തൻറെ ശുശ്രൂഷയിൽ തന്നെ, ദൈവത്തിൻറെ വിശുദ്ധ ജനത്തിൻറെ നന്മയ്ക്കു വേണ്ടി, സഹായി ക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2020, 13:33