തിരയുക

പുതിയ ചാക്രികലേഖനം “ഫ്രാത്രെസ് ഓമ്നെസിൻറെ” (Fratres omnes) ഔദ്യോഗിക പ്രകാശന ചടങ്ങ് വത്തിക്കാനിൽ നടക്കുന്നു,04/10/20 പുതിയ ചാക്രികലേഖനം “ഫ്രാത്രെസ് ഓമ്നെസിൻറെ” (Fratres omnes) ഔദ്യോഗിക പ്രകാശന ചടങ്ങ് വത്തിക്കാനിൽ നടക്കുന്നു,04/10/20 

മാനവസാഹോദര്യം സമാധാനോന്മുഖ സരണി തെളിക്കുന്നു, പാപ്പാ!

പുതിയ ചാക്രികലേഖനം “ഫ്രാത്രെസ് ഓമ്നെസിൻറെ” (Fratres omnes) രചനയുടെയും പ്രചോദകൻ ,മുൻ ചാക്രിക ലേഖനമായ “ലൗദാത്തൊ സീ” യുടേതു പോലെ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയാണ്,, പാപ്പാ വെളിപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവ സാഹോദര്യവും സൃഷ്ടിയുടെ പരിപാലനവുമാണ് സമഗ്രവികസനത്തിലേക്കും സമാധാനത്തിലേക്കുമുള്ള ഏക സരണിയൊരുക്കുന്നത് എന്ന് മാർപ്പാപ്പാ.

ഞായറാഴ്ച (04/10/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനാവേളയിൽ ആശീർവ്വാദാനന്തരം ഫ്രാൻസീസ് പാപ്പാ താൻ ശനിയാഴ്ച (03/10/20) അസ്സീസി പട്ടണത്തിൽ പോയതും അവിടെവച്ച് സാഹോദര്യത്തെയും സാമൂഹ്യമൈത്രിയെയും അധികരിച്ചുള്ള തൻറെ  ചാക്രികലേഖനം “ഫ്രാത്രെസ് ഓമ്നെസ്” (Fratres omnes) ഒപ്പു വച്ചതും അനുസ്മരിക്കുകയായിരുന്നു.

ഈ ചാക്രികലേഖനത്തിൻറെ രചനയ്ക്ക്, മുൻ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യ്ക്കുമെന്നതു പോലെ, തനിക്കു പ്രചോദനം ലഭിച്ചത് വിശുദ്ധ ഫ്രാൻസീസ് അസ്സീസിയിൽ നിന്നാണെന്നും ആ വിശുദ്ധൻറെ കബറിടത്തിങ്കൽ വച്ച് പുതിയ ചാക്രികലേഖനം താൻ ദൈവത്തിനു സമർപ്പിച്ചുവെന്നും പാപ്പാ വെളിപ്പെടുത്തി. 

വിശുദ്ധരായ  ഇരുപത്തിമൂന്നാം യോഹന്നാൻ, പോൾ ആറാമൻ, രണ്ടാ ജോൺ പോൾ എന്നീ പാപ്പാമാർ നേരത്തെതന്നെ സൂചിപ്പിച്ചിട്ടള്ളതു പോലെ, മാനവ സാഹോദര്യവും സൃഷ്ടിയുടെ പരിപാലനവുമാണ് സമഗ്രവികസനത്തിലേക്കും സമാധാനത്തിലേക്കുമുള്ള ഏക സരണിയൊരുക്കുന്നത് എന്ന് കാലത്തിൻറെ അടയാളങ്ങൾ സുവ്യക്തമായി കാട്ടിത്തരുന്നുവെന്ന് പാപ്പാ പറഞ്ഞു.

സഭയിലും സകലമതവിശ്വാസികൾക്കിടയിലും സകല ജനതകൾക്കു മദ്ധ്യേയും സാഹോദര്യത്തിൻറെ യാത്രയെ വിശുദ്ധ ഫ്രാൻസീസ് തുണയ്ക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

പുതിയസിംഹാസനത്തിൻറെ ദിനപ്പത്രമായ ലൊസ്സെർവത്തോരെ റൊമാനൊയുടെ പ്രത്യേക പതിപ്പിലൂടെ ചാക്രികലേഖനം ഞായറാഴ്ച്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ വിശുദ്ധ പത്രോസിൻറെ ചത്വരത്തിലും ചത്വരത്തിനു പുറത്തും സന്നിഹിതരായിരുന്നവർക്ക് വിതരണം ചെയ്യപ്പെട്ടതിലുള്ള തൻറെ സന്തോഷവും പാപ്പാ വെളിപ്പെടുത്തി.

ശനിയാഴ്ച (03/10/20) പാപ്പാ ഒപ്പുവച്ച പുതിയ ചാക്രികലേഖനം “ഫ്രാത്രെസ് ഓമ്നെസ്” (Fratres omnes) വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുന്നാൾ ദിനമായിരുന്ന ഞായറാഴ്ച (04/10/20) വത്തിക്കാനിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് ഔദ്യോഗികമായി പ്രകാശിതമായത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2020, 12:11