ഉത്തരവാദിത്ത്വ പൂര്‍ണ്ണമായ സേവനം ഐക്യദാര്‍ഢ്യം വളര്‍ത്തും
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. കരുതല്‍ സേനയുമായൊരു കൂടിക്കാഴ്ച
ഇറ്റലിയില്‍ “കരബിനിയേരി” (Carabinieri) എന്നറിയപ്പെടുന്ന പ്രത്യേക പൊലീസ് അല്ലെങ്കില്‍ കരുതല്‍ സേനയുടെ വിശുദ്ധ പത്രോസിന്‍റെ പേരിലുള്ള റോമിലെ സഖ്യത്തെ (St. Peter’s Company) ഒക്ടോബര്‍ 17-ന് ശനിയാഴ്ച വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ അഭിസംബോധചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.
കറുത്ത യൂണിഫോമില്‍ തോക്കുധാരികളായി പ്രവര്‍ത്തിക്കുന്ന ഇറ്റലിയുടെ പ്രത്യേക സുരക്ഷാ പൊലീസാണ് “കരബിനിയേരി” . അവര്‍ വത്തിക്കാനിലും പാപ്പായുടെ ഇറ്റലിയിലെ യാത്രകളിലും സഹായികളായി എത്താറുണ്ട്. കാറിലും ബൈക്കിലും അവര്‍ ആവശ്യംപോലെ എവിടെയും പാഞ്ഞെത്തുന്നത് ശ്രദ്ധേയമാണ്.
2. സമൂഹത്തിന് ആത്മധൈര്യം പകരുന്ന സേവനം
തൊഴില്‍മേഖലയിലും അതിന്‍റെ ഉത്തരവാദിത്ത്വങ്ങളിലും ഈ സേന പ്രകടമാക്കുന്ന സാമര്‍ത്ഥ്യം സമൂഹത്തില്‍ ഐക്യദാര്‍ഢ്യം വളര്‍ത്തുന്നതും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്നതുമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. വത്തിക്കാനിലും റോമ നഗരത്തിലും സുരക്ഷാസേന പാവങ്ങളോടും ദുര്‍ബലരായവരോടും, പ്രത്യേകിച്ച് പ്രായമായവരോടും ഏറെ പരിഗണനയുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ സമൂഹത്തില്‍ ജനങ്ങളുടെ ആത്മവിശ്വാസം വളര്‍ത്താന്‍ അവര്‍ക്കു സാധിച്ചിട്ടുള്ളതില്‍ പാപ്പാ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ഈ പൊലീസ് വിഭാഗത്തിന്‍റെ ജനമദ്ധ്യത്തിലെ സാന്നിദ്ധ്യം അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കാരണം, ആരെയും എപ്പോഴും സഹായിക്കുവാന്‍ സന്നദ്ധമാകുന്ന മനോഭാവത്തെയും പ്രവൃത്തികളെയുമാണ് അവര്‍ “കരബിനിയേരി”കളില്‍ കണ്ടിട്ടുള്ളതെന്നും പാപ്പാ പ്രസ്താവിച്ചു. നമ്മുടെ പ്രവൃത്തികളെ ദൈവം കാണുന്നു എന്ന അവബോധം എവിടെയും സേവനത്തിന്‍റെ ഉത്തരവാദിത്ത്വങ്ങള്‍ എടുക്കുന്നവര്‍ക്ക് നല്ലതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
3. ജനപ്രീതി നേടിയ പൊലീസ് വിഭാഗം
സുരക്ഷാ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ജനം നല്കുന്ന ആദരവ് അവര്‍ സമൂഹത്തില്‍ സാധാരണക്കാരായവര്‍ക്കു ലഭ്യമാക്കുന്ന സേവനത്തിനും അതിന്‍റെ സമര്‍പ്പണത്തിനും ആനുപാതീകമായിരിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നിരന്തരമായ ലഭ്യത, വിവേകം, ത്യാഗമനഃസ്ഥിതി, ഉത്തരവാദിത്ത്വബോധം എന്നീ ഗുണഗണങ്ങള്‍ ഈ ജനസേവനത്തിനും സമര്‍പ്പണത്തിനും ആവശ്യമാണെന്ന് പാപ്പാ സേനയുടെ കൂട്ടായ്മയെ അനുസ്മരിപ്പിച്ചു. പൊതുജനത്തിന്‍റെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായുള്ള സമര്‍പ്പണത്തിലൂടെ ഈ ബറ്റാലിയന്‍ ഇനിയും ഉത്തരവാദിത്ത്വമുള്ള പൗരത്വത്തിന്‍റെയും, മനുഷ്യജീവന്‍റെ സംരക്ഷണത്തിന്‍റെയും പ്രയോക്താക്കളാകുവാന്‍ ഇടയാവട്ടെയെന്ന് പാപ്പാ ആശംസിച്ചു.
4. പ്രത്യേക നന്ദിപ്രകടനം
പൊതുവായ ക്രമീകരണങ്ങള്‍ക്കും സുരക്ഷയ്ക്കുമായി വത്തിക്കാന്‍റെ സംവിധാനങ്ങളോടു സഹകരിച്ചുചെയ്യുന്ന ‘കരബിനിയേരി’യുടെ എല്ലാ സേവനങ്ങള്‍ക്കും സേനയുടെ തലവന്മാരോടും അംഗങ്ങളോടുമായി പ്രത്യേകം നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: