“വന്നു കാണുക...” സുവിശേഷ വീക്ഷണവുമായി മാധ്യമദിന സന്ദേശം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സുവിശേഷത്തിലെ അനുരണങ്ങളുമായി
വന്നു കാണുക! (യേഹ. 1, 46). എങ്ങനെയും എവിടെയുമായിരുന്നാലും ജനങ്ങളെ കാണുകയും അവരുമായി സംവദിക്കുകയും വേണം. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ അപ്പസ്തോലന്‍ ഫിലിപ്പ് മറ്റുള്ളവരോട് യേശുവിനെപ്പറ്റി പറയുന്ന ഈ വാക്കുകള്‍, “വന്നു കാണുക!” എന്നത് സുവിശേഷത്തിലെ ഏറെ സത്തയായ സന്ദേശമാണ്. ക്രൈസ്തവ ജീവിതം വാക്കുകളെക്കാള്‍ നോട്ടവും, സാക്ഷ്യവും, അനുഭവങ്ങളും, കൂട്ടായ്മയും, സാമീപ്യവും സാന്നിദ്ധ്യവുമാണെന്നാണ് യോഹന്നാന്‍റെ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായം വിവരിക്കുന്ന അപ്പസ്തോലന്‍ ഫിലിപ്പോസിന്‍റെ വാക്കുകളാണ് ഈ ശീര്‍ഷകത്തിനും പ്രതിപാദ്യ വിഷയത്തിനും ആധാരം (1, 43-46). നസ്രത്തിലെ യേശുവിനെ കാണുകയും കേള്‍ക്കുകയും ചെയ്തശേഷം, അവിടുന്ന് മോശയും പ്രവാചകന്മാരും അരുള്‍ചെയ്തിട്ടുള്ള തിരുവെഴുത്തുകളുടെ പൂര്‍ത്തീകരണമാണെന്നു മനസ്സിലാക്കിയ ഗലീലിയയിലെ ബേദ്സയ്ദായില്‍നിന്നുമുള്ള ഫിലിപ്പോസും, അന്ത്രയോസും ചേര്‍ന്ന്, മൂന്നാമനായ നത്താനിയേലിനോടും പറയുന്ന വാക്കുകളാണ് “വന്നു കാണുക”.
2. ഇന്നിന്‍റെ ജീവിതത്തെ അഭിമുഖീകരിക്കാന്‍
പ്രചോദനം നല്കുന്ന സന്ദേശം
സാമൂഹിക അകലംപാലിക്കലും അടച്ചുപൂട്ടലും മൂലം അനുഭവിക്കുന്ന ജീവിതം ഏറെ ക്ലേശകരമായ ഒരു മഹാമാരിയുടെ അഭൂതപൂര്‍വ്വമായ ഇക്കാലഘട്ടത്തില്‍ ശരിയായതും സത്യസന്ധവുമായത് ഗ്രഹിക്കത്തക്ക വിധത്തിലുള്ള ആശയവിനിമയത്തിലൂടെ സഹോദരങ്ങള്‍ക്ക് സാമീപ്യവും സാന്ത്വനവുമാകാമെന്നാണ് പാപ്പാ ഈ സന്ദേശത്തിലൂടെ പ്രബോധിപ്പിക്കുന്നത്. മനുഷ്യരെ നാം നേരില്‍ കാണുകയും, അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുകയും ചെയ്യാതെ നാം സത്യം അറിയുകയില്ല.
3. ദൈവസ്നേഹത്തിന്‍റെ സന്ദേശം
“മനുഷ്യര്‍ എവിടെയാണോ, അവിടെയാണ് ദൈവം!” എന്ന ചൊല്ലിന് വലിയ മൂലമുണ്ടെന്നും, അത് സത്യമാണെന്നും ലോകത്തെ മാധ്യമപ്രവര്‍ത്തകരെയും ആശയവിനിമയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പാപ്പാ സന്ദേശത്തിലൂടെ അനുസ്മരിപ്പിക്കുന്നുണ്ട്. തന്‍റെ ആദ്യ ശിഷ്യന്മാരുടെ വിളിയിലും, അവരുമായുള്ള കൂടിക്കാഴ്ചകളിലും ജനങ്ങളുമായി ഇടപഴകുവാനും നേര്‍ക്കാഴ്ചയില്‍ കാര്യങ്ങള്‍ അറിയിക്കുവാനും, അതില്‍ പങ്കുചേരുവാനും സന്ദേശം പ്രചോദനം പകരും. കൂടാതെ എല്ലാത്തരം മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ അവരുടെ ചാരത്ത് എത്തിപ്പെടാന്‍ ഈശോ നല്കുന്ന ആഹ്വാനത്തിന്‍റെ ചുവടുപിടിച്ചുതന്നെയാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള മാധ്യമദിന സന്ദേശം പാപ്പാ തയ്യാറാക്കുന്നത്.