ലോകം ആണവായുധ വിമുക്തമാകുന്നതിന് സംഘാതമായി യത്നിക്കാം, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനം എന്ന ദാനം സകലേശ്വരനോടു യാചിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
സമ്പൂർണ്ണ ആണവായുധ നിർമ്മാർജ്ജനത്തിനായുള്ള ദിനം എക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം സെപ്റ്റമ്പർ 26-ന് ആചരിക്കുന്ന പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പാ ഇരുപത്തിയാറാം തീയതി ശനിയാഴ്ച (26/09/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.
"സമാധാന ദാനത്തിനും, കൂട്ടനാശം വിതയ്ക്കാൻ കഴിയുന്ന ആയുധങ്ങളില്ലാത്ത ഒരു ലോകത്തിനും വേണ്ടി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കം. മാനവരാശിക്കു ഗുരുതര ഭീഷണിയായ ആണവായുധത്തിൽ നിന്ന് നരകുലത്തെ മോചിപ്പിക്കുന്നതിനായി നമുക്കു പരിശ്രമിക്കാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
അതിനിടെ പാപ്പാ വെള്ളിയാഴ്ച (25/09/20) കണ്ണിചേർത്ത 5 ട്വിറ്റർ സന്ദേശങ്ങളിലൊന്നിൽ ഇങ്ങനെ കാണുന്നു;
“മറ്റുള്ളവരെ ആശ്രയിക്കാതെ നമുക്കു ജീവിക്കാനാകില്ലെന്ന് മഹാമാരി നമുക്കു കാണിച്ചു തന്നു. ഒരു പാലം എന്ന പോലെ രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിനാണ് ഐക്യരാഷ്ട്ര സഭ സ്ഥാപിച്ചത്. അതിനെ നമുക്ക് നാം ആഗ്രഹിക്കുന്നതായ ഭാവി നമുക്കൊത്തൊരുമിച്ച് കെട്ടിപ്പടുക്കുന്നതിന് നന്നായി വിനിയോഗിക്കാം”
ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച (25/09/20) ഈ സംഘടനയുടെ പൊതുസഭയുടെ സമ്മേനത്തിനു നൽകിയ വീഡിയൊ സന്ദേശത്തിലെ വാക്കുകളാണിവ.
മഹാമാരി (#pandemic) യുഎൻ75@യുഎൻ (#UN75 @UN) എന്നീ ഹാഷ്ടാഗുകളോടു കൂടിയതാണ് ഈ ട്വിറ്റർ സന്ദേശം
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.