തിരയുക

ഫ്രാൻസീസ് പാപ്പാ, ബെൽജിയത്തിലെ ഒരു ക്രൈസ്തവ വാരികയായ “തേർസിയൊ” (“Tertio”)യുടെ  പ്രതിനിധികളെ വെള്ളിയാഴ്ച (18/09/2020) വത്തിക്കാനിൽ സ്വീകരിക്കുന്നു. ഫ്രാൻസീസ് പാപ്പാ, ബെൽജിയത്തിലെ ഒരു ക്രൈസ്തവ വാരികയായ “തേർസിയൊ” (“Tertio”)യുടെ പ്രതിനിധികളെ വെള്ളിയാഴ്ച (18/09/2020) വത്തിക്കാനിൽ സ്വീകരിക്കുന്നു. 

ക്രൈസ്തവ മാദ്ധ്യമങ്ങൾ പുത്തൻ ജീവിത ശൈലി പരിപോഷിപ്പിക്കണം, പാപ്പാ

സമ്പർക്കമാദ്ധ്യമ ലോകത്തിൽ, സത്യം മൂടിവയ്ക്കാതെയും വാർത്ത വളച്ചൊടിക്കാതെയും നൂതനമായ ഒരു സാക്ഷ്യം നല്കാൻ ക്രൈസ്തവ മാദ്ധ്യമ പ്രവർത്തകൻ അവൻറെ തൊഴിൽപരമായ ഉന്നത ധർമ്മബോധത്താൽ ബാധ്യസ്ഥനാണ്, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവ മാദ്ധ്യമപ്രവർത്തകൻ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെ വക്താവും വിശ്വാസത്തിൻറെ സംവാഹകനും ആയിരിക്കണമെന്ന് മാർപ്പാപ്പാ.

ബെൽജിയത്തിലെ ഒരു ക്രൈസ്തവ വാരികയായ “തേർസിയൊ” (“Tertio”)യുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് അതിൻറെ മുപ്പതിലേറെ പ്രവർത്തകരെ വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഭാവിയെ രചനാത്മകവും സാധ്യവുമായ ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുമ്പോൾ മാത്രമെ വർത്തമാന കാലം ജീവിക്കാൻ നമുക്കു കഴിയൂ എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വൃത്താന്തം, ഇന്നു നാം ജീവിക്കുന്ന സമൂഹത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൻറെ അവിഭാജ്യ ഘടകമാണെന്നും അത് ഗുണനിലവാരമുള്ളതാകുമ്പോൾ, ലോകം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും  നന്നായി മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുകയും വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ പ്രവർത്തന ശൈലിക്ക് പ്രചോദനമേകുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. 

മനഃസാക്ഷിരൂപീകരണത്തിന് സംഭാനചെയ്യാൻ കഴിവുറ്റതായ, സഭയുടെയും ലോകത്തിൻറെയും ജീവിതത്തെ സംബന്ധിച്ച ഗുണമേന്മയുള്ള വിവരങ്ങളേകുന്നതിൽ വൈദഗ്ദ്ധ്യമുള്ള ക്രൈസ്തവ മാദ്ധ്യമങ്ങളുടെ സാന്നിധ്യം അതീവ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മുൻവിധികളുടെയും പുറന്തള്ളലിൻറെയും സകല രൂപങ്ങളിലും നിന്ന് മുക്തമായ ഒരു പുത്തൻ ജീവിത ശൈലി സമൂഹങ്ങളിൽ വളർത്തിയെടുക്കുന്നതിൽ ക്രിസ്തീയ മാദ്ധ്യമത്തിനുള്ള പങ്ക് സുപ്രധാനമാണെന്ന് പാപ്പാ പറഞ്ഞു.

വിവരവിനിമയം സഭയുടെ സുപ്രധാനമായ ഒരു ദൗത്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമ്പർക്കമാദ്ധ്യമ ലോകത്തിൽ സത്യം മൂടിവയ്ക്കാതെയും വാർത്ത വളച്ചൊടിക്കാതെയും നൂതനമായ ഒരു സാക്ഷ്യം നല്കാൻ ക്രൈസ്തവ മാദ്ധ്യമ പ്രവർത്തകൻ അവൻറെ തൊഴിൽപരമായ ഉന്നത ധർമ്മബോധത്താൽ ബാധ്യസ്ഥനാണെന്ന് പാപ്പാ പറയുന്നു.   

 

18 September 2020, 13:33