തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള നടുമുറ്റത്ത് അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന ജനസഞ്ചയം 16/09/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള നടുമുറ്റത്ത് അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന ജനസഞ്ചയം 16/09/2020 

"പരിപാലന വിപ്ലവം " : സൃഷ്ടിയോടും മാനവസഹോദരങ്ങളോടുമുള്ള കരുതൽ!

കോവിദ് 19 മഹാമാരിയിൽ നിന്ന് മോചിതരാകുന്നതിന് പ്രകൃതിയെയും സഹോദരങ്ങളെയും പരിപാലിക്കുക. പൊതുഭവനത്തെ പരിപാലിക്കാതെ, ഭൗതിക തലത്തിൽ വളരാൻ സാധിക്കും എന്നു കരുതരുത്. ഈ ദൗത്യനിർവ്വഹണത്തിന് ധ്യാനം അനിവാര്യം. ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (16/09/20) പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചത്, ഇക്കഴിഞ്ഞ രണ്ടാഴ്ചകളിലെ പോലെ തന്നെ, വത്തിക്കാൻ നഗരത്തിനകത്ത്, വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള തുറസ്സായ അങ്കണത്തിലായിരുന്നു. പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ പതിവുവേദിയായ വിശുദ്ധ പത്രോസിൻറെ ചത്വരവുമായി തുലനം ചെയ്യുകയാണെങ്കിൽ ചെറിയ നടുമുറ്റമാണിത്. കോവിദ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരുന്നു പൊതുദർശന പരിപാടി അരങ്ങേറിയത്. സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ ജനങ്ങളെ, ആരോഗ്യസുരക്ഷാ അകലം പാലിച്ച്, അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോയ പാപ്പാ വേദിയിലെത്തിയതിനു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ, കോവിദ് 19 വസന്തയുടെ കരാളഹസ്തത്തിൽ നിന്ന് രക്ഷനേടുന്നതിന് നാം എപ്രകാരം കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തനനിരതരാകണം, സൃഷ്ടിയോടും സഹോദരങ്ങളോടുമുള്ള കരുതലിന് ആ പ്രക്രിയയിലുള്ള പങ്ക് എന്നതിനെക്കുറിച്ചുള്ള പരിചിന്തനം തുടർന്നു

ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം: 

പരസ്പരം പരിപാലിക്കുക

ഒരു മഹാമാരിയിൽ നിന്ന് കരകയറാൻ, സ്വയം പരിപാലിക്കുകകയും നമ്മൾ പരസ്പരം പരിപാലിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഏറ്റം ദുർബ്ബലരെയും രോഗികളെയും പ്രായംചെന്നവരെയും ശുശ്രൂഷിക്കുന്നവരെ നാം പിന്തുണയ്‌ക്കണം. വൃദ്ധജനത്തെ അവഗണിക്കുന്ന, ഉപേക്ഷിക്കുന്ന ഒരു പ്രവണതയുണ്ട്. അത് വളരെ മോശമാണ്.  അവരെയൊക്കെ പരിചരിക്കുന്നവർക്ക് - സ്പാനിഷ് പദമായ “ കുയിദാദോരെസ്” (“cuidadores”) നല്കുന്ന നിർവ്വചനം  സുവ്യക്തമാണ്.  അർഹമായ അംഗീകാരവും പ്രതിഫലവും പലപ്പോഴും ലഭിക്കുന്നില്ലെങ്കിലും ഇന്നത്തെ സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നവരാണ് അവർ. പരിചരണം എന്നത് നമ്മുടെ മാനവാസ്തിത്വത്തിൻറെ സുവർണ്ണനിയമമാണ്, ഒപ്പം ആരോഗ്യവും പ്രത്യാശയും അതിലന്തർലീനമായിരിക്കുന്നു. (cf. Enc. Laudato si '[LS], 70). രോഗികളെയും ആവശ്യത്തിലിരിക്കുന്നവരെയും പരിത്യക്തരെയും പരിചരിക്കുന്നത് മാനവികവും ക്രിസ്തീയവുമായ സമ്പന്നതയാണ്. 

പൊതുഭവനമായ ഭൂമിക്ക് സംരക്ഷണം ഉറപ്പാക്കണം, അതിനെ ദുരുപയോഗിക്കരുത്!

ഈ കരുതൽ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ കാര്യത്തിൽ, അതായത്, ഭൂമിയുടെയും സകല ചരാചരങ്ങളുടെയും കാര്യത്തിൽ നമുക്കുണ്ടാകണം. എല്ലാ ജീവജാലങ്ങളും പാരസ്പര്യമുള്ളവയാണ് (cf.ibid., 137-138),. നമ്മുടെ ആരോഗ്യമാകട്ടെ, ദൈവം സൃഷ്ടിക്കുകയും നമ്മുടെ സംരക്ഷണത്തിന് ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്ന ആവാസവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. (ഉൽപ്പത്തി 2,15). എന്നാൽ അതിനെ ദുരുപയോഗിക്കുന്നത് ഹാനികരവും രോഗത്തിലേക്കു തള്ളിയിടുന്നതുമായ ഘോര പാപമാണ്, (cf. LS, 8; 66). നമ്മുടെ പൊതുഭവനത്തെ ദുരുപയോഗിക്കുന്നതിനെതിരായ ഏറ്റവും നല്ല മറുമരുന്ന് ധ്യാനമാണ് (cf.ibid., 85; 214). "സൗന്ദര്യത്തെ ആദരിക്കാനും വിലമതിക്കാനും നാം പഠിച്ചില്ലെങ്കിൽ, സകലവും, യാതൊരുവിധ മനസ്സാക്ഷിക്കുത്തുമില്ലാതെ, ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനുമുളള വസ്തുവായി  മാറുന്നത് വിചിത്ര സംഭവമാകില്ല" (cf.ibid., 215). എന്നിരുന്നാലും, നമ്മുടെ പൊതു ഭവനം, സൃഷ്ടി, കേവലം ഒരു "വിഭവം" അല്ല. സൃഷ്ടികൾക്ക് അവയിൽ തന്നെ ഒരു മൂല്യമുണ്ട്, " അവ തനതായ രീതിയിൽ, ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തിന്റെയും നന്മയുടെയും ഒരു കിരണത്തെ പ്രതിഫലിപ്പിക്കുന്നു" (കത്തോലിക്കാസഭയുടെ മതബോധനം, 339). ഈ മൂല്യവും ദിവ്യപ്രകാശകിരണവും നാം കണ്ടെത്തണം, അത് കണ്ടെത്തുന്നതിന് നാം മൗനത്തിലാഴുകയും, ശ്രവിക്കുകയും മനനം ചെയ്യുകയും വേണം. ധ്യാനം ആത്മാവിനും സൗഖ്യമേകുന്നു.

പരിപാലനാ പ്രക്രിയയിൽ ധ്യാനത്തിനുള്ള പങ്ക്

ധ്യാനത്തിൻറെ അഭാവത്തിൽ അസന്തുലിതവും ഉപരിപ്ലവുമായ ഒരു നരവംശകേന്ദ്രീകരണത്തിൽ അനായസേന നിപതിക്കുന്നു. അങ്ങനെ അത്, സകലത്തിൻറെയും കേന്ദ്രസ്ഥാനത്ത് “അഹ”ത്തെ പ്രതിഷ്ഠിക്കുന്നു. മറ്റു സകല സൃഷ്ടികളുടെയും മേൽ പരമാധിപത്യമുള്ളവരായി നമ്മെ അവതരിപ്പിച്ചുകൊണ്ട് മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ പങ്കിനെ പർവ്വതീകരിച്ചു കാട്ടുന്നു. സൃഷ്ടിയെക്കുറിച്ചുള്ള വേദപുസ്തക വാക്യങ്ങളെ സംബന്ധിച്ച വികലമായ വ്യാഖ്യാനം പ്രമാദപരമായ ഇത്തരം വീക്ഷണത്തിന് വഴിതെളിച്ചിട്ടുണ്ട്. അത് ഭൂമിയെ ശ്വാസംമുട്ടിക്കത്തക്കവിധം ചൂഷണം ചെയ്യുന്നതിലേക്കു നയിക്കുന്നു. സൃഷ്ടിയെ ചൂഷണം ചെയ്യുന്നത് പാപമാണ്. സകലത്തിൻറെയും കേന്ദ്രം താനാണെന്ന് എന്ന് ധരിച്ചുവശായ മനുഷ്യൻ താൻ ദൈവത്തിൻറെ സ്ഥാനം കൈവശപ്പെടുത്തിയതായി കരുതുന്നു. അങ്ങനെ നമ്മൾ അവിടത്തെ പദ്ധതിയുടെ ഏകതാനതയെ നശിപ്പിക്കുന്നു. ജീവൻറെ കാവൽക്കാരാകുകയെന്ന നമ്മുടെ വിളി വിസ്മരിച്ച്  നാം വേട്ടക്കാരായി പരിണമിക്കുന്നു. തീർച്ചയായും, നമ്മൾ ജീവിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി മണ്ണിൽ പണിയെടുക്കുന്നു, അപ്രകാരം ചെയ്യണം. എന്നാൽ അദ്ധ്വാനം എന്നത് ചൂഷണത്തിൻറെ പര്യായമല്ല. ഈ അദ്ധ്വാനം എന്നും കരുതലിൻറെ അകമ്പടിയോടുകൂടിയതാകണം. അതായത്, ഉഴുകുക, സംരക്ഷിക്കുക, പ്രയത്നിക്കുക, പരിപാലിക്കുക.... ഇതാണ് നമ്മുടെ ദൗത്യം (ഉൽപ. 2:15). നമുക്ക് ആതിഥ്യമരുളുന്ന  പൊതുഭവനത്തെ പരിപാലിക്കാതെ, ഭൗതിക  തലത്തിൽ വളരാൻ സാധിക്കും എന്നു കരുതരുത്. നമ്മുടെ ഏറ്റം നിസ്വരായ സഹോദരങ്ങളും നമ്മുടെ അമ്മയായ ഭൂമിയും നാം വിതച്ച നാശങ്ങളെയും അനീതികളെയും കുറിച്ച് കേഴുകയും മറ്റൊരു മാർഗ്ഗം ആവശ്യപ്പെടുകയും ചെയ്യുന്നു. നമ്മുടെ പരിവർത്തനം, വഴിമാറ്റം ആവശ്യപ്പെടുന്നു. ഭൂമിയെ, സൃഷ്ടിയെ പരിപാലിക്കുക.

പ്രകൃതിയെ ചൂഷണം ചെയ്യരുത്

ആകയാൽ മനനത്തിൻറെ മാനം വീണ്ടെടുക്കേണ്ടത് സുപ്രധാനമാണ്. അതായത്, ഭൂമിയെ, സൃഷ്ടിയെ സ്വന്തം ലാഭത്തിനായി ഉപയോഗിക്കേണ്ട ഒരു വസ്തുവായിട്ടല്ല, പ്രത്യുത ഒരു ദാനമായി കാണണം.  ധ്യാനിക്കുമ്പോൾ നാം മറ്റുള്ളവരിലും പ്രകൃതിയിലും അവയുടെ ഉപയോഗത്തെക്കാൾ ഏറെ മഹത്തരമായതെന്തോ കണ്ടെത്തുന്നു. വസ്തുക്കളുടെ ദൈവദത്തമായ ആന്തരിക മൂല്യം നാം കണ്ടെത്തുന്നു. നിരവധിയായ ആദ്ധ്യാത്മിക ഗുരുക്കന്മാർ പഠിപ്പിച്ചിട്ടുള്ളതു പോലെ, ആകാശത്തിനും ഭൂമിക്കും കടലിനും, ഓരോ സൃഷ്ടിക്കും നമ്മെ സ്രഷ്ടാവിലേക്ക് പുനരാനായിക്കാനും സൃഷ്ടിയുമായി കൂട്ടായ്മയിലാക്കാനുമുള്ള മൂർത്തമോ നിഗൂഢമോ ആയ  കഴിവ് ഉണ്ട്. 

സൃഷ്ടയിൽ ദൈവസാന്നിധ്യം ദർശിക്കുക

ഉദാഹരണത്തിന്, "സ്നേഹത്തിൽ എത്തിച്ചേരാനുള്ള ധ്യാനത്തിലേക്ക്" അതായത്, ദൈവം തന്റെ സൃഷ്ടികളെ എങ്ങനെ കാണുന്നുവെന്നും അവയോടൊപ്പം ആനന്ദിക്കുന്നുവെന്നും ചിന്തിക്കാൻ, സൃഷ്ടികളിൽ ദൈവസാന്നിധ്യം ദർശിക്കാൻ, സ്വാതന്ത്ര്യത്തോടും നന്ദിയോടുംകൂടെ അവയെ സ്നേഹിക്കാനും പരിപാലിക്കാനും,  ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്  തന്റെ ആത്മീയ ധ്യാനങ്ങളുടെ സമാപനത്തിൽ ക്ഷണിക്കുന്നുണ്ട്. 

പ്രകൃതിയെ ചൂഷണം ചെയ്യുന്നവൻ ജനത്തെ ചൂഷണം ചെയ്യുന്നു

പരിചരണ മനോഭാവത്തിലേക്ക് നമ്മെ നയിക്കുന്ന ധ്യാനം, നാം പ്രകൃതിയുടെ ഭാഗമല്ല എന്ന മട്ടിൽ പ്രകൃതിയെ പുറത്തു നിന്ന് നോക്കുന്ന പ്രക്രിയയല്ല. മറിച്ച്, നാം പ്രകൃതിയുടെ ഉള്ളിൽത്തന്നെയാണ്, നാം അതിൻറെ ഭാഗമാണ് എന്നതാണ് അത്. നാം ഉള്ളിൽ നിന്ന് ആരംഭിച്ച്, സൃഷ്ടിയുടെ ഭാഗമാണെന്ന് സ്വയം തിരിച്ചറിഞ്ഞ്, പ്രകൃതിയിലെ നായകരായിത്തീരണം. ഇത്തരത്തിൽ ധ്യാനിക്കുന്നവൻ ദൃശ്യമായവയിൽ വിസ്മയംകൊള്ളുക മാത്രമല്ല ആ സൗന്ദര്യത്തിൻറെ അവിഭാജ്യ ഘടകമാണെന്ന അവബോധമുള്ളവനാകുകയും ചെയ്യും. അതിനെ പരിപാലിക്കാനും സംരക്ഷിക്കാനും താൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യം പുലർത്തുകയും ചെയ്യും. ഒരുകാര്യം നാം വിസ്മരിക്കരുത്. അതായത്, പ്രകൃതിയെയും സൃഷ്ടിയെയും ധ്യാനിക്കാൻ അറിയാത്തവന് വ്യക്തികളെ അവരുടെ സമ്പന്നതയിൽ ധ്യാനിക്കാൻ അറിയില്ല. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനായി ജീവിക്കുന്നവൻ എത്തിച്ചേരുന്നത് ജനങ്ങളെ ചൂഷണം ചെയ്യുന്നതിലും അവരെ അടിമകളായി കാണുന്നതിലുമാണ്. ഇത് ഒരു സാർവ്വഭൗമിക നിയമമാണ്.

സൃഷ്ടിയുടെ കാവലാളാകുക

ധ്യാനിക്കാൻ അറിയുന്നവൻ, നാശത്തിനും അനാരോഗ്യത്തിനും  കാരണമാകുന്നവയെ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവർത്തിക്കാൻ  കൂടുതൽ എളുപ്പത്തിൽ സജ്ജമാകും. ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റെയും നൂതന ശൈലികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനും, പൊതുഭവനത്തോടും വ്യക്തികളോടുമുള്ള ആദരവ് ഉറപ്പുനൽകുന്ന സാമ്പത്തിക വളർച്ചയുടെ ഒരു പുത്തൻ മാതൃകയ്ക്ക് സംഭാവനയേകുന്നതിനും പരിശ്രമിക്കും. പ്രവർത്തനത്തിൽ ധ്യാനാത്മകത പുലർത്തുന്നവൻ പരിസ്ഥിതിയുടെ രക്ഷാധികാരിയായി മാറുന്നു. ഇത് മനോഹരമാണ്. നാമോരോരുത്തരും സൃഷ്ടിയുടെയും പ്രകൃതിയുടെ പരിശുദ്ധിയുടെയും കാവൽക്കാരായി മാറണം. എന്നും സുസ്ഥിരമായ ഒരു ജീവിത ശൈലിക്ക് രൂപമേകുന്നതിന് നാം, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സംസ്കാരങ്ങളിലടങ്ങിയ പൂർവ്വിക വിജ്ഞാനങ്ങളെ ആധുനിക സാങ്കേതിക പരിജ്ഞാനവുമായി സംയോജിപ്പിക്കാൻ പരിശ്രമിക്കണം. 

ധ്യാനവും പരിപാലനവും

അവസാനമായി ധ്യാനവും പരിപാലനവും. ഇവ മനുഷ്യർക്ക് സൃഷ്ടിയുമായുള്ള ബന്ധം ശരിയാക്കുന്നതിനും പുനഃസന്തുലിതാവസ്ഥയിലാക്കുന്നതിനുമുള്ള വഴി കാണിച്ചു തരുന്ന രണ്ടു മനോഭാവങ്ങളാണ്. പലപ്പോഴും സൃഷ്ടിയുമായുള്ള നമ്മുടെ ബന്ധം ശത്രുക്കൾ തമ്മിലുള്ളതു പോലാണ്. എൻറെ നേട്ടത്തിനായി സൃഷ്ടിയെ നശിപ്പിക്കുന്നതാണത്. ഇതിന് വലിയ വില കൊടുക്കേണ്ടി വരും എന്നത് മറക്കരുത്. സ്പാനിഷ് ഭാഷയിൽ ഒരു ചൊല്ലുണ്ട്: “ദൈവം സദാ പൊറുക്കുന്നു; നമ്മൾ ചിലപ്പോഴൊക്കെ ക്ഷമിക്കുന്നു; പ്രകൃതി ഒരിക്കലും പൊറുക്കില്ല” പൊതുഭവനത്തിൻറെ കാവൽക്കാരാകുക, ജീവൻറെ സംരക്ഷകരാകുക, പ്രത്യാശയുടെ കാവലാളാകുക എന്ന പാത നമുക്കു സംരക്ഷിക്കാം. ദൈവം നമുക്കു ഭരമേല്പിച്ച പൈതൃകസമ്പത്ത് വരും തലമുറയ്ക്ക് ഉപയോഗിക്കുന്നതിനായി നമുക്കു കാത്തു സൂക്ഷിക്കാം. തദ്ദേശജനതയെ ഞാൻ പ്രത്യേകം ഓർക്കുന്നു. അവരോടു നമുക്കു കൃതജ്ഞതയുടെയും ഒപ്പം അവരെ ദ്രോഹിച്ചതിനുള്ള പ്രായശ്ചിത്തത്തിൻറെയും കടപ്പാടുണ്ട്.

"പരിപാലന വിപ്ലവം"

 

തങ്ങളുടെ പ്രദേശത്തിൻറെ സ്വാഭാവികവും സാംസ്കാരികവുമായ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ പ്രസ്ഥാനങ്ങൾ, സംഘടനകൾ, ജനകീയ സംഘങ്ങൾ എന്നിവയെയും ഞാൻ ഓർക്കുന്നു. ഈ സാമൂഹിക യാഥാർത്ഥ്യങ്ങൾ എല്ലായ്പ്പോഴും വിലമതിക്കപ്പെടുന്നില്ല, ചിലപ്പോൾ അവ തടസ്സപ്പെടുത്തപ്പെടുകയും ചെയ്യുന്നു; കാരണം അവ പണം ഉല്പാദിപ്പിക്കുന്നില്ല എന്നതു തന്നെ. എന്നാൽ വാസ്തവത്തിൽ അവ സമാധാനപരമായ ഒരു വിപ്ലവത്തിന്, അതിനെ "പരിപാലന വിപ്ലവം" എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം, ആ വിപ്ലവത്തിന് സംഭാവന ചെയ്യുന്നു. സൃഷ്ടിയെ, നമ്മുടെ മക്കളെ, മരുമക്കളെ, ഭാവിയെ പരിപാലിക്കുന്നതിന് ധ്യാനിക്കുക. പരിപാലിക്കുന്നതിന്, കാത്തുസൂക്ഷിക്കുന്നതിന്, ഭാവിതലമുറയ്ക്ക് പാരമ്പര്യസ്വത്ത് കൈമാറുന്നതിന് ധ്യാനിക്കുക.

ഈ ദൗത്യം മറ്റാരേയും ഏല്പിക്കേണ്ടതില്ല. ഇത് ഒരോ മനുഷ്യവ്യക്തിയുടെയും കടമയാണ്. നമുക്കോരോരുത്തർക്കും "പൊതു ഭവനത്തിൻറെ സൂക്ഷിപ്പുകാരനായി" ദൈവത്തിൻറെ സൃഷ്ടികൾക്ക് അവിടത്തെ സ്തുതിക്കാനും ആ സൃഷ്ടികളെ ധ്യാനിക്കാനും സംരക്ഷിക്കാനും കഴിവുള്ളവൻ ആയി മാറാൻ കഴിയും, മാറണം.  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

വൈദികൻ റൊബേർത്തൊ മൽജെസീനി

ചൊവ്വാഴ്ച  (15/09/20) ഉത്തര ഇറ്റലിയിലെ കോമൊ രൂപതയിൽ പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞു വച്ചിരുന്ന ഒരു യുവ വൈദികൻ റൊബേർത്തൊ മൽജെസീനി (don Roberto Malgesini) വധിക്കപ്പെട്ട സംഭവം പാപ്പാ അനുസ്മരിച്ചു.

ഫാദർ മൽജെസീനിയുടെ കൈയ്യിൽ നിന്ന് സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് മാനസിക രോഗിയായ ഘാതകൻ എന്നതും പാപ്പാ എടുത്തു പറഞ്ഞു.

ഫാദർ മൽജെസീനിയുടെ കൊലപാതകത്തിൽ പാപ്പാ തൻറെ വേദന അറിയിക്കുകയും കോമൊയിലെ ജനങ്ങളുടെ പ്രാർത്ഥനയിൽ ഒന്നു ചേരുകയും ചെയ്തു.

അദ്ദേഹത്തിൻറെ രക്തസാക്ഷിത്വത്തിന് പാപ്പാ ദൈവത്തെ സ്തുതിച്ചു.

പാവപ്പെട്ടവർക്കായി സേവനമനുഷ്ഠിക്കുന്ന എല്ലാവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2020, 14:14