തിരയുക

2020.09.06 cardinale Marian Jaworski 2020.09.06 cardinale Marian Jaworski 

കര്‍ദ്ദിനാള്‍ യവോര്‍സ്കിയുടെ നിര്യാണത്തില്‍ പാപ്പാ അനുശോചിച്ചു

ഉക്രയിനിലെ ലിവീവ് ലത്തീന്‍ അതിരൂപതാദ്ധ്യക്ഷനായിരുന്നു കര്‍ദ്ദിനാള്‍ മരിയാണ്‍ യവോര്‍സ്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്റ്റംബർ 5-ന് ഉക്രയിനിന്‍റെ തലസ്ഥാനനഗരമായ ലിവീവില്‍വച്ച്  വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 94-Ɔമത്തെ വയസ്സിലായിരുന്നു അന്ത്യം.

1. പാപ്പായുടെ അനുശോചന സന്ദേശം
കര്‍ദ്ദിനാള്‍ യവോര്‍സ്കിയുടെ സമര്‍പ്പിതമായ സഭാജീവിതത്തിനും അജപാലന സാക്ഷ്യത്തിനും പാപ്പാ ഫ്രാന്‍സിസ് ദൈവത്തിന് നന്ദിയര്‍പ്പിച്ചു. “തന്‍റെ ജീവിതം ക്രിസ്തുവിനുള്ളതെന്ന്...” Mihi vivere Christus est, എന്ന  പ്രേഷിതസമര്‍പ്പണത്തിന്‍റെ ആപ്തവാക്യം തന്‍റെ ജീവിതത്തിന്‍റെ ചിന്തകളെയും വിലയിരുത്തലുകളെയും തീരുമാനങ്ങളെയും നവമായ അന്വേഷണങ്ങളെയും നിര്‍വ്വചിച്ചിരുന്നതായി പാപ്പാ ചൂണ്ടിക്കാട്ടി.  ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സഹോദരതുല്യനും, പാപ്പാ ബെനഡിക്ടിന്‍റെ തത്വശാസ്ത്ര-ദൈവശാസ്ത്ര ചിന്തകളുടെ വളരെ അടുത്ത പ്രബോധകനും സഹകാരിയുമായിരുന്നു  കര്‍ദ്ദിനാള്‍ യവേര്‍സ്കിയെന്നും പാപ്പാ വിശേഷിപ്പിച്ചു. ഇക്കാരണങ്ങളാലായുന്നു 2001-ല്‍ അദ്ദേഹം കര്‍ദ്ദിനാള്‍ പദവയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതെന്ന്, ലിലീവിലെ ഇപ്പോഴത്തെ മെത്രാപ്പോലിത്ത ആര്‍ച്ചുബിഷപ്പ് മാദ്രെക് യദ്രേഷ്കിക്ക് അയച്ച കത്തില്‍ പാപ്പാ പരാമര്‍ശിച്ചു.

2. സഭയെ സ്നേഹിച്ച അജപാലകന്‍
കര്‍ദ്ദിനാള്‍ യവോര്‍സ്കിയെ അടുത്ത് അറിയുന്ന സകലര്‍ക്കും അദ്ദേഹം ഏറെ നീതിനിഷ്ഠനും ആത്മാര്‍ത്ഥഹൃദയനും, ഒപ്പം സഭയെ ഗാഢമായി സ്നേഹിച്ച ധീരനായ അജപാലകനുമായിരുന്നെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി. ആത്മീയ തീക്ഷ്ണതയും, സുവിശേഷ മൂല്യങ്ങളോടുള്ള വിശ്വസ്തതയും,  സഭാ സമൂഹത്തിലുള്ള സമര്‍പ്പണത്തിനും നല്ല മാതൃക നല്കിക്കൊണ്ടാണ് അദ്ദേഹം കടന്നുപോകുന്നതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.  കര്‍ദ്ദിനാള്‍ യവോര്‍സ്കിയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും  അജഗണങ്ങള്‍ക്കും പ്രാര്‍ത്ഥനയോടെ അനുശോചനം നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

3. ജീവിതരേഖ
1926 ഓഗസ്റ്റ് 21-ന് മരിയാൻ യവോർസ്കി ഉക്രയിനിലെ ലിവീവിൽ ജനിച്ചു.
1945-ൽ വൈദികപരിശീലനം ആരംഭിച്ചു. പോളണ്ടിലെ കൽവാരിയ സെബ്രിഡോസ്കിയിലെ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.
1950 ജൂൺ 25-ന്‌ വൈദികനായി.

4. നല്ല അദ്ധ്യാപകന്‍
1950-ൽ മരിയൻ യവോർസ്കി, ക്രാക്കോയിലെ ജാഗിയോലോണിയൻ സർവ്വകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിൽ "മജിസ്റ്റർ" എന്ന പദവി കരസ്ഥമാക്കി. നിരവധി വർഷങ്ങൾ വാർസോയിലെ ദൈവശാസ്ത്ര അക്കാഡമിയിലും, ക്രാക്കോയിലെ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.
1985-ൽ ജർമ്മനിയിലെ ബോച്ചും സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.

5. തീക്ഷ്ണമതിയായ അജപാലകന്‍ 
1984 മെയ് 21-ന് പോപ്പ് ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ ഉക്രയിനില്‍ ലംബേസിയിലെയും  ലുബാസോയിലെയും  അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.
1984 ജൂൺ 23-ന് അദ്ദേഹം  മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
1991 ജനുവരി 16-ന് പോപ്പ് ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ ലിലീവ് ലത്തീന്‍ പ്രവിശ്യയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.
1998 ഫെബ്രുവരിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്നെയാണ് അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്.

1991 മുതൽ ലിവീവ് അതിരൂപതയിലെ ഇടവകകളെ പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങളില്‍ വ്യാപൃതനായി. ഉക്രയിനിലെ നഗരങ്ങളില്‍ അപ്പോഴേയ്ക്കും കമ്യൂണിസ്റ്റ് ഭരണകൂടം ദേവാലയങ്ങളും ബന്ധപ്പെട്ട കെട്ടിടങ്ങളും കച്ചേരി ഹാളുകളും, സിനിമാശാലകളും, തിയേറ്ററുകളും, സ്പോർട്സ് കേന്ദ്രങ്ങളുമാക്കി രൂപാന്തരപ്പെടുവാൻ തുടങ്ങിയ സമയത്താണ്, കര്‍ദ്ദിനാള്‍ യവോര്‍സ്കി അവ തിരിച്ചെടുക്കുവാനും, വിശ്വാസജീവിതം പരിപോഷിപ്പിക്കുവാനും പദ്ധതിയൊരുക്കിയത്.
1997-ൽ തദ്ദേശീയ വൈദികരെ രൂപപ്പെടുത്തുവാനുള്ള വലിയ സെമിനാരി സ്ഥാപിച്ചു.
2005 ഏപ്രിലിൽ ബെനഡിക്റ്റ് 16-Ɔമന്‍ പാപ്പായെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തില്‍ പങ്കെടുത്തു (conclave).

6. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നിജസ്ഥിതി
ഉക്രയ്നിന്‍റെ  ഏക കർദ്ദിനാളായിരുന്നു മരിയൻ യവോർസ്കി. അദ്ദേഹത്തിന്‍റെ മരണത്തോടെ കർദ്ദിനാൾ സംഘത്തിന്‍റെ എണ്ണം 219 ആയി കുറയുകയാണ്.. അതിൽ 122 കര്‍ദ്ദിനാളന്മാര്‍ 80-വയസ്സിനു താഴെ പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരും, 97 പേർ 80-വയസ്സിനു മുകളില്‍ വോട്ടവകാശമില്ലാത്തവരുമാണ്.

 

09 September 2020, 08:36