വൈദികൻ റൊബേർത്തൊ മൽജെസീനി ഉപവിയുടെ സാക്ഷി, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉത്തര ഇറ്റലിയിലെ കോമൊ രൂപതയിൽ കത്തിക്കുത്തേറ്റു മരിച്ച വൈദികൻ റൊബേർത്തൊ മൽജെസീനി (Don Roberto Malgesini) ഉപവിയുടെ സാക്ഷിയാണെന്ന് മാർപ്പാപ്പാ.
പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാദർ മൽജെസീനിയെ ചൊവ്വാഴ്ച (15/09/20) ടുണീഷ്യ സ്വദേശിയും ഇറ്റലിയിൽ അനധികൃതമായി കഴിയുന്നവനുമായ, മാനസികനില തെറ്റിയ റഹ്ദി മഹ്മൗദി എന്ന 53 കാരൻ വധിച്ച ദാരുണ സംഭവം, ഫ്രാൻസീസ് പാപ്പാ, ബുധനാഴ്ച (16/09/20) വത്തിക്കാനിൽ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ, അനുസ്മരിക്കുകയായിരുന്നു.
ഫാദർ മൽജെസീനിയുടെ കൈയ്യിൽ നിന്ന് സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് അദ്ദേഹത്തിൻറെ ഘാതകൻ എന്നതും പാപ്പാ എടുത്തു പറഞ്ഞു
ഏറ്റം ദരിദ്രരായവരോടുള്ള ഉപവിയുടെ സാക്ഷിയായ വൈദികൻ റൊബേർത്തൊ മൽജെസീനി ഏകിയ രക്തസാക്ഷിത്വത്തിന് പാപ്പാ ദൈവത്തിന് സ്തുതിയർപ്പിച്ചു.
51 വയസ്സു പ്രായമുണ്ടായിരുന്ന ഫാദർ മൽജെസീനിയുടെ ദാരുണ അന്ത്യത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും കോമൊയിലെ സമൂഹത്തിൻറെയും ദുഃഖത്തിലും പ്രാർത്ഥനയിലും താനും പങ്കുചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഫാദർ മൽജെസീനിക്കു വേണ്ടിയും, അതുപോലെതന്നെ, ആവശ്യത്തിലിരിക്കുന്നവർക്കും സമൂഹത്തിൽ പുറന്തള്ളപ്പെട്ടവർക്കും സേവനം ചെയ്യുന്ന എല്ലാവർക്കും, അതായത്, വൈദികർക്കും സന്ന്യാസിനികൾക്കും അത്മായവിശ്വാസികൾക്കും വേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.