തിരയുക

ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ച (27/09/20)  കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനത്തിൽ , വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ സംബന്ധിക്കുന്ന കൂടിയേറ്റക്കാരുമടങ്ങിയ വിശ്വാസികൾ. പിന്നിൽ കാണുന്നത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സ്മാരകമായി വിശുദ്ധ പത്രോസിൻറെ ചത്വരത്തിൽ 2019-ൽ പ്രതിഷ്ഠിച്ച ശില്പം. ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ച (27/09/20) കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനത്തിൽ , വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ സംബന്ധിക്കുന്ന കൂടിയേറ്റക്കാരുമടങ്ങിയ വിശ്വാസികൾ. പിന്നിൽ കാണുന്നത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സ്മാരകമായി വിശുദ്ധ പത്രോസിൻറെ ചത്വരത്തിൽ 2019-ൽ പ്രതിഷ്ഠിച്ച ശില്പം. 

അനുസരണം സമ്മതം മൂളലല്ല, കർമ്മമാണ്, ദൈവരാജ്യ നിർമ്മിതിയാണ്, പാപ്പാ

നമ്മുടെ “സമ്മതം” ദൈവം ആകാംക്ഷയോടെ കാത്തിരിക്കുന്നു. തിന്മയ്ക്കു പകരം നന്മയും അസത്യത്തെക്കാൾ സത്യവും സ്വാർത്ഥതയെക്കാൾ പരസ്നേഹവും തിരഞ്ഞെടുക്കുന്നത് അനുദിനം നവീകരിക്കാൻ ദൈവത്തിലുള്ള വിശ്വാസം നമ്മോടാവശ്യപ്പെടുന്നു.......... ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശത്തിൽ നിന്ന്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്നു കൊണ്ട് ഈ ഞായറാഴ്ചയും (27/09/20) മദ്ധ്യാഹ്ന പ്രാർത്ഥന നിയിച്ചു. റോമാപുരി ഈ ദിനങ്ങളിൽ മഴയിൽ കുതിർന്നിരിക്കയാണെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. മഴയയിൽ നിന്നു രക്ഷ നേടുന്നതിനു പലരും കുടകൾ ചൂടിയിരുന്നു. കോവിദ് 19 മഹാമാരി റോമിലുൾപ്പടെ യൂറോപ്പിൻറെ പലഭാഗങ്ങളിലും വീണ്ടും പിടിമുറുക്കി തുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികളുടെ ഭാഗമായി സാധ്യമായ വിധത്തിൽ ആരോഗ്യ സുരക്ഷാ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികൾ നിലയുറപ്പിച്ചിരുന്നത്. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ച (27/09/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 21,28-32 വരെയുള്ള വാക്യങ്ങൾ, അതായത്, തൻറെ മുന്തിരിത്തോപ്പിൽ ജോലിചെയ്യാൻ പിതാവ് ആവശ്യപ്പെടുന്ന രണ്ടു പുത്രന്മാരുടെ വൈരുദ്ധ്യമാർന്ന  പ്രതികരണങ്ങളും പ്രവർത്തിയും അവതരിപ്പിക്കുന്ന ഉപമ, അവലംബമാക്കി ആയിരുന്നു. 

പാപ്പാ ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം ആരംഭിച്ചത് പ്രതികൂലാവസ്ഥയോട് എങ്ങനെ പ്രതികരിക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് തൻറെ ജന്മനാടായ അർജന്തിനയിൽ പറയാറുള്ള ഒരു പഴമൊഴി ഉദ്ധരിച്ചുകൊണ്ടാണ്:

പാപ്പായുടെ പ്രഭാഷണം

പ്രിയ സഹോദരീസഹോദരന്മാരേ,

എന്റെ നാട്ടിൽ ഇങ്ങനെ പറയാറുണ്ട്: “മോശം കാലാവസ്ഥയോട്, സുവദനം കാട്ടുക”. ഈ "സുവദനത്തോടുകൂടി" ഞാൻ നിങ്ങൾക്ക് സുദിനം നേരുന്നു. 

യേശു നിരാകരിക്കുന്ന ഉപരിപ്ലവ മതാത്മകത

യേശു, മനുഷ്യജീവിതബന്ധിയല്ലാത്തതും നന്മതിന്മകൾക്കുമുന്നിൽ മനസ്സാക്ഷിയെയും ഉത്തരാവദിത്വത്തെയും ഉണർത്താത്തതുമായ ഒരു മതാത്മകതയെ, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രബോധനത്തിലൂടെ എതിർക്കുന്നു. മത്തായിയുടെ സുവിശേഷം (21,28-32) അവതരിപ്പിക്കുന്ന രണ്ടു പുത്രന്മാരുടെ ഉപമയിലും  ഇത് അനാവരണം ചെയ്യുന്നു. മുന്തിരിത്തോട്ടത്തിൽ ജോലിക്കുപോകാൻ പിതാവ് പറയുമ്പോൾ പുതന്മാരിൽ ആദ്യത്തെയാൾ ഉടൻ വിസമ്മതിക്കുകയും “ഞാൻ പോകില്ല” എന്ന് പ്രത്യുത്തരിക്കുകയും  എന്നാൽ പിന്നീട് പശ്ചാത്തപിച്ച് ജോലിക്കു പോകുകയും ചെയ്യുന്നു. എന്നാൽ “ അതെ, പിതാവേ ഞാൻ പോകാം” എന്നു മറുപടി പറയുന്ന രണ്ടാമത്തെ പുത്രനാകട്ടെ,. വാസ്തവത്തിൽ, അതു ചെയ്യുന്നില്ല, അവൻ പോകുന്നില്ല. അനുസരണം എന്നത് “അതെ” എന്നൊ “അല്ല” എന്നൊ പറയുന്നതല്ല, പ്രത്യുത, അത് അടങ്ങയിരിക്കുന്നത് പ്രവർത്തിയിലാണ്, മുന്തിരിത്തോപ്പിൽ വേല ചെയ്യുന്നതിലാണ്, ദൈവരാജ്യം സാക്ഷാത്ക്കരിക്കുന്നതിലാണ്, നന്മ ചെയ്യുന്നതിലാണ്. വ്യക്തികളുടെ ജീവിതത്തെയും  മനോഭാവങ്ങളെയും സ്പർശിക്കാത്ത വെറും ബാഹ്യാനുഷ്ഠാനപരവും യാന്ത്രികവുമായ ഒരു മതത്തെ, ഉപരിപ്ലമായ ഒരു മതാത്മകതയെ, ആ പദത്തിൻറെ മോശമായ അർത്ഥത്തിൽ വെറും “ആചാരം” മാത്രമായ മതാത്മകതയെ, മറികടക്കാൻ യേശു ഈ ലളിതമായ ഉദാഹരണത്തിലൂടെ അഭിലഷിക്കുന്നു.

അനുതപിക്കുന്ന പാപിക്ക് ലഭിക്കുന്ന കൃപാനുകൂല്യം

യേശു നിരാകരിക്കുന്ന, “പ്രകടനപരതയാർന്ന” ഈ മതാത്മകതയുടെ വക്താക്കൾ, അക്കാലത്ത്, “പ്രധാന പുരോഹിതന്മാരും ജന പ്രമാണികളും” (മത്തായി 21,23) ആയിരുന്നു. യേശു അവർക്കേകുന്ന താക്കീതനുസരിച്ച് അവർക്കു മുമ്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ചുങ്കക്കാരും വേശ്യകളുമായിരിക്കും. യേശു അവരോടു പറയുന്നു: “ചുങ്കക്കാരും, അതായത്, പാപികളും വേശ്യകളുമായിരിക്കും നിങ്ങൾക്കു മുമ്പേ സ്വർഗ്ഗരാജ്യത്തിൽ എത്തുക” (മത്തായി 21,31). ഈ പ്രസ്താവന, ദൈവത്തിൻറെ കല്പനകൾ പാലിക്കാത്തവർക്ക്, ധാർമ്മികതയിൽ ചരിക്കാത്തവർക്ക് എല്ലാം ശുഭകരമായിരിക്കും എന്ന തെറ്റിദ്ധരാണ ഉളവാക്കരുത്. അവർ ഇങ്ങനെ പറയുന്നു: “എന്തായാലും ദേവാലയത്തിൽ പോകുന്നവർ നമ്മളെക്കാൾ മോശമാണ്”. ഇതല്ല, ഇങ്ങനെയല്ല യേശുവിൻറെ പ്രബോധനം. ചുങ്കക്കാരെയും വേശ്യകളെയും ജീവിത മാതൃകയായിട്ടല്ല, പ്രത്യുത, കൃപയുടെ ആനുകൂല്യം ലഭിക്കുന്നവരായിട്ടാണ് യേശു  അവതരിപ്പിക്കുന്നത്. കൃപ എന്ന പദം അടിവരയിട്ടു കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. മാനസാന്തരം എല്ലായ്പോഴും ഒരു കൃപയാണ്. തന്നിലേക്കു തുറക്കുന്നവർക്ക്, മാനസാന്തരപ്പെടുന്ന ആർക്കും ദൈവം കൃപയേകുന്നു. വാസ്തവത്തിൽ ഇവർ അവിടത്തെ പ്രബോധനം ശ്രവിക്കുകയും പശ്ചാത്തപിക്കുകയും ജീവിതത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് മത്തായിയെ കുറിച്ച് നമുക്കൊന്നു ചിന്തിക്കാം. ഒരു ചുങ്കക്കാരനായിരുന്നു വിശുദ്ധ മത്തായി.

ദൈവത്തിൻറെ ക്ഷമയും നാം നവീകരിക്കേണ്ട തിരഞ്ഞെടുപ്പും

ഇന്നത്തെ സുവിശേഷത്തിലെ ആദ്യത്തെ പുത്രനാണ് നമ്മിൽ മതിപ്പുളവാക്കുന്നത്. അത് അവൻ പിതാവിനോട് വിസമ്മതിച്ചതുകൊണ്ടല്ല, മറിച്ച്, വിസമ്മതത്തിനു ശേഷം സമ്മതത്തിലേക്ക് പരിവർത്തനം ചെയ്തതു കൊണ്ടാണ്. ദൈവം നാമെല്ലാവരോടും ക്ഷമയുള്ളവനാണ്: അവിടന്നു തളരുന്നില്ല. നമ്മുടെ വിസമ്മതം കേട്ട് അവിടന്ന് പിന്തിരിയുന്നില്ല. അവിടന്നിൽ നിന്ന് അകലാനും തെറ്റു പറ്റുന്നതിനും അവിടന്ന് നമ്മെ സ്വതന്ത്രരായി വിടുന്നു. ദൈവത്തിൻറെ ക്ഷമയെക്കുറിച്ചു ചിന്തിച്ചാൽ അത് അതിശയകരമാണ്! കർത്താവ് എന്നും നമ്മെ കാത്തിരിക്കുന്നു. നമ്മെ സഹായിക്കാൻ അവിടന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നാൽ നമ്മുടെ സ്വാതന്ത്ര്യത്തെ അവിടന്ന് മാനിക്കുന്നു. നമ്മെ തൻറെ പിതൃകരവലയത്തിനുള്ളിലാക്കാനും തൻറെ അതിരറ്റ കാരുണ്യത്താൽ നമ്മെ നിറയ്ക്കാനും നമ്മുടെ “സമ്മതം” അവിടന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. തിന്മയ്ക്കു പകരം നന്മയും അസത്യത്തെക്കാൾ സത്യവും സ്വാർത്ഥതയെക്കാൾ പരസ്നേഹവും തിരഞ്ഞെടുക്കുന്നത് എല്ലാ ദിവസവും നവീകരിക്കാൻ ദൈവത്തിലുള്ള വിശ്വാസം നമ്മോടാവശ്യപ്പെടുന്നു. പാപാനുഭവാനന്തരം ഈ ഒരു തിരഞ്ഞെടുപ്പിലേക്കു പരിവർത്തനം ചെയ്യുന്നവൻ ദൈവരാജ്യത്തിൽ പ്രഥമസ്ഥാനങ്ങൾ കണ്ടെത്തും. തൊണ്ണൂറ്റിയൊമ്പത് നീതിമാന്മാരെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് അവിടെ കൂടുതൽ ആനന്ദമുണ്ടാകും. (ലൂക്ക 15,7)

മാനസാന്തരം എന്ന ശുദ്ധീകരണ പ്രക്രിയ

എന്നാൽ മാനസാന്തരം, ഹൃദയപരിവർത്തനം ഒരു പ്രക്രിയയാണ്. അത് ധാർമ്മികതയെ മൂടിയിരിക്കുന്ന പടലങ്ങൾ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തനമാണ്. ചിലപ്പോൾ ഇത് വേദനാജനകം ആയിരിക്കും. കാരണം വിശുദ്ധിയിലേക്കുള്ള പാത,  ചില പരിത്യാഗങ്ങളും ആദ്ധ്യാത്മക പോരാട്ടവും അടങ്ങിയതാണ്. നന്മയ്ക്കായി പോരാടുക, പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പൊരുതുക. സമാധാനത്തിലും സൗഭാഗ്യങ്ങളുടെ ആനന്ദാനുഭവത്തിലും എത്തിച്ചേരാൻ നമുക്കു ചെയ്യാൻ കഴിയുന്നത് നാം ചെയ്യുക. ഇന്നത്തെ സുവിശേഷം ക്രിസ്തീയ ജീവിതരീതിയെക്കുറിച്ചു ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു. സ്വപ്നങ്ങളാലും സുന്ദരാഭിലാഷങ്ങളാലും കെട്ടിപ്പൊക്കിയതല്ല അത്. പ്രത്യുത, നാം ദൈവഹിതത്തോടും സഹോദരസ്നേഹത്തോടും എന്നും തുറവുള്ളവരായിരിക്കുന്നതിന് സമൂർത്ത പരിശ്രമം ആവശ്യപ്പെടുന്നതാണ്. ഇത്, ഏറ്റം നിസ്സാരമായ സമൂർത്ത പ്രവർത്തനം പോലും, കൃപ കൂടാതെ ചെയ്യാനാകില്ല. ആകയാൽ മാനസാന്തരം നാം എന്നും യാചിക്കേണ്ട കൃപയാണ്: “കർത്താവേ നല്ലവനായിത്തീരാനുള്ള അനുഗ്രഹം എനിക്കേകണമേ. നല്ല ക്രൈസ്തവനാകാനുള്ള അനുഗ്രഹം എനിക്കു നല്കണമേ” 

പരിശുദ്ധാരൂപിയോടുള്ള വിധേയത്വം   

പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തോടു വിധേയത്വമുള്ളവരായിരിക്കുന്നതിന് നമ്മെ സഹായിക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. യേശു വാഗ്ദാനം ചെയ്ത ജീവനും രക്ഷയും പ്രാപിക്കുന്നതിന് നമ്മുടെ ഹൃദയ കാഠിന്യം ഇല്ലാതാക്കുകയും ഹൃദയത്തെ അനുതാപത്തിലേക്കു നയിക്കുകയും ചെയ്യുന്നത് പരിശുദ്ധാരൂപിയാണ്.  

 ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തരം പാപ്പാ, കൗക്കാസൂസ് പ്രദേശത്ത് അരങ്ങേറുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.

കൗക്കാസൂസിനു വേണ്ടി പ്രാർത്ഥിക്കുക

കൗക്കാസൂസ് പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് ആശങ്കാജനകമായ വാർത്തകളാണ് എത്തുന്നതെന്നു പറഞ്ഞ പാപ്പ അവിടെ സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാർത്ഥിച്ചു.

ബലപ്രയോഗവും ആയുധങ്ങളും കൊണ്ടല്ല, മറിച്ച്, സംഭാഷണവും കൂടിയാലോചനകളും വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതിന് സന്മനസ്സിൻറെയും സാഹോദര്യത്തിൻറെയും സമൂർത്ത പ്രവർത്തികളിലേർപ്പെടാൻ പാപ്പാ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് അഭ്യർത്ഥിക്കുകയും കൗക്കാസൂസിൽ സമാധാനം ഉണ്ടാകുന്നതിനായി മൗനപ്രാർത്ഥന നടത്താൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട മരിയ ലൂയിജ്യ

ശനിയാഴ്ച (26/09/20) തെക്കെ ഇറ്റലിയിലെ നേപ്പിൾസിൽ, (നാപ്പൊളി) പരിശുദ്ധതമ ദിവ്യകാരുണ്യത്തിൻറെ മരിയ ലൂയിജ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് പാപ്പാ അനുസ്മരിച്ചു. 

വിശുദ്ധ കുരിശിനെ വണങ്ങുന്ന ഫ്രാൻസിസ്ക്കൻ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകയായ നവവാഴ്ത്തപ്പെട്ട മരിയ ലുയീജ്യ കാൽവരി രഹസ്യ ധ്യാനത്തിൻറെയും അശ്രാന്ത ഉപവി പ്രവർത്തനത്തിൻറെയും മാതൃകയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോക ദിനം

സഭ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോക ദിനം ഈ ഞായറാഴ്ച (27/09/20) ആചരിച്ചത് പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഒരു വർഷം മുമ്പ് താൻ ആശീർവ്വദിച്ച “ദൈവദൂതരെ അറിയാതെ” (ഹെബ്രായർ 13: 2) എന്ന പേരിലുള്ള സ്മാരകത്തിന് ചുറ്റും സമ്മേളിച്ച അഭയാർഥികളെയും കുടിയേറ്റക്കാരെയും പാപ്പാ അഭിവാദ്യം ചെയ്തു.

യേശുവിനും കുടുംബത്തിനും സംഭവിച്ചതുപോലെ പലായനം ചെയ്യാൻ നിർബന്ധിതരായ, ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും  സമർപ്പിതമാണ് ഈ ദിനചാരണത്തിനുള്ള ഇക്കൊല്ലത്തെ തൻറെ സന്ദേശം എന്നു പാപ്പാ പറഞ്ഞു. 

“യേശുവിനെ പോലെ പലായനം ചെയ്യേണ്ടിവന്നവരെ” വിശിഷ്യ, അവരെ സഹായിക്കുന്നവരെ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. 

ലോക വിനോദസഞ്ചാരദിനം

ഞായറാഴ്ച (27/09/20)  ലോക വിനോദസഞ്ചാരദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. 

കോവിദ് 19 മഹാമരി അനേകം നാടുകളെ സംബന്ധിച്ചിത്തോളം അതീവ പ്രാധാന്യമർഹിക്കുന്ന ഈ മേഖലയ്ക്ക് കനത്ത പ്രഹരമേല്പിരിക്കയാണെന്ന് പാപ്പാ പറഞ്ഞു.

വിനോദസഞ്ചാര മേഖലിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് ചെറുകിട കുടുംബ വ്യവസായ ശാലകൾക്കും ചെറുപ്പക്കാർക്കും പാപ്പാ പ്രചോദനം പകരുകയും നിലവിലെ പ്രതിസന്ധികളിൽ നിന്ന് എത്രയും വേഗം  കരകയറാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ചത്വരത്തിൽ സന്നിഹിതരായിരുന്ന റോമാക്കാരും ഇറ്റലിയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യക്കാരുമായിരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ സ്തനാർബു     ദത്തിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെയും മറ്റു സകലരെയും പ്രത്യേകം അനുസ്മരിച്ചു. 

അവരുടെ പരിശ്രമത്തെ കർത്താവ് സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു! 

ഉത്തര ഇറ്റലിയിലെ സിയെന്നായിൽ നിന്ന് റോമിലേക്ക് കാൽനടയായി വന്ന തീർത്ഥാടകരെയും പാപ്പാ അഭിവാദ്യം ചെയ്തു.

സമാപനാഭിവാദ്യം

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന എല്ലാ എല്ലാവർക്കും നല്ലൊരു ഞായർ, സമാധാന ഞായർ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2020, 13:50