തിരയുക

2020.09.09 Udienza Generale 2020.09.09 Udienza Generale 

പൊതുനന്മ ലക്ഷ്യംവയ്ക്കുന്ന സംസ്ക്കാരം രൂപപ്പെടുത്താം

പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയില്‍ പങ്കുവച്ച സന്ദേശം – ശബ്ദരേഖയോടെ...

ഒരുക്കിയത് :  ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര

പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷ​ണം


1. വിശുദ്ധ ഡമാസൂസിന്‍റെ ചത്വരത്തിലെ പൊതുകൂടിക്കാഴ്ച
കോവിഡ് 19 മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ, കൊറോണാ പ്രതിരോധ നടപടികൾ പാലിച്ചുകൊണ്ട്, ജനങ്ങൾക്കൊപ്പമുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ചയും (09/09/20) വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ പിൻവശത്തുള്ള വിശുദ്ധ ഡമാസൂസ് പാപ്പായുടെ നാമധേയത്തിലുള്ള വിസ്തൃതമായ നടുമുറ്റത്തെ, താല്ക്കാലിക വേദിയിലായിരുന്നു നടത്തിയത്. സാധാരണയുള്ളപോലെ വിവിധ ഭാഷകളിലെ വിശുദ്ധഗ്രന്ഥ ഭാഗപാരായണത്തോട് കൂടി ആരംഭിച്ച പൊതുദർശന പരിപാടിയിൽ, ഇറ്റാലിയൻ ഭാഷയിൽ പാപ്പായുടെ ഉദ്ബോധനവും, തുടർന്ന് വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.

പാപ്പായുടെ ഇന്നത്തെ പ്രബോധനത്തിൽ പ്രധാനമായും നിറഞ്ഞുനിന്നത് കൊറോണാമഹാമാരിയെ നേരിടുന്നതിലും, പൊതുനന്മ ലക്ഷ്യംവയ്ക്കുന്ന ഒരുലോകം കെട്ടിപ്പടുക്കുന്നതിലും വ്യക്തികളായ നമുക്ക് ഓരോരുത്തർക്കും എങ്ങനെയൊക്കെ ഭാഗഭാക്കുകളാകാം എന്നത് സംബന്ധിക്കുന്ന ആഹ്വാനങ്ങളായിരുന്നു.

2. പൊതുനന്മ ലക്ഷ്യംവയ്ക്കാം...
'പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് ഏവർക്കും ശുഭദിനം ആശംസിക്കുന്നു' എന്ന അഭിസംബോധനയോടെ ആരംഭിച്ച പാപ്പാ, 'പകർച്ചവ്യാധി മൂലം നാം അനുഭവിക്കുന്ന പ്രതിസന്ധി എല്ലാവരേയും ബാധിക്കുന്നുണ്ടെന്നും; അതിനാൽ തന്നെ, നാമെല്ലാവരും ഒരുമിച്ച് പൊതുനന്മയെ ലക്‌ഷ്യംവച്ച് മുന്നോട്ട് പോയാൽ, വളരെ പെട്ടെന്ന് തന്നെ ഇതിൽ നിന്ന് പുറത്തുവരാൻ സാധിക്കുമെന്നും; നിർഭാഗ്യവശാൽ, നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ആവിർഭാവത്തിനും നാം സാക്ഷ്യം വഹിക്കുകയാണെന്ന' തുറന്നുപറച്ചിലോടുകൂടിയാണ് പാപ്പായുടെ ഉദ്‌ബോധനം ആരംഭിച്ചത്.

ഉദാഹരണമായി പാപ്പാ ചൂണ്ടിക്കാട്ടി; വാക്സിനുകളുടെ കാര്യത്തിലെന്നപോലെ, സാധ്യമായ പരിഹാരങ്ങളെ ഉചിതമായി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ ചിലരാകട്ടെ, വിഭജനം വളർത്തുന്നതിനായി ഈ സാഹചര്യം മുതലെടുക്കുന്നു: സംഘർഷങ്ങൾ സൃഷ്ടിച്ചുകൊണ്ടോ, സംഘർഷങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടോ സാമ്പത്തികപരമോ, രാഷ്ട്രീയപരമോ ആയ നേട്ടങ്ങൾ സമ്പാദിക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നു. മറ്റൊരുകൂട്ടർ, നല്ല സമറിയാക്കാരന്‍റെ ഉപമയിൽ കാണുന്ന മനുഷ്യരെപ്പോലെ, അവരുടേതായ വഴികളിലൂടെ കടന്നുപോകുന്നു, മറ്റുള്ളവരുടെ ദുരിതങ്ങളെക്കുറിച്ച് ആകുലരേയല്ല.

3. ക്രിസ്തീയ പ്രതികരണം സ്നേഹാധിഷ്ടിതം:
പകർച്ചവ്യാധിയോടും അതി ന്‍റെ അനന്തരഫലമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളോടുമുള്ള ക്രിസ്തീയ പ്രതികരണം സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, എല്ലാറ്റിനുമുപരിയായി ദൈവസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളത് (Ref.1 യോഹ 4:19). ദൈവം നമ്മെ നിരുപാധികമായി സ്നേഹിക്കുന്നു, അങ്ങനെ ഈ ദിവ്യസ്നേഹത്തെ സ്വാഗതം ചെയ്യുമ്പോൾ നമുക്കും സമാനമായ രീതിയിൽ പ്രതികരിക്കാൻ കഴിയും. അപ്പോൾ എന്നെ സ്നേഹിക്കുന്നവരെ (എന്‍റെ കുടുംബം, എന്‍റെ സുഹൃത്തുക്കൾ, എന്‍റെ ബന്ധുക്കൾ) മാത്രമല്ല, മറിച്ച് എന്നെ സ്നേഹിക്കാത്തവരെയും, എനിക്ക് അറിയാത്തവരെയും, പരദേശികളെയും, എന്നെ പീഡിപ്പിച്ചിട്ടുള്ളവരെയും, എന്നെ ശത്രുവായി കരുതിയവരെയും സ്നേഹിക്കാൻ സാധിക്കും (Ref.മത്താ. 5,44). പാപ്പാ പറയുകയാണ്; തീർച്ചയായും, ശത്രുക്കളടക്കം എല്ലാവരേയും സ്നേഹിക്കുന്നത് ബുദ്ധിമുട്ടാണ് - എന്നാൽ ഞാൻ പറയും ഇത് ഒരു കലയാണ്! നമുക്ക് ശീലിക്കാനും ജീവിതത്തിൽ മെച്ചപ്പെടുത്താനും കഴിയുന്ന ഒരു കല. ഓർക്കുക, യഥാർത്ഥ സ്നേഹം നമ്മെ ഫലദായകവും സ്വതന്ത്രവുമാക്കുന്നു, ഇത് എല്ലായ്പ്പോഴും വിശാലവും എല്ലാറ്റിനെയും സമന്വയിപ്പിക്കുന്നതുമാണ്. ഈ സ്നേഹം സുഖപ്പെടുത്തുന്നു, സംരക്ഷിക്കുന്നു, ഇപ്പോഴും നല്ലത് മാത്രം ചെയ്യുന്നു.

പാപ്പാ തുടരുന്നു; അതിനാൽ, യഥാർത്ഥ സ്നേഹം രണ്ടോ മൂന്നോ ആളുകൾ തമ്മിലുള്ള ബന്ധത്തിലോ, സുഹൃത്തുക്കളുമായോ കുടുംബവുമായോ മാത്രമുള്ള ബന്ധത്തിലോ പരിമിതപ്പെടുന്നില്ല. അതിൽ, പ്രകൃതിയുമായുള്ള ബന്ധം ഉൾപ്പെടെ (Laudato si’ 231) നാഗരികവും രാഷ്ട്രീയവുമായ ബന്ധങ്ങൾ ഉൾപ്പെടുന്നു (CCC.1907-1912). നമ്മൾ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളിൽ ജീവിക്കുന്ന വ്യക്തികളായതിനാൽ, സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളിലെ സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന പ്രകടനമാണ് സംഭവിക്കേണ്ടതും, കാരണം മാനവിക വികസനത്തിനും, പ്രതിസന്ധികൾ നേരിടുന്നതിനും അത് നിർണ്ണായകമാണ്. അതുകൊണ്ടാണ് വിശുദ്ധരായ പോൾ ആറാമൻ പാപ്പായും ജോൺ പോൾ രണ്ടാമൻ പാപ്പായും പറഞ്ഞത്; 'സ്നേഹം, കുടുംബങ്ങളെയും സൗഹൃദങ്ങളെയും സമ്പന്നമാക്കുന്നത് നമുക്കറിയാമെന്നത് പോലെ; സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും നാം ഓർമിക്കേണ്ടതാണ്. കാരണം അത് "സ്നേഹത്തിന്റെ നാഗരികത" കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കും. സ്നേഹത്തിന്‍റെ പ്രചോദനമില്ലെങ്കിൽ സ്വാർത്ഥത, നിസ്സംഗത, വലിച്ചെറിയൽ സംസ്കാരം തുടങ്ങിയവയായിരിക്കും ഫലമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

4. സ്നേഹത്തിലൂടെ രൂപപ്പെടുന്ന പൊതുനന്മ:
ഓരോരുത്തർക്കും നന്മയായിട്ടുള്ളത് ഒരുപൊതുനന്മയാണ്, അതുപോലെ, പൊതുനന്മ എന്നത് ഒരോ വ്യക്തിയുടെയും നന്മയാണെന്ന് (Ref.CCC, 1905-1906) കൊറോണാ വൈറസ് നമുക്ക് കാണിച്ചുതന്നുവെന്നും; ആരോഗ്യം എന്നത് വ്യക്തിപരമായ കാര്യമായിരിക്കുന്നതോടൊപ്പം ഒരു പൊതു നന്മകൂടിയാണെന്നും, എല്ലാവരുടെയും ആരോഗ്യം പരിപാലിക്കപ്പെടുന്ന ഒന്നാണ് ആരോഗ്യകരമായ സമൂഹമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അതിനാൽ, തടസ്സങ്ങളോ, അതിർത്തികളോ, സാംസ്കാരിക-രാഷ്ട്രീയ വ്യത്യാസങ്ങളോ അറിയാത്ത വൈറസിനെ, അതിർ വരമ്പുകളോ അതിർത്തികളോ വ്യത്യാസങ്ങളോ ഇല്ലാത്ത സ്നേഹം എന്ന യാഥാർത്ഥ്യംകൊണ്ട് അഭിമുഖീകരിക്കണം. കാരണം, മത്സരിക്കുന്നതിനുപകരം പങ്കിടാൻ പ്രചോദിപ്പിക്കുന്ന ഒരു സാമൂഹികഘടന സൃഷ്ടിക്കാൻ സ്നേഹത്തിന് കഴിയും, ഏറ്റവും ദുർബലരെയും ഉപേക്ഷിക്കാതിരിക്കാനും, ഏറ്റവും മികച്ച മാനവികത പ്രകടിപ്പിക്കാനും നമ്മെ സഹായിക്കും. വാസ്തവത്തിൽ നമ്മൾ പരസ്പ്പരം സ്‌നേഹിക്കുകയും, അതിലൂടെ സർഗ്ഗാത്മകത, വിശ്വാസ്യത, ഐക്യദാർഢ്യം എന്നിവ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് പൊതുനന്മയ്ക്കായുള്ള സംരംഭങ്ങൾ ഉയർന്നുവരുന്നതെന്നും, ചെറുതും വലുതുമായ സമൂഹങ്ങളുടെ തലത്തിലും, അന്താരാഷ്ട്ര തലത്തിലും ഇത് പ്രായോഗികമാണെന്നും പാപ്പാ വിവരിച്ചു.

5. പൊതുനന്മ നേരിടുന്ന പ്രതിസന്ധികൾ:
ഇനിയഥവാ, ഈ മഹാമാരിയെ മറികടക്കാനുള്ള പരിഹാരങ്ങൾ കണ്ടുപിടിക്കുന്നതിൽ, കമ്പനികളോ രാജ്യങ്ങളോ സ്വാർത്ഥതയുടെ മുദ്ര പതിപ്പിക്കുകയാണെങ്കിൽ, ഒരുപക്ഷേ നമുക്ക് കൊറോണ വൈറസിന്റെ ഉപദ്രവത്തെ അതിജീവിക്കാൻ കഴിഞ്ഞെന്നുവരാം, പക്ഷേ ഒരിക്കലും ഈ മഹാമാരി തുറന്നുകാട്ടിയ മാനുഷികവും സാമൂഹികവുമായ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഴിയില്ല. അതിനാൽ പാപ്പാ വളരെ വ്യക്തമായി പറഞ്ഞുവെച്ചു; മണൽപ്പുറത്ത് കെട്ടിടം പണിയാതിരിക്കാൻ ശ്രദ്ധിക്കുക (മത്താ.7: 21-27), മറിച്ച് പൊതുനന്മയുടെ പാറപ്പുറത്ത് ആരോഗ്യകരവും സമഗ്രവും നീതിയുക്തവും സമാധാനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് നമുക്കേവർക്കും പ്രവർത്തന നിരതരാകാം. അതുകൊണ്ടാണ് 'പൊതുനന്മയുടെ ഉന്നമനം' എന്നത് ഓരോ പൗരന്‍റെയും മേൽവരുന്ന നീതിയുടെ കടമയാണെന്ന് വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നത്. കൂടാതെ, ക്രിസ്ത്യാനികളായ നമുക്ക് ഇത് ഒരു ദൗത്യം കൂടിയാണെന്നും; ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് പഠിപ്പിക്കുന്നതുപോലെ, നമ്മുടെ ദൈനംദിന ശ്രമങ്ങളെ പൊതുനന്മയിലേക്ക് നയിക്കുന്നത്, ദൈവത്തിന്‍റെ മഹത്വം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പൊതുനന്മയുടെ പുതിയനയസാധ്യത്തിന് വിളിക്കപ്പെട്ടിരിക്കുന്ന അൽമായൻ:
നിർഭാഗ്യവശാൽ, ഇന്നത്തെ രാഷ്ട്രീയം പലപ്പോഴും പ്രശസ്തി കൈവരിക്കുന്നില്ല എന്ന് പറഞ്ഞ പാപ്പാ, നാമൊരിക്കലും ഈ യാഥാർഥ്യത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്നും, സാധ്യമാകുന്ന വസ്തുതകളോടുകൂടെ പ്രതികരിക്കാൻ മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തു. പാപ്പാ പറയുന്നു: തീർച്ചയായും, ഒരു നല്ല നയം ആവശ്യമാണ്, അതായത് മനുഷ്യനെയും പൊതുനന്മയെയും കേന്ദ്രസ്ഥാനത്തിൽ പ്രതിഷ്ഠിക്കുന്ന ഒരു നല്ല നയം. ഇതിന് ഓരോ പൗരനും, പ്രത്യേകിച്ച്, സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതകളും നിലപാടുകളും ഏറ്റെടുക്കുന്നവർക്ക്, ധാർമ്മിക തത്വങ്ങളിൽ സാമൂഹികവും രാഷ്ട്രീയവുമായ സ്നേഹത്തിന്‍റെ പ്രചോദനത്തോടെ യാഥാർഥ്യമാക്കുവാൻ സാധിക്കും. ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് അൽമായ വിശ്വാസികൾ, സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിൽ ഇത്തരത്തിൽ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അതിനാൽ, നമ്മുടെ ചെറിയ നിക്ഷേപങ്ങളിൽനിന്ന് എല്ലാം നൽകിക്കൊണ്ട്, നമ്മുടെ സാമൂഹിക സ്നേഹം വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും, കാരണം പൊതുനന്മയ്ക്ക് എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്നും പറഞ്ഞ പാപ്പാ, ഓരോരുത്തരും തങ്ങളാൽ സാധിക്കുന്നരീതിയിൽ ഭാഗഭാക്കുകളായിക്കൊണ്ട്, ആരും ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ, ദേശീയ-അന്തർദേശീയ ബന്ധങ്ങൾ പുനർജീവിപ്പിക്കപ്പെടുകയും, ത്രിത്വൈക ദൈവത്തിന്‍റെ സ്നേഹവും കൂട്ടായ്മയും നമ്മുടെ പ്രവർത്തികളിലൂടെ വെളിപ്പെടുമെന്നും, അങ്ങനെ ദൈവത്തിന്‍റെ സഹായത്തോടെ, പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് നമുക്ക് ലോകത്തെ സുഖപ്പെടുത്താം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ പൊതുകൂടിക്കാഴ്ചയിലെ പ്രബോധനം അവസാനിപ്പിച്ചത്.

6. അറബ് ഭാഷക്കാർക്കും, സകല അദ്ധ്യാപക-വിദ്യാർത്ഥികൾക്കും:
പ്രബോധനത്തിന് ശേഷം, അറബ് ഭാഷ സംസാരിക്കുന്നവർക്കും ലോകത്തിനുമുഴുവനായും നൽകിയ സന്ദേശത്തിൽ, ഏറെ പ്രത്യേകിച്ച് പുതിയ അധ്യയന വർഷത്തിൽ സ്‌കൂളിലേക്ക് പോകുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പാപ്പാ അഭിസംബോധനചെയ്തു. വലിയ വെല്ലുവിളികളാൽ മനുഷ്യൻ അസ്വസ്ഥമായിരിക്കുന്ന സമകാലിക പശ്ചാത്തലത്തിൽ, പുതിയ അധ്യായന വർഷം ആരംഭിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും ഭാവിയുടെ യഥാർത്ഥ നിർമ്മാതാക്കളാകുവാനും; കൂടുതൽ നീതിയും സാഹോദര്യവുമുള്ള, പരസ്പരംഗീകാരവും ഐക്യവുമുള്ള ലോകത്തിന്‍റെ നായകന്മാരാകാനും, എല്ലാത്തരം അക്രമങ്ങളെയും നിരസിച്ചുകൊണ്ട് സമാധാനത്തിന്‍റെ വിജയം നേടാനും കർത്താവ് നിങ്ങളെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുകയും, എല്ലാ തിന്മകളിൽ നിന്നും നിങ്ങളെ എപ്പോഴും സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ എന്ന് ആശീർവദിക്കുകയും ചെയ്തു.

പതിവായുള്ള പൊതുഅപ്പോസ്തോലിക ആശീർവാദത്തോടു കൂടിയാണ് പരിശുദ്ധ പിതാവിന്‍റെ പൊതുകൂടിക്കാഴ്ച അവസാനിച്ചത്.

ഗാനമാലപിച്ചത് കെ. ജി. മര്‍ക്കോസ്, രചനയും സംഗീതവും സണ്ണിസ്റ്റീഫന്‍.

ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര ഒരുക്കിയ പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ സന്ദേശത്തിന്‍റെ സംഗ്രഹം.
 

09 September 2020, 13:53