തിരയുക

ഫ്രാൻസീസ് പാപ്പാ പ്രതിവാരപൊതുദർശനം അനുവദിക്കുന്നു, വത്തിക്കാനിലെ വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുളള ചത്വരത്തിൽ, ബുധൻ 23/092020 ഫ്രാൻസീസ് പാപ്പാ പ്രതിവാരപൊതുദർശനം അനുവദിക്കുന്നു, വത്തിക്കാനിലെ വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുളള ചത്വരത്തിൽ, ബുധൻ 23/092020 

സർക്കാർ മുതൽ സമൂഹം മുഴുവൻറെയും ഏറ്റം എളിയവരുടെയും സഹകരണം ആവശ്യം, പാപ്പാ

ആരോഗ്യപ്രതിസന്ധിയും അതേ സമയം തന്നെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയുമായ പ്രശ്നത്തിൽ നിന്ന് മികച്ച രീതിയിൽ പുറത്തുകടക്കുന്നതിന്, ഓരോരുത്തരും അവനവൻറെ ഉത്തരവാദിത്വം, അതായത് കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ വിളിക്കപ്പെടുന്നു., ഫ്രാനസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രബോധനത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ മഴ മൂലം കാലാവസ്ഥ പൊതുവെ മോശമായിരുന്നെങ്കിലും,  ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (23/09/20) പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചത്, ഇക്കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ, വത്തിക്കാൻ നഗരത്തിനകത്ത്, വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള തുറസ്സായ അങ്കണത്തിലായിരുന്നു. പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ പതിവുവേദിയായ വിശുദ്ധ പത്രോസിൻറെ ചത്വരവുമായി തുലനം ചെയ്യുകയാണെങ്കിൽ ചെറിയൊരു നടുമുറ്റമാണിത്.

കോവിദ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരുന്നു പൊതുദർശന പരിപാടി അരങ്ങേറിയത്. സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ ജനങ്ങളെ, അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോയ പാപ്പാ വേദിയിലെത്തിയതിനു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ, കോവിദ് 19 വസന്തയുടെ പിടിയിൽ നിന്ന് മുക്തിനേടുന്നതിന് നാം എപ്രകാരം കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തനനിരതരാകണം എന്നതിനെക്കുറിച്ച് ഇക്കഴിഞ്ഞ പൊതുകൂടിക്കാഴ്ചാ വേളകളിൽ നടത്തിയ പരിചിന്തനത്തിൻറെ തുടർച്ചയായി, ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ മുഖ്യ പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: 

പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നല്ലൊരു ദിനമല്ലെങ്കിലും ഞാൻ നിങ്ങൾക്ക് ശുഭദിനം ആശംസിക്കുന്നു.

ഓരോ വ്യക്തിയും ഉത്തരവാദിത്വം ഏറ്റെടുക്കണം

ആരോഗ്യപ്രതിസന്ധിയും അതേ സമയം തന്നെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയുമയായ പ്രശ്നത്തിൽ നിന്ന് മികച്ച രീതിയിൽ പുറത്തുകടക്കുന്നതിന്, ഓരോരുത്തരും അവനവൻറെ ഉത്തരവാദിത്വം, അതായത് കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ വിളിക്കപ്പെടുന്നു. വ്യക്തികളെന്ന നിലയിൽ മാത്രമല്ല, സമൂഹത്തിലെ അംഗമെന്ന നിലയിലും സമൂഹത്തിൽ നമുക്കുള്ള പങ്കിൻറെയും നമ്മുടെ ആദർശങ്ങളുടെയും അടിസ്ഥാനത്തിലും, വിശ്വാസികളാണെങ്കിൽ ദൈവവിശ്വാസത്തിൻറെ പേരിലും നാം പ്രതികരിക്കേണ്ടിയിരിക്കുന്നു.

ഉത്തരവാദിത്വ നിർവ്വഹണത്തിന് വിഘാതങ്ങളും!

 

എന്നാൽ, പലപ്പോഴും, പലർക്കും പൊതുനന്മയ്ക്കായുള്ള പുനർനിർമ്മാണ പ്രക്രിയയിൽ പങ്കുചേരാനകുന്നില്ല. അതിനു കാരണം അവരെ പാർശ്വവത്ക്കരിക്കരിക്കുകയും ഒഴിവാക്കുകയും, അല്ലെങ്കിൽ, അവഗണിക്കുകയും ചെയ്യുന്നു എന്നതു തന്നെ. സാമ്പത്തികമായൊ രാഷ്ട്രീയമായൊ ഞെരുക്കം അനുഭവിക്കുന്ന ചില സാമൂഹ്യ സംഘടനകൾക്കും    അതാവിഷ്ക്കരിച്ചാൽ അവർ കാരഗ്രഹത്തിലാകും. മറ്റിടങ്ങളിൽ, പ്രത്യേകിച്ച് പാശ്ചാത്യ ലോകത്ത്, പലരും തങ്ങളുടെ ധാർമ്മികമൊ മതപരമൊ ആയ ബോധ്യങ്ങളെ സ്വയം അടിച്ചമർത്തുന്നു. എന്നാൽ ഈ രീതിയിൽ നമുക്ക് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയില്ല, അല്ലെങ്കിൽ മെച്ചപ്പെട്ട രീതിയിൽ നമുക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. സകലവും താറുമാറാകും.

അധീനാവകാശ സംരക്ഷണ സഹായതത്വം 

അതിനാൽ, നമ്മുടെ ജനങ്ങളുടെ പരിപാലനത്തിലും പുനരുജ്ജീവനത്തിലും പങ്കാളികളാകാൻ കഴിയണമെങ്കിൽ, നമുക്കെല്ലാവർക്കും അതിനു മതിയായ വിഭവങ്ങൾ ആവശ്യമാണ്. (സഭയുടെ സാമൂഹിക ഉപദേശത്തിന്റെ സമാഹാരം [CDSC], 186). 1929 ലെ വലിയ സാമ്പത്തിക മാന്ദ്യത്തിനുശേഷം, പതിനൊന്നാം പീയൂസ് പാപ്പാ, ഒരു യഥാർത്ഥ പുനർനിർമ്മാണത്തിന്  അധീനാവകാശ സംരക്ഷണ സഹായതത്വം (PRINCIPLE OF SUBSIDIARITY) എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിക്കുകയുണ്ടായി (ചാക്രികലേഖനം ക്വാദ്രജേസിമൊ ആന്നൊ, 79-80). ഈ തത്വത്തിന് ദ്വിവിധ ചലനാത്മകതയുണ്ട്: മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും. ഇതിൻറെ പൊരുളെന്തെന്ന് ഒരു പക്ഷെ നമുക്ക് മനസ്സിലാകുന്നില്ലായിരിക്കും, നമ്മെ ഐക്യപ്പെടുത്തുന്ന ഒരു സാമൂഹ്യ തത്വമാണത്.

ഉന്നത തലത്തിൽ നിന്ന് സഹായം അനിവാര്യം

ഒരു വശത്ത്, പ്രത്യേകിച്ചും മാറ്റത്തിൻറെ സമയത്ത്, വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറു സംഘങ്ങൾക്കും അല്ലെങ്കിൽ പ്രാദേശിക സമൂഹങ്ങൾക്കും പ്രാഥമിക ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാതെ വരുമ്പോൾ, മുന്നോട്ട് പോകാൻ ആവശ്യമായ വിഭവങ്ങൾ പ്രദാനം ചെയ്യുന്നതിന്  സാമൂഹിക സംവിധാനത്തിൻറെ, രാഷ്ട്രം പോലുള്ള, ഉന്നത തലത്തിലുള്ള ഇടപെടൽ ഉണ്ടാകേണ്ടത് ന്യായമാണ്. ഉദാഹരണത്തിന്, കൊറോണ വൈറസ് മൂലം ഉണ്ടായ അടച്ചിടൽ, അതായത്, ലോക്ക്ഡൗൺ, കാരണം, നിരവധി ആളുകളും, കുടുംബങ്ങളും, സാമ്പത്തിക ഇടപാടുകളും ഒക്കെ പ്രതിസന്ധിയിലായി, ഇപ്പോഴും ഗുരുതരമായ പ്രതിസന്ധിയുണ്ട്. അപ്പോൾ പൊതുസ്ഥാപനങ്ങൾ ഉചിതമായ ഇടപെടലുകൾ വഴി, സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ ഇടപെടലുകളിലൂടെ സഹായിക്കാൻ ശ്രമിക്കുന്നു. അത് അവയുടെ ദൗത്യമാണ്, കടമയാണ്.

മറുവശത്താകട്ടെ, സമൂഹത്തിൻറെ ഉന്നത ഭരണകേന്ദ്രം ഇടത്തരമൊ ചെറുതൊ ആയ തലങ്ങളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വാസ്തവത്തിൽ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമിതികളുടെയും വ്യവസായശാലകളുടെയും എല്ലാ ഇടത്തരവിഭാഗങ്ങളുടെയും സഭയുടെയും സംഭാവനകൾ നിർണ്ണായകമാണ്. അവ സ്വന്തം സാംസ്കാരിക, മത, സാമ്പത്തിക വിഭവങ്ങളോ നാഗരിക പങ്കാളിത്തമോ വഴി സാമൂഹ്യ ഗാത്രത്തെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.(CDSC, 185). അതായത് മുകളിൽ നിന്നുള്ള സഹകരണം, രാഷ്ട്രത്തിൻറെ കേന്ദ്രത്തിൽ നിന്നു ജനങ്ങൾക്കുള്ള ലഭിക്കുന്ന സഹകരണം, താഴെ നിന്ന് മുകളിലേക്കു നല്കുന്ന സഹകരണം. ഇതാണ് അധീനാവകാശ സംരക്ഷണ സഹായതത്വം.

അവസരങ്ങൾ വേണം

സ്വന്തം സമൂഹത്തെ സൗഖ്യപ്പെടുത്തുന്ന പ്രക്രിയയിൽ ഒരോ വ്യക്തിയ്ക്കും അവനവൻറെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അവസരം ഉണ്ടാകണം. സമൂഹത്തിലെ ചില നിശ്ചിതവിഭാഗങ്ങളെ പ്രത്യക്ഷമായൊ പരോക്ഷമായൊ ബാധിക്കുന്നതായ പദ്ധതികൾ നടപ്പാക്കുമ്പോൾ ഇവരുടെ പങ്കാളിത്തം ഒഴിവാക്കരുത്; അവരുടെ അറിവുകളെ തള്ളിക്കളയാനാവില്ല.(സിനഡാനന്തര അപ്പസ്തോലികോപദേശം “ക്വെരീദ ആമസോണിയ” Querida Amazonia [QA], 32, ചാക്രികലേഖനം “ലൗദാത്തൊ സീ” Laudato si’ 63). ദൗർഭാഗ്യകരമെന്നു പറയട്ടെ, സാമ്പത്തികമൊ ഭൗമരാഷ്ടീയപരമൊ ആയ വലിയ താല്പര്യങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളവിടങ്ങളിൽ പലപ്പോഴും ഈ അനീതി പ്രകടമാണ്, ഉദാഹരണമായി നമ്മുടെ ഗ്രഹത്തിൻറെ ചില ഭാഗങ്ങളിൽ നടക്കുന്ന ഖനന പ്രക്രിയകൾ (Querida Amazonia [QA] 9.14). തദ്ദേശവാസികളുടെ സ്വരവും അവരുടെ സംസ്കാരങ്ങളും ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും കണക്കിലെടുക്കുന്നില്ല. ഇന്ന്, അധീനാവകാശ സംരക്ഷണ സഹായതത്വത്തോടുള്ള (PRINCIPLE OF SUBSIDIARITY) ഈ അനാദരവ് ഒരു അണുവെന്നപോലെ, (വൈറസ്) പടർന്നിരിക്കയാണ്. രാഷ്ട്രങ്ങൾ വലിയതോതിൽ നടപ്പാക്കിയ സാമ്പത്തിക സാഹായ പദ്ധതികളെക്കുറിച്ച് ഒന്ന് നമുക്കു ചിന്തിക്കാം. ജനങ്ങളെക്കാൾ അല്ലെങ്കിൽ യഥാർത്ഥ സമ്പദ്ഘടനയെ ചലിപ്പിക്കുന്നവരെക്കാൾ വൻ ധനകാര്യ സ്ഥാപനങ്ങളെയാണ് കൂടുതലായി ശ്രവിക്കുന്നത്. സാമൂഹ്യ പ്രസ്ഥാനങ്ങളെക്കാൾ ബഹുരാഷ്ട്ര കമ്പനികളെയാണ്. സമാന്യജനത്തിൻറെ ഭാഷയിൽ പറയുകയാണെങ്കിൽ ബലഹീനരെക്കാൾ ബലവാന്മാരെയാണ് ശ്രവിക്കുന്നത്. ഇതല്ല വഴി. ഇതല്ല മാനവികമായ മാർഗ്ഗം, ഇതല്ല യേശു പഠിപ്പിച്ച പാത. ഇത് അധീനാവകാശ സംരക്ഷണ സഹായതത്വം സാക്ഷാത്ക്കരിക്കലല്ല. അങ്ങനെ വ്യക്തികളെ "സ്വന്തം വീണ്ടെടുപ്പിന്റെ നായകന്മാരാകാൻ" നമ്മൾ അനുവദിക്കുന്നില്ല. അല്ലെങ്കിൽ നമുക്ക് വൈറസിനെ ചികിത്സിക്കുന്ന രീതിയെക്കുറിച്ചും ചിന്തിക്കാം: ആശുപത്രികളിലോ അഭയാർഥികേന്ദ്രങ്ങളിലോ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരേക്കാൾ നാം ശ്രവിക്കുന്നത് വലിയ മരുന്നുല്പാദന ശാലകളെയാണ് ഇത് ശരിയായ മാർഗ്ഗമല്ല. എല്ലാവരെയും ശ്രവിക്കണം, മുകളിലിരിക്കുന്നവരെയും താഴെയുള്ളവരെയും ശ്രവിക്കണം.

അധീനാവകാശ സംരക്ഷണ സഹായതത്വം നടപ്പിലാക്കേണ്ടതുണ്ട്

ഒരു പ്രതിസന്ധിയിൽ നിന്ന് കരകയറാൻ, എല്ലാവരുടെയും, പ്രത്യേകിച്ച്, ഏറ്റം എളിയവരുടെ, സ്വയംഭരണാവകാശവും മുൻകൈയെടുക്കാനുള്ള ശേഷിയും ആദരിച്ചുകൊണ്ട്, അധീനാവകാശ സംരക്ഷണ സഹായതത്വം നടപ്പിലാക്കേണ്ടതുണ്ട്. ഒരു ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും, വിശുദ്ധ പൗലോസ് പറയുന്നതുപോലെ, ഏറ്റം ദുർബ്ബലവും അപ്രധാനവുമെന്ന് തോന്നുന്നതുമായ ഭാഗങ്ങൾ, വാസ്തവത്തിൽ ഏറ്റവും ആവശ്യമുള്ളവയാണ് (1 കോറിന്തോസ്12:22). ഇതിൻറെ വെളിച്ചത്തിൽ നമുക്കു പറയാൻ സാധിക്കും, സമൂഹത്തിൻറെ പരിപാലനത്തിലും ഭാഗധേയത്വത്തിലും സ്വന്തം ദൗത്യം ഏറ്റെടുക്കാൻ അധീനാവകാശ സംരക്ഷണ സഹായതത്വം ഓരോ വ്യക്തിയെയും അനുവദിക്കുന്നുവെന്ന്. ഇത് നടപ്പിലാക്കുന്നത് ഉപരി ആരോഗ്യകരവും നീതിയുക്തവുമായ ഭാവിക്ക് പ്രതീക്ഷ നൽകുന്നു; ഉന്നതമയാവയെക്കുറിച്ച് പ്രതീക്ഷപുലർത്തിയും നമ്മുടെ ചക്രവാളങ്ങളും ആദർശങ്ങളും വിപുലമാക്കിയും ഈ ഭാവി നമുക്ക് ഒത്തൊരുമിച്ച് കെട്ടിപ്പടുക്കാം. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നമുക്ക് സംഘാതമായി യത്നിക്കാം, അല്ലാത്ത പക്ഷം നാം ഒരിക്കലും അതിൽ നിന്നു പുറത്തു കടക്കില്ല. പ്രതിസന്ധിയിൽ നിന്നു പുറത്തുവരികയെന്നാൽ പരിവർത്തനമാണ്. യഥാർത്ഥ മാറ്റം എല്ലാവരും ഒത്തൊരുമിച്ചാണ് വരുത്തേണ്ടത്.

ഐക്യദാർഢ്യം

ഐക്യദാർഢ്യം എപ്രകാരമാണ് പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാനുളള മാർഗ്ഗമായി ഭവിക്കുന്നതെന്ന് ഒരു മുൻ പ്രബോധനത്തിൽ നാം കാണുകയുണ്ടായി: ഐക്യദാർഢ്യം നമ്മെ ഒന്നിപ്പിക്കുകയും ആരോഗ്യകരമായ ലോകത്തിനായി സുദൃഡമായ നിർദ്ദേശങ്ങൾ കണ്ടെത്താൻ നമ്മെ അനുവദിക്കുകയും ചെയ്യുന്നു. എന്നാൽ ഐക്യദാർഢ്യത്തിൻറെ ഈ പാതയ്ക്ക് അധീനാവകാശ സംരക്ഷണ സഹായതത്വം ആവശ്യമാണ്. വാസ്തവത്തിൽ, സാമൂഹിക പങ്കാളിത്തമില്ലാതെ, ഇടത്തരവിഭാഗങ്ങളുടെ അതായത് കുടുംബളുടെയും സംഘടനകളുടെയും സഹകരണസംഘങ്ങളുടെയും ചെറുകിട വ്യവസായസ്ഥാപനങ്ങളുടെയും പൗരസമൂഹത്തിൻറെ ആവിഷ്ക്കാരങ്ങളുടെയും സംഭാവനയില്ലാതെ, യഥാർത്ഥ ഐക്യദാർഢ്യം സാധ്യമല്ല. അത്തരം ഭാഗഭാഗിത്തം, മാഹാമാരിയുടെ പ്രഹരമേറ്റ ജനങ്ങളെ പരിചരിക്കുന്നതിൽ സംഭവിക്കുന്നതു പോലെ, ആഗോളവൽക്കരണത്തിൻറെയും രാജ്യങ്ങളുടെ പ്രവർത്തനത്തിൻറെയും ചില നിഷേധാത്മക വശങ്ങളെ തടയുന്നതിനും അവയെ തിരുത്തുന്നതിനും സഹായിക്കുന്നു, “താഴെത്തട്ടിൽ” നിന്നുള്ള ഇത്തരം സംഭാവനകൾക്ക് പ്രോത്സാഹനമേകണം. പ്രതിസന്ധിയിൽ പ്രവർത്തനനിരതരായ സന്നദ്ധസേവകരടെ പ്രവർത്തനം എത്ര മനോഹരമാണ്!

പ്രോത്സാഹനവും അഭിനന്ദനവും കൈയ്യടിയിൽ ഒതുങ്ങിപ്പോകരുത്!    

അടച്ചിടൽ കാലഘട്ടത്തിൽ പ്രോത്സാഹനത്തിൻറെയും പ്രത്യാശയുടെയും അടയാളമായി ഭിഷഗ്വരന്മാർക്കും നഴ്സുമാർക്കും കയ്യടി ലഭിച്ചു. അത് സ്വയം പ്രേരിതമായ ഒരു പ്രവർത്തി ആയിരുന്നു. അനേകർ ജീവൻ പോലും പണയപ്പെടുത്തിയാണ് പ്രവർത്തിച്ചത്, അനേകർ ജീവൻ ബലികഴിച്ചു. സാമൂഹ്യ ഗാത്രത്തിലെ എല്ലാ അംഗങ്ങൾക്കും, അവരേകുന്ന എത്ര ചെറുതായാലും വിലയേറിയതായ സംഭാവനയ്ക്ക്, ഈ കരഘോഷം നമുക്കു നല്കാം. പ്രായമായവരെയും കുട്ടികളെയും അംഗവൈകല്യമുള്ളവരെയും തൊഴിലാളികളെയും സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും നമുക്ക് അഭിനന്ദിക്കാം. എന്നാൽ കൈയടിയിൽ മാത്രം നാം ഒതുങ്ങി നില്ക്കരുത്! പ്രതീക്ഷ ധീരമാണ്, അതിനാൽ പ്രത്യാശയിൽ നിന്ന് ഉരുത്തിരിയുന്ന നീതിയുടെയും സാമൂഹിക സ്നേഹത്തിന്റെയും ആശയങ്ങൾ തേടിക്കൊണ്ട് വലിയ സ്വപ്നം കാണാൻ നമുക്ക് സ്വാത്മപ്രചോദനമേകാം. ഭൂതകാലത്തെ, പ്രത്യേകിച്ച് അനീതിവാണിരുന്നതും രോഗഗ്രസ്തമായിരുന്നതുമായ ഗതകാലത്തെ നാം പുനർനിർമ്മിക്കരുത്. പ്രാദേശികവും, ആഗോളവുമായ മാനങ്ങൾ പരസ്പരം സമ്പുഷ്ടമാക്കുന്നതും ചെറു സംഘങ്ങളുടെയും തഴയപ്പെട്ട വിഭാഗങ്ങളുടെയും സൗന്ദര്യവും സമൃദ്ധിയും തഴച്ചുവളരുന്നതും, കൂടുതലുള്ളവർ കുറവുള്ളവരെ സേവിക്കുന്നതിനും അവർക്ക് കൂടുതൽ നൽകുന്നതിനും ഉപരി പ്രതിജ്ഞാബദ്ധരായിരിക്കുന്നതുമായ  ഒരു ഭാവി നമുക്കു പണിതുയർത്താം. നന്ദി.

സമാപനഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ പിയെത്രെൽച്ചീനയിലെ വിശുദ്ധ പീയൊയുടെ (പാദ്രെ പീയൊ തിരുന്നാൾ അനുവർഷം സെപ്റ്റമ്പർ 23-ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ആ വിശുദ്ധനെ നയിച്ച വിശ്വാസത്തിൻറെയും ഉപവിയുടെയും സാക്ഷ്യം ദൈവപരിപാലനയിൽ വിശ്വാസമർപ്പിക്കാൻ നമുക്കുള്ള വിളിയാണെന്ന് പാപ്പാ  ഓർമ്മിപ്പിച്ചു. 

പൊതകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2020, 14:55