തിരയുക

2020.09.03 cardinale Adrianus Johannes Simonis 2020.09.03 cardinale Adrianus Johannes Simonis 

കര്‍ദ്ദിനാള്‍ സിമോണിസ് അന്തരിച്ചു പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

നെതര്‍ലന്‍റിലെ യൂത്രക് അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പായിരുന്നു കർദിനാൾ എഡ്രിയാനസ് ജോഹന്നാസ് സിമോണിസ്.

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര

1. നെതര്‍ലന്‍റിന്‍റെ അജപാലകന്‍
യൂത്രക് അതിരൂപതയുടെ വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിക്കവെ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് കർദിനാൾ സിമോണിസ് സെപ്റ്റംബർ 2-ന് ഇഹലോകവാസം വെടിഞ്ഞത്. പരേതന് 88 വയസ്സായിരുന്നു. യൂത്രക്ക് അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത കർദ്ദിനാൾ വില്യം ജേക്കബ് എയ്ജിക്കിന് സെപ്തംബര്‍ 3-ന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തിയത്.

2. പാപ്പായുടെ അനുശോചന സന്ദേശം
കര്‍ദ്ദിനാള്‍  സിമോണിസിന്‍റെ ആത്മാവിനെ നല്ലിടയനായ യേശുവിന്‍റെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും,  അദ്ദേഹം തന്‍റെ ജീവിതകാലത്ത് നൽകിയ വിശ്വസ്തമായ സുവിശേഷ സാക്ഷ്യത്തിനും, റോട്ടർഡാം യൂത്രക് എന്നീ ഇടങ്ങളിലെ സഭകള്‍ക്കു നല്കിയ നീണ്ടകാല അജപാലന ശുശ്രൂഷയ്ക്കും, സഭാസമൂഹത്തെ വളര്‍ത്തുന്നതില്‍ പ്രകടമാക്കിയ അമൂല്യ സമര്‍പ്പണത്തിനും സർവ്വശക്തനായ ദൈവത്തിന് നന്ദിപറയുന്നതായി പാപ്പാ സന്ദേശത്തിലൂടെ അറിയിച്ചു.  കർദ്ദിനാൾ സിമോണിസിന്‍റെ വിയോഗത്തിൽ ദുഃഖാര്‍ത്തരായ  കുടുംബാംഗങ്ങള്‍ക്കും വിശ്വാസസമൂഹത്തിനും ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രത്യാശയും, സമാശ്വാസവും സമാധാനവും ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

3. ഹ്രസ്വ ജീവിതരേഖ
1931 നവംബർ 26 ന് നെതര്‍ലന്‍റിലെ ലിസ്സേയിൽ ജനിച്ചു.
1957 ജൂൺ 15-ന് പൗരോഹിത്യം സ്വീകരിച്ചു.
1959 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ റോമിലെ ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചു ബൈബിള്‍ വിജ്ഞാനിയത്തില്‍
ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.
1970 ഡിസംബർ 29-ന് പോൾ ആറാമൻ പാപ്പാ
അദ്ദേഹത്തെ റോട്ടർഡാമിലെ മെത്രാനായി നിയമിച്ചു.
1971 മാർച്ച് 20-ന് അഭിക്ഷിതനായി.
1983 മുതൽ 2007 വരെ യൂത്രക്കിലെ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചു.
1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയർത്തിയത്.
2005 ഏപ്രില്‍ മാസത്തില്‍ ബെനഡിക്റ്റ് 16-Ɔമന്‍ പാപ്പായെ തെരെഞ്ഞെടുത്ത കോൺക്ലേവിൽ അദ്ദേഹം പങ്കെടുത്തു.
2006-ല്‍ ഔദ്യോഗിക പദവികളില്‍നിന്നു വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചു.

4.  കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നിജസ്ഥിതി
കർദ്ദിനാൾ സിമോണിസിന്‍റെ മരണത്തോടെ സഭയിലെ കർദിനാളന്മാരുടെ എണ്ണം 220-ആയി കുറഞ്ഞു. ഇവരിൽ 80 വയസ്സിന് താഴെ പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവര്‍ 122 പേരാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2020, 08:01