തിരയുക

ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥന പരിപാടിയിൽ...  ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥന പരിപാടിയിൽ...  

"ക്രിസ്തു ജീവിക്കുന്നു”: നവീകരണത്തിലേക്ക് തുറവുള്ള ഒരു സഭ

Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 35 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ   യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ    കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ   ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ   വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

35. നവീകരണത്തിലേക്ക് തുറവുള്ള ഒരു സഭ

സഭയെ വ്യദ്ധയാക്കുകയും ഭൂതകാലത്തിന്റെ കൂട്ടിലടയ്ക്കുകയും പുറകിലേക്ക് പിടിച്ചു വലിക്കുകയും അല്ലെങ്കിൽ നിശ്ചലയാക്കുകയും ചെയ്യുന്നവരിൽ നിന്ന് സഭയെ സ്വതന്ത്രയാക്കാൻ നമുക്ക് കർത്താവിനോടു അപേക്ഷിക്കാം. പക്ഷേ, മറ്റൊരു പ്രലോഭനത്തിൽ നിന്ന് അവളെ സ്വതന്ത്രയാക്കാനും നമ്മൾ പ്രാർത്ഥിക്കണം: ലോകം അവൾക്ക് നൽകുന്ന സകലതും അവൾ സ്വീകരിക്കുന്നതു കൊണ്ട് അവൾ യൗവനത്തിലാണെന്ന ചിന്ത; തന്റെ സന്തോഷം മാറ്റിവയ്ക്കുകയും മറ്റുള്ള ആരെയും പോലെ പെരുമാറുകയും ചെയ്യുന്നത് കൊണ്ട് താൻ നവീകൃതയാണെന്ന ചിന്ത. അല്ല ! സഭ യുവതിയായിരിക്കുന്നത് സ്വത്വം കാക്കുമ്പോഴാണ് - ദൈവവചനത്തിൽ നിന്നും ദിവ്യകാരുണ്യത്തിൽ നിന്നും കിസ്തുവിന്റെ അനുദിന സാന്നിധ്യത്തിൽ നിന്നും നമ്മുടെ ജീവിതത്തിലുള്ള അവിടുത്തെ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നിന്നും അവൾ എന്നും പുതുതായി ശക്തി സ്വീകരിക്കുമ്പോഴാണ് തന്റെ ഉറവിടത്തിലേക്ക് നിരന്തരം തിരിച്ചു പോകാൻ തനിക്ക് കഴിവുണ്ടെന്ന് സ്വയം തെളിയിക്കുമ്പോഴാണ് സഭ യൗവനയുക്തയാകുന്നത്. (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

നവീകരിക്കപ്പെടാനുള്ള ഒരു തുറവു സഭയ്ക്ക് വേണമെന്ന് പാപ്പാ ആ ഗ്രഹിക്കുന്നു എന്ന് വേണം ഇതിലെ ഉപശീർഷകം കണ്ട് നാം മനസ്സിലാക്കാൻ. നവീകരിക്കപ്പെടാൻ രണ്ട് കാര്യങ്ങളിൽ നിന്ന്  വിമുക്തരാകാൻ പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു. ഒന്ന് സഭയെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നവയിൽ നിന്ന് മോചിതരാകാനും പാരമ്പര്യവും പഴമയും പറഞ്ഞ് സഭയുടെ ചലനങ്ങൾ അടച്ചു പൂട്ടി, പുറകോട്ട് വലിച്ച് മുന്നോട്ടു പോകാൻ അനുവദിക്കാതെ അനക്കമില്ലാത്തതാക്കുന്ന അവസ്ഥയിൽ നിന്ന് വിമുക്തരാകാനുമാണ്. രണ്ടാമതായി മോചനം വേണ്ടത് ലോകം തരുന്നതെന്തും സ്വീകരിക്കാൻ കഴിയും എന്ന യുവത്വചിന്തയിൽ നിന്നാണ്. ഈ രണ്ട് ചിന്തകളും അപകടകരമാണ്. ഒന്ന് സഭയെ വാർദ്ധക്യത്തിന്റെ ക്ഷീണം, പഴമ എന്നിവയിൽ തളച്ചിടുന്നു.  പഴമയിൽ  സഭയെ തളച്ചിടുന്നത് പലപ്പോഴും  നമ്മുടെ  സുരക്ഷിതത്തിന്റെ വലയത്തിൽ നിന്ന് വിട്ട് പോകാനുള്ള മടിയും, അനിശ്ചിതത്വത്തിന്റെ ഭയം ഒഴിവാക്കാനുമുള്ള നിലപാടായാണ് പാപ്പാ കാണുന്നത്.  അതേപോലെ ആധുനീക  ലോകം തരുന്നതെല്ലാം സ്വീകരിച്ച് എന്തും കഴിയുമെന്ന യൗവനത്തിന്റെ ഗർവ്വം ഭാവിക്കുന്നതും.  ഇത് തന്റെതായ സഭയുടെ തനിമ വിട്ട് എല്ലാവരേയും പോലെയാകാനുള്ള  ഒരു പ്രലോഭനമാണ്. ഇവ രണ്ടും ഒരേ പോലെ അപകടം പിടിച്ചതാണ് എന്ന സത്യം പാപ്പാ ഇവിടെ തുറന്ന് വയ്ക്കുന്നു. എന്നാൽ സഭ  യൗവനയുക്തമായിരിക്കുന്നത്   അവളുടെ സത്വത്തിൽ നിലനിൽക്കുമ്പോഴാണ്  എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. ഈ ഖണ്ഡികയുടെ ആരംഭത്തിൽതന്നെ കാലത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സഭയുടെ തനിമ കണ്ടെത്താൻ അതിന്റെ ഉറവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് അവളെ യൗവനയുക്തയായി നില നിറുത്തുന്നവയ്ക്കായും  ലോകത്തിന്റെ നശ്വരതയിൽകെട്ടിപ്പടുക്കാതെ യഥാർത്ഥമായ ദൈവീക ഐക്യത്തിൽ നിന്നും ജന്മമെടുക്കുന്ന സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആവശ്യപ്പെടുന്നു. ഉറവിടങ്ങളിലേക്ക് മടങ്ങിപ്പോകണം എന്ന ആഹ്വാനമാണ് ഫ്രാൻസിസ് പാപ്പാ നൽകുന്നത്. അവ ദൈവവചനം, ദിവ്യകാരുണ്യം, പരിശുദ്ധാത്മാവിന്റെ ശക്തി എന്നിവയാണെന്നും പാപ്പാ എടുത്തു പറയുന്നു.

ദൈവവചനം

വിശ്വാസത്തിന്റെ ഉറവിടത്തിലേക്ക് മടങ്ങിപ്പോകാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുമ്പോൾ ആ മടങ്ങിപ്പോക്ക് സഭയെ നവീകരിക്കുകയും ആ നവീനത സഭയ്ക്ക് യൗവ്വനം തിരികെ നൽകുകയും ചെയ്യുന്നു. സഭയുടെ യൗവ്വനം അവളുടെ സത്വമാണെന്നും പാപ്പാ ഓർമിപ്പിക്കുന്നു. യൗവ്വനം  നിശ്ചലമായി നിൽക്കുന്നില്ല അത് എപ്പോഴും യാത്രയിലാണ്. സഭ യൗവ്വനത്തിൽ ആയിരിക്കുന്നു എന്നതിന്റെ അർത്ഥം അവളെപ്പോഴും തളരാത്ത യാത്രയിൽ ആണെന്നും ചലിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ്. സഭ എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്നും, യാത്ര ചെയ്യേണ്ടതെന്നും വിചിന്തനംചെയ്യുമ്പോൾ പാപ്പാ നമ്മെ ചൂണ്ടിക്കാണിക്കുന്നത്  ദൈവവചനം, ദിവ്യകാരുണ്യം, പരിശുദ്ധാത്മാവിന്റെ ശക്തി എന്നിവയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സ്വീകരിച്ചു കൊണ്ട് വിശ്വാസത്തിന്റെ ഉറവിടത്തിലേക്ക് തിരിച്ചുപോകാനാണ്.

ഭൂമിയുടെ ആരംഭം മുതൽ ദൈവം തന്റെ വചനത്തിലൂടെ മനുഷ്യരോടു ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. സഭയുടെ തീർത്ഥാടനത്തിൽ സഭയ്ക്ക്ദൈവവചനത്തിന്റെ പ്രകാശം അത്യാവശ്യമാണ്. അന്നും ഇന്നും എന്നും ജീവിക്കുന്ന വചനമാകുന്ന ദൈവം   നമ്മുടെ ജീവിതയാത്രയെ പ്രകാശിപ്പിച്ച് നമ്മെ ലക്ഷ്യത്തിലേക്ക് എത്തിക്കണം.  അപ്പോൾ നമ്മുടെ ഓരോ ദിനവും സ്നേഹത്തിൽ നിന്നാരംഭിച്ച് സ്നേഹത്തിന്റെ കർമ്മം നിർവ്വഹിച്ച് സ്നേഹത്തിൽ പൂർത്തീകരിക്കപ്പെടുന്ന ജീവിതക്രമമായി തീരും. അങ്ങനെ നമ്മളും ഒരു  സുവിശേഷമായി രൂപാന്തരപ്പെടുന്നു. അടുത്തിരിക്കുമ്പോഴും അകലെയായിരിക്കുമ്പോഴും ഞാൻ നിങ്ങളുടെദൈവമാണ് എന്ന ദൈവത്തിന്റെ വചനം സ്നേഹത്തിന്റെപൊതിച്ചോറ് നൽകി നമ്മുടെ യാത്രയിൽ ശക്തിപ്പെടുത്തുമ്പോൾ സഭയുടെ യാത്ര ശരിയായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു എന്ന് നമുക്ക് വിശ്വസിക്കാം. വചനത്തെ മാംസമാക്കുകയും മനുഷ്യരുടെ ഇടയിൽ വസിക്കാൻ അനുവദിക്കുകയുംചെയ്ത ദൈവം ഇന്നും  നമ്മോടു സംസാരിക്കുന്നു. ഓരോ ദിനവും പുതുമയോടെ പുതുജീവൻ  നൽകുന്ന തിരുവചനത്തോടുള്ള ബന്ധം നമുക്ക് ശക്തി പകരുകയും സഭയുടെ ഉറവിടത്തിലേക്ക് മടങ്ങിപ്പോകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ദിവ്യകാരുണ്യം

ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവി൯ എന്ന് പറഞ്ഞ്  ക്രിസ്തു സ്ഥാപിച്ച ദിവ്യകാരുണ്യം  അനുദിനം അർപ്പിക്കപ്പെടുന്ന ബലിയിൽ  മാത്രം ഓർമ്മയാക്കാനല്ല, മറിച്ച്  ആ ജീവിതം ബലി അർപ്പിക്കപ്പെടാനുണ്ടായ  കാരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴാണ് അത് ജീവിക്കുന്ന ഓർമ്മയാവുക. അത് നമുക്ക്  ജീവിക്കാൻ കാരണമായി മാറണം. ക്രൈസ്തവ ജീവാത്മാവിന്റെപോഷണമായിരിക്കണം.  ദിവ്യ കാരുണ്യമില്ലെങ്കിൽ സഭയില്ല എന്ന സത്യം സഭയുടെ സത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  ഐക്യത്തിന്റെ കൂദാശയാണ് ദിവ്യകാരുണ്യം. അനുദിന ജീവിതത്തിലെ നിറസാന്നിധ്യമായി  ദിവ്യകാരുണ്യ നാഥനോടുള്ള ബന്ധത്തിലാണ് സഭ അവളുടെ യാത്ര തുടരേണ്ടത്. ദൈവത്തിന്റെ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളമാണ് ദിവ്യകാരുണ്യം.ദൈവത്തിന്റെ കരങ്ങളാൽ എടുത്ത്, വാഴ്ത്തി,വിഭജിക്കപ്പെട്ട അപ്പമായി നമ്മുടെ ജീവിതത്തെ നാംദൈവത്തിനു സമർപ്പിക്കുമ്പോൾ ദിവ്യകാരുണ്യ നാഥനായ ദൈവം നമ്മെയും കൂദാശയാക്കി മാറ്റുന്നു. സഭയിലെ ഓരോരുത്തരും കൂദാശയായി മാറുമ്പോൾ സഭ അവളുടെ വിശുദ്ധിയിൽ  നിലനിൽക്കുകയും വിശുദ്ധിയിലേക്ക് യാത്ര തുടരുകയും ചെയ്യുന്നു.

പരിശുദ്ധാത്മാവ്

സഭയുടെ ആരംഭത്തിലേക്ക്, സഭയുടെ ഉറവിടങ്ങളിലേക്ക് ശ്രദ്ധിക്കുമ്പോൾ അവളുടെ യൗവനം തളിർത്ത സാഹചര്യങ്ങളെ കുറിച്ച് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. അവിടെ വചനവും അപ്പം മുറിക്കലും മാത്രമല്ലല്ലോ  ഇവയെല്ലാം സജീവമായി നിലനിറുത്തിയ ശക്തിയെയും മറക്കാനാവില്ലല്ലോ. സഭയുടെ ആരംഭത്തിൽ  തീനാളമായി ഇറങ്ങി വന്ന ദൈവാത്മാവാണ് ക്രിസ്തുവിന്റെസാന്നിധ്യം അനുദിനം സജീവമായി നിലനിറുത്തിയത്. ഇന്നും സഭയ്ക്ക്  യൗവ്വനം നിലനിറുത്താൻ പരിശുദ്ധാത്മാവിന്റെസാന്നിധ്യം ഏറ്റം അത്യാവശ്യം തന്നെ.  പരിശുദ്ധാത്മാവ് വചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും  നമ്മുടെ ഹൃദയങ്ങളെ  മറ്റൊരു ക്രിസ്തുരൂപമാക്കി, സുവിശേഷമാക്കി രൂപാന്തരപ്പെടുത്തുമ്പോഴാണ് സഭയുടെ യുവഹൃദയം സജീവമാകുന്നത്. ഇത് അനുദിനമുള്ള ഒരു പ്രക്രിയയാണ്. വചനം നമ്മിൽ ജീവസുറ്റതാക്കി മാറ്റുന്നതും, പരിശുദ്ധ കുർബ്ബാന നമ്മെ രൂപാന്തരപ്പെടുത്തുന്നതും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിലൂടെയാണ്.  അതുകൊണ്ടാണ് താൻപോകുമ്പോൾ നമുക്ക് സഹായകനായി പരിശുദ്ധാത്മാവിനെ യേശു വാഗ്ദാനം ചെയ്തതും നൽകിയതും. അന്ന് തീ നാളമായി ഇറങ്ങി സഭയെ രൂപീകരിച്ച് നയിച്ച അതേ ശക്തിയിൽ തന്നെ മുറുകെ പിടിക്കാതെ സഭയുടെ തുടിപ്പുകൾക്ക് യുവത്വത്തിന്റെ ചൂട് നിലനിറുത്താൻ കഴിയില്ല എന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. ആറിപ്പോയതിനെ ചൂടാക്കാനും, വരണ്ടതിനെ നനയ്ക്കാനും, കുറവുകളിൽ നിറവു പകരാനും കഴിയുന്ന പരിശുദ്ധാത്മാവ് നമ്മെ അനുദിനം വചനവും പരിശുദ്ധബലിയുമാകുന്ന സഭയുടെ ഉറവകളിലേക്ക് എത്തിച്ച് നിത്യയൗവനം തുടിക്കുന്ന യുവാവായ ക്രിസ്തുവിന്റെ മണവാട്ടിയായി നിലനിർത്താൻ നമുക്ക് പ്രാർത്ഥിക്കാം. നമുക്ക് സഭയുടെ ഉറവിടങ്ങളിലേക്ക് അനുദിനം യാത്ര ചെയ്യാം. നമ്മുടെ തീർത്ഥാടനം സഭയെ യുവത്വത്തിൽ നിലനിറുത്തി അനുദിനം നവീകരിക്കപ്പെടുന്നതിനായിരിക്കട്ടെ.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2020, 14:31