തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്,05/08/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്,05/08/2020 

രോഗങ്ങളാൽ വലയുന്ന ഈ ലോകത്തെ സൗഖ്യമാക്കുകയെന്ന ദൗത്യം!

സൗഖ്യദായകനായ യേശുവിൻറെ അനുയായികളെന്ന നിലയിൽ നമ്മൾ, ഭാവി തലമുറകൾക്കായി പ്രത്യാശാഭരിതമായ മെച്ചപ്പെട്ടൊരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഒത്തൊരുമിച്ചു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം, ഫ്രാൻസിസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്പിൽ വേനൽക്കാലാവധിയുടെ വേളയാകയാൽ ജൂലൈ മാസം മുഴുവനും ഒഴിവാക്കിയിരുന്ന പൊതുകൂടിക്കാഴ്ചാ പരിപാടി ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ച (05/08/20) പുനരാരംഭിച്ചു. കോവിദ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ജനസമ്പർക്കം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടുകൂടി,പാപ്പാ, പൊതുദർശന പരിപാടി  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമാക്കിയിരിക്കുകയാണല്ലൊ. ഈ ബുധനാഴ്ചയും (05/08/20)  ആ ശൈലി തന്നെ പാപ്പാ അവലംബിച്ചു. പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തുടർന്ന്  പാപ്പാ, ഈ വസന്തയുടെ പശ്ചാത്തലത്തിൽ നമ്മൾ യേശുവിൽ നയനങ്ങളുറപ്പിക്കേണ്ടതിൻറെ അനിവാര്യതയെക്കുറിച്ചു ഉദ്ബോധിപ്പിച്ചു. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

മഹാമാരി വെളിപ്പെടുത്തുന്ന നമ്മുടെ ദുർബ്ബലത

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

ഈ മഹാമാരി, നമ്മുടെ വേധ്യത അനാവരണം ചെയ്തുകൊണ്ട്, ആഴമേറിയ മുറിവുകളേല്പിച്ച് പ്രയാണം തുടരുകയാണ്. എല്ലാം ഭൂഖണ്ഡങ്ങളിലും ജീവൻ പൊലിഞ്ഞവർ നിരവധിയാണ്, അനേകർ രോഗികളായി. ഏറ്റം പാവപ്പെട്ടവരെ പ്രത്യേകിച്ച് ആഘാതമേല്പിക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങൾ മൂലം അനേകം വ്യക്തികളും കുടുംബങ്ങളും അനിശ്ചിതാവസ്ഥയിൽ ജീവിതം തള്ളിനീക്കുന്നു.

സൗഖ്യദായകനായ യേശുവിൽ നയനങ്ങളൂന്നുക

ഇക്കാരണത്താൽ നമ്മൾ യേശുവിനെ ഉറ്റുനോക്കണം (ഹെബ്രാ 12,2). ഈ മഹാമാരിയുടെ മദ്ധ്യേ നമ്മുടെ നോട്ടം യേശുവിലായിരിക്കട്ടെ. ഈ വിശ്വാസത്തോടുകൂടി നമ്മൾ, യേശുതന്നെ നമുക്കു പ്രദാനം ചെയ്യുന്ന ദൈവരാജ്യത്തിൻറെ  പ്രത്യാശയെ പുൽകണം. രോഗശാന്തിയുടെയും പരിത്രാണത്തിൻറെയും രാജ്യം, ഇപ്പോൾത്തന്നെ നമ്മുടെ മദ്ധ്യേ സന്നിഹിതമാണ്.  (ലൂക്കാ 10,11). പ്രത്യാശയെ വർദ്ധമാനമാക്കുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന (1 കോറിന്തോസ്, 13,13) ഉപവിപ്രവർത്തനങ്ങളിലൂടെ ആവിഷ്കൃതമാകുന്ന നീതിയുടെയും ശാന്തിയുടെയും രാജ്യം. ക്രിസ്തീയ പാരമ്പര്യത്തിൽ വിശ്വാസം, പ്രത്യാശ, ഉപവി എന്നിവ വികാരങ്ങളെയൊ മനോഭാവങ്ങളെയൊ ഉല്ലംഘിച്ചു നില്ക്കുന്നവയാണ്. പരിശുദ്ധാരൂപിയുടെ വരപ്രസാദം നിമ്മിൽ നിവേശിപ്പിക്കുന്ന പുണ്യങ്ങളാണ് അവ; നമ്മെ സൗഖ്യപ്പെടുത്തുകയും സൗഖ്യദായകരാക്കുകയും ചെയ്യുന്ന ദാനങ്ങൾ, നമ്മുടെ ഇക്കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ ജലാശയത്തിൽ യാത്രചെയ്യുമ്പോൾ പോലും നമുക്ക് പുതിയ ചക്രവാളങ്ങൾ തുറന്നു തരുന്ന ദാനങ്ങൾ ആണ് അവ. 

നമ്മുടെ ബലഹീനതയെ രൂപാന്തരപ്പെടുത്തുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും

വിശ്വാസത്തിൻറെയും പ്രത്യാശയുടെയും സ്നേഹത്തിൻറെയും സുവിശേഷവുമായുള്ള ഒരു നൂതന കൂടിക്കാഴ്ച, സർഗ്ഗാത്മകവും നവീകൃതവുമായ ഒരു ചൈതന്യം സ്വീകരിക്കാൻ നമ്മെ ക്ഷണിക്കുന്നു. ഇപ്രകാരം നമ്മൾ, നമ്മുടെ ശാരീരികവും ആത്മീയവും സാമൂഹ്യവുമായ ദുർബ്ബലാവസ്ഥയുടെ വേരുകളെ രൂപാന്തരപ്പെടുത്താൻ പ്രാപ്തരാകും. മാനവകുടുംബത്തിനും നമ്മുടെ ഗ്രഹത്തിനും ഭീഷണി ഉയർത്തിക്കൊണ്ട് നമ്മെ പരസ്പരം വേർതിരിക്കുന്ന അനീതിപരങ്ങളായ സംവിധാനങ്ങളെയും വിനാശകരങ്ങളായ പ്രവർത്തനങ്ങളെയും ആഴത്തിൽ സൗഖ്യമാക്കാൻ നമുക്കു സാധിക്കും. 

യേശുവിൻറെ രോഗസൗഖ്യ ശുശ്രൂഷയുടെ മാനങ്ങൾ

യേശുവിന്റെ ശുശ്രൂഷ രോഗശാന്തിയുടെ നിരവധി ഉദാഹരണങ്ങൾ നൽകുന്നു. പനിയും (മർക്കോസ് 1,29-34) കുഷ്ഠവും (മർക്കോസ് 1,40-45)  തളർവാതവും (മർക്കോസ് 2,1-12)  ബാധിച്ചവരെ അവിടന്ന് സുഖപ്പെടുത്തുകയും കാഴ്ചയും (മർക്കോസ് 8,22-26; യോഹന്നാൻ 9,1-7)  സംസാരശക്തിയും ശ്രവണശക്തിയും (മർക്കോസ് 7,31-37)  പ്രദാനം ചെയ്യുകയും ചെയ്യുമ്പോൾ, വാസ്തവത്തിൽ അവിടന്ന് ശാരീരിക സൗഖ്യം നല്കുക മാത്രമല്ല സമഗ്ര മനുഷ്യനെ സുഖപ്പെടുത്തുകയാണ് ചെയ്യുന്നത്  . അപ്രകാരം അവിടന്ന് മനുഷ്യനെ സമൂഹത്തിലേക്കു പുനരാനയിക്കുകയും ഒറ്റപ്പെടലിൽ നിന്ന് മുക്തനാക്കുകയും ചെയ്യുന്നു. കാരണം അവിടന്ന് രോഗശാന്തിയേകിയിരിക്കുന്നു.

തളർവാത രോഗിയെ സുഖമാക്കുന്ന നാഥൻ

ഈ കൂടിക്കാഴ്ചയുടെ തുടക്കത്തിൽ നാം വായിച്ചുകേട്ട, കഫർണാമിൽ വച്ച് തളർവാതരോഗിയെ സുഖപ്പെടുത്തുന്ന സുന്ദരമായ ആഖ്യാനത്തെക്കുറിച്ച്  (മർക്കോസ് 2,1-12) നമുക്കൊന്നു ചിന്തിക്കാം. യേശു വീടിൻറെ കവാടത്തിങ്കൽ പ്രഭാഷണം നടത്തവെ നാലുപേർ തളർവാതരോഗിയായ സുഹൃത്തിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു;

അവിടെ വലിയജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ, ഭവനത്തിലേക്കു പ്രവേശിക്കാൻ കഴിയാതെ വന്നപ്പോൾ അവർ മേൽക്കൂരയിൽ ഒരു വിടവുണ്ടാക്കി അതിലൂടെ കട്ടിൽ യേശുവിൻറെ മുന്നിലേക്ക് ഇറക്കി. കട്ടിൽ തൻറെ മുന്നിലേക്ക് ഇറക്കുന്നത് പ്രസംഗിക്കുയായിരുന്ന യേശു കണ്ടു.  “യേശു അവരുടെ വിശ്വാസം കണ്ട് തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മർക്കോസ് 2,5).എന്നിട്ട് ,ദൃശ്യ അടയാളമായി അവിടന്ന് കൂട്ടിച്ചേർക്കുന്നു: “എഴുന്നേറ്റ് നിൻറെ കിടക്കയുമെടുത്ത് വീട്ടിലേക്കു പോകുക” ((മർക്കോസ് 2,11).

സമഗ്ര സൗഖ്യം

രോഗശാന്തിയുടെ എത്ര വിസ്മയകരമായ മാതൃക! ആ ആളുകൾ തന്നിലർപ്പിച്ച വിശ്വാസത്തിനും പ്രത്യാശയ്ക്കുമുള്ള, അവർക്ക് അന്യോന്യമുള്ള സ്നേഹത്തിനുള്ള, നേരിട്ടുള്ള ഉത്തരമായിരുന്നു യേശുവിൻറെ ആ ചെയ്തി. ആകയാൽ യേശു സൗഖ്യം നല്കി. എന്നാൽ വെറുതെ തളർവാതം മാറ്റുകയല്ല അവിടന്ന് ചെയ്യുന്നത്. യേശു സകലവും സൗഖ്യമാക്കുന്നു. പാപങ്ങൾ പൊറുക്കുന്നു,  തളർവാതരോഗിയുടെയും അവൻറെ സുഹൃത്തുക്കളുടെയും ജീവിതം  നവീകരിക്കുന്നു. ഒരു പുനർജന്മമേകി എന്നു പറയാം. ശാരീരികവും ആത്മീയവുമായ ഒരു സൗഖ്യം. വൈക്തികവും സാമൂഹ്യവുമായ ഒരു കൂടിക്കാഴ്ചയുടെ ഫലമാണത്. ആ ഭവനത്തിൽ സന്നിഹിതരായിരുന്നവരുടെ സൗഹൃദവും വിശ്വാസവും എങ്ങനെയുള്ളതായിരുന്നുവെന്ന് ഒന്നു സങ്കല്പിച്ചു നോക്കുക. അവ യേശുവിൻറെ പ്രവർത്തനത്താൽ സംവർദ്ധകമായി.

ലോകത്തിൻറെ സുഖപ്രാപ്തിയിൽ നമ്മുടെ പങ്ക്?

ആകയാൽ നമുക്ക് നമ്മോടു തന്നെ ചോദിക്കാം: ഇന്നത്തെ നമ്മുടെ ലോകത്തിൻറെ സുഖപ്രാപ്തിക്ക് എപ്രകാരം സഹായിക്കാൻ നമുക്കു സാധിക്കും? ആത്മശരീരങ്ങളുടെ വൈദ്യനായ കർത്താവായ യേശുവിൻറെ ശിഷ്യരെന്ന നിലയിൽ നാം അവിടത്തെ സൗഖ്യദായകവും രക്ഷാകരവുമായ പ്രവർത്തി, ശാരീരികവും സാമൂഹ്യവും ആദ്ധ്യാത്മികവുമായ അർത്ഥത്തിൽ തുടരാൻ വിളിക്കപ്പെട്ടിരിക്കുന്നു.

സഭയുടെ സൗഖ്യദായക ശുശ്രൂഷ 

സഭ ക്രിസ്തുവിൻറെ സൗഖ്യദായക കൃപ കൂദാശകളിലൂടെ പരികർമ്മം ചെയ്യുന്നുണ്ടെങ്കിലും ലോകത്തിൻറെ അങ്ങേയറ്റം വിദൂരമായ കോണുകളിൽ പോലും ആരോഗ്യസേവനമെത്തിക്കുന്നുണ്ടെങ്കിലും മഹാമാരി തടയുന്നതിലോ ചികിത്സിക്കുന്നതിലോ വിദഗ്ദ്ധയല്ല. അവൾ രോഗികൾക്കു സഹായമേകുന്നു, എന്നാൽ വിദഗ്ദ്ധയല്ല. സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ നിർദ്ദേശങ്ങളും നല്കുന്നില്ല. ഈ ദൗത്യം രാഷ്ട്രീയ-സാമൂഹ്യ നേതാക്കളിൽ നിക്ഷിപ്തമാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകളുടെ ഗതിയിൽ, സുവിശേഷവെളിച്ചത്തിൽ  സഭ ഏതാനും മൗലിക സാമൂഹ്യതത്വങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുന്നോട്ടുപോകുന്നതിനും നമ്മുടെ ഭാവി ആസൂത്രണംചെയ്യുന്നതിനും സഹായകങ്ങളായ തത്വങ്ങളാണവ. അവയിൽ പരസ്പരം ഏറ്റം അടുത്തു ബന്ധപ്പെട്ടു നില്ക്കുന്ന പ്രധാനപ്പെട്ടവ ഇവിടെ ഞാൻ ഉദ്ധരിക്കാം: വ്യക്തിമാഹാത്മ്യം, പൊതുനന്മ, പാവപ്പെട്ടവർക്കു മുൻഗണന, വസ്തുക്കളുടെ സാർവ്വത്രിക ഉപയോഗം ഐക്യദാർഢ്യം, പൊതുഭവനത്തിൻറെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച തത്വങ്ങളാണവ. ഈ തത്വങ്ങളെല്ലാം തന്നെ സമൂഹത്തെ നയിക്കുന്നവരെയും സമൂഹത്തിൻറെ ഉത്തരവാദിത്വം പേറുന്നവരെയും സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്നതിനും ഈ മഹാമാരിക്കാലത്തെന്ന പോലെ, വൈക്തികവും സാമൂഹ്യവുമായ ഘടനയെ സൗഖ്യമാക്കുന്നിനും സഹായിക്കും. ഈ തത്വങ്ങളെല്ലാം ഭിന്ന രീതികളിൽ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ പുണ്യങ്ങളെ ആവിഷ്ക്കരിക്കുന്നു.

പ്രത്യാശ നിറഞ്ഞ മെച്ചപ്പെട്ടൊരു ലോക നിർമ്മിതിക്ക് ഒരുമയോടെ

മഹാമാരി ഉയർത്തിക്കാട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച്, സർവ്വോപരി, സാമൂഹ്യ വ്യാധികളെക്കുറിച്ച്, വരും ആഴ്ചകളിൽ, നമുക്കു ചിന്തിക്കാം. സുവിശേഷത്തിൻറെയും ദൈവികപുണ്യങ്ങളുടെയും സഭയുടെ മുഖ്യ സാമൂഹ്യപ്രബോധനങ്ങളുടെയും വെളിച്ചത്തിലായിരിക്കും നമ്മുടെ ചിന്തകൾ. ഗുരുതരങ്ങളായ രോഗങ്ങളാൽ വലയുന്ന ഈ ലോകത്തെ സുഖമാക്കുന്നതിന് മാനവകുടുംബത്തെ എപ്രകാരം സഹായിക്കാൻ നമ്മുടെ കത്തോലിക്കാ സാമൂഹ്യ പാരമ്പര്യത്തിനു കഴിയുമെന്ന് നമുക്കൊരുമിച്ചു പര്യവേഷണം നടത്താം. സൗഖ്യദായകനായ യേശുവിൻറെ അനുയായികളെന്ന നിലയിൽ നമ്മൾ, ഭാവി തലമുറകൾക്കായി പ്രത്യാശാഭരിതമായ മെച്ചപ്പെട്ടൊരു ലോകം കെട്ടിപ്പടുക്കുന്നതിനു വേണ്ടി ഒത്തൊരുമിച്ചു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

ലബനനുവേണ്ടി പാപ്പായുടെ പ്രാർത്ഥന

ലെബനൻറെ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ ചൊവ്വാഴ്ച (04/08/20) ഉണ്ടായ വൻ സ്ഫോടനത്തിൽ മരണമടഞ്ഞവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഈ ദുരന്തത്തിൻറെ യാതനകളനുഭവിക്കുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ തന്നെ ശ്രവിച്ച എല്ലാവർക്കും ആശീർവ്വാദം നല്കി.

 

05 August 2020, 15:19