ലെബനോനിലെ ജനതയോടുള്ള പാപ്പാ ഫ്രാൻസിസിന്‍റെ സഹാനുഭാവം
- ഫാദര്‍ വില്യം നെല്ലിക്കല്‍
പാപ്പായുടെ സഹാനുഭാവം
ലെബനോനിലെ വേദനിക്കുന്ന ജനതയോടുള്ള ഐക്യദാർഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും ഭാഗമായി ഫ്രാൻസിസ് പാപ്പാ രണ്ടു കോടിയില്‍ അധികം രൂപ (250,000 യൂറോ) പ്രാഥമിക സഹായമായി നൽകി. സഭയുടെ സമഗ്ര മാനവ പുരോഗതിയ്ക്കായുള്ള വത്തിക്കാൻ സംഘംവഴി സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജോസഫ് സ്പിതേരിക്കാണ് 7-Ɔο തീയതി വെള്ളിയാഴ്ച ധനസഹായം വത്തിക്കാന്‍ കൈമാറിയത്.
ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനം
ലബനോനിലെ ബെയ്‌റൂട്ടിൽ ഓഗസ്റ്റ് 4 ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ നൂറിലധികം പേർക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭാവന “സ്ഫോടനത്തിൽ ദുരിത ബാധിതരായ ജനത്തോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പിതൃസഹജമായ ശ്രദ്ധയുടെയും സാമീപ്യത്തിന്‍റെയും അടയാളമാണെ” ന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവന അറിയിച്ചു.
കൂടാതെ കത്തോലിക്കാ സഭാ സംവിധാനങ്ങളായ “കാരിത്താസ്” ലെബനോനും, രാജ്യാന്തര “കാരിത്താസ്” ഉപവിപ്രസ്ഥാനവും ബെയ്റൂട്ട് സ്ഫോടനത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സഹായം നൽകിവരുന്നുണ്ട്.
ലെബനോനുവേണ്ടിയുള്ള പ്രാർത്ഥന
ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ ലെബനോനെ പ്രാര്‍ത്ഥനയോടെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു. സ്ഫോടനത്തിൽ ഇരകളായവർക്കും, അവരുടെ കുടുംബങ്ങൾക്കും ലെബനോനുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് പാപ്പാ ആമുഖമായി ആഹ്വാനംചെയ്തു. അങ്ങനെ, ലെബനോനിലെ എല്ലാ സാമൂഹിക, രാഷ്ട്രീയ, മത ഘടകങ്ങളുടെയും അശ്രാന്തവും ആത്മാർത്ഥവുമായ പരിശ്രമത്തിലൂടെ, വളരെ ദാരുണവും വേദനാജനകവുമായ ഈ നിമിഷത്തെ അഭിമുഖീകരിക്കുവാനും, അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായത്തോടെ, അവർ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കുവാനും സാധിക്കുമാറാകട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുകയുണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: