സൃഷ്ടിയുടെ കാലം ക്രിയാത്മകമാക്കാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആഗസ്റ്റ് 30-ന്, ഞായറാഴ്ച വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തിലായിരുന്നു ആശംസകള്‍ക്ക് ആമുഖമായി സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള ഒരു മാസക്കാലത്തെക്കുറിച്ച് അനുസ്മരിപ്പിച്ചത്.
1. സൃഷ്ടിയുടെ കാലം
സെപ്തംബര്‍ 1, സൃഷ്ടിയുടെ സുസ്ഥിതിക്കായുള്ള ആഗോള പ്രാര്‍ത്ഥനാ ദിനമാണെന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. ഈനാള്‍ മുതല്‍ ഒക്ടോബര്‍ 4, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍വരെ ഒരുമാസക്കാലം ലോകം “ഭൂമിയുടെ ജൂബിലി” ആചരിക്കുകയാണെന്നകാര്യം പാപ്പാ ഓര്‍പ്പിച്ചു. കാരണം ഐക്യരാഷ്ട്ര സംഘടന ഭൂമിദിനം സ്ഥാപിച്ചതിന്‍റെ 50-Ɔο വാര്‍ഷികമാണ് ഈ വര്‍ഷം 2020 എന്ന കാര്യം പാപ്പാ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്ന എല്ലാ സംരംഭങ്ങളെയും താന്‍ ശ്ലാഘിക്കുന്നതായി പ്രസ്താവിച്ചു.
2. മൗരീഷ്യസ്സിനെ അനുസ്മരിച്ചു
മൗരീഷ്യസ് അടുത്തകാലത്ത് അനുഭവിച്ച എണ്ണച്ചോര്‍ച്ചയുടെ ദുരന്തത്തിനിടയിലും, തലസ്ഥാനമായ പോര്‍ട്ട് ലൂയിസിലെ കത്തീഡ്രലില്‍ സംഘടിപ്പിച്ചിരിക്കുന്ന പാരീസ്ഥിതിക സംഗീത പരിപാടിയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
3. മെഡിറ്ററേനിയനിലെ സംഘര്‍ഷം
കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ ഈയിടെ ഉയര്‍ന്നിരിക്കുന്ന സംഘര്‍ഷങ്ങളെ താന്‍ ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ആ പ്രവശ്യയിലെ ജനങ്ങളുടെ സമാധാനം കെടുത്തുന്ന സംഘര്‍ഷവും കലാപങ്ങളും ഒഴിവാക്കുവാന്‍ രാജ്യങ്ങള്‍ ക്രിയാത്മകമായ സംവാദത്തിന്‍റെയും പരസ്പരാദരവിന്‍റെയും പാത സ്വീകരിക്കണമെന്ന് പാപ്പാ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
4. തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആശംസകള്‍
ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും റോമില്‍നിന്നു, മറ്റു രാജ്യങ്ങളില്‍നിന്നും ചത്വരത്തില്‍ സമ്മേളിച്ച എല്ലാവരെയും പാപ്പാ അഭിവാദ്യംചെയ്തു. ദൂരെനിന്നാണെങ്കിലും ചിലര്‍ പിടിച്ചിരിക്കുന്ന പതാകകള്‍ കാണാമെന്ന് പാപ്പാ പറഞ്ഞു. ഇറ്റലിയിലുള്ള കിഴക്കന്‍ തീമോറിലെ സന്ന്യസ്തരുടെ കൂട്ടായ്മ, ബ്രസീലിലെ ലോന്ത്രിനായില്‍നിന്നും ഫോര്‍മോസായില്‍നിന്നുമുള്ള തീര്‍ത്ഥാടകര്‍, ബ്രസീലുകാര്‍, ഗ്രാന്‍തോര്‍ത്തോയില്‍നിന്നുള്ള യുവജനങ്ങള്‍, വടക്കെ ഇറ്റലിയിലെ വിന്‍ചേന്‍സാ രൂപതക്കാര്‍... എല്ലാവര്‍ക്കും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു.
5. ശുഭാശംസകള്‍
ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്നു പതിവുപോലെ അനുസ്മരിപ്പിച്ചുകൊണ്ടുമാണ് ത്രികാലപ്രാര്‍ത്ഥനയുടെ ജാലകത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് പിന്‍വാങ്ങിയത്.
അപ്പോള്‍ ജനങ്ങള്‍ ആവശേത്തോടെ ആര്‍ത്തിരമ്പി... വീവാ... ഇല്‍ പാപ്പാ (Viva il Papa…!) പാപ്പാ നീണാള്‍ വാഴട്ടെ!