തിരയുക

2020.08.28 Papa Francesco visita alla tomba di Santa Monica nella Basilica di Sant'Agostino in Campo Marzio 2020.08.28 Papa Francesco visita alla tomba di Santa Monica nella Basilica di Sant'Agostino in Campo Marzio 

പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ അഗസ്റ്റിന്‍റെ ബസിലിക്ക സന്ദര്‍ശിച്ചു

മോനിക്കാ പുണ്യവതിയുടെ അനുസ്മരണനാളായ ആഗസ്റ്റ് 27-Ɔο തിയതിയായിരുന്നു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. കുടുംബബന്ധങ്ങള്‍ക്ക്
ഊഷ്മളതയേകുന്ന അമ്മയും മകനും

വിശുദ്ധന്‍റെ അമ്മയും പുണ്യവതിയുമായ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 27-Ɔο തിയതി വ്യാഴാഴ്ച രാവിലെ പാപ്പാ, റോമില്‍ വിശുദ്ധ ആഗസ്റ്റിന്‍റെ നാമത്തിലുള്ള ബസിലിക്ക സന്ദര്‍ശിച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.  ആഗസ്റ്റ് 27, 28 തിയതികളിലാണ് യഥാക്രമം ഈ അമ്മയുടെയും മകന്‍റെയും അനുസ്മരണം സന്ധിക്കുന്നത്. 

2. വിശുദ്ധ മോനിക്കയുടെ തിരുനാളിലെ സന്ദര്‍ശനം
വത്തിക്കാനില്‍നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള വിശുദ്ധ അഗസ്റ്റിന്‍റെ ബസിലിക്കയില്‍ കാറില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസിനെ ബസിലിക്കയുടെ സൂക്ഷിപ്പുകാരായ ഏതാനും അഗസ്തീനിയന്‍ സന്ന്യാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. താമസിയാതെ തന്നെ ദേവാലയത്തില്‍ പ്രവേശിച്ച പാപ്പാ പരിശുദ്ധ കുര്‍ബ്ബാനയു‌ടെ മുന്നില്‍ ഏതാനും നിമിഷങ്ങള്‍ നമ്രശിരസ്ക്കനായിനിന്നു പ്രാര്‍ത്ഥിച്ചശേഷം പാര്‍ശ്വത്തിലുള്ള വിശുദ്ധ മോനിക്കയുടെ ഭൗതികശേഷിപ്പുകളുടെ  ചെറിയ അള്‍ത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി. ഏകദേശം 10 മിനിറ്റില്‍ അധികം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചശേഷമാണ് വത്തിക്കാനിലേയ്ക്കു പാപ്പാ മടങ്ങിയത്.

3. കുടുംബങ്ങളെ ഓര്‍ത്തുള്ള സ്നേഹാര്‍ച്ചന
മോനിക്ക പുണ്യവതിയുടെ ഭൗതികശേഷിപ്പുകളുടെ അള്‍ത്താരയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുവാന്‍ എത്തുന്നത് ഇത് ആദ്യമായിട്ടല്ല. 2018 ആഗസ്റ്റില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ നടന്ന രാജ്യാന്തര കത്തോലിക്ക കുടുംബസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ പാപ്പാ റോമില്‍ വിമാനമിറങ്ങിയ ശേഷം വത്തിക്കാനിലേയ്ക്കു കാറില്‍ യാത്രചെയ്യുന്നതിനിടെ, ആദ്യം മേരി മേജര്‍ ബസിലിക്കയില്‍ ഇറങ്ങി, ദൈവമാതാവിന്‍റെ അള്‍ത്താരയില്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ട് പിന്നെയും നാലു കിലോമീറ്റര്‍ സഞ്ചരിച്ച് വിശുദ്ധ അഗസ്റ്റിന്‍റെ ബസിലിക്കയിലും എത്തി അമ്മ, വിശുദ്ധ മോനിക്കയുടെ അള്‍ത്താരയിലും പ്രാര്‍ത്ഥിച്ചശേഷമാണ് വത്തിക്കാനിലേയ്ക്ക് മടങ്ങിയത്.

4. മുന്‍പും പതിവുള്ള വ്യക്തിഗത ആത്മീയത 
പാപ്പാ സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ്, ഒരു കര്‍ദ്ദിനാള്‍ ആയിരിക്കെ വത്തിക്കാനിലേയ്ക്ക് അര്‍ജന്‍റീനയില്‍നിന്നും നടത്തിയ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വരവിനിടെ പതിവായി പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാന്‍റെ മന്ദിരത്തില്‍ (Domus Paulus VI Internationalis)  താമസിക്കാറുള്ള കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ (ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസ്) വിശുദ്ധ മോനിക്കയുടെ പൂജ്യശേഷിപ്പുകളുടെ അള്‍ത്താര സ്വകാര്യമായി സന്ദര്‍ശിച്ച്, അവിടെ ഇരുന്നു ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടുള്ളതായി സ്ഥലത്തെ അഗസ്തീനിയന്‍ സന്ന്യാസികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
 

28 August 2020, 13:33