- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മഹാദുരന്തത്തിന്‍റെ ദുഃഖസ്മരണ
ആഗസ്റ്റ് 6-Ɔο തിയതി വ്യാഴാഴ്ച ജപ്പാനിലെ ആണവാക്രമണത്തിന്‍റെ
75- Ɔο വാര്‍ഷിക ദിനത്തില്‍ ഹിരോഷിമ നഗരത്തിന്‍റെ ഗവര്‍ണ്ണര്‍, ഹിഡേസ്കൊ യുസാക്കിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ഇനിയും മാനവികതയ്ക്ക് കൂടുതല്‍ വ്യക്തമാകേണ്ട സന്ദേശമാണ്, സമാധാനം കൈവരിക്കണമെങ്കില്‍ രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ അടിയറവയ്ക്കണം, പ്രത്യേകിച്ച് ഏറ്റവും ശക്തവും വിനാശകരവുമായ ആണവായുധങ്ങളെന്ന് അനുസ്മരിപ്പിക്കുന്ന ദിനമാണ് ജപ്പാനിലെ ആണവദുരന്തത്തിന്‍റെ വാര്‍ഷികമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കാരണം ഒരാണവായുധത്തിന് ഒരു നഗരത്തെ മാത്രമല്ല, രാഷ്ട്രത്തെത്തന്നെയും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് 1945-ലെ ജപ്പാന്‍റെ ദുരന്തം പഠിപ്പിക്കുന്നുവെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.
2. “ഹിബാക്ഷ”കള്‍ നല്കിയ മങ്ങാത്തസ്മരണകള്‍
ദുരന്തഭൂമിയായ ജപ്പാന്‍റെ ഹിരോഷിമ നാഗസാക്കി നഗരങ്ങള്‍ വ്യക്തിപരമായി സന്ദര്‍ശിക്കുവാന്‍ സാധിച്ചതും, ആണാവാക്രമണത്തെ അതിജീവിച്ച തലമുറയില്‍ ബാക്കിയുള്ള “ഹിബാക്ഷ”കളെന്ന് (hibakusha) ജാപ്പനീസ് ഭാഷയില്‍ അറിയപ്പെടുന്ന അവിടത്തെ മുതിര്‍ന്നവരെ നേരില്‍ക്കാണുവാനും ദുരന്തത്തിന്‍റെ വേദനിക്കുന്ന അനുഭവങ്ങള്‍ കേള്‍ക്കുവാനും മനസ്സിലാക്കുവാനും സാധിച്ചത് മങ്ങാത്ത സ്മരണയാണെന്ന് പാപ്പാ കത്തില്‍ രേഖപ്പെടുത്തി.
2019 നവംബര്‍ 25, 26 തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ് ജപ്പാന്‍ സന്ദര്‍ശിച്ചത്.
3. സമാധാനവഴികള്‍ തുറക്കാം!
കാല്‍നൂറ്റാണ്ടു മുന്‍പു ലോകത്തെ ഞടുക്കിയ ദുരന്തത്തിന്‍റെ അനുസ്മരണനാളില്‍ ഇന്നത്തെ ലോക ജനതകള്‍ക്കായ് തന്‍റെ ഹൃദയം ത്രസിക്കുകയാണെന്നും, പ്രത്യേകിച്ച് സമാധാനപൂര്‍ണ്ണമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളെയും കുട്ടികളെയും താന്‍ ഇന്നാളില്‍ പ്രത്യേകമായി അനുസ്മരിക്കുകയാണെന്നും പാപ്പാ പ്രസ്താവിച്ചു. ഒപ്പം അതിക്രമങ്ങളിലും കലാപങ്ങളിലും യുദ്ധങ്ങളിലും ആദ്യം ഇരകളാകുന്ന വ്രണിതാക്കളും പാവങ്ങളുമായവരുടെ കരച്ചില്‍ ഇന്നാളില്‍ ശക്തമായി തന്‍റെ കാതുകളില്‍ മുഴങ്ങുന്നുവെന്നും പാപ്പാ മനോവ്യഥയോടെ സന്ദേശത്തില്‍ വിശദീകരിച്ചു.
സകലര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.