തിരയുക

VATICAN POPE GENERAL AUDIENCE VATICAN POPE GENERAL AUDIENCE 

മഹാമാരി തുറന്നുകാട്ടിയ സാമൂഹിക അസമത്വങ്ങൾ

പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം - മലയാളപരിഭാഷ ഒരുക്കിയത് ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര – ശബ്ദരേഖയോടെ..

കോവിഡ് 19 മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ജനസമ്പർക്കം ഒഴിവാക്കുന്നതിന്‍റെ  ഭാഗമായി, പരിശുദ്ധ പിതാവ്, ഈ ബുധനാഴ്ചയും (26/08/20), വത്തിക്കാനിലെ തന്‍റെ സ്വകാര്യ ലൈബ്രറിയിൽ നിന്നാണ്, ത്രീത്വൈക സ്തുതിയോടുകൂടി പൊതുദർശന പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. വിവിധ ഭാഷകളിലെ വിശുദ്ധഗ്രന്ഥഭാഗ പാരായണത്തോടു കൂടി ആരംഭിച്ച പൊതുദർശന പരിപാടിയിൽ, ഇറ്റാലിയൻ ഭാഷയിൽ പാപ്പായുടെ ഉദ്ബോധനവും, വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.   

പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷ​ണം


1. ഉപഭോഗവസ്തുക്കളുടെ സാർവത്രിക 
ലക്ഷ്യസ്ഥാനവും പ്രത്യാശയെന്ന പുണ്യവും

'പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് ശുഭദിനം' എന്ന അഭിസംബോധനയോടുകൂടി ആരംഭിച്ച ഉദ്‌ബോധനം, കൊറോണാ മഹാമാരിയിലൂടെ വെളിവാക്കപ്പെട്ട, ഗുരുതരമായ സാമൂഹിക അപജയങ്ങളിൽനിന്ന് ലോകത്തെ സുഖപ്പെടുത്തുന്നതിന്, ക്രിസ്തുവിൽനിന്ന് ഉത്ഭവിക്കുന്ന, പ്രത്യാശയുടെ ദാനത്തെ സ്വീകരിക്കുവാൻ എല്ലാവരേയും ആഹ്വാനം ചെയ്തുകൊണ്ടാണ് ആരംഭിച്ചത്.

പാപ്പാ പറഞ്ഞു: കോവിഡ് 19 മഹാമാരിയുടെയും അതിന്‍റെ  സാമൂഹിക പ്രത്യാഘാതങ്ങളുടെയും മുന്നിൽ, തങ്ങളുടെ പ്രത്യാശ നഷ്‍ടപ്പെടുമോ എന്ന ആശങ്കയിലാണ് പലരും. അനിശ്ചിതത്വത്തിന്‍റെ  വേദനയുടെയും ഈ സമയത്ത്, ക്രിസ്തുവിൽ നിന്ന് ഉത്ഭവിക്കുന്ന, പ്രത്യാശയുടെ ദാനത്തെ സ്വീകരിക്കുവാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു. കാരണം, നമ്മുടെ ജീവിതത്തിന്‍റെ  ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള യാത്രയിൽ രോഗം, മരണം, അനീതി എന്നിവയാൽ പ്രക്ഷുബ്ധമായ ജലത്തിലൂടെ യാത്രചെയ്യുവാൻ ക്രിസ്തുവാണ് നമ്മെ സഹായിക്കുന്നത്.

മഹാമാരി തുറന്നുകാട്ടിയ സാമൂഹിക അസമത്വങ്ങൾ
ഈ മഹാമാരി വർദ്ധിച്ചുവന്ന സാമൂഹിക പ്രശ്നങ്ങളെ, ഏറെ പ്രത്യേകിച്ച് സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തെ ഉയർത്തിക്കാട്ടി. ഉദാഹരണമായി, കൊറോണാക്കാലത്ത് ചിലർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ട്, അതേസമയം മറ്റനവധി പേർക്ക് അതുസാധ്യമാകാത്ത അവസ്ഥ. സമൂഹത്തിലെ ഒരുവിഭാഗം കുട്ടികൾക്ക്, ബുദ്ധിമുട്ടുകൾക്കിടയിലും, സ്കൂൾ വിദ്യാഭ്യാസം തുടർന്നും നേടാനുള്ള സാഹചര്യമുള്ളപ്പോൾ, മറ്റനവധി പേർക്ക് സ്കൂൾ വിദ്യാഭ്യാസം പെട്ടെന്ന് നിറുത്തേണ്ടി വരുന്നു. ശക്തരായ രാജ്യങ്ങൾക്ക് മഹാമാരിയുടെ അടിയന്തിരാവസ്ഥ നേരിടാൻ വേണ്ട സാമ്പത്തിക ഭദ്രത ഉള്ളപ്പോൾ, മറ്റുള്ള പല രാജ്യങ്ങളുടെയും ഭാവി, പണയംവയ്ക്കലിന്‍റെ  അവസ്ഥയിലേയ്ക്ക് എത്തപ്പെടുന്നു.

അസമത്വത്തിന്‍റെ  ഈ ലക്ഷണങ്ങൾ, ഒരു സാമൂഹിക രോഗത്തെയാണ് വെളിപ്പെടുത്തുന്നതെന്നും, രോഗാവസ്ഥയിലുള്ള ഒരു സമ്പദ്‌വ്യവസ്ഥയിൽനിന്ന് രൂപംകൊള്ളുന്ന വൈറസാണിതെന്നും പാപ്പാ പറയുന്നു. യഥാർത്ഥത്തിൽ അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളെ അവഗണിക്കുന്ന, അസമത്വം നിറഞ്ഞ സാമ്പത്തിക വളർച്ചയുടെ ഫലമാണിത്. ഇന്നത്തെ ലോകത്ത്, സമ്പന്നരായ കുറച്ചുപേരിലേക്ക്, ആകെയുള്ള മനുഷ്യരാശിയുടേതിനേക്കാൾ സമ്പത്ത് കുമിഞ്ഞുകൂടിയിരിക്കുന്നു. ഇത് വലിയ അനീതിയാണ് സമ്മാനിക്കുന്നത്. അതുപോലെതന്നെ, ഈ സാമ്പത്തിക മാതൃക, സാധാരണ ഭവനങ്ങളിൽ ഉണ്ടാകുന്ന നാശത്തെക്കുറിച്ച് തികച്ചും നിസ്സംഗത പുലർത്തുകയും ചെയ്യുന്നു എന്ന ആശങ്കയും പാപ്പാ തുറന്നുപറഞ്ഞു.

സാമൂഹിക അസമത്വവും, പാരിസ്ഥിതിക തകർച്ചയും പരസ്പരം കൈകോർത്ത് പോകുന്ന യാഥാർഥ്യങ്ങളാണെന്ന് പറഞ്ഞ പാപ്പാ, ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും മുതൽ, സമുദ്രനിരപ്പ് ഉയരുന്നതും ഉഷ്ണമേഖലാ വനങ്ങളുടെ നാശവും വരെയുള്ള ഗുരുതരവും സംഭവിക്കാവുന്നതുമായ പ്രത്യാഘാതങ്ങളെ മറികടക്കുവാൻ സാധിക്കുന്ന നേട്ടങ്ങളുടെ വളരെയടുത്തതാണ് നമ്മൾ എങ്കിലും, സഹജീവികളെയും, പ്രകൃതിയെയും, ദൈവത്തെപ്പോലും കീഴടക്കി, ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യന്‍റെ  ദുരാഗ്രഹം ഒരിക്കലും സൃഷ്ടിയുടെ രൂപകൽപ്പനയേ അല്ലായെന്ന് ഓർമ്മിപ്പിച്ചു.

2. പ്രപഞ്ചത്തിന്റെ രൂപകൽപ്പന
ആദിയിൽ ദൈവം ഭൂമിയെയും അതിന്‍റെ  വിഭവങ്ങളുടെയും പൊതുവായ നടത്തിപ്പിനായും പരിപാലനത്തിനായും മനുഷ്യനെ ഏൽപ്പിച്ചു (CCC,2402). അതിനെ എല്ലാവരുടേയും പൂന്തോട്ടം പോലെ നട്ടുവളർത്തുകയും, പരിപാലിക്കുകയും ചെയ്തുകൊണ്ട്, തന്‍റെ  നാമത്തിൽ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെട്ടു (cfr Gen 1,28), (cfr Gen 2,15) പാപ്പാ ഉദ്ബോധിപ്പിക്കുന്നു. "നട്ടുവളർത്തുക" എന്നാൽ അദ്ധ്വാനിക്കുക, ജോലി ചെയ്യുക എന്നൊക്കെയാണ് അർത്ഥം, "പരിപാലിക്കുക" എന്നാൽ സംരക്ഷിക്കുക എന്നാണർത്ഥം (LS, 67). അതേസമയം, നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഭൂമിയെ എങ്ങനെവേണമെങ്കിലും ഉപയോഗിക്കാമെന്ന് ദുർവ്യാഖ്യാനം ചെയ്യരുത്. കാരണം, നമുക്കും പ്രപഞ്ചത്തിനും ഇടയിൽ പരസ്പര ബന്ധിതമായ ഉത്തരവാദിത്വമുണ്ട്. നാം പ്രപഞ്ചത്തിൽ നിന്ന് സ്വീകരിക്കുകയും, നമ്മുടെ സമയം അതിനായി നൽകുകയും ചെയ്യണമെന്നും, ഓരോ ജനസമൂഹത്തിനും ഭൂമിയുടെ സമൃദ്ധിയിൽനിന്ന് സ്വന്തം നിലനിൽപ്പിനാവശ്യമായത് എടുക്കാനും, അതേസമയം, അതിനെ സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ടെന്ന് പാപ്പാ വ്യക്തമാക്കി.

വാസ്തവത്തിൽ, ഭൂമി നമുക്ക് മുമ്പുള്ളതും, നമുക്കായി നൽകപ്പെട്ടതുമാണ്. ദൈവം ഭൂമിയെ നൽകിയത് മനുഷ്യവർഗത്തിന് മുഴുവനുമായാണ്. അതിനാൽ അതിന്റെ ഫലം കുറച്ചുപേരിൽ മാത്രം ഒതുങ്ങാതെ, എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. ഇതുതന്നെയാണ് ഭൗമീക വസ്തുക്കളുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ  പ്രധാന ഘടകവും. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പിതാക്കന്മാരുടെ വാക്കുകളെ ഓർമ്മിപ്പിച്ചുകൊണ്ട് പാപ്പാ പറയുന്നു: "മനുഷ്യൻ, ഭൂമിയിലെ സമൃദ്ധിയെ ഉപയോഗിക്കേണ്ടത്, അയാൾക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്കും പ്രയോജനമുണ്ടാകണമെന്ന ബോധ്യത്തിലാകണം, അതായത് നിയമാനുസൃതമായി കൈവശമുള്ള ബാഹ്യവസ്തുക്കൾ അയാൾക്ക് സ്വന്തമായി മാത്രമല്ല, പൊതുവായും പരിഗണിക്കപ്പെടണം" (Gaudium et spes, 69). വാസ്തവത്തിൽ ഈ ഭൂമിയിൽ ലഭ്യമാകുന്ന ഉടമസ്ഥാവകാശം നട്ടുവളർത്തുന്നതിനും, ലഭിക്കുന്ന ഫലം മറ്റുള്ളവരുമായി പങ്കിടുന്നതിനുമാണ് (CCC, 2404) എന്ന യാഥാർഥ്യം ഉൾക്കൊള്ളണമെന്ന് പാപ്പാ വിശദീകരിച്ചു.

3. സ്വകാര്യ വസ്തുക്കൾ പൊതുനന്മയ്ക്കായി
ലഭ്യമാക്കണം

നമ്മുടെ ഉടമസ്ഥതയിലുള്ളത് സമൂഹ നന്മയ്ക്കായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനും, സ്വത്തവകാശം നിയമാനുസൃതമായി പ്രയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും രാഷ്ട്രീയ അധികാരത്തിനുണ്ടെന്നും (CCC, 2406), സ്വകാര്യ വസ്തുക്കളെ സാർവത്രിക നന്മയ്ക്കായുള്ള ഉപഭോഗവസ്തുക്കളുടെ കീഴിൽ പ്രതിഷ്ഠിക്കുന്നത്, സാമൂഹിക പെരുമാറ്റത്തിന്‍റെ   "സുവർണ്ണനിയമ"മാണെന്നും, ഇത് ധാർമ്മിക-സാമൂഹിക ക്രമത്തിന്‍റെയാകെ ആദ്യ തത്വവുമാണെന്നാണ്" (LS, 93) സഭ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സമ്പത്ത് അളവില്ലാതെ സ്വകാര്യമായി ശേഖരിക്കുന്നതിലെ അപകടത്തെയും പാപ്പാ ചൂണ്ടിക്കാണിച്ചു. മനുഷ്യന്, തന്‍റെ  ദൗത്യങ്ങൾ നിറവേറ്റാൻ സഹായകമാകുന്ന ഉപകരണങ്ങളാണ് സ്വത്തും പണവും. എന്നാൽ, അവ വളരെ എളുപ്പത്തിൽ തന്നെ വ്യക്തികൾക്കായോ, പ്രത്യേക സംഘങ്ങൾക്കായോ മാത്രം പരിവർത്തനം ചെയ്യപ്പെടാം. ഇങ്ങനെ സംഭവിക്കുമ്പോൾ, അത് മാനുഷിക മൂല്യങ്ങളെ മോശമായി ബാധിക്കുന്നു. 'ഹോമോ സാപ്പിയൻസ്' വികൃതമാവുകയും ഒരുതരം 'ഹോമോ ഇക്കണോമിക്' തലത്തിലേയ്ക്ക് തരംതാഴുകയും ചെയ്യുന്നു - മനുഷ്യൻ തന്നിലേക്ക് തന്നെ ചുരുങ്ങുന്നു, കണക്കുകൂട്ടലുകള്‍ നടത്തുന്നു, ആധിപത്യം സ്ഥാപിക്കാനായി പരക്കംപായുന്നു. അങ്ങനെ, ദൈവത്തിന്‍റെ  രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള, സാമൂഹികവും സർഗ്ഗാത്മകവുമായ ജീവിതം നയിക്കാൻ കഴിവുള്ള, സ്നേഹിക്കാൻ അപാരമായ കഴിവുള്ളവരാണ് നാമെന്ന യാഥാർഥ്യം മറക്കുന്നു. വാസ്തവത്തിൽ, എല്ലാ ജീവജാലങ്ങളിലും വച്ച് ഏറ്റവും നന്നായി സഹകരണ മനോഭാവത്തിൽ പരസ്പരം ബന്ധപ്പെടാനും, സമൂഹത്തിൽ  നൂറുമേനി ഫലം പുറപ്പെടുവിക്കാനും കഴിവുള്ളവരാണ് നമ്മൾ എന്ന യാഥാർഥ്യം കൈവിടാതിരിക്കാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

4. ഭൂമിക്ക് ഭീഷണിയാകുന്ന സാമ്പത്തികാസക്തിയെ മറികടക്കാൻ
ദശലക്ഷക്കണക്കിന് ആളുകൾക്ക് ലഭ്യമാക്കേണ്ട പ്രാഥമികമായ ഉപഭോഗ വസ്‌തുക്കളെ, ഒരു ചെറിയ വിഭാഗം കൈവശം വയ്ക്കുന്നതിനും ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള ആസക്തിയിലേക്ക് പോകുമ്പോൾ; സാമ്പത്തികവും സാങ്കേതികവുമായ അസമത്വം സാമൂഹ്യഘടനയെ കീറിമുറിക്കുമ്പോൾ; ഭൗതീക പുരോഗതിയെ പരിധിവിട്ട് ആശ്രയിക്കുകയും, ഭൂമിയാകുന്ന പൊതുഭവനത്തിന്‍റെ  ഭീഷണിക്ക് കാരണമാവുകയും ചെയ്യുമ്പോൾ നമുക്ക് നോക്കിനിൽക്കാനാവില്ലെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ നോട്ടം യേശുവിൽ ഉറപ്പിച്ചുകൊണ്ട്, യേശുവിന്റെ സ്നേഹം ശിഷ്യന്മാരുടെ കൂട്ടായ്മയിലൂടെ പ്രവർത്തിക്കുന്നുവെന്ന ഉറപ്പോടെ, വ്യത്യസ്തവും മികച്ചതുമായ അവസ്ഥ സംജ്ഞാതമാകുമെന്ന പ്രത്യാശയിൽ, നാം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കാരണം, ദൈവത്തിൽ വേരൂന്നിയ ക്രിസ്തീയ പ്രത്യാശയിലാണ് നമ്മുടെ ജീവിതം നങ്കൂരമിട്ടിരിക്കുന്നത്. ഇത് പരസ്പരം പങ്കുവെക്കാനുള്ള ആഗ്രഹത്തെ പ്രചോദിപ്പിക്കുന്നു, അങ്ങനെ ക്രിസ്തുവിന്‍റെ  ശിഷ്യന്മാരെന്ന നിലയിൽ, ക്രിസ്തു പങ്കുവെച്ചപ്പോലെ, നമ്മുടെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുവാൻ നമുക്ക് സാധിക്കും.

ആദിമ ക്രൈസ്തവ സമൂഹങ്ങൾ, നമ്മുടേത് പോലെ ദുഷ്‌കരമായ സാഹചര്യത്തിൽ ജീവിക്കുകയും, പരസ്പരം പങ്കുവെക്കലിന്‍റെ  പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. ഒരു ഹൃദയവും ഒരാത്മാവുമായി രൂപപ്പെടേണ്ടതിനെക്കുറിച്ച് അവർക്ക് ബോധ്യമുണ്ടായിരുന്നു, തങ്ങളുടെ വസ്തുക്കള്‍ പൊതുസ്വത്തായി പരിഗണിച്ചുകൊണ്ട്, തങ്ങളിൽ സമൃദ്ധമായുള്ള ക്രിസ്തുവിന്‍റെ  കൃപയ്ക്ക് അവർ സാക്ഷ്യം നൽകി. അതുപോലെ, കർത്താവിന്‍റെ  പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സമൂഹങ്ങൾക്കും ഈ യാഥാർത്ഥ്യം വീണ്ടെടുടുക്കാൻ സാധിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന്, സ്രഷ്ടാവ് നമുക്ക് നൽകുന്ന സമൃദ്ധിയെ പരിപാലിക്കുന്നുവെങ്കിൽ, എല്ലാവർക്കും പ്രാപ്യമാകുന്ന വിധത്തിൽ നമ്മുടെ കൈവശമുള്ളത് ലഭ്യമാക്കുകയാണെങ്കിൽ, കൂടുതൽ ആരോഗ്യകരവും നീതിപൂർവകവുമായ ഒരു ലോകത്തെ പുനർജ്ജീവിപ്പിക്കാനുള്ള പ്രത്യാശയെ നമുക്ക് കൈവരുമെന്ന ഉറപ്പോടെയാണ് പൊതുകൂടിക്കാഴ്ചയുടെ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

5. അനീതിയുടെ ലോകം
തുടർന്ന്, ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾക്കായി നൽകിയ സന്ദേശത്തിൽ പാപ്പാ പറഞ്ഞു: ഈ പൊതു കൂടിക്കാഴ്ചാ ദിവസങ്ങളിൽ നാം നടത്തിവന്നിരുന്ന കൊറോണാ മഹാമാരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങളിലൂടെ, ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും, എത്രമാത്രം ഗുരുതരമാണെന്നും കൂടുതൽ വ്യക്തമായി മനസിലാക്കാൻ നമുക്ക് സാധിച്ചു.

അനീതി നിറഞ്ഞ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഫലമായി രൂപം കൊണ്ട, കുറച്ചുപേരിലേയ്ക്ക് അതിരില്ലാതെ സമ്പത്ത് കുമിഞ്ഞുകൂടുകയും, ബഹുപൂരിപക്ഷം ജനത്തെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സാമൂഹ്യ അസമത്വമാണ് ഏറ്റവും ഗുരുതരമായ സാമൂഹ്യപ്രശ്നമെന്നും; ഭൂമിയുടെ കാര്യസ്ഥന്മാർ എന്നനിലയിൽ, ഇതിന്‍റെ  ഫലങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുവെന്നും, എല്ലാവരുമായി പങ്കിടുന്നുവെന്നും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും പറഞ്ഞ പാപ്പാ, സ്വകാര്യ വസ്തുക്കളെ സാർവത്രിക നന്മയ്ക്കായി നൽകുന്നത്, സാമൂഹിക ഇടപെടലിന്‍റെ  "സുവർണ്ണനിയമ"വും, ധാർമ്മിക-സാമൂഹിക ക്രമതത്വവുമാന്നെന്ന സഭയുടെ ഉദ്ബോധനത്തെയും ഓർമ്മിപ്പിച്ചു.

ലോകത്തിതന്‍റെ  സൗഖ്യത്തിനായി പ്രവർത്തിക്കാനും, കൂടുതൽ നീതിപൂർവകവും സമത്വപൂർണ്ണവുമായ ഒരു സാമൂഹിക ക്രമം കെട്ടിപ്പടുക്കുവാനും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ  രൂപാന്തരപ്പെടുത്തുന്ന കൃപയിൽ വിശ്വസിക്കുന്ന ക്രൈസ്തവ പ്രത്യാശയ്ക്ക് സാധിക്കുമെന്ന് പാപ്പാ ലോകജനതയോട് ആഹ്വാനം ചെയ്തു.

തുടർന്ന്, വേനൽക്കാലം അവസാനിക്കുമ്പോൾ, ഈ വിശ്രമ ദിനങ്ങൾ എല്ലാവർക്കും സമാധാനവും ശാന്തതയും പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി ക്രിസ്തുവിന്‍റെ  സന്തോഷവും സമാധാനവും യാചിക്കുന്നു. ദൈവം നിങ്ങളെ സമർദ്ധമായി അനുഗ്രഹിക്കട്ടെ, എന്ന അപ്പോസ്തോലിക ആശീർവാദത്തോട് കൂടി പരിശുദ്ധ പിതാവിന്റെ പൊതുകൂടിക്കാഴ്ച അവസാനിച്ചു...

ഗാനമാലപിച്ചത് പി. ജയചന്ദ്രന്‍, രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം റെക്സ് ഐസക്സ്.
 

26 August 2020, 13:45