തിരയുക

HEALTH-CORONAVIRUS/POPE-ANGELUS HEALTH-CORONAVIRUS/POPE-ANGELUS 

പാവങ്ങളെ ക്രിസ്തുവിന്‍റെ കണ്ണുകളിലൂടെ കാണുന്ന സ്നേഹപ്രവൃത്തി

ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ത്രികാല പ്രാര്‍ത്ഥനാസന്ദേശം


1. ത്രികാല പ്രാര്‍ത്ഥനാവേദി
ആഗസ്റ്റ് 23-Ɔο തിയതി ഞായറാഴ്ച മദ്ധ്യാഹ്നം

വേനലിന്‍റെ ആധിക്യം മറന്നും കൊറോണയുടെ ഭീതി മാറ്റിവച്ചും ആയിരങ്ങളാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റ ചത്വരത്തില്‍ എത്തിയത്. പാപ്പായ്ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഇറ്റലിക്കാര്‍ മാത്രമല്ല, വിവിധ രാജ്യക്കാരുടെ കൂട്ടങ്ങളും അവിടവിടെയായി സാമൂഹിക അകലം പാലിച്ചു കൊടിതോരണങ്ങളുമായി നില്ക്കുന്നത് കാണാമായിരുന്നു. പ്രാദേശിക സമയം മദ്ധ്യാഹ്നം കൃത്യം 12 മണി. ഇതാ, പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ടു. മന്ദസ്മിതത്തോടെ, എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തു. എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.

2. പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം
ഞായറാഴ്ചത്തെ സുവിശേഷഭാഗം - ക്രിസ്തു ദൈവപുത്രനും രക്ഷകനുമാണെന്ന് ഏറ്റുപറഞ്ഞ പത്രോശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തെ അധികരിച്ചായിരുന്നു പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തിയത് (16, 13-20). തന്നോടുള്ള ബന്ധത്തില്‍ ‍അപ്പസ്തോലന്മാര്‍ നിര്‍ണ്ണായകമായ തീരുമാനം എടുക്കുന്നതിനുവേണ്ടി യേശുതന്നെയാണ് ഈ വിശ്വാസപ്രഖ്യാപന സന്ദര്‍ഭത്തിന് വഴിയൊരുക്കിയത്. യഥാര്‍ത്ഥത്തില്‍ തന്നെ അനുഗമിക്കുന്നവരുമായുള്ള യേശുവിന്‍റെ യാത്ര, വിശിഷ്യ തന്‍റെ 12 ശിഷ്യന്മാരുമായുള്ള യാത്ര വിശ്വാസരൂപീകരണത്തിന്‍റെ തീര്‍ത്ഥാടനമായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു. അവിടുന്ന് അവരോട് ആദ്യം ചോദിച്ചത്, മനുഷ്യപുത്രന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്, എന്നായിരുന്നു (13). ഈ ചോദ്യം മറ്റുള്ളവരെപറ്റി ആകയാല്‍ പരദൂഷണം പറയാന്‍ ശിഷ്യന്മാര്‍ ആവേശം കാട്ടിയത് സ്വാഭാവികമായിരുന്നെന്ന് പാപ്പാ ഫലിതോക്തിയോടെ പരാമര്‍ശിച്ചു. മറ്റുള്ളവരെപ്പറ്റി സംസാരിച്ച് തൊലി ഉരിഞ്ഞെടുക്കുന്നതു ചിലര്‍ ലാഘവത്തോടെയാണെന്ന് പാപ്പാ ആരാഞ്ഞു. ശിഷ്യന്മാര്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ് മത്സരിച്ചു കാണുമെന്നും പാപ്പാ അഭിപ്രായപ്പെട്ടു. എന്നാല്‍ അവരുടെ പരദൂഷണത്തിന്‍റെ ആകത്തുക യേശു ഒരു പ്രവാചകനാണെന്നു മാത്രമായിരുന്നു.

3. വിശ്വാസബോധ്യം ഒരു ദൈവകൃപ
രണ്ടാമതായി ക്രിസ്തു ഉന്നയിച്ച ചോദ്യം ശിഷ്യന്മാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു. താന്‍ ആരാണെന്നാണ്, ശിഷ്യന്മാര്‍ പറയുന്നത് എന്നായിരുന്നു. ഈ ചോദ്യത്തിന് ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ ആദ്യം ഒരു നിശ്ശബ്ദതയായിരുന്നു. കാരണം ഈ ചോദ്യം അവരെ ഓരോരുത്തരെയും സ്പര്‍ശിക്കുന്നതായിരുന്നു. അവരുടെ മനസ്സുകളില്‍ ഒരു സന്ദേഹം ഉയര്‍ന്നു കാണുമെന്നും പാപ്പാ ഉറക്കെ ചിന്തിച്ചു. എന്നിട്ട്, തന്നെ ശ്രവിക്കുന്ന എല്ലാവരോടുമായി ഇങ്ങനെ ആരാഞ്ഞു..., അവരെ സംബന്ധിച്ച് ക്രിസ്തു ആരാണെന്നു ചോദിച്ചാല്‍ ഒരു സന്ദേഹം മനസ്സില്‍ വരുന്നത് സ്വാഭാവികമാണെന്ന്.

അങ്ങനെ ഉയര്‍ന്നുവന്ന ഒരു പരുങ്ങലിന്‍റെ മങ്ങിയ ചുറ്റുപാടില്‍ രക്ഷകനാകുന്നത് ശിമയോന്‍ പത്രോസാണ്. അയാള്‍ ആവേശത്തോടെ പ്രഖ്യാപിച്ചത്, അവിടുന്ന് ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്നായിരുന്നു (16). പത്രോസിന്‍റെ ഈ പ്രഖ്യാപനം എത്ര ഔദാര്യത്തോടെയാണെങ്കിലും, അത് അദ്ദേഹത്തിന്‍റെ അറിവില്‍നിന്നോ, സ്വയം പ്രേരണയില്‍നിന്നോ ആവില്ലെന്നും, മറിച്ച് ദൈവത്തിന്‍റെ കൃപയാലാണ് പത്രോസിന് അപ്രകാരം തുറന്നു പ്രഖ്യാപിക്കാന്‍ സാധിച്ചതെന്നും പാപ്പാ അഭിപ്രായപ്പെട്ടു. അതിനാലാണ് ക്രിസ്തു ഉടനെ പറഞ്ഞത്, മാസവും രക്തവുമല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് ഇക്കാര്യം പത്രോസിനു വെളിപ്പെടുത്തി കൊടുത്തതെന്ന് (17).

4. പത്രോസിന്‍റെ പരമാധികാരം
ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കരുത്ത് ഒരുവനു ലഭിക്കുന്നത് ദൈവകൃപയാല്‍ മാത്രമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. അതിനാല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണു ക്രിസ്തുവെന്നും, അവിടുന്ന് ലോക രക്ഷകനാണെന്നും മനസ്സിലാക്കുവാനും പ്രഖ്യാപിക്കുവാനുമുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പത്രോസിനു ലഭിച്ച ദൈവകൃപ, സ്വര്‍ഗ്ഗീയ പിതാവിന്‍റെ അനുഗ്രഹത്തിന്‍റെ അംഗീകാരം ലഭിച്ചതുപോലെയാണ്. ഉടനെ ക്രിസ്തു പറഞ്ഞത്, പത്രോസ് പാറപോലെ കരുത്തനാണെന്നും,
ആ പാറമേല്‍ താന്‍ സഭയെ പടുത്തുയര്‍ത്തുമെന്നും, തിന്മയുടെ ശക്തികള്‍ അതിന്മേല്‍ പ്രബലപ്പെടാത്ത വിധത്തില്‍ അയാള്‍ ഉറച്ച  അടിത്തറയാണെന്ന് ഈശോ പ്രസ്താവിച്ചു (18).
ഈ സ്ഥിരീകരണത്തോടെ ശിമയോന് അയാളുടെ പേരിന്‍റെ അര്‍ത്ഥം, പാറയെന്നാണെന്ന് ഈശോ മനസ്സിലാക്കിക്കൊടുത്തു.

പത്രോസ് വെളിപ്പെടുത്തിയ വിശ്വാസം പാറപോലെ ഉറച്ചതാണെന്നും, അതിന്മേല്‍ അവിടുന്ന് തന്‍റെ സഭയാകുന്ന സമൂഹത്തെ പടുത്തുയര്‍ത്തുമെന്നും അറിയിച്ചു. അതിനാല്‍ ഇന്നും സഭ നിലനില്ക്കുന്നതും വളരുന്നതും പത്രോസിന്‍റെ വിശ്വാസത്തിലും ക്രിസ്തു അയാള്‍ക്കു നല്കിയ പരമാധികാരത്തിലുമാണെന്ന് പാപ്പാ വിശദീകരിച്ചു.  മാത്രമല്ല, ക്രിസ്തു ദൈവപുത്രനാണെന്നുള്ള പത്രോസിന്‍റെ ബോദ്ധ്യമുള്ള വിശ്വാസത്തിന്മേലാണ് അയാളെ സഭയുടെ തലവനാക്കിയതെന്നും പാപ്പാ വ്യക്തമാക്കി.

5. ക്രിസ്തുവിനെ  ലക്ഷ്യംവച്ചുള്ള  യാത്ര
അടുത്തതായി, താന്‍ ആരാണെന്നാണ് ശിഷ്യന്മാര്‍ പറയുന്നത്? ഇന്ന് ക്രിസ്തു നമ്മോട് ഓരോരുത്തരോടുമാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് പാപ്പാ ഓര്‍പ്പിച്ചു. എന്നാല്‍ ക്രിസ്തു ആരാണെന്ന ചോദ്യത്തിന് നാം നല്കേണ്ട ഉത്തരം താത്വികമായ ഒന്നല്ല, മറിച്ച് വിശ്വാസപരവും ജീവല്‍ ബന്ധിയുമായിരിക്കണമെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തു ആരാണ് എന്നു നാം ഓരോരുത്തരും പത്രോശ്ലീഹായ്ക്കൊപ്പം സ്വയം ചോദിക്കണമെന്നും,  ഇതിന് ഉത്തരം പ്രത്യേകമായി പറയേണ്ടതാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു. കാരണം ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാണ്. നമ്മുടെ അര്‍പ്പണത്തിന്‍റെയും സഭാസമര്‍പ്പണത്തിന്‍റെയും സാമൂഹിക കൂട്ടായ്മയുടെയും ലക്ഷ്യം ക്രിസ്തുവാണ്. അങ്ങനെ ജീവിതലക്ഷ്യം രക്ഷകനായ ക്രിസ്തുവാണെങ്കില്‍, ചോദ്യത്തിനുള്ള ഉത്തരം അനുപേക്ഷണീയവും നാം അനുദിനം നല്കേണ്ടതുമാണെന്നും പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു.

6. ഉപവി മാനവ സേവനമല്ല
വിശ്വാസത്തെയും ഉപവിയെയും സംബന്ധിച്ച ഒരു താക്കീതോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന സന്ദേശത്തിന്‍റെ അവസാനഭാഗത്തേയ്ക്കു പ്രവേശിച്ചത്. എവിടെയും ധാരാളമുള്ള ദാരിദ്ര്യത്തിനും ജീവിതക്ലേശങ്ങള്‍ക്കുമായി സഭ ഇന്നു ചെയ്യുന്ന സേവനങ്ങള്‍‍ ഏറെ പ്രശംസനീയവും അനിവാര്യവുമാണെന്ന് പാപ്പാ പ്രസ്താവിച്ചു.  വിശ്വാസയാത്രയുടെയും അതിന്‍റെ പൂര്‍ണ്ണിമയുടെയും മുഖ്യധാര എപ്പോഴും ഉപവിയാണ്, സ്നേഹമാണ്!  എന്നാല്‍ നാം ചെയ്യുന്ന ഈ സല്‍പ്രവൃത്തികള്‍ ഒരിക്കലും നമ്മെ യേശുവില്‍നിന്നും അകറ്റുവാന്‍ ഇടയാക്കരുതെന്നും പാപ്പാ താക്കീതു നല്കി. കാരണം, ക്രിസ്തീയ ഉപവിപ്രവൃത്തി വെറും മാനവസേവനം മാത്രമല്ല.  ഒരുവശത്ത് അത് പാവങ്ങളെയും എളിയവരെയും ക്രിസ്തുവിന്‍റെ കണ്ണുകളാല്‍ കാണുന്നതും, മറുവശത്ത് അവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുന്നതുമായ പ്രതിഭാസമാണ്. ക്രിസ്തുവിനെ എപ്പോഴും കേന്ദ്രസ്ഥാനത്തുവച്ചുകൊണ്ട് സഹോദരങ്ങളെ തുണയ്ക്കുന്നതാണ് ഉപവിയുടെ നേരായ രീതിയെന്ന് പാപ്പാ വിശേഷിപ്പിച്ചു.

7. ഉപസംഹാരം
ദൈവത്തില്‍ സമ്പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച പരിശുദ്ധ കന്യകാനാഥ ക്രിസ്തുവിങ്കലേയ്ക്കുള്ള നമ്മുടെ വിശ്വാസയാത്രയില്‍ മാതൃകയാവട്ടെ! ക്രിസ്തുവിലുള്ള പൂര്‍ണ്ണമായ വിശ്വാസമാണ് ഉപവിയുടെ ജീവിതത്തിനും മനുഷ്യന്‍റെ സമഗ്ര അസ്ഥിത്വത്തിനും നമ്മെ സഹായിക്കുന്നതെന്ന അവബോധം നമ്മില്‍ വളര്‍ത്താന്‍ യേശുവന്‍റെ അമ്മ, കന്യകാനാഥ സകലരെയും തുണയ്ക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം തൃകാലപ്രാര്‍ത്ഥന ചൊല്ലി.  എന്നിട്ട് അപ്പസ്തോലിക ആശീര്‍വ്വാദം  നല്കി.
 

24 August 2020, 13:23