തിരയുക

2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 

മഹാമാരിയുടെ രോഗസംക്രമണം സ്നേഹസംക്രമണമാക്കാം

“കൂട്ടായ്മയും പ്രത്യാശയും” എന്ന വത്തിക്കാന്‍ പ്രസിദ്ധീകരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് കുറിച്ച ആമുഖത്തില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വാള്‍ട്ടര്‍ കാസ്പറും ജോര്‍ജ്ജ് അഗസ്റ്റിനും
ദൈവശാസ്ത്രപണ്ഡിതനും ക്രൈസ്തവൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്‍റുമായിരുന്ന കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറും, സഹപ്രവര്‍ത്തകന്‍, പള്ളൊറ്റൈന്‍ വൈദികന്‍ ജോര്‍ജ്ജ് അഗസ്റ്റിനും ചേര്‍ന്നു രചിച്ച, വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ “കൂട്ടായ്മയും പ്രത്യാശയും” (Communion and Hope) എന്നു ശീര്‍ഷകംചെയ്ത ഗ്രന്ഥത്തിന്‍റെ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്. ഈ മഹാമാരി നമ്മെ തളര്‍ത്തരുതെന്നും, ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാന പ്രഭയിലാണ് ജീവിക്കേണ്ടതെന്നുമുള്ള പ്രത്യാശയുടെ വാക്കുകളോടെ പാപ്പാ ആരംഭിച്ചു. ഈസ്റ്റര്‍ തരുന്ന പ്രത്യാശയും, ആത്മവിശ്വാസവും, ധൈര്യവും നമ്മെ ഐകദാര്‍ഢ്യത്തില്‍ ബലപ്പെടുത്തണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

2. അനുരജ്ഞിതരാകാം സ്നേഹത്തില്‍ ജീവിക്കാം

പഴയ വൈരാഗ്യവും വംശീയതയും വെറുപ്പും വെടിഞ്ഞ്, മാനവകുലത്തെ ഒരു വലിയ കുടുംബമായി കാണുവാനും അതിരുകള്‍ക്കും അപ്പുറം മനുഷ്യരെ സഹായിക്കുവാനും പിന്‍തുണയ്ക്കുവാനുമുള്ള ഹൃദയവിശാലതയും കരുത്തും ഈ വന്‍കെടുതിയില്‍നിന്നും മനുഷ്യകുലം വളര്‍ത്തിയെടുക്കണമെന്നും പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. കോവിഡ്-19 രോഗം പരത്തുന്ന വൈറസ് സംക്രമണം, അതിനാല്‍ സ്നേഹത്തിന്‍റെ സംക്രമണമാക്കി പരിവര്‍ത്തനം ചെയ്തുകൊണ്ട് സാഹോദര്യത്തില്‍ നാം ഒരുമിച്ചാല്‍ ഈ ആഗോള പ്രതിസന്ധിയെ മറികടക്കാനാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

3. ദൈവത്തില്‍ പ്രത്യാശിക്കാം
ലോകം നേരിടുന്നത് നാടകീയമായ ദുരന്തമാണ്. ഒരു കൊടുങ്കാറ്റുപോലെ സമൂഹത്തെയും കുടുംബത്തെയും തൊഴില്‍മേഖലയെയും, പൊതുജീവിതത്തെയും ഈ രോഗം  ആഗോളതലത്തില്‍ തകിടംമറിച്ചിരിക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണത്തില്‍ ലോകം വിലപിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാല്‍ ജീവിതം അനുദിനം കൂടുതല്‍ ക്ലേശകരമാവുകയുമാണ്. ആത്മീയ കൂട്ടായ്മയും ദിവ്യബലിയും അസാദ്ധ്യമാകുന്നുണ്ട്. എങ്കിലും ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മാനവികതയുടെ വ്രണിതഭാവവും, അസ്ഥിരതയും കൂടുതല്‍ പ്രകടമാക്കുമാറ് ജീവിതത്തിന്‍റെ സുനിശ്ചിതത്ത്വങ്ങള്‍ അനിശ്ചിതങ്ങളായി മാറിക്കഴിഞ്ഞു. ജീവിതത്തിന് അടിസ്ഥാനമായ സന്തോഷം ഇല്ലാതായിരിക്കുന്ന ഈ അവസ്ഥയിലും ദൈവത്തില്‍ ശരണപ്പെട്ടു മുന്നേറാമെന്ന് പാപ്പാ ആവര്‍ത്തിച്ച് ആഹ്വാനംചെയ്തു.

4. മനുഷ്യരോടും പ്രകൃതിയോടുമുള്ള കടപ്പാട്
നാം പ്രസക്തമായവയെ വിട്ട് അപ്രസക്തമായ കാര്യങ്ങളില്‍ മുഴുകി ജീവിക്കാന്‍ തുടങ്ങിയിരുന്നു. പ്രധാനപ്പെട്ടവ തള്ളിമാറ്റി അപ്രധാനമായവയില്‍ കൂടുതല്‍ ശ്രദ്ധ പതിക്കാന്‍ താല്പരായിരുന്നു നാം. ഈ വന്‍ പ്രതിസന്ധിക്കിടയിലും ശരിയായവയുടെ തിരഞ്ഞെടുപ്പു നടത്തേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി സ്രഷ്ടാവായ ദൈവത്തിങ്കലേയ്ക്കു തിരിയുന്ന ജീവിതമാര്‍ഗ്ഗം തിരഞ്ഞെടുക്കാം. അതുവഴി സഹോദരങ്ങളോട് ഐക്യദാര്‍ഢ്യത്തിലും സ്നേഹത്തിലും, കൂട്ടായ്മയിലും പങ്കുവയ്ക്കലിലും വളരുവാന്‍ നമുക്കു സാധിക്കും. ആഗോളതലത്തില്‍ കാണുന്ന അഴിമതിയും പാവങ്ങളോടു കാട്ടുന്ന അവഗണനയും അനീതിയും ഉപേക്ഷിച്ച് മാനവകുലം മനുഷ്യരോടും പ്രകൃതിയോടും നീതി പുലര്‍ത്തുന്നൊരു ജീവിതശൈലി ആശ്ലേഷിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നുണ്ട്.

5. വചനത്തിന്‍റെയും കൂദാശകളുടെയും കരുത്ത്
ദൈവവചനത്തിലും കൂദാശകളിലും അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ക്രൈസ്തവ മക്കള്‍ക്ക് ഒരു വിശ്വസാഹോദര്യത്തിന്‍റെയും പൊതുവായ പ്രത്യാശയുടെയും മാര്‍ഗ്ഗം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജൂലൈ 29-ന് പുറത്തുവന്ന വത്തിക്കാന്‍ പ്രസിദ്ധീകരണത്തിലെ ആമുഖം പാപ്പാ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2020, 12:49