തിരയുക

വൃദ്ധ ജനത്തിന് താങ്ങാകുന്ന കരങ്ങൾ! വൃദ്ധ ജനത്തിന് താങ്ങാകുന്ന കരങ്ങൾ! 

മുത്തശ്ശീ മുത്തശ്ശന്മാരെ ഒറ്റയ്ക്കാക്കരുത്, പാപ്പാ യുവതയോട്!

മുത്തശ്ശീമുത്തശ്ശന്മാർ യുവജനത്തിൻറെ വേരുകളാണ്. വേരിൽ നിന്നു വിച്ഛേദിക്കപ്പെട്ട ഒരു വൃക്ഷം വളരുകയൊ പുഷ്പ്പിക്കുകയൊ ഫലം പുറപ്പെടുവിക്കുകയൊ ചെയ്യില്ല, ഫ്രാൻസീസ് പാപ്പ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വയോവൃദ്ധർ ഓരോരുത്തരുടെയും മുത്തശ്ശനോ മുത്തശ്ശിയോ ആണെന്ന് മാർപ്പാപ്പാ.

യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ യൊവാക്കിം, അന്ന എന്നീ വിശുദ്ധരുടെ ഓർമ്മത്തിരുന്നാൾ അനുവർഷം ജൂലൈ 26-ന് ആചരിക്കപ്പെടുന്നത് ഞായറാഴ്ച (26/07/20) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ച വേളയിൽ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വൃദ്ധജനത്തോടു, വിശിഷ്യ, വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും ഒറ്റയ്ക്കായിരിക്കുന്നവരും മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ കഴിയുന്നവരുമായ പ്രായാധിക്യത്തിലെത്തയവരോട് സ്നഹാർദ്രത പ്രകടിപ്പിക്കാൻ പാപ്പാ യുവതയെ പ്രത്യേകം ക്ഷണിച്ചു.

പ്രായം ചെന്നവരിലോരോരുത്തരും യുവജനങ്ങളുടെ മുത്തശ്ശിയൊ മുത്തശ്ശനൊ ആണെന്ന് ഓർമ്മിപ്പിച്ച പാപ്പാ അവരെ ഒറ്റയ്ക്കാക്കരുതെന്ന് ഉപദേശിച്ചു.

സ്നേഹത്തിൻറെ കല്പനാശക്തി പ്രകടപ്പിച്ചുകൊണ്ട്, മുത്തശ്ശീമുത്തശ്ശന്മാരെ ഫോണിൽ വിളിക്കുകയും ദൃശ്യസംവിധാനമുള്ള ഫോണിലൂടെ അവരെ കണ്ടു സംസാരിക്കുകയും അവർക്ക് സന്ദേശങ്ങളയക്കുകയും അവരെ ശ്രവിക്കുകയും, ആരോഗ്യസുരക്ഷാ വ്യവസ്ഥകൾ അനുവദിക്കുകയാണെങ്കിൽ അവരെ സന്ദർശിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യുവജനത്തിൻറെ വേരുകൾ മുത്തശ്ശീമുത്തശ്ശന്മാരാണെന്ന സത്യം പാപ്പാ അടിവരയിട്ടു പറഞ്ഞു.

വേരിൽ നിന്നു വിച്ഛേദിക്കപ്പെട്ട ഒരു വൃക്ഷം വളരുകയൊ പുഷ്പ്പിക്കുകയൊ ഫലം പുറപ്പെടുവിക്കുകയൊ ചെയ്യില്ല എന്ന പ്രകൃതി നിയമം ചൂണ്ടിക്കാട്ടിയ പാപ്പാ അതുകൊണ്ടു തന്നെ വേരുമായുള്ള ഐക്യവും ബന്ധവും നിലനിറുത്തുക സുപ്രധാനമാണെന്ന് ഉദ്ബോധിപ്പിച്ചു. 

“കുഴിച്ചിട്ടതിൽ നിന്നുമുളച്ചതാണ് പൂത്തുലഞ്ഞു നില്ക്കുന്ന വൃക്ഷം” എന്ന് തൻറെ നാട്ടുകാരനായ, അതായത് അർജന്തീനക്കാരനായ, ഒരു കവി കുറിച്ചിട്ടതും പാപ്പാ അനുസ്മരിച്ചു.

 

27 July 2020, 15:12