ഇറ്റലിയിലെ ലാംപദൂസയിൽ നടത്തിയ സന്ദർശനത്തിന്റെ ഏഴാം വാർഷികത്തിൽ സാന്താ മാർത്തയിൽ പാപ്പാ ദിവ്യബലിയർപ്പിക്കും
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2013 ജൂലൈ എട്ടിന് ഇറ്റലിയുടെ ലാംപദൂസാ ദ്വീപിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനം റോമിന് പുറത്തേക്കുള്ള പാപ്പായുടെ ചരിത്രം സൃഷ്ടിച്ച ആദ്യ സന്ദർശനമായിരുന്നു. മെഡിറ്ററേനിയൻ കടലിലൂടെ അപകടപരമായ യാത്ര നടത്തി ആഫ്രിക്കാ ഉപഭൂഖണ്ഡം കടന്ന് പാലായനം ചെയ്യുന്ന അഭയാർത്ഥി പ്രവാഹം കൊടും പിരികൊണ്ട സമയമായിരുന്നു അത്. 'അറബ് വസന്തം' എന്ന് വിളിച്ച് 2010ൽ തുടങ്ങിയ കലാപ ശ്രേണികളില്‍ വടക്കൻ ആഫ്രിക്കയിൽ നിന്ന് രക്ഷപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് ലാംപദൂസയിൽ എത്തിയിരുന്നത്.
ചരിത്രപരമായ തന്റെ സന്ദർശനത്തിൽ മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പാ കടലിൽ പൂക്കൾ വിതറുകയും ചെയ്തിരുന്നു.
തുറന്ന സ്ഥലത്ത് ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിച്ച പാപ്പയുടെ സന്ദർശനത്തെക്കുറിച്ച് അന്നത്തെ വത്തിക്കാൻ വാർത്താവിഭാഗ മേധാവിയായിരുന്ന ഫാ. ഫെഡറിക്കോ ലൊംബാർദി "മാർപ്പാപ്പയുടെ ഈ ദിവസത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുക എന്നത് ഏറ്റം പ്രധാനപ്പെട്ടതാണ്. എല്ലാറ്റിലും ഉപരിയായി ഇത് ഐക്യദാർഢ്യത്തിന്റെ ഒരു തെളിവാണ്. ഇന്നത്തെ കാലത്തിന്റെ ഏറ്റം ഗുരുതരമായ പ്രശ്നത്തിലേക്ക്: അസ്വാതന്ത്ര്യവും, പട്ടിണിയും, തുടങ്ങി പല ഗുരുതരമായ പ്രശ്നങ്ങളും മൂലം സ്വന്തം നാട് വിട്ട് പോകേണ്ടി വരുന്ന നിർബന്ധിത കുടിയേറ്റത്തിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കാനുള്ള ഒരു നീക്കമായും ഇങ്ങനെ കുടിയേറുന്നവരുടെ സ്വന്തം നാട്ടിലെ ജീവിതം അസാധ്യവും ദുരിതപൂർണ്ണവുമാക്കുന്ന സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു നീക്കമാണ് പാപ്പാ നടത്തിയതെന്നും വിശേഷിപ്പിച്ചിരുന്നു.