തിരയുക

HEALTH-CORONAVIRUS/POPE HEALTH-CORONAVIRUS/POPE 

അകല്‍ച്ചയുടെ കാലത്ത് വളരുന്ന അടുപ്പത്തിന്‍റെ അനുഭവങ്ങള്‍

കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ രാജ്യാന്തര വെബിനാര്‍ സംഗമത്തിന് (Webinar) പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. കത്തോലിക്കാ പ്രസിദ്ധീകരണങ്ങളുടെ സംഗമം
അമേരിക്കയിലെ പോര്‍ട്ട്ലാന്‍റ് കേന്ദ്രമാക്കി ജൂണ്‍ 29-മുതല്‍ ജൂലൈ
2-വരെ സംഗമിച്ച കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ രാജ്യാന്തര “വെബ് സംഗമ”ത്തിന് (webinar of World Catholic Press Association) പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചിരുന്നു. മഹാമാരിയുടെ പ്രതിസന്ധിയില്‍ മാധ്യമ ശ്രൃംഖലയിലൂടെ കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒരു രാജ്യാന്തര സംഗമം സംവിധാനം ചെയ്തതിലുളള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ആരംഭിച്ചത്.

2. ലോകത്ത് ഉയരുന്ന കൂട്ടായ്മയുടെ സ്പന്ദനങ്ങള്‍
വൈറസ് ബാധ സാമൂഹ്യ അകലം പാലിച്ചു ജീവിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും, മാനവികതയില്‍ ഇന്ന് ഉയര്‍ന്നിരിക്കുന്ന കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും ആന്തരികമായ സ്പന്ദനങ്ങള്‍ ശ്രദ്ധേയവും വളര്‍ത്തിയെടുക്കേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ സമ്മേളനം തിരഞ്ഞെടുത്തിരിക്കുന്ന “അകന്നിരിക്കുമ്പോഴും ഒരുമയോടെ...” (Together while apart…) എന്ന പ്രതിപാദ്യവിഷയം പ്രസക്തവും അഭിനന്ദനാര്‍ഹവുമെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. പൗലോസ് അപ്പസ്തോലന്‍ വിവിരിക്കുന്നതുപോലെ, ഒരു ശരീരത്തിലെ അവയവങ്ങള്‍പോലെ, വിവിധങ്ങളെങ്കിലും കൂട്ടായ്മയോടെയും പരസ്പരസഹായത്തിന്‍റെയും ശ്രൃംഖല വളര്‍ത്തിയെങ്കിലേ മാധ്യമപ്രസ്ഥാനങ്ങള്‍ക്ക് നിലനില്പുള്ളൂവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

3. മാധ്യമങ്ങള്‍ മാനവികതയെ
കൂട്ടിയിണക്കുന്ന കണ്ണികളാകണം

കൂട്ടായ്മയും സാമൂഹിക നന്മയും വളര്‍ത്തുന്ന ഉപകരണങ്ങളാവണം കത്തോലിക്ക പത്രമാധ്യമങ്ങളെന്ന് പൗലോശ്ലീഹ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്ന വചനം ഉദ്ധരിച്ചുകൊണ്ട് അഭ്യര്‍ത്ഥിച്ചു. വ്യാജം വെടിഞ്ഞ് നാം സത്യം സംസാരിക്കണം കാരണം നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ് (എഫേ. 4, 25). മാധ്യമങ്ങള്‍ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനുമുള്ള കണ്ണികളാവണമെന്നാണ് ഏതാനും മാസത്തെ മഹാമാരിയുടെ ക്ലേശങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെ അകന്നുപോയ മനുഷ്യത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെ കണ്ണികളെ കൂട്ടിയിണക്കുവാന്‍ ഉതകുന്ന വിധത്തില്‍ സന്ദേശങ്ങള്‍ സത്യസന്ധമായും സുതാര്യമായും നിഷ്പക്ഷമായും പങ്കുവയ്ക്കുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

4. അമേരിക്കന്‍ പത്രത്തിന്‍റെ നല്ല മാതൃക
1822-ല്‍ ബിഷപ്പ് ജോണ്‍ ഇംഗ്ലണ്ട് തുടക്കമിട്ട “കാത്തലിക്ക് മിഷെല്ലാനി” (Caharleston Catholic Miscellany) എന്ന അമേരിക്കയിലെ ആദ്യ കത്തോലിക്കാ പത്രത്തിന്‍റെ മാതൃക പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ സമൂഹങ്ങളെ സത്യം അറിയിക്കുവാനും പരസ്പരം അടുപ്പിക്കുവാനും കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു  (സന്ദേശം അപൂര്‍ണ്ണം...).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2020, 08:08