പാപ്പായുടെ അനുശോചന സന്ദേശവും പ്രാർത്ഥനയും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ വിശ്രമജീവിതം നയിക്കുന്ന “എമിരെറ്റസ്” പാപ്പാ ബെനഡിക്ട് പതിനാറാമൻറെ ജേഷ്ഠസഹോദരൻ മോൺസിഞ്ഞോർ ഗെയോർഗ് റാറ്റ്സിംഗറുടെ (Georg Ratzinger) നിര്യാണത്തിൽ ഫ്രാൻസീസ് പാപ്പാ അനുശോചിക്കുകയും പരേതൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിൻറെ വേർപാടിൽ താൻ ദുഃഖിക്കുകയും ദൈവം പരേതനെ സ്വർഗ്ഗീയ ഭവനത്തിൽ അവിടത്തെ കാരുണ്യത്തിൽ സ്വീകരിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പാപ്പാ വ്യാഴാഴ്‌ച (02/07/20) ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് നല്കിയതായി പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തി.
സഹോദരൻറെ മരണ വാർത്ത ബെനഡിക്ട് പതിനാറാമൻ പാപ്പാ, തന്നെയാണ് ആദ്യം അറിയിച്ചതെന്ന് കത്തിൽ അനുസ്മരിക്കുന്ന ഫ്രാൻസീസ് പാപ്പാ വേദനയുടെ ഈ വേളയിൽ തൻറെ അഗാധമായ സഹാനുഭൂതിയും ആദ്ധ്യാത്മിക സാമീപ്യവും ഉറപ്പു നല്കുന്നു.
സുവിശേഷത്തിൻറെ ശുശ്രൂഷകർക്കായി ഒരുക്കിയിട്ടുള്ള സമ്മാനം ദൈവം പരേതന് നല്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു.
ക്രിസ്തീയ പ്രത്യാശയുടെയും ആർദ്രമായ ദൈവിക സാന്ത്വനത്തിൻറെയും താങ്ങ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ലഭിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം ഫ്രാൻസീസ് പാപ്പാ അപേക്ഷിക്കുകയും ചെയ്യുന്നു.
വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ചികിത്സയിലായിരുന്ന, 96 വയസ്സ് പ്രായമുണ്ടായിരുന്ന, മോണ്‍സിഞ്ഞോര്‍ഗെയോർഗ് റാറ്റ്സിംഗറുടെ അന്ത്യം ജൂലൈ 1-ന് ബുധനാഴ്ച രാവിലെ ജര്‍മ്മനിയില്‍ റീഗന്‍സ്ബെര്‍ഗിലെ ആശുപത്രിയില്‍വച്ചായിരുന്നു.
അദ്ദേഹത്തെ ബെനഡിക്ട് പതിനാറാമൻ പാപ്പാ ജൂണ്‍18-ന് ആശുപത്രിയിലെത്തി സന്ദർശിക്കുകയും 19-Ɔο തിയതി ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ അദ്ദേഹത്തോടൊരുമിച്ച് ആശുപത്രിയിലെ കപ്പേളയില്‍ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇരുപത്തിരണ്ടാം തീയതിയാണ് 93 വയസ്സുകാരനായ ബെനഡിക്ട് പതിനാറാമൻ പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തിയത്.
മോണ്‍സിഞ്ഞോര്‍ഗെയോർഗ് റാറ്റ്സിംഗറുടെ ശവസംസ്ക്കാര കർമ്മം എട്ടാം തീയതി ബുധനാഴ്ച (08/07/20) റീഗൻസ്ബർഗിലെ കത്തീദ്രലിൽ നടക്കും.