തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 

യു എൻ സുരക്ഷാസമിതിയുടെ വെടിനിറുത്തൽ ആഹ്വാനം പ്രശംസനീയം, പാപ്പാ!

വെടി നിറുത്തൽ ആഹ്വാനം ഫലപ്രദമായി ഉടൻ നടപ്പാക്കപ്പെടട്ടെ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ പ്രമേയം സമാധാനപരമായ ഭാവിയിലേക്കുള്ള ധീരമായ ആദ്യ ചുവടുവയ്പ്പായി ഭവിക്കട്ടെ, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് സഹായകമായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഒരു പ്രമേയം അംഗീകരിച്ചതിൽ പാപ്പാ സംതൃപ്തി രേഖപ്പെടുത്തുന്നു.

ജൂലൈ 5-ന്,ഞായറാഴ്ച (05/07/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നാ പ്രാർത്ഥനാവേളയിലാണ് ഫ്രാൻസീസ് പാപ്പാ, യു എൻ സുരക്ഷാസമതി ജൂലൈ 1-ന് ബുധനാഴ്ച (01/07/20) അംഗീകരിച്ച ഈ പ്രമേയത്തെക്കുറിച്ച് പരാമാർശിച്ചത്.

കോവിദ് 19 മഹാമാരിയുടെ വിനാശകരങ്ങളായ പ്രത്യാഘാതങ്ങളെ, വിശിഷ്യ, സംഘർഷവേദികളായ ഇടങ്ങളിൽ, നേരിടാൻ ഉതകുന്ന ചില നടപടികൾ ഈ പ്രമേയത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

അടിയന്തരാവശ്യമായ മാനവികസഹായം എത്തിക്കുന്നതിന് അനിവാര്യമായ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനു വേണ്ടി ആഗോളതലത്തിലുള്ളതും സത്വരവുമായ വെടിനിറുത്തലിനുള്ള ആഹ്വാനം ഈ പ്രമേയം നലകുന്നത്  ശ്ലാഘനീയമാണെന്ന് പാപ്പാ പറഞ്ഞു.

യാതനകളനുഭവിക്കുന്ന അനേകമാളുകളുടെ നന്മയെ കരുതി ഈ തീരുമാനം ഫലപ്രദമായി ഉടൻ നടപ്പാക്കപ്പെടട്ടെയെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ പ്രമേയം സമാധാനപരമായ ഭാവിയിലേക്കുള്ള ധീരമായ ആദ്യ ചുവടുവയ്പ്പായി ഭവിക്കട്ടെയുന്നും പാപ്പാ ആശംസിച്ചു.

ഏറ്റവും ചുരുങ്ങിയത് 90 ദിവസം തുടർച്ചയായി വെടി നിറുത്താനാണ് പതിനഞ്ചംഗ യു എൻ സുരക്ഷാസമിതി ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം 2532 ആവശ്യപ്പെട്ടിരിക്കുന്നത്.

 

07 July 2020, 09:03