പാപ്പായുടെ അപ്രമാദിത്വവും ശ്ലൈഹിക പ്രാമുഖ്യവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാർവ്വത്രിക സഭയിൽ പാപ്പായ്ക്കുള്ള ശ്ലൈഹികപ്രാമുഖ്യത്തെയും പാപ്പായുടെ അപ്രമാദിത്വത്തെയും അഥവാ തെറ്റാവരത്തെയും സംബന്ധിച്ച സിദ്ധാന്തങ്ങൾ അംഗീകരിക്കപ്പെട്ടിട്ട് ജൂലൈ 18-ന് 150 വർഷം പൂർത്തിയാകുന്നു.
ഒന്നാം വത്തിക്കാൻ സൂനഹദോസിൽ 535 പിതാക്കന്മാർ ഐകകണ്ഠ്യേന അംഗീകരിച്ച, പാപ്പായുടെ അപ്പമാദിത്വത്തെയും ശ്ലൈഹിക പ്രാമുഖ്യത്തെയും സംബന്ധിച്ച “പാസ്തോർ എത്തേർനൂസ്” ("Pastor Aeternus") എന്ന പ്രഖ്യാപനം 1870 ജൂലൈ 18ന് ഒമ്പതാം പീയൂസ് പാപ്പായാണ് പുറപ്പെടുവിച്ചത്.
ദൈവികവെളിപാടിനേയോ അതുമായി ഗാഢബന്ധമുള്ള വിഷയങ്ങളേയോ സംബന്ധിച്ച് സാർവത്രികസഭയെ പ്രബോധിപ്പിക്കുമ്പോൾ, കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പയ്ക്ക്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ തെറ്റാവരം അല്ലെങ്കിൽ അപ്രമാദിത്വം എന്നറിയപ്പെടുന്നത്.
അപ്പസ്തോലപ്രമുഖനായ പത്രോസും അദ്ദേഹത്തിൻറെ പിൻഗാമികളും സഭയുടെ ഐക്യത്തിൻറെ ശാശ്വതവും ദൃശ്യവുമായ അടിത്തറയാണ് എന്നതാണ് സഭയിൽ പാപ്പായുടെ ശ്ലൈഹികപ്രമുഖ്യത്തിന് അടിസ്ഥാനം.