തിരയുക

യേശു സിസഗോഗില്‍ പഠിപ്പിക്കുന്നു... യേശു സിസഗോഗില്‍ പഠിപ്പിക്കുന്നു... 

"ക്രിസ്തു ജീവിക്കുന്നു”:യേശു നിത്യയൗവനയുക്തന്‍

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 22-23 വരെയുള്ള ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്‍റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന'' ത്തിന്‍റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ '' ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

22.  യേശു നിത്യയൗവനയുക്തന്‍

യേശു " യുവജനത്തിനു മാതൃകയായിരിക്കാനും അവരെ കർത്താവിനു സമർപ്പിക്കാനും വേണ്ടി യുവാക്കന്മാരുടെയിടയിൽ യുവാവാണ്‌.” ഇക്കാരണത്താൽ സിനഡ് ഇങ്ങനെ പറഞ്ഞു: " യൗവനം യഥാർത്ഥവും പ്രചോദനകരവുമായ ജീവിതഘട്ടമാണ്. യേശു തന്നെ അത് അനുഭവിച്ചു, അങ്ങനെ അതിനെ വിശുദ്ധീകരിച്ചു."(കടപ്പാട് പി.ഒ.സി പ്രസദ്ധീകരണം).

യൗവനം യഥാർത്ഥവും പ്രചോദനകരവുമായ ജീവിതഘട്ടമാണ്. യേശു ഈ കാലഘട്ടത്തെ അനുഭവിക്കുകയും ചെയ്തുവെന്ന് യുവജന സിനഡിന്‍റെ പ്രഖ്യാപനത്തെ പാപ്പാ  ഇവിടെ പരാമർശിക്കുന്നു. യേശു നല്ല ഒരു യുവാവായിരുന്നു. ജീവിതത്തിന്‍റെ ആരോഹണങ്ങളിലും അവരോഹണങ്ങളിലും പതറാത്ത യുവാവ് . ലക്ഷ്യത്തെ മുന്നിൽ കണ്ട് ജീവിച്ച യുവാവ്. ദൈവത്തിന്‍റെ തിരുവിഷ്ടത്തിനൊത്ത് മരണത്തെ പുൽകുമ്പോഴും ധീരനായി, ആത്മാർത്ഥതയും, അനുസരണവുമുള്ളവനായി ആത്മസംതൃപ്തിയോടെ എല്ലാം പൂർത്തിയാക്കി കടന്നു പോയ യുവാവ്.

പ്രശസ്ത തത്വചിന്തകനായ വിൽഡുറന്‍റ് ഇങ്ങനെ പറഞ്ഞിട്ടുണ്ട് : "ജീവിതത്തിൽ ഓരോർത്തർക്കും തങ്ങൾ അഭിനയിക്കേണ്ട ഭാഗത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ട്. എന്നാൽ ആർക്കും തന്നെ അതിന്‍റെ സമഗ്രമായ അർത്ഥത്തെ കുറിച്ച് ഒന്നുമറിയില്ല" എന്ന്. വ്യക്തി ജീവിതത്തിന്‍റെ അർത്ഥം കണ്ടെത്താൻ പരിശ്രമിക്കാതെ പോകുന്നതാണ് ജീവിത പരാജയത്തിന്‍റെ അടിസ്ഥാന ഘടകമെന്ന് തോന്നുന്നു. അത് കൊണ്ടാവണം ചെറിയ ഇടർച്ചകളുടെ മുന്നിൽ  ജീവിതത്തെ ഇടവഴികളിൽ അവസാനിപ്പിച്ചിട്ട് പല യുവജനങ്ങളും യാത്രയാകുന്നത്. എന്നാൽ പ്രചോദനകരമായ ജീവിതഘട്ടമാണ് യൗവനം എന്ന് പാപ്പാ തന്‍റെ അപ്പോസ്തോലിക പ്രബോധനത്തിൽ പങ്കുവയ്ക്കുന്നു.

യുവജനങ്ങൾ ജീവിതത്തെ അടുത്തും അകലെ നിന്നും നോക്കി കാണണം. തന്‍റെ കലാ സൃഷ്ടിയെ അൽപ്പം അകലെ നിന്നു നോക്കി വിലയിരുത്തുന്ന ഒരു ചിത്രകാരനെ പോലെ ജീവിതത്തെ വിലയിരുത്തുവാനും നമ്മിൽ നാം ഒരകലം തീർക്കണം. അങ്ങനെയെങ്കിൽ നമ്മുടെ ജീവിതത്തിൽ അനിവാര്യമായ മാറ്റങ്ങളെ കണ്ടെത്തി സമൂഹത്തിന് നല്ല മാറ്റങ്ങളെ സമ്മാനിക്കാൻ കഴിയും. അങ്ങനെ തങ്ങളുടെ യനവനത്തെ ലോകത്തിന്‍റെയും സഭയുടെയും നന്മയ്ക്കായി പങ്കുവച്ച അനേകം വ്യക്തികൾ ലോകത്തിൽ നിന്നും മറഞ്ഞിട്ടും ഇന്നും ജീവിക്കുന്നവരായി തുടരുന്നു. അതിനുത്തമദാഹരണമാണ് വിശുദ്ധ ഫ്രാൻസിസ് അസ്സിസി.

സ്വന്തം ജീവിതത്തെ ക്രിസ്തുവിന്‍റെ കണ്ണുകളിൽ കാണാൻ സ്വയം പരിശീലിച്ച വ്യക്തി. രാത്രികളിലെ മധുവിരുന്നും, ലഹരിയും, സംഗീതവും, നടനവും ശരീരസുഖം നൽകിയപ്പോൾ  ആത്മാവിന്‍റെ കർണ്ണപുടങ്ങളിൽ ഫ്രാൻസിസ് അതേവരെ കേൾക്കാത്ത ഒരു സംഗീതം വന്നു പതിച്ചു. ആ സംഗീത ലഹരിയിൽ ലയിച്ച ഫ്രാൻസിസ് പിന്നീടൊരിക്കലും രാത്രിയുടെ യാമങ്ങളിലേക്ക് മടങ്ങിപോയില്ല. കാരണം അയാളുടെ യൗവനം പകലിന്‍റെ മക്കളായി ജീവിക്കാൻ പഠിപ്പിച്ച ക്രിസ്തുവെന്ന യുവാവിന്‍റെ കരവലയത്തിനുള്ളിലായിരുന്നു. മുപ്പത്തിമൂന്നു വയസ്സിൽ ജീവിതത്തെ മറ്റുള്ളവർക്കായി ദർപ്പണമാക്കിയ ക്രിസ്തുവെന്ന യുവാവിന്‍റെ തിരുമന്ത്രണങ്ങളെ കേൾക്കാൻ നാം മനസ്സു കാണിക്കുമെങ്കിൽ ജീവിതത്തിൽ നമുക്കും ഫ്രാ൯സിസ് കേട്ട ക്രിസ്തു എന്ന യുവാവിന്‍റെ സ്നേഹ സംഗീതം കേൾക്കാനാകും.

23. യേശുവിന്‍റെ യൗവനം

കർത്താവ് മുപ്പത് വയസ്സു കഴിഞ്ഞപ്പോൾ (cf. ലൂക്കാ.3:23) കുരിശിൽ വച്ച് ജീവൻ വെടിഞ്ഞു (cf. മത്താ 27:50). യേശു യുവാവായ വ്യക്തിയായിരുന്നുവെന്ന് തിരിച്ചറിയുക സുപ്രധാന കാര്യമാണ്. അവിടുന്ന് ജീവൻ വെടിഞ്ഞത് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, യുവാവ് മുതിർന്നവനായിരിക്കുമ്പോഴാണ്. അവിടുന്ന് ജീവിതാരംഭത്തിൽ തന്‍റെ പരസ്യ ഭൗത്യം തുടങ്ങി. അങ്ങനെ ഒരു പ്രകാശം ഉദിച്ചു" (മത്താ4.16). തന്‍റെ ജീവൻ അവസാനം വരെ നൽകിയപ്പോൾ അത് ഏറ്റവും അധികം ശോഭിച്ചു. ആ അവസാനം യാദൃശ്ചികമായി സംഭവിച്ചതല്ല. അവിടത്തെ യൗവനം മുഴുവനും ഓരോ നിമിഷവും അതിനു വേണ്ടിയുള്ള വിലപിടിപ്പുള്ള തയ്യാറെടുപ്പായിരുന്നു." യേശുവിന്‍റെ ജീവിതത്തിലുള്ള ഓരോ കാര്യവും അവിടത്തെ രഹസ്യത്തിന്‍റെ ഒരടയാളമായിരുന്നു "യഥാർത്ഥത്തിൽ " ക്രിസ്തുവിന്‍റെ മുഴുവൻ ജീവിതവും ഒരു രക്ഷാകര രഹസ്യമായിരുന്നു".."(കടപ്പാട് പി.ഒ.സി പ്രസദ്ധീകരണം).

യേശുവിന്‍റെ യൗവനത്തെ കുറിച്ച് പാപ്പാ ഇവിടെ സംസാരിക്കുന്നു.  സമയം പരിമിതമായിരുന്നു. അത് കൊണ്ട് അവസരങ്ങളെ ക്രിസ്തു അതീവ തീക്ഷണതയോടെ ഉപയോഗപ്പെടുത്തി. കൈവശമുള്ളപ്പോൾ അശ്രദ്ധമായി ഉപയോഗിക്കുക. കൈവിട്ട് പോകുമ്പോൾ തീവ്രമായി കാംക്ഷിക്കുക എന്നാരോ എഴുതിയത് ഓർക്കുന്നു.  ഇത് ഓരോ വ്യക്തിയും അഭിമുഖികരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.  പുതിയതൊരു ജീവിതത്തിനുള്ള ഊഴം നമുക്ക് കിട്ടുമെന്നത് അസാധ്യമായിരിക്കെ വർത്തമാനത്തിൽ ദൈവം നൽകുന്ന സാധ്യതകളെ വിരസമായി വിനിയോഗിക്കാതിരിക്കാൻ നാം എത്രമാത്രം ശ്രദ്ധിക്കണമെന്ന് ക്രിസ്തു എന്ന യുവാവിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. എങ്ങനെ? ക്രിസ്തു തന്‍റെ ജീവിതത്തെ എപ്പോഴും തന്‍റെ പിതാവായ ദൈവത്തിന്‍റെ മുന്നിൽ നിന്നും വിലയിരുത്തിയിരുന്നു. ദൈവവുമായി തന്‍റെ അഭിപ്രായം പങ്കുവച്ചിരുന്നു. വ്യക്തി പരമായ പ്രാർത്ഥനയിലൂടെ തന്‍റെ പിതാവുമായി  സംഭാഷണം നടത്തിയിരുന്നു. ധ്യാനിച്ചിരുന്നു. തന്‍റെ ശിഷ്യന്മാരോടു പോലും താൻ ആരാണെന്നും, തന്നെ കുറിച്ച് അവരുടെയും മറ്റുള്ളവരുടെയും ചിന്തകൾ എന്താണെന്നും അറിയാൻ ആശയ വിനിമയം നടത്തിയിരുന്നു.

നമ്മുടെ കൈകളിൽ നൽകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങളെ  നാം എങ്ങനെയാണ് ഉപയോഗിക്കുന്നത്. ഉത്തരവാദിത്വങ്ങൾ അപകടം പിടിച്ചതാണ്. അപകടം പിടിച്ച ഉത്തരവാദിത്വത്തെ അതിസാധാരണമായ വിധത്തിൽ സാഹസികമായി പൂർത്തീകരിച്ചവനാണ് ക്രിസ്തു. ഉത്തരവാദിത്വത്തിന്‍റെ എല്ലാ ഭീകരതയും അപകടങ്ങളും മരണവും നേരിട്ടു. അതിന് ശക്തി പകർന്നത് പിതാവുമായുള്ള ക്രിസ്തുവിന്‍റെ ആത്മബന്ധമാണ്. യുവജനങ്ങൾ തങ്ങളുടെ യുവത്വത്തെ സഭയ്ക്കും സമൂഹത്തിനും പ്രകാശമായി നൽകണമെങ്കിൽ നമ്മുടെ മാതാപിതാക്കൾ, മുതിർന്നവർ നൽകുന്ന അനുഭവങ്ങളുടെ വിളക്ക് നാം കയ്യിൽ കരുതണം. ക്രിസ്തു പിതാവിനോടു എപ്പോഴും ആശയവിനിമയം ചെയ്തതുപോലെ ജീവിതത്തിന്‍റെ തീരുമാനങ്ങളിൽ, നമ്മുടെ സംരംഭങ്ങളിൽ അവരെയും ഉൾപ്പെടുത്തി മുന്നോട്ടു പോകുമ്പോൾ മനുഷ്യന്‍റെ വീഴ്ച്ചകളെ സ്നേഹിച്ച ക്രിസ്തു  നമ്മുടെ വീഴ്ച്ചകളെയും  അജ്ഞകളെയും   കണ്ടെത്തുവാനും പരിഹരിക്കുവാനും ഇവരിലൂടെ പ്രവർത്തിക്കും.

ക്രിസ്തുവിന്‍റെ മുഴുവൻ ജീവിതവും ഒരു രക്ഷാകര രഹസ്യമായിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ തന്‍റെ അപ്പോസ്തോലിക പ്രബോധനത്തിൽ സൂചിപ്പിക്കുന്നു. ജീവിതത്തിൽ നാം രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാണ്. നമ്മുടെ രഹസ്യം രക്ഷാകരമോ അതോ നമ്മുടെ തന്നെ ആത്മാവിന് ശിക്ഷാർഹമോ? എന്ന് സ്വയം വിചിന്തനം ചെയ്യുകയും നമ്മുടെ ജീവിതത്തെ ദൈവത്തിന്‍റെ മുന്നിൽ വായിക്കുവാൻ അനുവദിക്കുകയും ആത്മശോധന വഴി ദൈവം നമുക്ക് നൽകിയിരിക്കുന്ന യൗവനത്തെ പ്രകാശിപ്പിക്കുവാൻ പരിശ്രമിക്കാം. അങ്ങനെ എല്ലാം പൂർത്തിയാക്കി കടന്നുപോയ ക്രിസ്തുവിനെപ്പോലെ ജീവിതത്തിന്‍റെ നിയോഗത്തെ പൂർത്തീകരിച്ചു കടന്നുപോകുവാൻ ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ.

10 July 2020, 10:28