തിരയുക

Vatican News
കാലം ചെയ്ത കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കി  (Cardinal Zenon Grocholewski) കാലം ചെയ്ത കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കി (Cardinal Zenon Grocholewski) 

കർദ്ദിനാൾ ഗ്രൊച്ചൊലേവ്സ്ക്കി കാലം ചെയ്തു, പാപ്പാ അനുശോചിച്ചു!

സ്വന്തം ദൗത്യ നിർവ്വഹണ മേഖലകളിലെല്ലാം പൗരോഹിത്യ തീക്ഷ്ണതയ്ക്കും സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും സാക്ഷ്യം നല്കിയ ശുശ്രൂഷകനാണ് കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയുടെ (CARDINAL ZENON GROCHOLEWSKI) നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചിക്കുന്നു.

അപ്പസ്തോലിക കോടതിയുടെ കാര്യദർശി, പ്രീഫെക്ട്, കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള സംഘത്തിൻറെ തലവൻ, തുടങ്ങിയ നിലകളിൽ പരിശുദ്ധസിംഹാസനത്തിനു വേണ്ടി ഉദാരമനസ്ക്കതയോടെ സേവനമനുഷ്ഠിച്ചുള്ള കർദ്ദിനാൾ ഗ്രൊച്ചൊലേവ്സ്ക്കി ആ മേഖലകളിലെല്ലാം തന്നെ പൗരോഹിത്യ തീക്ഷ്ണതയ്ക്കും സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും സഭയെ കെട്ടിപ്പടുക്കുന്നതിനും സാക്ഷ്യമേകിയെന്ന് ഫ്രാൻസീസ് പാപ്പാ പരേതൻറെ സഹോദരനായ വ്ലദിസ്ലാവ് ഗ്രൊച്ചൊലേവ്സ്ക്കിയ്ക്ക് അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.

റോമിലെ ഗ്രിഗോറിയൻ, ലാറ്ററൻ എന്നീ പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ കാനനൻ നിയമാദ്ധ്യാപകനായി അദ്ദേഹം ഏകിയ സേവനവും പാപ്പാ നന്ദിയോടെ ഓർക്കുന്നു.

കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും ചാരെ താൻ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് അറിയിക്കുന്ന പാപ്പാ, കർത്താവായ യേശു അവിടത്തെ ശിഷ്യർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള നിത്യസമ്മാനം പരേതന് പ്രദാനം ചെയ്യുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

81 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കി വെള്ളിയാഴ്ച (17/07/20) റോമിൽ വച്ചാണ് മരണമടഞ്ഞത്.

പോളണ്ടിലെ ബ്രോദ്കിയിൽ 1939 ഒക്ടോബർ 11-ന് ജനിച്ച അദ്ദേഹം 1963 മെയ് 27-ന് പൗരോഹിത്യം സ്വീകരിക്കുകയും 1983 ജനുവരി 6-ന് മെത്രാനായി അഭിഷിക്തനാകുകയും 2001 ഫെബ്രുവരി 21-ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു.

കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയുടെ നിര്യണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 221 ആയി താണു. 

ഇവരിൽ പാപ്പായെ തിരഞ്ഞെടുക്കാൻ സമ്മതിദാനാവകാശമുള്ളവർ 122 ആണ്. ശേഷിച്ച 99 പേർ 80 വയസ്സിനുമേൽ പ്രായമുള്ളവരാകയാൽ ഈ അവകാശം ഇല്ല.

കർദ്ദിനാൾ ത്സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയുടെ മൃതസംസ്കാര ദിവ്യബലി ശനിയാഴ്ച (18/07/20) രാവിലെ 11 മണിക്ക് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാൾ സംഘത്തിൻറെ ഉപാദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഈ വിശുദ്ധകുർബ്ബാനയുടെ അവസാനം ഫ്രാൻസീസ് പാപ്പാ അന്തിമോപചാര ശുശ്രൂഷ (the final Commendatio and Valedictio) നയിച്ചു. 

 

18 July 2020, 14:31