തിരയുക

2020.06.17 Udienza Generale 2020.06.17 Udienza Generale 

പാപ്പാ ഫ്രാന്‍സിസിന്‍റെ അതുല്യമായ പദസമ്പത്ത്

വത്തിക്കാന്‍റെ മുദ്രണാലയം പുറത്തുകൊണ്ടുവരുന്ന പുതിയ ഗ്രന്ഥം – പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളെയും ചിന്താധാരകളെയും സംബന്ധിച്ച്... (The vocabulary of Pope Francis).

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒരു വത്തിക്കാന്‍ പ്രസിദ്ധീകരണം

വാക്കുകള്‍ ദൈവിക വിചിന്തനമായി ജീവിതത്തില്‍ അവതരിപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്താധാരകളെക്കുറിച്ചുള്ള ഗ്രന്ഥത്തിന്‍റെ  കര്‍ത്താക്കള്‍, ജോഷ്വാ മാക്-എല്‍വീയും (Joshua J. McElwee) സിന്‍റീ വൂഡനുമാണ് (Cindy Wooden). രണ്ടുപേരും റോമില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്വദേശികളായ അറിയപ്പെട്ട എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമാണ്. വത്തിക്കാന്‍റെ മുദ്രണാലയമാണ്, (LEV Libreria Editrice Vaticana) ഗ്രന്ഥം പുറത്തുകൊണ്ടുവരുന്നത്. കിഴക്കിന്‍റെ പാത്രയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ അവതാരികയും, ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലിയുടെ മുഖപ്രസംഗവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. കാരണം രണ്ടു വ്യക്തികളും പാപ്പാ ഫ്രാന്‍സിസിനെ അടുത്ത് അറിയുകയും ഒന്നിച്ചു  പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്.

2. സഭാശുശ്രൂഷയില്‍ സജീവമാകുന്ന
വാക്കുകളും ചിന്തകളും

ഈ ഗ്രന്ഥം പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളിലെ ശ്രദ്ധേയമായ വാക്കുകളെയും ചിന്തകളെയും കുറിച്ചുള്ള വിലയിരുത്തലാണ്. പാപ്പായുടെ വാക്കുകള്‍  എങ്ങനെ സഭാശുശ്രൂഷയില്‍ സജീവമാകുന്നുവെന്നു ഗ്രന്ഥകര്‍ത്താക്കള്‍ സൂക്ഷ്മമായി വിശദീകരിക്കുന്നു. വാക്കുകള്‍ക്ക് പാലം പണിത് കൂട്ടിയിണക്കുവാനും, മതിലുകെട്ടി വ്യക്തികളെയും സമൂഹങ്ങളെയും വേര്‍പെടുത്തുവാനും അകറ്റിനിര്‍ത്തുവാനും കരുത്തുണ്ട്. എന്നാല്‍ അവ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും പാലം പണിയുന്ന ഘടകമായി പ്രവര്‍ത്തിക്കുമെന്നും അടുത്ത സുഹൃത്തും ആത്മീയതയില്‍ സഹോദരനെപ്പോലെ  ജീവിക്കുകയും ചെയ്യുന്ന പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ അവതാരികയില്‍ രേഖപ്പെടുത്തുന്നു.

3. ഒരു “നൂറുശതമാനം ജസ്വിറ്റ്…”
അസ്സീസിയിലെ ഫ്രാന്‍സിസിനെ പിന്‍ചെന്ന് വിശുദ്ധനാകുവാന്‍ ആഗ്രഹിച്ച വിശുദ്ധ ഇംഗ്നേഷ്യസ് ലൊയോളയുടെ സഭാംഗമായ പാപ്പാ ഫ്രാന്‍സിസ് 100 ശതമാനവും ഒരു ഈശോസഭ സന്ന്യാസിയാണെന്ന് ഫ്രാന്‍സിസ്ക്കന്‍ സഭാംഗവും, പാപ്പായുടെ സഭാനവീകരണ പദ്ധതിയിലെ പ്രധാന അംഗവുമായ കര്‍ദ്ദിനാള്‍ ഓ’മാലി ഗ്രന്ഥത്തിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഈശോസഭയുടെ പ്രേഷിതപ്രവര്‍ത്തന സമര്‍പ്പണവും, സമൂഹജീവിതത്തിന്‍റെ ചിട്ടയും, സമയബോധവും ഉള്‍ക്കൊള്ളുന്ന ജീവിതശൈലിയാണ് തന്നെ ഈശോസഭയിലേയ്ക്ക് ആകര്‍ഷിച്ചതെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ അദ്ദേഹം മുഖപ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നു.

4. ആര്‍ദ്രതയും കാരുണ്യവുമുള്ള മനുഷ്യന്‍
 ഒരിക്കല്‍ ഒരു  ഫ്രാന്‍സിസ്ക്കന്‍ വൈദികനും ഈശോസഭാംഗവും നടന്നുപോകുമ്പോള്‍ ഒരു യുവാവ് സംശയനിവാരണത്തിനായി അവരെ സമീപിച്ചു. ബി.എം.ഡബ്ല്യൂ ബൈക്ക് വാങ്ങാന്‍ താന്‍ ഏത് നൊവേനയാണ് ചൊല്ലേണ്ടത് എന്നായിരുന്നു യുവാവിന്‍റെ സംശയം. അപ്പോള്‍ ഫ്രാന്‍സിസ്കന്‍ ചോദിച്ചു, എന്താണ് ബി.എം.ഡബ്ല്യൂ? ഉടനെ ജെസ്വിറ്റിന്‍റെ സംശയം... “നൊവേന” എന്താണ് എന്നുമായിരുന്നു!!

പാപ്പാ ഫ്രാന്‍സിസ് ഈ രണ്ടുകൂട്ടത്തിലും പെടാത്ത മനുഷ്യനാണ്, എന്ന്  താമശ പറഞ്ഞ ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായ കര്‍ദ്ദിനാള്‍ ഓ’മാലി അഭിപ്രായപ്പെട്ടു. തന്‍റെ സന്ന്യാസ സമൂഹത്തിന്‍റെ  ചൈതന്യമായ സവിശേഷമായ ആത്മീയതയുടെ അന്തര്‍മുഖത സ്വായത്തമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് ജീവിക്കുന്നതെന്ന് കര്‍ദ്ദിനാള്‍  ഓ’മാലി സാക്ഷ്യപ്പെടുത്തുന്നു. വാക്കുകള്‍ക്കും അപ്പുറം കാരുണ്യവും ആര്‍ദ്രതയും ജീവിതനിയമമാക്കിയ ഒരു മനുഷ്യനിലെ ക്രിസ്തുരൂപമാണ് പാപ്പായെന്നും അദ്ദേഹം  അവതാരികയില്‍ കുറിച്ചു.

ഇറ്റാലിയനിലും ഇംഗ്ലിഷിലും ജൂണ്‍ 20-ന് പുറത്തിറങ്ങിയ ഗ്രന്ഥം  മറ്റു ഭാഷകളിലും ലഭ്യമാകുമെന്ന് മുദ്രണാലയത്തിന്‍റെ പ്രസ്താവന അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2020, 13:53