തിരയുക

മോശയും, മോശയ്ക്ക് ദൈവം സ്വയം വെളിപ്പെടുത്തുന്ന എരിയുന്ന മുൾപ്പടർപ്പും ചിത്രകാരൻറെ ഭാവനയിൽ! മോശയും, മോശയ്ക്ക് ദൈവം സ്വയം വെളിപ്പെടുത്തുന്ന എരിയുന്ന മുൾപ്പടർപ്പും ചിത്രകാരൻറെ ഭാവനയിൽ! 

മോശയുടെ പ്രാർത്ഥന!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും വത്തിക്കാനിൽ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയുള്ള പൊതുകൂടിക്കാഴ്ച ഫ്രാൻസീസ് പാപ്പാ നടത്തിയില്ല.

കോവിദ് 19 സംക്രമണത്തിനു തടയിടുന്നതിനുള്ള നിയന്ത്രണങ്ങളിൽ ജൂൺ 3 മുതൽ, ഉപാധികളോടെ സാരമായ ഇളവുകൾ ഇറ്റലിയുടെ സർക്കാർ  വരുത്തിയിട്ടുണ്ടെങ്കിലും  കൊറോണ വൈറസ് സംക്രമണ സാധ്യതകൾ ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ, ഈ ആഴ്ചയും ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയായിരുന്നു പാപ്പായുടെ ഈ പരിപാടി. 

പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.

പുറപ്പാടിൻറെ പുസ്തകത്തിൽ നിന്ന്:

“മോശ ദൈവമായ കർത്താവിനോട് കാരുണ്യം യാചിച്ചുകൊണ്ടു പറഞ്ഞു:കർത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജപ്തിൽ നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരെ അവിടത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?12..... അവിടത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായ തീരുമാനത്തിൽനിന്നു പിന്മാറണമേ.13 അവിടത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ!.....14 കർത്താവ് ശാന്തനായി, തൻറെ ജനത്തിനെതിരായുള്ള തീരുമാനത്തിൽ നിന്ന് അവിടന്നു പിന്മാറി”. (പുറപ്പാട് 32,11-14)

ഈ വിശുദ്ധഗ്രന്ഥഭാഗ വായനാനന്തരം, പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു.

പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

“എളുപ്പവഴിയിൽ” പ്രാർത്ഥിക്കുന്നവരുമായി ബന്ധപ്പെട്ട യാതൊന്നും ദൈവം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പ്രാർത്ഥനയെ അധികരിച്ചുള്ള പരിചിന്തനപ്രയാണത്തിലൂടെ നമുക്കു മനസ്സിലാക്കാൻ സാധിക്കുന്നു. തൻറെ വിളിയുടെ ആദ്യ ദിനം മുതൽ തന്നെ മോശയും ദുർബലനായ ഒരു മദ്ധ്യസ്ഥനായിരുന്നില്ല.

പ്രതികരിക്കുന്ന മോശ

ദൈവം വിളിച്ച അവസരത്തിൽ മോശ, മാനുഷികമായ വീക്ഷണത്തിൽ ഒരു “പരാജിതൻ” ആയിരുന്നു. മിദിയാൻ ദേശത്ത് ഒളിച്ചോടിയവൻ എന്ന നിലയിലാണ് മോശയെ പുറപ്പാടിൻറെ പുസ്തകം അവതരിപ്പിക്കുന്നത്. ഒരു ചെറുപ്പക്കാരനായിരുന്ന മോശയ്ക്ക് സ്വന്തം ജനത്തോടു സഹതാപം തോന്നുകയും അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെ സംരക്ഷകനായി നിലകൊള്ളുകയും ചെയ്തു. എന്നാൽ സദുദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും അക്രമമല്ലാതെ നീതി തൻറെ കൈയ്യിൽ നിന്ന് ഒഴുകുന്നില്ലെന്ന് താമസിയാതെ അവൻ ഗ്രഹിച്ചു. ഇവിടെ അവൻറെ മഹത്വത്തിൻറെ സ്വപ്നങ്ങൾ പൊട്ടിച്ചിതറുകയായി. മോശ ഇനി നല്ല ഭാവിയുള്ള ഒരു ഉദ്യോഗസ്ഥനല്ല, പ്രത്യുത, അവസരങ്ങൾ പാഴാക്കിക്കളഞ്ഞവനും ഇപ്പോൾ തൻറെ സ്വന്തമാല്ലാത്തൊരു അജഗണത്തെ മേയിക്കുന്നവനുമാണ്. വാസ്തവത്തിൽ മിദിയാനിലെ മരുഭൂമിയുടെ നിശബ്ദതയിലാണ് ദൈവം കത്തുന്ന മുൾപ്പടർപ്പിൽ മോശയ്ക്ക് വെളിപ്പെടുത്തുന്നത്: “ഞാൻ നിൻറെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രഹാത്തിൻറെയും ഇസഹാക്കിൻറെയും യാക്കോബിൻറെയു ദൈവം. മോശ അപ്പോൾ മുഖം മറച്ചു, കാരണം, ദൈവത്തിൻറെ നേരെ നോക്കാൻ അവന് ഭയമായിരുന്നു”, (പുറപ്പാട് 3,6)

ആത്മവിശ്വാസത്തിൻറെ അഭാവം മോശയിൽ

സംസാരിക്കുന്ന ദൈവത്തെ, ഒരിക്കൽ കൂടി ഇസ്രായേൽ ജനത്തിൻറെ പരിപാലനദൗത്യം ഏറ്റെടുക്കാൻ തന്നെ ക്ഷണിക്കുന്ന ദൈവത്തെ, മോശ, തൻറെ ഭയപ്പാടുകളും വിസ്സമതങ്ങളും കൊണ്ട് എതിർക്കുന്നു. കാരണം, ആ ദൗത്യത്തിന് അവൻ യോഗ്യനല്ല, ദൈവത്തിൻറെ നാമം അവന് അറിഞ്ഞുകൂടാ, ഇസ്രായേൽ ജനം അവനെ വിശ്വസിക്കില്ല, അവന് വിക്കുണ്ട്. അങ്ങനെ നിരവധി തടസ്സങ്ങൾ. മോശയുടെ പ്രാർത്ഥനകളിൽ അവൻറെ അധരങ്ങളിൽ നിന്നു നിരന്തരം പുറപ്പെടുന്ന വാക്ക് “എന്തുകൊണ്ട്” എന്ന ചോദ്യമാണ്. എന്തിന് നീ എന്നെ അയച്ചു? എന്തിനാണ് ഈ ജനത്തെ മോചിപ്പിക്കാൻ നീ ആഗ്രഹിക്കുന്നത്? വാഗ്ദത്തഭൂമിയിൽ പ്രവേശിക്കുന്നതിന് മോശയ്ക്ക് വിഘാതമാകുന്ന  വിശ്വാസക്കുറവു മൂലം ദൈവം മോശയെ ശകാരിക്കുന്ന നാടകീയമായ ഒരു ഭാഗം പോലും പഞ്ചഗ്രന്ഥിയിൽ (Pentateuch) ഉണ്ട്. (സംഖ്യ 20,12).

സന്ദേഹവും ഭയവും പ്രാർത്ഥനയ്ക്ക് പ്രതിബന്ധമാകുമ്പോൾ

ഈ ഭയപ്പാടുകളോടും പലപ്പോഴും ചഞ്ചലമായ ഹൃദയത്തോടും കൂടിയ  മോശ, നമ്മെപ്പോലുള്ള ഒരു മനുഷ്യനായിട്ടാണ് കാണപ്പെടുന്നത്. അവന് എങ്ങനെ പ്രാർത്ഥിക്കാനാകും? നമുക്കും ഇതൊക്കെ സംഭവിക്കാം. സന്ദേഹങ്ങളുണ്ടാകുമ്പോൾ നമുക്കും പ്രാർത്ഥിക്കാൻ കഴിയുന്നതെങ്ങനെ? അതിനു കാരണം നമ്മിൽ മതിപ്പുളവാക്കുന്ന അവൻറെ ബലത്തെക്കാൾ,  അവൻറെ ബലഹീനതയാണ്. തൻറെ ജനത്തിന് നിയമം കൈമാറുകയെന്ന ദൗത്യം ദൈവം എല്പിച്ചവനും ദൈവാരാധനയുടെ സ്ഥാപകനും മഹോന്നതരഹസ്യങ്ങളുടെ മദ്ധ്യസ്ഥനും ആയ മോശ ഇക്കാരണങ്ങളാൽ തൻറെ ജനവുമായുള്ള ഉറ്റ ഐക്യദാർഢ്യബന്ധങ്ങൾ, വിശിഷ്യ, പ്രലോഭനങ്ങളുടെയും പാപത്തിൻറെയും സാഹചര്യങ്ങളിൽ, അവസാനിപ്പിക്കില്ല. മോശ എന്നും ജനത്തോടു ചേർന്നു നില്ക്കുന്നു. സ്വന്തം ജനത്തെ മറക്കുന്നില്ല. ജനത്തെ മറക്കാതിരിക്കുക എന്നത് ഇടയന്മാരുടെ മാഹാത്മ്യമാണ്. മുഖാമുഖം സംസാരിക്കത്തക്ക വിധം ദൈവവുമായി അത്രമാത്രം സൗഹൃദം മോശയ്ക്കുണ്ടായിരുന്നു. പാപങ്ങളിലും പ്രലോഭനങ്ങളിലും നിപതിക്കുകയും തങ്ങൾ ഈജിപ്തിലായിരുന്ന കാലത്തെക്കുറിച്ചോർത്ത് പെട്ടെന്ന് ഗൃഹാതുരത്വം അനുഭവിക്കുകയും ചെയ്യുന്ന പ്രവാസികളായ ജനത്തോടു കരുണതോന്നി മോശ അവരോട് അടുത്ത സൗഹൃദം പുലർത്തുന്നു.

സ്വന്തം ജനത്തോടു ചേർന്നു നില്ക്കുന്ന മോശ

മോശ ദൈവത്തെ നിഷേധിക്കുന്നില്ല, സ്വന്തം ജനത്തെയും തള്ളിക്കളയുന്നില്ല.ആകയാൽ മോശ ഒരു പ്രമാണിയും സ്വേച്ഛാധിപതിയും ആയ നേതാവല്ല; “ഭൂമുഖത്തുള്ള സകല മനുഷ്യരിലും വച്ച് സൗമ്യനായിരുന്നു” (സംഖ്യ 12,3) മോശ എന്നാണ് സംഖ്യാപുസ്തകം പറയുന്നത്. സവിശേഷ പദവി ഉണ്ടായിരുന്നിട്ടും മോശ, ഒരിക്കലും, തങ്ങളുടെ യാത്രയിൽ പാഥേയമായ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ആത്മാവിൽ ദരിദ്രരായവരുടെ ഗണത്തിൽ നിന്ന് വിട്ടുനില്ക്കുന്നില്ല. ജനത്തിൻറെ മനുഷ്യനാണ് മോശ. 

മോശയുടെ പ്രാർത്ഥനാ ശൈലി

അങ്ങനെ, മോശയുടെ ഏറ്റവും തനതായ പ്രാർത്ഥനാശൈലി മാദ്ധ്യസ്ഥ്യം ആണ്. സ്വന്തം ജനത്തിൻറെ കാര്യത്തിലുള്ള പിതൃസന്നിഭ അവബോധത്തോടു പൂർണ്ണമായും ഒന്നായിത്തീർന്നിരിക്കുന്നതാണ് മോശയ്ക്ക്  ദൈവത്തിലുള്ള വിശ്വാസം. സ്വർഗ്ഗത്തിനും ഭൂമിക്കുമിടയിൽ സ്വയം പാലമായിത്തീരുന്ന ഒരു പ്രതീതിയുളവാക്കുന്ന വിധത്തിൽ, കരം ഉന്നതത്തിലേക്ക്, ദൈവത്തിങ്കലേക്ക്, ഉയർത്തിപ്പിടിച്ചിരിക്കുന്നവനായിട്ടാണ് മോശയെ വേദപുസ്തകം സാധാരണയായി അവതരിപ്പിക്കുന്നത്. ഏറ്റം ദുർഘടമായ നിമിഷങ്ങളിൽ പോലും, ജനം ദൈവത്തെയും വഴികാട്ടിയെന്ന നിലയിൽ തന്നെയും തള്ളിപ്പറയുകയും തങ്ങൾക്കായി സ്വർണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കുകയും ചെയ്ത ദിവസത്തിൽപ്പോലും സ്വന്തം ജനത്തെ ഉപേക്ഷിക്കാൻ മോശയ്ക്ക് മനസ്സു വരുന്നില്ല. അവൻ ദൈവത്തോടു പറയുന്നു: “ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവർ തങ്ങൾക്കായി സ്വർണ്ണംകൊണ്ട് ദേവന്മാരെ നിർമ്മിച്ചു. അവിടന്ന് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കിൽ, അവിടന്ന് എഴുതിയിട്ടുള്ള പുസ്തകത്തിൽ നിന്ന് എൻറെ പേര് മായിച്ചു കളഞ്ഞാലും” (പുറപ്പാട് 32,31-32). മോശ ജനത്തെ കച്ചവടവസ്തുവാക്കുന്നില്ല. അവൻ സേതുബന്ധമായിത്തീരുന്നു, മദ്ധ്യസ്ഥനാകുന്നു. ദൈവത്തിനും ജനത്തിനും മദ്ധ്യേയാണ് മോശ.

പാപികൾക്കായുള്ള മാദ്ധ്യസ്ഥ്യം

“ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവർ തങ്ങൾക്കായി സ്വർണ്ണംകൊണ്ട് ദേവന്മാരെ നിർമ്മിച്ചു. അവിടന്ന് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കിൽ, അവിടന്ന് എഴുതിയിട്ടുള്ള പുസ്തകത്തിൽ നിന്ന് എൻറെ പേര് മായിച്ചു കളഞ്ഞാലും”

ഈ പ്രാർത്ഥനയാണ്, യഥാർത്ഥ വിശ്വാസികൾ സ്വന്തം ആദ്ധ്യാത്മിക ജീവിതത്തിൽ വളർത്തിയെടുക്കേണ്ടത്. ഇത്തരം അർത്ഥികൾ, വ്യക്തികളുടെ കുറവുകളും ദൈവത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും അനുഭവിച്ചറിഞ്ഞാലും അവരെ നിന്ദിക്കുകയൊ തള്ളിക്കളയുകയൊ ചെയ്യില്ല. മദ്ധ്യസ്ഥതയുടെ മനോഭാവം വിശുദ്ധരുടേതാണ്. യേശുവിനെ അനുകരിച്ചുകൊണ്ട് അവർ ദൈവത്തിനും അവിടത്തെ ജനത്തിനുമിടയിൽ പാലമായിത്തീരുന്നു. ഈ അർത്ഥത്തിൽ മോശ, നമ്മുടെ അഭിഭാഷകനും മദ്ധ്യസ്ഥനുമായ യേശുവിൻറെ  എറ്റം വലിയ പ്രവാചകനാണ്.

മോശയേകുന്ന പ്രചോദനം

യേശുവിൻറെ അതേ തീക്ഷണതയോടെ പ്രാർത്ഥിക്കാൻ, ലോകത്തിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാൻ, ബലഹീനതകൾ ഉണ്ടങ്കിലും ലോകം എന്നും ദൈവത്തിൻറെതാണെന്ന് ഓർമ്മിക്കാൻ മോശ നമുക്കു പ്രചോദനം പകരുന്നു. നീതിമാൻറെ അനുഗ്രഹത്താലും എല്ലായിടത്തും ചരിത്രത്തിൻറെ എല്ലാ കാലഘട്ടങ്ങളിലും മാനവരാശിക്കായി വിശുദ്ധനായവൻ നിരന്തരം നടത്തുന്ന കാരുണ്യത്തിനായുള്ള പ്രാർത്ഥനയാലുമാണ്  ലോകം ജീവിക്കുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതും. മദ്ധ്യസ്ഥനായ മോശയെ നമുക്കോർക്കാം. നമുക്ക് ആരെയെങ്കിലും അധിക്ഷേപിക്കാൻ തോന്നുമ്പോൾ, ആരോടെങ്കിലും ഉള്ളിൽ ദേഷ്യം ഉണ്ടാകുമ്പോൾ അവനു വേണ്ടി പ്രാർത്ഥിക്കാം. ഇതു നമുക്കേറെ ഗുണകരമാണ്.  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍അഭിവാദ്യം ചെയ്യുകയും ചെയ്തു. 

“മനഃസാക്ഷിദനം" 

ഈ ബുധനാഴ്ച (17/06/20) “മനഃസാക്ഷിദനം" ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.

പോർച്ചുഗീസ് നയതന്ത്രജ്ഞൻ അരിസ്തീദെസ് ഡി സൂസ മെൻറെസിൻറെ സാക്ഷ്യമാണ് ഈ ദിനാചരണത്തിന് പ്രചോദനം പകർന്നതെന്ന് പാപ്പാ പറഞ്ഞു.

പീഢനത്തിനിരകളായ ആയിരക്കണക്കിന് യഹൂദരുടെയും മറ്റുളളവരുടെയും ജീവൻ രക്ഷിക്കാൻ,  80 വർഷം മുമ്പ്, സ്വന്തം മനഃസാക്ഷിയുടെ സ്വരം ശ്രവിച്ചുകൊണ്ട് തീരുമാനിച്ച വ്യക്തിയാണ് അദ്ദേഹം എന്ന് പാപ്പാ അനുസ്മരിച്ചു.

മനഃസാക്ഷി സ്വാതന്ത്ര്യം എന്നും എവിടെയും ആദരിക്കപ്പെടണമെന്നും ഋജുവും ദൈവവചനത്താൽ പ്രബുദ്ധവുമായ ഒരു മനഃസാക്ഷിക്കനുസൃതമായ ഒരു മാതൃകയേകാൻ സകല ക്രൈസ്തവർക്കും കഴിയണമെന്നും പാപ്പാ പറഞ്ഞു  

യേശുവിൻറെ തിരുഹൃദയത്തിൻറെ തിരുന്നാൾ 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ വെള്ളിയാഴ്ച (19/06/20) യേശുവിൻറെ തിരുഹൃദയത്തിൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

അയൽക്കാരനെ സ്നേഹിക്കാൻ കഴിയുന്നതിന് യേശുവിൻറെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന സമ്പന്നതകൾ കണ്ടെത്താൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. സമാധാനവും സമാശ്വാസവും പ്രത്യാശയും ലഭിക്കുന്നതിന് യേശുവിൻറെ ഹൃദയത്തിലേക്കു നോക്കാൻ പാപ്പാ ഉപദേശിക്കുകയും ചെയ്തു. 

ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2020, 14:49