തിരയുക

ഫ്രാൻസീസ് പാപ്പാ പന്തക്കുസ്താതിരുന്നാൾ ദിനത്തിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നു, വത്തിക്കാൻ 31/06/2020 ഫ്രാൻസീസ് പാപ്പാ പന്തക്കുസ്താതിരുന്നാൾ ദിനത്തിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നു, വത്തിക്കാൻ 31/06/2020 

ആരോഗ്യസേവനത്തിൻറെ അഭാവം ആർക്കുമുണ്ടാകരുത്-പാപ്പാ

ഭിഷഗ്വരന്മാർക്കും സന്നദ്ധസേവകർക്കും നഴ്സ്മാർക്കും മറ്റെല്ലാ ആതുരസേവകർക്കും ഈ മഹാമാരിക്കാലയളവിൽ ജീവൻ ദാനമായി നൽകിയ എല്ലാവർക്കും വേണ്ടി മൗനമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിക്കിരകളായ രോഗികളെയും അവർക്കായി ജീവൻ ഹോമിച്ചവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പന്തക്കുസ്താ തിരുന്നാൾ ദിനമായിരുന്ന ഞായറാഴ്ച (31/05/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരം ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിൽ, രോഗികകളോടുള്ള ഐക്യദാർഢ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഞായറാഴ്ച (31/05/0) ദേശീയ സമാശ്വാസദിനം ആചരിച്ചത് അനുസ്മരിക്കുകയായിരുന്നു.

ഈ കാലയളവിൽ പ്രത്യേകിച്ച്, അയൽക്കാരനെ പരിചരിക്കുന്നതിൻറെ സാക്ഷ്യം നൽകിയവരോടും അപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നവരോടുമുള്ള മതിപ്പ് പാപ്പാ പ്രകടിപ്പിച്ചു.

ഈ മഹാമാരിക്കാലത്ത് രോഗികൾക്ക് താങ്ങായിത്തീർന്നുകൊണ്ട് ജീവൻ ഹോമിച്ച എല്ലാവരെയും പാപ്പാ കൃതജ്ഞതയോടും ആദരവോടും കൂടെ അനുസ്മരിച്ചു.

ഭിഷഗ്വരന്മാർക്കും സന്നദ്ധസേവകർക്കും നഴ്സ്മാർക്കും മറ്റെല്ലാ ആതുരസേവകർക്കും ഇക്കാലയളവിൽ ജീവൻ ദാനമായി നൽകിയ എല്ലാവർക്കും വേണ്ടി മൗനമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ആമസോൺ ജനതയെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

ആമസോൺ പ്രദേശത്തിനുവേണ്ടി ഏഴുമാസം മുമ്പ് വത്തിക്കാനിൽ മെത്രാന്മാരുടെ സിനഡ് സംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കോവിദ് 19 മഹാമാരിയുടെ കനത്ത പ്രഹരമേറ്റിരിക്കുന്ന ആമസോൺ പ്രദേശത്തെ സഭയ്ക്കും സമൂഹത്തിനും വെളിച്ചവും കരുത്തും ലഭിക്കുന്നതിനു വേണ്ടി പന്തക്കുസ്താ തിരുന്നാൾ ദിനത്തിൽ പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. തദ്ദേശജനതയ്ക്കിടയിൽ, വിശിഷ്യ, ഏറ്റം വേധ്യരായവർക്കിടയിൽ, കോവിദ് 19 രോഗബാധിതരും ഈ രോഗം ജീവനപഹരിച്ചവരും നിരവധിയാണെന്ന് പാപ്പാ അനുസ്മരിച്ചു.

പ്രിയങ്കരമായ ആ പ്രദേശത്തെ ഏറ്റം പാവപ്പെട്ടവരും പ്രതിരോധശേഷിയില്ലാത്തവരുമായവർക്കായി പാപ്പാ ആമസോണിൻറെ നാഥയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിച്ചു. 

ലോകത്തിൽ ആർക്കും തന്നെ ആരോഗ്യസേവനത്തിൻറെ അഭാവം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

വ്യക്തികളെ പരിചരിക്കുക, സമ്പദ്ഘടനയെ പ്രതി അവരെ ബലികഴിക്കരുത്. വ്യക്തികളെ ചികത്സിക്കണം, സമ്പദ്ഘടനയെക്കാൾ പ്രാധാന്യം വ്യക്തികൾക്കാണ്. നമ്മൾ പരിശുദ്ധാരൂപിയുടെ ആലയങ്ങളാണ്, എന്നാൽ സമ്പദ് വ്യവസ്ഥ അങ്ങനെയല്ല, പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2020, 16:43