തിരയുക

 പെന്തക്കുസ്താ ദിനത്തെ അനുസ്മരിപ്പിക്കകുന്ന ചിത്രം. പെന്തക്കുസ്താ ദിനത്തെ അനുസ്മരിപ്പിക്കകുന്ന ചിത്രം. 

പാപ്പാ: നമ്മുടെ ഐക്യത്തിന്റ അടിസ്ഥാനം പരിശുദ്ധാത്മാവാണ്.

പൗലോസ് അപ്പോസ്തലൻ കൊറിന്ത്യാക്കാർക്ക് എഴുതി; ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ്‌ ഒന്നുതന്നെ. നാനാവിധത്തിലുള്ള നമ്മൾ പരിശുദ്ധാത്മാവിനാൽ ഒന്നാക്കപ്പെട്ടവർ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പെന്തക്കുസ്താ ദിനത്തിൽ പാപ്പാ നൽകിയ വചന സന്ദേശം

സഭയുടെ ആരംഭ ദിനമായ പെന്തക്കുസ്താ ദിവസത്തിലേക്ക് നമുക്ക് പോകാമെന്ന് ക്ഷണിച്ച പാപ്പാ അപ്പോസ്തലന്മാരിൽ വളരെ സാധാരണക്കാരും, സ്വന്തം കരവേല കൊണ്ട് അന്നന്നത്തെ ജീവിതം ജീവിച്ച് ശീലിച്ചവരും, മീൻപിടുത്തക്കാരും, വിദ്യാസമ്പന്നനായ, നികുതി പിരിവുകാരനായ മത്തായിയുമുണ്ടായിരുന്നുവെന്നും, സമൂഹത്തിലെ വിവിധ തലങ്ങളിലും സാഹചര്യങ്ങളിലും നിന്ന് വരുന്നവരും, യഹൂദനാമവാഹകരും,  ഗ്രീക്ക് നാമമുള്ളവരും, ശാന്ത സ്വഭാവമുള്ളവരും, മറ്റു തീവ്രസ്വഭാവക്കാരും, കാഴ്ചപ്പാടുകളും, സംവേദനശക്തികളിൽ വ്യസ്ത്ഥമായവരും ഉണ്ടായിരുന്നുവെന്ന് ചൂണ്ടികാണിച്ചു.

യേശു അവരെ ഒന്നും മാറ്റിയില്ല, അവരെ ഒരേ തരത്തിലുള്ള (Standard models) രൂപങ്ങളാക്കിയില്ല. അവരെ അവരുടെ വ്യത്യസ്ഥകകളിൽ വിട്ടു കൊണ്ടു തന്നെ അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു കൊണ്ട് ഒരുമിപ്പിക്കുന്നു.  അഭിഷേകം കൊണ്ടാണ് ഒരുമ വരുന്നത്. പെന്തക്കോസ്തയിൽ അപ്പോസ്തലന്മാർ പരിശുദ്ധാത്മാവിന്റെ ഏകീകരിക്കാനുള്ള ശക്തി മനസ്സിലാക്കിയെന്ന് പറഞ്ഞ പാപ്പാ പലതരം ഭാഷ സംസാരിക്കുന്നവരായിരുന്നിട്ടും ഒരു ജനമായി മാറിയത് കണ്ടപ്പോൾ സ്വരലയം തന്നെ ആയതിനാൽ സ്വരച്ചേർച്ച നൽകുന്ന, നമ്മുടെ വ്യത്യസ്ഥതകളുടെ ഇഴകൾ കൊണ്ട്  ഐക്യം മെനയുന്ന പരിശുദ്ധാത്മാവിനാൽ രൂപപ്പെടുത്തപ്പെട്ട  ദൈവത്തിന്റെ ജനമായി വിശ്വസിച്ചുവെന്നും വ്യക്തമാക്കി.

ഐക്യത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവ്

നമുക്ക് നമ്മിലേക്ക് വരാമെന്ന് വിശ്വാസികളെ ക്ഷണിച്ച പാപ്പാ  ഇന്നത്തെ സഭയിലേക്ക്എന്താണ് നമ്മെ ഒന്നിപ്പിക്കുന്നതെന്നും നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം എന്താണെന്നും ചോദ്യമുയർത്തുകയും ചെയ്തു. അഭിപ്രായങ്ങളിൽ, തിരഞ്ഞെടുപ്പുകളിൽ, സംവേദനക്ഷമതകളിൽ പരസ്പരം നമ്മൾ തമ്മിലും വ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ പ്രലോഭനം എന്നത് നമ്മുടെ അഭിപ്രായങ്ങൾ എല്ലാവർക്കും നല്ലതായിരിക്കും എന്ന് വിശ്വസിച്ച് അതിനെ  പ്രതിരോധിക്കാൻ വാളൂരൂക എന്നതാണെന്നും എന്നാൽ അതല്ല പരിശുദ്ധാത്മാവിന് ആവശ്യമെന്നും അങ്ങനെയെങ്കിൽ നമ്മളെ ഒന്നിപ്പിക്കുന്നത് നമ്മൾ വിശ്വസിക്കുന്നതും  നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതുമായ അതേ കാര്യങ്ങളായിരിക്കുമെന്നും പ്രബോധിപ്പിച്ചു. നമ്മുടെ ഐക്യത്തിന്റ അടിസ്ഥാനം പരിശുദ്ധാത്മാവാണ്. എല്ലാറ്റിലും ഉപരിയായി നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെട്ട മക്കളാണെന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക് ഒരു പിതാവെയുള്ളൂവെന്നും,  അതിനാൽ നമ്മൾ സഹോദരീ സഹോദരന്മാരാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ലോകം കാണുന്നത് പോലെയല്ല; പരിശുദ്ധാത്മാവ് കാണുന്നതുപോലെ സഭയെ കാണാം.  ലോകം നമ്മെ ഇടത് കാരായോ വലതുകരായോ, പ്രത്യയശാസ്ത്രത്തിന്റെയോ മറ്റൊന്നിന്റെയോ ആളുകളായി കണ്ടേക്കാം, എന്നാൽ പരിശുദ്ധാത്മാവ് നമ്മെ പിതാവിന്റെയും യേശുവിന്റെയുമായി കാണുന്നു. ലോകം നമ്മെ യാഥാസ്ഥിതികരായോ പുരോഗമന വാദികളോയായി കാണുന്നു, പരിശുദ്ധാത്മാവ് ദൈവമക്കളായി കാണുന്നു. ലോകത്തിന്റെ ദൃഷ്ടിയിൽ കൂടുതൽ കാര്യക്ഷമമാകേണ്ട സംവിധാനങ്ങൾ കാണുന്നു: ആത്മീയ ദൃഷ്ടി കരുണയാചിക്കുന്ന സഹോദരീ സഹോദരന്മാരെ കാണുന്നു. പരിശുദ്ധാത്മാവ് നമ്മെ സ്നേഹിക്കുന്നു, എല്ലാറ്റിലുമുള്ള നമ്മുടെ  ഓരോരുത്തരുടേയും സ്ഥാനം അറിയുന്നു: അവന് നമ്മൾ കാറ്റു കൊണ്ട്  നടക്കുന്ന വർണ്ണക്കടലാസു കഷണങ്ങളല്ല, അവന്റെ ചിത്രകലയിലെ പകരം വയ്ക്കാനാവാത്ത മാർബിൾ കഷണമാണ്. പാപ്പാ ഓർമ്മപ്പെടുത്തി.

സഭയുടെ ആദ്യ പ്രവർത്തനം പ്രഘോഷണം

സഭയുടെ ആദ്യ പ്രവർത്തനം പ്രഘോഷണമായിരുന്നു എന്ന് പറഞ്ഞ പാപ്പാ അപ്പോസ്തലന്മാർ സുവിശേഷ പ്രലോഷണത്തിനായി ഒരു തന്ത്രവും രൂപീകരിക്കുന്നില്ല, അവർക്ക് ഒരു അജപാലന പദ്ധതിയുമില്ല. അവർക്ക് വേണമെങ്കിൽ ആളുകളെ അവരവരുടെ  ഗ്രൂപ്പുകളാക്കി തരം തിരിക്കാമായിരുന്നു, ആദ്യം അടുത്തുള്ളവരോടും പിന്നെ അകലെയുള്ളവരോടും സംസാരിക്കാമായിരുന്നു.... അപകടങ്ങൾ ഒഴിവാക്കാൻ യേശുവിന്റെ പഠനങ്ങളെ കൂടുതൽ ആഴത്തിൽ പഠിച്ച ശേഷമാകാമെന്ന് കരുതി കുറച്ച് കാത്തിരിക്കാമായിരുന്നു എന്നാൽ ഗുരുവിന്റെ ഓർമ്മകൾ, അടച്ചിട്ട സംഘങ്ങളിൽ പരിപോഷിപ്പിക്കാനോ, സെഹിയോൻ മുറികൾ പോലുള്ള നഴ്സറികളിൽ രസം പിടിപ്പിക്കാനോ അല്ല  പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത്. ഇതുവരെ പറഞ്ഞതിനും, ചെയ്തതിനുമപ്പുറത്തേക്കും,   വിശ്വാസത്തിന്റെ ഭയമാർന്ന ജാഗ്രതയ്ക്കും അപ്പുറത്തേക്കുെ കടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ലോകത്തിൽ, ഒരു ഉറപ്പായ മൂലധനവും, കണക്ക് കൂട്ടിയുള്ള പ്രായോഗീക കൗശല്യവുമില്ലാതെ നീങ്ങിയാൽ തകർച്ച തീർച്ചയാണ്. എന്നാൽ സഭയിൽ   പ്രഘോഷണം ചെയ്യുന്നവർക്ക് ഐക്യത്തിന്റെ  ഉറപ്പ് നൽകുന്നത് പരിശുദ്ധാത്മാവാണ്. അങ്ങനെ അപ്പോസ്തലന്മാർ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, തങ്ങളെ തന്നെ വിട്ടുകൊടുത്തുകൊണ്ട് പുറത്തേക്കിറങ്ങുന്നു. ഒരാഗ്രഹം മാത്രമാണ്  അവരെ നയിക്കുന്നത്: അവർക്ക് നൽകപ്പെട്ടത് ദാനമായി നൽകുക.

ഐക്യത്തിന്റെ രഹസ്യം പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവാണ് ഐക്യത്തിന്റെ രഹസ്യം. അത്  ദാനമാണ്. കാരണം പരിശുദ്ധാത്മാവ് തന്നെ ദാനമാണ്, സ്വയം നൽകി കൊണ്ട്  ജീവിക്കുന്നു. സ്വീകരിച്ചു കൊണ്ടല്ല നൽകിക്കൊണ്ടാണ് ദൈവം പ്രവർത്തിക്കുന്നതെന്നും  ദൈവം ഒരു ദാനമാണെന്ന് വിശ്വസിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദൈവത്തെക്കുറിച്ച് നമ്മൾ എങ്ങനെ മനസ്സിലാക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ വിശ്വാസജീവിതം. നമ്മുടെ മനസ്സിൽ, എടുക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവമാണ് ഉള്ളതെങ്കിൽ നമ്മളും മറ്റുള്ളവരിൽ നിന്നെടുക്കാനും, അടിച്ചേൽപ്പിക്കാനും  ഇടങ്ങൾ കൈയടക്കാനും, പ്രസക്തി അവകാശപ്പെടാനും, അധികാരം അന്വേഷിക്കാനും ആഗ്രഹിക്കും.

എന്നാൽ നമ്മുടെ ഹൃദയത്തിനുള്ളിലുള്ളത് ദാനമാകുന്ന ഒരു ദൈവമാണെങ്കിൽ എല്ലാറ്റിനും മാറ്റം വരും.  അപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും നമ്മൾതന്നെ ദൈവത്തിന്റെ ദാനമാണെന്നും, അത് സൗജന്യവും  അനർഹവുമായതാണെന്നും; അതിനാൽ നമ്മളും നമ്മുടെ ജീവിതത്തെ ഒരു ദാനമാക്കാൻ ആഗ്രഹിക്കും. പിന്നെ എളിമയോടെ സ്നേഹിച്ചും, സൗജന്യമായി സന്തോഷത്തോടെ സേവിച്ചും, ലോകത്തിന് മുന്നിൽ ദൈവത്തിന്റെ യഥാർത്ഥ മുഖം അവതരിപ്പിക്കാൻ കഴിയും.  നമ്മെ തന്നെ നൽകാതിരിക്കാൻ നമ്മെ തടസ്സപ്പെടുത്തുന്നതെന്താണെന്ന് നമ്മുടെ ഉള്ളിലേക്ക് നോക്കി നമുക്ക് ചോദിക്കാം.

ദാനത്തിന്റെ മൂന്ന് ശത്രുക്കൾ

ദാനത്തിന്, ഹൃദയത്തിന്റെ വാതുക്കൽ പതുങ്ങിയിരിക്കുന്ന  മൂന്ന് ശത്രുക്കളാണുള്ളത്: സ്വന്തം ഗുണങ്ങളിൽ മതിമറക്കുന്ന ആത്മരതി ( Narcissism), ആത്മാനുകമ്പ (self-pity),  അശുഭ പ്രതീക്ഷ (Pessimism).  ആത്മരതി സ്വയം ആരാധനയിലേക്ക് നമ്മെ നയിച്ച്  സ്വന്തലാഭത്തിനായി മാത്രം പ്രവർത്തിക്കുന്നു.  അവൻ ചിന്തിക്കുന്നത് "ഞാൻ നേടുമ്പോൾ മാത്രമാണ് ജീവിതം സുന്ദരമാകുന്നത് " എന്നാണ്.  എന്നിട്ട് " ഞാൻ എന്തിന് വേണ്ടി മറ്റുള്ളവർക്കായി നൽകണം എന്ന ചോദ്യത്തിൽ വരെ എത്തുന്നു.

ഈ മഹാമാരിയുടെ നേരത്ത്, സ്വന്തം ആവശ്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന, മറ്റുള്ളവരുടെ ആവശ്യങ്ങളോടു നിസ്സംഗത പുലർത്തുന്ന, സ്വന്തം ബലഹീനതകളെയും സ്വന്തം തെറ്റുകളെയും അംഗീകരിക്കാത്ത, ആത്മരതി എത്രമാത്രം തിന്മ വരുത്തുന്നു. എന്നാൽ രണ്ടാമത്തെ ശത്രുവായ ആത്മാനുകമ്പയും അപകടകാരിയാണ്. മറ്റുള്ളവരെക്കുറിച്ച് എപ്പോഴും പരാതി പറഞ്ഞുകൊണ്ടിരിക്കും: ആരും എന്നെ മനസ്സിലാക്കുന്നില്ല, ആരും എന്നെ സഹായിക്കുന്നില്ല, ആരും എന്നെ സ്നേഹിക്കുന്നില്ല, എല്ലാവരും എനിക്കെതിരാണ്". അങ്ങനെ  എന്താണ് എനിക്ക് ആരും നൽകാത്തത് എന്ന് ചോദിച്ച് കൊണ്ട് അവന്റെ ഹൃദയം അടയ്ക്കുന്നു.

നമ്മൾ ജീവിക്കുന്ന ഈ ദുരന്തത്തിൽ ആത്മാനുകമ്പ എത്ര ക്രൂരമാണ്. ആരും നമ്മെ മനസ്സിലാക്കുന്നില്ല എന്ന് ചിന്തിച്ച് ഞാൻ അനുഭവിക്കുന്നത് അവരും അനുഭവിക്കട്ടെ എന്ന് കരുതുന്നത് ! ഇവിടത്തെ ദിവസവുമുള്ള  ലുത്തിനിയാ "ഒന്നും ശരിയല്ല, സമൂഹവും, രാഷ്ടീയവും സഭയും.... " ശുഭാപ്തി വിശ്വാസമില്ലാത്തവൻ ലോകത്തേ മുഴുവൻ ശത്രുവാക്കിയാണ് കാണുന്നത്, നിർജ്ജീവമായി നിന്ന് ചിന്തിക്കുന്നു, "എന്ത് ഉപയോഗമാണ് ദാനം നൽകുന്നതു കൊണ്ട്? ഒരുപയോഗവുമില്ല" .

ഇപ്പോൾ പുനരാരംഭിക്കാനായുള്ള വലിയ ശക്തി സംഭരണത്തിന്റെ നേരത്ത്, എല്ലാം ഇരുളായി കാണുന്നതും, ഒന്നും പഴയതുപോലെ ആവില്ല എന്നാവർത്തിക്കുന്നതുമായ ഈ അശുഭ പ്രതീക്ഷ എത്ര അപകടകരമാണ്,  ഇങ്ങനെ ചിന്തിക്കുമ്പോൾ തീർച്ചയായും തിരിച്ച് എത്താതിരിക്കുന്നത് പ്രത്യാശയാണ്.  നമ്മൾ വന്നെത്തുന്നത് പ്രത്യാശയുടെ ക്ഷാമത്തിലാണ്, നമുക്ക് ജീവിതത്തിന്റെ ദാനത്തെയും, നമ്മളോരോരുത്തരും നാമായിരിക്കുന്ന ദാനത്തെയും  വിലമതിക്കേണ്ട ആവശ്യമുണ്ട്, നമ്മെ ആത്മരതിയിൽ നിന്നും, ആത്മാനുകമ്പയിൽ നിന്നും അശുഭ പ്രതീക്ഷയിൽ നിന്നും സുഖമാക്കാൻ അതിന് നമുക്ക് ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവിന്റെ ആവശ്യമുണ്ട്.

പരിശുദ്ധാത്മാവേ, സ്വാർത്ഥതയുടെ പക്ഷപാതങ്ങളിൽ നിന്ന് മോചിപ്പിക്കണമോ

പരിശുദ്ധാത്മാവേ, ദൈവത്തിന്റെ ഓർമ്മയെയും, ഞങ്ങളിൽ ഞങ്ങൾ സ്വീകരിച്ച ദാനത്തിന്റെ ഓർമ്മയെയും പുനർജ്ജീവിപ്പിക്കണമെ. ഞങ്ങളെ സ്വാർത്ഥതയുടെ പക്ഷപാതങ്ങളിൽ നിന്ന് മോചിപ്പിച്ച്, സേവനം ചെയ്യാനും നന്മ ചെയ്യാനുമുള്ള ആഗ്രഹം ഞങ്ങളിൽ ജ്വലിപ്പിക്കണമെ. കാരണം ഈ പ്രതിസന്ധിയേക്കാൾ മോശമായത്, ഞങ്ങളിലേക്ക് തന്നെ ഒതുങ്ങി അതിനെ നഷ്ടപ്പെടുത്തുന്ന ദുരന്തം മാത്രമാണ് . പരിശുദ്ധാത്മാവേ നീ വരേണമേ : സ്വരലയമായ നീ, ഞങ്ങളെ ഐക്യത്തിന്റെ നിർമ്മാതാക്കളാക്കണമേ;  എന്നും നിന്നെ തന്നെ നൽകുന്നവനായ നീ, ഞങ്ങളിൽ നിന്ന് പുറത്ത് കടക്കുവാനുള്ള ധൈര്യം നൽകണമെ, ഒരു കുടുംബമായി മാറുവാൻ  ഞങ്ങളെ സ്നേഹിക്കണമെ, സഹായിക്കണമെ, ആമേൻ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2020, 11:03