തിരയുക

പോർച്ചുഗീസ് നയതന്ത്രജ്ഞൻ അരിസ്തീദെസ് ഡി സൂസ മെൻറെസ്   ( Aristides de Sousa Mendes) 1950 പോർച്ചുഗീസ് നയതന്ത്രജ്ഞൻ അരിസ്തീദെസ് ഡി സൂസ മെൻറെസ് ( Aristides de Sousa Mendes) 1950 

മനഃസാക്ഷിക്കനുസൃത സാക്ഷ്യമേകാൻ കഴിയണം -മാർപ്പാപ്പാ!

പോർച്ചുഗീസ് നയതന്ത്രജ്ഞൻ അരിസ്തീദെസ് ഡി സൂസ മെൻറെസിൻറെ (Aristides de Sousa Mendes) സാക്ഷ്യമാണ് മനഃസാക്ഷി ദിനാചരണത്തിന് പ്രചോദനമെന്ന് ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനഃസാക്ഷിസ്വാതന്ത്ര്യം എന്നും എവിടെയും ആദരിക്കപ്പെടണം, പാപ്പാ

ഈ ബുധനാഴ്ച (17/06/20) “മനഃസാക്ഷിദനം" ആയിരുന്നത് ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുദർശന പ്രഭാഷണവേഴയിൽ അനുസ്മരിക്കുകയായിരുന്നു.

പോർച്ചുഗീസ് നയതന്ത്രജ്ഞൻ അരിസ്തീദെസ് ഡി സൂസ മെൻറെസിൻറെ (Aristides de Sousa Mendes) സാക്ഷ്യമാണ് ഈ ദിനാചരണത്തിന് പ്രചോദനം പകർന്നതെന്ന് പാപ്പാ പറഞ്ഞു.

യഹൂദരും മറ്റുളളവരുമുൾപ്പടെ പീഢനത്തിനിരകളായ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ,  80 വർഷം മുമ്പ്, സ്വന്തം മനഃസാക്ഷിയുടെ സ്വരം ശ്രവിച്ചുകൊണ്ട് തീരുമാനിച്ച വ്യക്തിയാണ് അദ്ദേഹം എന്ന് പാപ്പാ അനുസ്മരിച്ചു.

മനഃസാക്ഷി സ്വാതന്ത്ര്യം എന്നും എവിടെയും ആദരിക്കപ്പെടണമെന്നും ഋജുവും ദൈവവചനത്താൽ പ്രബുദ്ധവുമായ ഒരു മനഃസാക്ഷിക്കനുസൃതമായ ഒരു മാതൃകയേകാൻ സകല ക്രൈസ്തവർക്കും കഴിയണമെന്നും പാപ്പാ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഫ്രാൻസിലെ ബൊർദ്വ (Bordeaux) പട്ടണത്തിൽ പോർച്ചുഗീസ് നയതന്ത്രജ്ഞനായി സേവനമനുഷ്ഠിക്കുകയായിരുന്ന അരിസ്തീദെസ് ഡി സൂസ മെൻറെസ് നാസി പടയുടെ പീഢനമേറ്റആയിരങ്ങളെ രക്ഷിക്കുന്നതിന് പോർട്ടുഗീസ് ഭരണകൂടത്തിൻറെ വിലക്കുകളെ മറികടന്ന്, തനിക്കുണ്ടാകുന്ന ഭവിഷത്തുകൾ അറിഞ്ഞുകൊണ്ടുതന്നെ, ദേശവർഗ്ഗമതരാഷ്ട്രീയ ഭേദമന്യേ വിസ അനുവദിക്കുകയായിരുന്നു.

ഇതിൻറെ ഫലമായി കടുത്ത ശിക്ഷാനടപടികൾക്ക് അദ്ദേഹം വിധേയനാക്കപ്പെടുകയും അദ്ദേഹത്തിന് നയതന്ത്ര ഉദ്യോഗം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു.

ജീവസന്ധാരണത്തിനു പോലും മാർഗ്ഗമില്ലാതെ ദാരിദ്യത്തിലായിരുന്നു അരിസ്തീദെസ് ഡി സൂസ മെൻറെസിൻറെ ജീവിതം പിന്നീട്.

1954 ഏപ്രിൽ 3-ന് അദ്ദേഹം ലിസ്ബണിലെ ഒരു ഫ്രാൻസിസ്ക്കൻ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

 

18 June 2020, 11:30