തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ പഠനമുറിയിൽ നിന്ന്, 24/06/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ പഠനമുറിയിൽ നിന്ന്, 24/06/2020 

ദാവീദിൻറെ, സന്തോഷ-സന്താപ സ്വന സാന്ദ്ര പ്രാർത്ഥന!

ദാവീദിൻറെ ജീവിതത്തിലെന്ന പോലെ വൈരുദ്ധ്യങ്ങൾ നമ്മുടെ ജീവിത്തിലും ഉണ്ട്. ദാവീദിൻറെ ജീവിതത്തിലെ സകല സംഭവങ്ങളെയും കൂട്ടിയിണക്കുന്നത് പ്രാർത്ഥനയെന്ന സ്വർണ്ണ നൂലാണ്, ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (24/06/20) വത്തിക്കാനിൽ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയായിരുന്നു ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പരിപാടി.

കോവിദ് 19 സംക്രമണത്തിനു തടയിടുന്നതിനുള്ള നിയന്ത്രണങ്ങളിൽ ജൂൺ 3 മുതൽ, ഉപാധികളോടെ സാരമായ ഇളവുകൾ ഇറ്റലിയുടെ സർക്കാർ  വരുത്തിയിട്ടുണ്ടെങ്കിലും  കൊറോണ വൈറസ് സംക്രമണ സാധ്യതകൾ ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ പൊതുദർശന പരിപാടി ഈ രീതിയിൽ തുടരുന്നത്. പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.

സങ്കീർത്തനം 18:

“കർത്താവേ, എൻറെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങാണ് എൻറെ രക്ഷാശിലയും കോട്ടയും വിമോചകനും എൻറെ ദൈവവും എനിക്ക് അഭയമേകുന്ന പാറയും എൻറെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.......... അങ്ങ് എൻറെ ദീപം കൊളുത്തുന്നു; എൻറെ ദൈവമായ കർത്താവ് എൻറെ അന്ധകാരം അകറ്റുന്നു...... അവിടന്ന് എൻറെ അരമുറുക്കുന്നു, എൻറെ മാർഗ്ഗം സുരക്ഷിതമാക്കുന്നു”.. (സങ്കീർത്തനം 18,2-3,29.33)

ഈ വിശുദ്ധഗ്രന്ഥഭാഗ വായനാനന്തരം, പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. ദാവീദിൻറെ പ്രാർത്ഥനയെ അധികരിച്ച് നടത്തിയ ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

വിശ്വാസ ചരിത്രത്തിൽ ദാവീദിൻറെ സ്ഥാനം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.

പ്രാർത്ഥനയെ അധികരിച്ചുള്ള പ്രബോധന പരമ്പരയിൽ ഇന്നു നാം കണ്ടുമുട്ടുക ദാവീദ് രാജാവിനെയാണ്. ബാല്യം മുതലേ ദൈവത്തിന് പ്രിയങ്കരനായിരുന്ന അദ്ദേഹം അനുപമമായ ഒരു ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ദൈവജനത്തിൻറെയും നമ്മുടെതന്നെ വിശ്വാസത്തിൻറെയും ചരിത്രത്തിൽ അദ്ദേഹം സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. സുവിശേഷങ്ങളിൽ യേശുവിനെ പലതവണ, ദാവീദിൻറെ പുത്രനെന്ന് വിളിക്കുന്നുണ്ട്; വാസ്തവത്തിൽ, അദ്ദേഹത്തെ പോലെ, അവിടന്നും ബത്ലഹേമിൽ ജനിച്ചു. വാഗ്ദാനംചെയ്യപ്പെട്ടിരുന്നതു പോലെ, ദാവീദിൻറെ വംശത്തിൽ നിന്ന് മിശിഹാ വരുന്നു: പൂർണ്ണമായും ദൈവഹിതാനുസൃതം, പിതാവിനോടുള്ള സമ്പൂർണ്ണ വിധേയത്വമുള്ള ഒരു രാജാവ്. ദൈവത്തിൻറെ രക്ഷാകര പദ്ധതി വിശ്വസ്തതയോടെ സാക്ഷാത്ക്കരിക്കുന്നതായിരുന്നു അവിടത്തെ പ്രവർത്തി.

ആട്ടിൻപറ്റത്തെ മേയിക്കുന്നവൻ

പിതാവായ ജെസെയുടെ അജഗണത്തെ മേയിക്കുന്നവനായി, ബത്ലഹേമിനു ചുറ്റുമുള്ള കുന്നുകളിലാണ് ദാവീദിൻറെ കഥ ആരംഭിക്കുന്നത്. അനേകം സഹോദരങ്ങളിൽ അവസാനത്തെതായ അവൻ ഇപ്പോഴും ഒരു ബാലനാണ്. ദൈവകൽപ്പന പ്രകാരം സാമുവേൽ പ്രവാചകൻ പുതിയ ഒരു രാജാവിനെ അന്വേഷിച്ച് പുറപ്പെടുന്നു. ആ സമയത്ത് ജെസെ ഏറ്റം ഇളയവനായ ആ പുത്രനെ മറന്നുവെന്നു തോന്നു. ദാവീദ് തുറസ്സായ സ്ഥലത്ത് ജോലിയിൽ വ്യാപൃതനായിരുന്നു. മാരുതൻറെയും പ്രകൃതിയിലെ സ്വനങ്ങളുടെയും സൂര്യകിരണങ്ങളുടെയും സുഹൃത്തായിട്ടാണ് അവനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയുക. സ്വന്തം ആത്മാവിന് സാന്ത്വനമായി അവനുണ്ടായിരുന്ന ഏക തുണ കിന്നരം ആയിരുന്നു. നീണ്ട ദിനങ്ങളുടെ ഏകാന്തതയിൽ അവൻ സ്വന്തം ദൈവത്തിനായി തന്ത്രികൾ മീട്ടാനും സ്തുതിഗീതം ആലപിക്കാനും ഇഷ്ടപ്പെട്ടിരുന്നു. 

ആടുകൾക്കായി ജീവനെകുന്ന ഇടയൻറെ രൂപം    

ആകയാൽ, ദാവീദ്, സർവ്വോപരി, ഒരു ഇടയനാണ്: മൃഗങ്ങളെ പരിപാലിക്കുന്ന, അപകടങ്ങൾ മുൻകൂട്ടിക്കണ്ട് അവയക്ക് സംരക്ഷണം ഒരുക്കുന്ന, അവയ്ക്ക് തീറ്റ കണ്ടെത്തുന്ന മനുഷ്യൻ. ദൈവഹിതാനുസാരം ജനങ്ങളുടെ കാര്യം നോക്കേണ്ടി വരുമ്പോൾ ഇവയിൽ നിന്നേറെ വ്യത്യസ്തമായ കാര്യങ്ങളല്ല അദ്ദേഹം ചെയ്യുക. അതുകൊണ്ടാണ് ബൈബിളിൽ ഇടയൻറെ പ്രതിരൂപം പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. യേശുവും തന്നെത്തന്നെ നിർവചിക്കുന്നത് നല്ല ഇടയൻ എന്നാണ്. അവിടത്തെ പെരുമാറ്റം കൂലിത്തൊഴിലാളിയിൽ നിന്ന് വ്യത്യസ്തമാണ്; അവൻ ആടുകൾക്കായി ജീവൻ നല്കുന്നു, അവയെ നയിക്കുന്നു, അവയിൽ ഒരോന്നിൻറെയും പേര് അവനറിയാം. (യോഹന്നാൻ 10,11-18) 

സ്വന്തം തെറ്റുകൾ തിരിച്ചറിയുന്ന ദാവീദ്

തൻറെ ആദ്യ തൊഴിലിൽ നിന്നു തന്നെ ദാവീദ് ധാരാളം കാര്യങ്ങൾ പഠിച്ചു. അങ്ങനെ, നാഥാൻ പ്രവാചകൻ ദാവീദിനെ അവൻറെ ഘോരപാപത്തിൻറെ പേരിൽ ശകാരിക്കുമ്പോൾ താൻ ഒരു മോശം ഇടയനാണെന്നും, മറ്റൊരുവനുണ്ടായിരുന്ന അവൻറെ പ്രിയപ്പെട്ട ഏക ആടിനെ തട്ടിയെടുത്തവനാണെന്നും എളിയ ഒരു ശുശ്രൂഷകനല്ല മറിച്ച് അധികാരമോഹത്താൽ താൻ ആതുരനാണെന്നും  കൊലയും കൊള്ളയും നടത്തുന്ന ഒരു വേട്ടക്കാരനാണ് താനെന്നും അവൻ മനസ്സിലാക്കുന്നു.

ദാവീദിൻറെ കവി ഹൃദയം

ദാവീദിൻറെ വിളിയിൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സവിശേഷത അവൻറെ  കവിഹൃദയം ആണ്. ഈ ഒരു ചെറിയ നിരീക്ഷണം വഴി നമുക്ക് അനുമാനിക്കാൻ സാധിക്കും, പലപ്പോഴും സമൂഹത്തിൽ ദീർഘകാലം ഒറ്റപ്പെട്ടു ജീവിക്കാൻ നിർബന്ധിതരാകുന്ന വ്യക്തികൾക്കു സംഭവിക്കാവുന്നതു പോലെ ദാവീദ് ഒരു മോശപ്പെട്ട മനുഷ്യൻ ആയിരുന്നില്ലെന്ന്. മറിച്ച്, അദ്ദേഹം വിവേകമതിയും സംഗീതവും പാട്ടും ഇഷ്ടപ്പെട്ടിരുന്നവനുമായ ഒരു വ്യക്തി ആയിരുന്നു. കിന്നരം എല്ലായ്പ്പോഴും അവനു തുണയായി ഉണ്ടായിരുന്നു: അതിൻറെ അകമ്പടിയോടെ, ചിലപ്പോൾ ദൈവത്തിങ്കലേക്ക് ആനന്ദഗീതി ഉയർത്തുകയോ (2 സാമുവേൽ 6,16) മറ്റു ചിലപ്പോൾ വിലാപം പ്രകടിപ്പിക്കുകയോ സ്വന്തം പാപം ഏറ്റു പറയുകയോ ചെയ്തു (സങ്കീർത്തനം 51,3).

സങ്കീർത്തനങ്ങളുടെ കർത്താവ്

ലോകം അവൻറെ മുന്നിൽ അവതരിപ്പിക്കുന്നത് മൗനസാന്ദ്രമായ ഒരു രംഗമല്ല: അവൻറെ നോട്ടത്തിൽ കാര്യങ്ങൾ അനാവരണം ചെയ്യപ്പെട്ടപ്പോൾ അവൻ വലിയൊരു രഹസ്യത്തിൽ എത്തിച്ചേരുന്നു. അവിടെ നിന്നാണ് അവൻറെ പ്രാർത്ഥന ജന്മംകൊള്ളുന്നത്: ജീവിതം അപ്രതീക്ഷിതമായി നമ്മിൽ വന്നു ഭവിക്കുന്നതല്ല, പ്രത്യുത, കവിതയ്ക്കും സംഗീതത്തിനും കൃതജ്ഞതയ്ക്കും സ്തുതിയ്ക്കും, അല്ലെങ്കിൽ, വിലാപത്തിനും യാചനയ്ക്കും നമ്മിൽ പ്രചോദനമാകുന്ന അതിശയകരമായ ഒരു രഹസ്യമാണ് എന്ന ബോധ്യത്തിൽ നിന്നാണ്. ഒരു വ്യക്തിക്ക് ഈ കാവ്യാത്മക മാനത്തിൻറെ അഭാവം, കവിതയുടെ കുറവ് ഉണ്ടെങ്കിൽ അവൻറെ ആത്മാവിന് മുടന്തുണ്ടാകുന്നു എന്നു പറയാം. ആകയാൽ, സങ്കീർത്തനങ്ങൾ രചിച്ച മഹാശില്പി ദാവീദാണെന്ന് പാരമ്പര്യം കരുതുന്നു. സങ്കീർത്തനങ്ങളുടെ തുടക്കത്തിൽ, പലപ്പോഴും, ഇസ്രായേലിൻറെ രാജാവിനെക്കുറിച്ചും അദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറെക്കുറെ മഹത്തായ സംഭവങ്ങളെക്കുറിച്ചും വ്യക്തമായ പരാമർശമുണ്ട്.

നല്ല ഇടയെനന്ന ദാവീദിൻറെ സ്വപ്നം

ആകയാൽ, നല്ല ഇടയനായിരിക്കുക എന്ന ഒരു സ്വപ്നം ദാവീദിനുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഈ ദൗത്യത്തിനൊത്തുയരാൻ സാധിക്കുന്നു, മറ്റു ചിലപ്പോൾ അതിൽ കുറവനുഭവപ്പെടുന്നു. എന്നാൽ, പരിത്രാണരഹസ്യത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനം, മറ്റൊരു രാജാവിനെക്കുറിച്ചുള്ള പ്രവചനമായിരിക്കുക എന്നതാണ്. ഈ രാജാവിനെക്കുറിച്ചുള്ള വിളംബരവും ഈ രാജാവിൻറെ പ്രതിരൂപവും മാത്രമാണ് ദാവീദ്.  

ദാവീദിൻറെ ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ

ദാവീദിനെ ഒന്നു നോക്കാം, അവനെക്കുറിച്ച് ഒന്നു ചിന്തിക്കാം. വിശുദ്ധനും പാപിയും, പീഢിതനും മർദ്ദകനും, ഇരയും ആരാച്ചാരും. ദാവിദ് ഇവയെല്ലാമായിരുന്നു. ഇതൊരു വൈരുദ്ധ്യമാണ്. വിപരീത സ്വഭാവങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിലും ഉണ്ട്; ജീവിത പദ്ധതിയിൽ സകല മനുഷ്യരും പലപ്പോഴും പൊരുത്തക്കേട് എന്ന പാപം ചെയ്യുന്നു. സംഭവിക്കുന്നവയെ എല്ലാം കൂട്ടിച്ചേർക്കുന്ന ഒരു സ്വർണ്ണ നൂൽ മാത്രമെ ദാവീദിൻറെ ജീവിതത്തിലുള്ളു: അത് അദ്ദേഹത്തിൻറെ പ്രാർത്ഥനയാണ്. വിശുദ്ധനായ ദാവീദ് പ്രാർത്ഥിക്കുന്നു, പാപിയായ ദാവീദ് പ്രാർത്ഥിക്കുന്നു. പീഢിതനായ ദാവീദ് പ്രാർത്ഥിക്കുന്നു, ബലിയാടായ ദാവീദ് പ്രാർത്ഥിക്കുന്നു, ആരാച്ചാരായ ദാവീദ് പ്രാർത്ഥിക്കുന്നു. ഇതാണ് അവൻറെ ജീവിതത്തിലെ സ്വർണ്ണ നൂൽ. അവൻ പ്രാർത്ഥനയുടെ മനുഷ്യനാണ്. ഈ സ്വരം ഒരിക്കലും നിലയ്ക്കുന്നില്ല. അത് സന്തോഷത്തിൻറെ സ്വരമായാലും സന്താപത്തിൻറെ സ്വരമായാലും എല്ലായ്പോഴും ഒരേ പ്രാർത്ഥനയാണ്, ഈണം മാത്രമെ മാറുന്നുള്ളു. ഇപ്രകാരം ചെയ്തുകൊണ്ട് ദാവീദ്, സകലത്തെയും ദൈവവുമായുള്ള സംഭാഷണത്തിലേക്ക് സന്നിവേശിപ്പിക്കാൻ, നമ്മെ പഠിപ്പിക്കുന്നു: കുറ്റബോധം പോലെ ആനന്ദവും, സഹനമെന്ന പോലെ സ്നേഹവും, രോഗമെന്ന പോലെ  സൗഹൃദവും എല്ലാം തന്നെ നമ്മെ സദാ ശ്രവിക്കുന്ന ആ “അങ്ങയോ”ടുള്ള വാക്കായി മാറാം.

നമ്മെ കുലീനരാക്കുന്ന പ്രാർത്ഥന

ഏകാന്തത എന്തെന്നറിഞ്ഞ ദാവീദ്, വാസ്തവത്തിൽ, ഒരിക്കലും ഏകാന്തനായിരുന്നില്ല. തങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഇടം നല്കുന്നവരിലെല്ലാം മൗലികമായി  പ്രാർത്ഥനയുടെ ശക്തി ഇതാണ്: അതായത്, മനുഷ്യൻറെ യാത്രയിൽ, ജീവിതത്തിലെ ആയിരം പ്രതികൂലാവസ്ഥകൾക്കിടയിൽ, നല്ലതും മോശവുമായ അവസ്ഥകളിൽ, യഥാർത്ഥ തുണയായ ദൈവവുമായുള്ള ബന്ധം അത് ഉറപ്പു നല്കുന്നു. പ്രാർത്ഥന നമുക്ക് കുലീനതയേകുന്നു. കർത്താവേ എന്നെ സഹായിക്കേണമേ. കർത്താവേ എന്നോടു പൊറുക്കേണമേ. പ്രാർത്ഥനയുടെ ശ്രേഷ്ഠത നമ്മെ ദൈവത്തിൻറെ കരങ്ങൾക്കുള്ളിലാക്കുന്നു. സ്നേഹത്താൽ മുറിപ്പെട്ട ആ കരങ്ങൾ, നമുക്കുള്ള സുരക്ഷിതമായ കരങ്ങൾ അവ മാത്രമാണ്.  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍അഭിവാദ്യം ചെയ്യുകയും ചെയ്തു. 

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

യൂറോപ്പിലും മറ്റും വേനൽക്കാലം ആരംഭിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ അത് പ്രശാന്തതയുടെ വേളയും ദൈവത്തിൻറെ സൃഷ്ടിയാകുന്ന അതിശ്രേഷ്ഠമായ  കരവേലയിൽ അവിടത്തെ ധ്യാനിക്കാനുള്ള സുന്ദരമായ അവസരവും ആയിരിക്കട്ടെയെന്ന് ആശംസിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ, അനുവർഷം ജൂൺ 24-ന്, ഇക്കൊല്ലം ഈ ബുധനാഴ്ച (24/06/20) വിശുദ്ധ സ്നാപകയോഹന്നാൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

വൈവിധ്യങ്ങൾക്കുപരിയായി, ഏതൊരു വിശ്വാസ പ്രഘോഷണത്തിൻറെയും വിശ്വാസയോഗ്യതയുടെ അടിത്തറയായ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിച്ചുകൊണ്ട് സുവിശേഷത്തിന് സധൈര്യം സാക്ഷ്യമേകുന്നതിന് യേശുവിൻറെ മുന്നോടിയായ സ്നാപക യോഹന്നാനിൽ നിന്ന് നമുക്ക് പഠിക്കാമെന്ന് പാപ്പാ പറഞ്ഞു.

തുടർന്ന് കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2020, 12:15