തിരയുക

ഫ്രാ൯സിസ് പാപ്പായും എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തൊലോമിയോയും വത്തിക്കാനിൽ കൂടികാഴ്ച്ച നടത്തിയപ്പോൾ പകർത്തപ്പെട്ട ചിത്രം. ഫ്രാ൯സിസ് പാപ്പായും എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തൊലോമിയോയും വത്തിക്കാനിൽ കൂടികാഴ്ച്ച നടത്തിയപ്പോൾ പകർത്തപ്പെട്ട ചിത്രം. 

എക്യുമേനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോയ്ക്ക് പാപ്പായുടെ ആശംസ

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനമായ ജൂൺ 29 ന് ഫ്രാൻസിസ് പാപ്പാ എക്യുമേനിക്കൽ പാത്രിയാർക്കീസ് ബർത്തൊലോമിയോയ്ക്ക് തന്റെ പ്രത്യേക ആശംസകൾ നേർന്നു കൊണ്ട് സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ  പാത്രിയാർക്കീസിന്റെ  പ്രതിനിധി സംഘം പരമ്പരാഗതമായി റോമിലേക്ക്  നടത്താറുള്ള സന്ദർശനം കോവിഡ് 19 മൂലം മാറ്റി വയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ്  തന്റെ ആത്മീയ സാമിപ്യം പാപ്പാ സന്ദേശത്തിലൂടെ അദ്ദേഹത്തെ അറിയിച്ചത്.  റോമിലെ സഭയും, കോൺസ്റ്റാന്‍റിനോപ്പിളിലെ സഭയും ഇരുസഭകളുടേയും സ്ഥാപകരുടെ തിരുനാൾ ദിനങ്ങളിൽ സാഹോദര്യ സന്ദർശനം നടത്തുക പതിവുള്ളതാണ്.

വിശുദ്ധ പത്രോസും പൗലോസും റോമാ സഭയുടെയും വിശുദ്ധ പത്രോസിന്റെ സഹോദരനായ വിശുദ്ധ അന്ത്രയോസ് കോൺസ്റ്റാന്‍റിനോപ്പിളിലെ സഭയുടെയും സ്ഥാപകരാണ്. കോവിഡ് മഹാമാരി മൂലം ഇപ്രാവശ്യം പ്രതിനിധി സംഘത്തെ അയക്കാൻ പാത്രിയാർക്കേറ്റിന് സാധിച്ചില്ല. തങ്ങളെ സവിശേഷമായ രീതിയിൽ കോൺസ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസുമായി ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു പാരമ്പര്യമാണ് ഈ സാഹോദര്യ സന്ദർശനമെന്ന് തിങ്കളാഴ്ച്ചത്തെ ദിവ്യബലി മദ്ധ്യേ മാർപാപ്പാ പറഞ്ഞു. “ശാരീരികമായി ഇവിടെ സന്നിഹിതരാകാൻ  കഴിഞ്ഞില്ലെങ്കിലും അവർ നമ്മോടൊപ്പമുണ്ട്” പാപ്പാ പറഞ്ഞു. വിശുദ്ധ പത്രോസിന്റെ   ശവകുടീരം സന്ദർശിച്ചപ്പോൾ തന്റെ ഹൃദയത്തിൽ പാത്രിയാർക്കീസിനോടുള്ള അടുപ്പം അനുഭവിച്ചു എന്നും മാർപാപ്പാ കൂട്ടിച്ചേർത്തു.  തുടർന്ന് “കർത്താവിന്റെ  മാലാഖ” പ്രാർത്ഥനാ സമയത്ത് പാത്രിയാർക്കീസ്  ബർത്തൊലോമിയോയോടുള്ള തന്റെ  ആത്മീയ അടുപ്പം മാർപാപ്പാ ആവർത്തിച്ചു പറഞ്ഞു. “എന്റെ സഹോദരനായ പാത്രിയാർക്കിസ് ബർത്തോലോമിയോയെ  ഞാൻ ആത്മീയമായി ആശ്ലേഷിക്കുന്നു. നമ്മുടെ പരസ്പരമുള്ള സന്ദർശനം എത്രയും വേഗം പുനരാരംഭിക്കാൻ കഴിയട്ടെ .” പാപ്പാ  പ്രത്യാശ പ്രകടിപ്പിച്ചു.

 

30 June 2020, 14:49