പാപ്പായുടെ സാമീപ്യത്തിൻറെ സമൂർത്ത അടയാളം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 രോഗത്തിനെതിരായുള്ള പോരാട്ടത്തിന് ഒരു കൈത്താങ്ങായി പാപ്പാ 13 നാടുകൾക്ക് 35 ശ്വസനോപകരണങ്ങൾ സംഭാവന ചെയ്തു.
പാപ്പായുടെ ദാനധർമ്മാദികാര്യങ്ങൾക്കായുള്ള വിഭാഗം “എലെമൊസിനേറിയ അപ്പസ്തോലിക്ക” (ELEMOSINERIA APOSTOLICA) ആണ് ഈ വിവരം വെളിപ്പെടുത്തിയത്.
കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ, ആരോഗ്യമേഖലയിൽ, കൂടുതൽ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോടുള്ള ഫ്രാൻസീസ്പാപ്പായുടെ സാമീപ്യത്തിൻറെ സമൂർത്ത അടയാളമാണ് ഈ സഹായം.
ഹൈറ്റി, വെനെസ്വേല, ബ്രസീൽ എന്നീ നാടുകൾക്ക് 4 വീതവും, കൊളൊംബിയ, ഹൊണ്ടൂരാസ്, മെക്സിക്കൊ എന്നീ നാടുകൾക്ക് 3 വീതവും, കാമെറൂൺ, സിംബാവ്വെ, ബംഗ്ലാദേശ്, ഉക്രയിൻ, എക്വദോർ, ഡൊമീനിക്കൻ റിപ്പബ്ലിക്ക്, ബൊളീവിയ എന്നീ രാജ്യങ്ങൾക്ക് 2 വീതവും എന്നിങ്ങനെയാണ് ഈ 35 ശ്വസനോപകരണങ്ങൾ പാപ്പാ വിതരണം ചെയ്തിരിക്കുന്നത്.
സിംബാവെയ്ക്കൊഴിച്ച് മറ്റു നാടുകൾക്കെല്ലാം അതതു രാജ്യങ്ങളിലെ പേപ്പൽ പ്രതിനിധിയുടെ, അതായത്, അപ്പസ്തോലിക് നുൺഷ്യൊയുടെ കാര്യാലയം, അപ്പസ്തോലിക് നൺഷിയേച്ചർ വഴിയാണ് ഈ ഉപകരണം നല്കിയിരിക്കുന്നത്.
സിംബാവെയ്ക്കുള്ള ശ്വസനോപകരണം പ്രാദേശിക കത്തോലിക്കാ മെത്രാന്മാരുടെ സംഘം വഴിയാണ് സംഭാവന ചെയ്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: