ബെനഡിക്ട് പതിനാറാമൻ പാപ്പാ സഹോദരനെ കാണാൻ ജർമ്മനിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ വിശ്രമജീവിതം നയിക്കുന്ന “എമെരിറ്റസ്” പാപ്പാ ബെനഡിക്ട് പതനാറാമൻ, ജർമ്മനിയിലെ റീഗൻസ്ബർഗിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹോദരൻ ഗെയോർഗ് റാറ്റ്സിംഗറെ (Georg Ratzinger) സന്ദർശിച്ചു.
രോഗിയായ 96 വയസ്സു പ്രായമുള്ള സഹോദരൻറെ ചാരെ ആയിരിക്കാനാണ് 93 വയസ്സു പ്രായമുള്ള ബെനഡിക്ട് പതനാറാമൻ പാപ്പാ വ്യാഴാഴ്ച (18/06/20) വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗം ബവേറിയൻ നഗരമായ റീഗൻസ്ബർഗിൽ എത്തിയത്.
പാപ്പായുടെ സെക്രറട്ടറി ആർച്ച്ബിഷപ്പ് ഗെയോർഗ് ഗാൻസ്വെയിൻ, ഒരു ഭിഷഗ്വരൻ ഒരു നഴ്സ്, വത്തിക്കാൻ നഗരത്തിൻറെ സുരക്ഷാവിഭാഗത്തിൻറെ ഉപമേധാവി, ഒരു സന്ന്യാസിനി എന്നിവർ പാപ്പായോടൊപ്പം ഉണ്ടായിരുന്നു.
റീഗൻസ്ബർഗ് സെമിനാരിയിലായിലാണ് പാപ്പായുടെ വാസമെന്നും ആവശ്യമുള്ളിടത്തോളം സമയം പാപ്പാ അവിടെ ഉണ്ടായിരിക്കുമെന്നും പരിശുദ്ധസിംഹാസനത്തിൻറെ വക്താവ് മത്തേയൊ ബ്രൂണി വെളിപ്പെടുത്തി.
ഈ റാറ്റ്സിംഗർ സഹോദരങ്ങൾ തമ്മിൽ പ്രായത്തിൽ 3 വയസ്സു വിത്യാസമുണ്ടെങ്കിലും ഇരുവരും ഒരുമിച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. 1951 ജൂൺ 29-ന് ജർമ്മനിയിലെ തന്നെ ഫ്രൈസിംഗിലെ കത്തീദ്രലിൽ വച്ചായിരുന്നു ഗുരുപ്പട്ട സ്വീകരണം.