തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായറാഴ്ച (21/06/2020) മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നു ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായറാഴ്ച (21/06/2020) മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നു 

ഭയമരുത്, സുവിശേഷം സധൈര്യം പരസ്യമായി പ്രഘോഷിക്കുക!

മറ്റുള്ളവരുടെ മുമ്പാകെ യേശുവിനെ ഏറ്റു പറയുക, സൽക്കർമ്മം തുടരുക , ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ ഭയപ്പെടാതിരിക്കുകയും ശക്തരും ആത്മധൈര്യമുള്ളവരുമായിരിക്കുകയും വേണം, ഫ്രാൻസീസ് പാപ്പായുടെ ഞായറാഴ്ചച്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തിൽ നിന്ന്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, ഈ ഞായറാഴ്ചയും (21/06/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. ആരോഗ്യ സുരക്ഷാ അകലം, ശാരീരികാകലം, പാലിച്ചുകൊണ്ടാണ് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിലയുറപ്പിച്ചിരുന്നത്. പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു. വിശ്വാസികളെ കൈവീശി അഭിവാദ്യം ചെയ്ത പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ്  നടത്തിയ വിചിന്തനം ഈ ഞായറാഴ്ച (21/06/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, സുവിശേഷഭാഗം, ലോകത്തിൽ തന്നെ നിർഭയം ഏറ്റുപറയാൻ, അതായത്, തനിക്കു സാക്ഷ്യമേകാൻ യേശു ശിഷ്യന്മാരോടു പറയുന്ന സംഭവത്തെ, മത്തായിയുടെ സുവിശേഷം 10,26-33 വാക്യങ്ങളെ അവലംബമാക്കിയുള്ളതായിരുന്നു.

ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രതിസന്ധികൾക്കു മുന്നിൽ ഭയമരുത്

യേശു ശിഷ്യന്മാർക്കു നല്കുന്ന ക്ഷണം ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ മാറ്റൊലികൊളളുന്നു. അവർ ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ ഭയപ്പെടാതിരിക്കുകയും ശക്തരും ആത്മധൈര്യമുള്ളവരുമായിരിക്കുകയും വേണം. അവർക്കുണ്ടാകാൻ പോകുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് അവിടന്ന് അവരെ മുൻകൂട്ടി അറിയിക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷഭാഗം ദിവ്യഗുരു ദൈവരാജ്യ പ്രഘോഷഷണത്തിൻറെ ആദ്യാനുഭവത്തിന് അപ്പസ്തോലന്മാരെ ഒരുക്കുന്ന പ്രേഷിതപ്രഭാഷണത്തിൻറെ ഭാഗമാണ്. ഭയമരുത്, ഭയപ്പെടരുത് എന്ന് യേശു അവരെ നിരന്തരം ഉദ്ബോധിപ്പിക്കുകയും അവർ അഭിമുഖീകരിക്കേണ്ടിവരുന്ന മൂന്നു സമൂർത്തമായ അവസ്ഥകൾ അവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു.

"പുരമുകളിൽ" നിന്നുള്ള പ്രഘോഷണം

പ്രഥമവും പ്രധാനവുമായി, ദൈവവചനത്തെ പഞ്ചസാരയിൽ പൊതിയുകയും അതിൽ വെള്ളം ചേർക്കുകയും ചെയ്യുകയൊ ദൈവവചന പ്രഘോഷകരെ നിശബ്ദരാക്കുകയൊ ചെയ്തുകൊണ്ട് ദൈവവചനത്തെ തടയാൻ ആഗ്രഹിക്കുന്നവരുടെ ശത്രുതയാണ് ആദ്യത്തേത്. ഇവിടെ യേശു ചെയ്യുന്നത്, താൻ അപ്പസ്തോലന്മാരെ ഏല്പിച്ച രക്ഷാകരസന്ദേശം പ്രസരിപ്പിക്കാൻ അവർക്ക് പ്രചോദനം പകരുകയാണ്. യേശു ജാഗ്രതയോടെ, ഏതാണ്ട് രഹസ്യമായ വിധത്തിൽ, ശിഷ്യന്മാരുടെ ചെറിയൊരു ഗണത്തിന് അത് കൈമാറുന്നു. എന്നാൽ അവരാകട്ടെ സുവിശേഷം “പ്രകാശത്തിൽ”, അതായത് പരസ്യമായി പ്രഘോഷിക്കണം. അത് അവർ, യേശു പറയുന്നതു പോലെ, പുര മുകളിൽ നിന്നു, അതായത്, പരസ്യമായി പ്രഘോഷിക്കണം.

പീഢനം

ക്രിസ്തുവിൻറെ പ്രേഷിതർ അഭിമുഖീകരിക്കേണ്ട രണ്ടാമത്തെ ബുദ്ധിമുട്ട് അവർക്കെതിരായ ശാരീരിക ഭീഷണിയാണ്. അത് അവർക്കെതിരായ വ്യക്തിപരമായ, വധിക്കപ്പെടുകപോലും ചെയ്യാവുന്ന തരത്തിലുള്ള പീഢനമാണ്. യേശുവിൻറെ പ്രവചനം എക്കാലത്തും പൂർത്തീകരിക്കപ്പെടുന്നു: ഇത് വേദനാജനകമായ ഒരു യാഥാർത്ഥ്യമാണെങ്കിലും സാക്ഷികളുടെ വിശ്വസ്തതയെ അത് സാക്ഷ്യപ്പെടുത്തുന്നു. ഇന്നു ലോകമെങ്ങും എത്രയോ ക്രിസ്ത്യാനികൾ പീഢിപ്പിക്കപ്പെടുന്നു! അവർ സ്നേഹത്താൽ സുവിശേഷത്തെ പ്രതി സഹിക്കുന്നു, അവർ നമ്മുടെ ഇക്കാലത്തെ നിണസാക്ഷികളാണ്. അവർ ആദ്യകാല രക്തസാക്ഷികളേക്കാൾ കൂടുതലാണെന്ന് നമുക്കു ഉറപ്പിച്ചു പറയാൻ കഴിയും. ക്രൈസ്തവരാണ് എന്ന ഒറ്റക്കാരണത്താൽ നിരവധി നിണസാക്ഷികൾ. പിഢിപ്പിക്കപ്പെടുന്ന ഇന്നലത്തെയും ഇന്നത്തെയും ശിഷ്യരെ യേശു ഉദ്ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട” (മത്തായി 10,28). സുവിശേഷവത്ക്കരണ ശക്തിയെ ധാർഷ്ട്യവും അക്രമവും വഴി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരെ ഭയപ്പെടേണ്ട കാര്യമില്ല. വാസ്തവത്തിൽ, ആത്മാവിനെതിരായി, അതായത്, ദൈവവുമായുള്ള ഐക്യത്തിനെതിരായി, അവർക്ക് ഒന്നും ചെയ്യാനാകില്ല. ഇത് ശിഷ്യന്മാരിൽ നിന്ന് എടുത്തു കളയാൻ ആർക്കും സാധിക്കില്ല, കാരണം, ഇത് ദൈവത്തിൽ നിന്നുള്ള ദാനമാണ്. ദൈവവുമായുള്ള അടുപ്പവും സൗഹൃദവുമാകുന്ന ഈ ദൈവിക ദാനം നഷ്ടപ്പെടുക, സുവിശേഷാനുസൃത ജീവിതത്തിന് വിരാമമാകുക, അങ്ങനെ പാപത്തിൻറെ ഫലമായ ധാർമ്മിക മരണാനുഭവം ഉണ്ടാകുക  എന്ന ഒരേയൊരു ഭയമാണ് ഒരു ശിഷ്യന് ഉണ്ടായിരിക്കേണ്ടത്.

ദൈവം കൈവിടില്ല

ദൈവം തങ്ങളെ ഉപേക്ഷിച്ചു, മൗനിയായി അകന്നു നില്ക്കുന്നു എന്ന, ചിലർക്കുണ്ടാകുന്ന തോന്നാലാണ് അപ്പസ്തോലന്മാർ അഭിമുഖീകരിക്കേണ്ട മൂന്നാമത്തെ പരീക്ഷണമായി യേശു ചൂണ്ടിക്കാട്ടുന്നത്. ഇവിടെയും യേശു അവരെ ഉപദേശിക്കുന്നത് ഭയപ്പെടരുത് എന്നാണ്. എന്തെന്നാൽ ഇവയും മറ്റു അപകടങ്ങളും അനുഭവിച്ചറിയുമ്പോഴും ശിഷ്യരുടെ ജീവിതം നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ കരങ്ങളിൽ സുരക്ഷിതമാണ്. അവ മൂന്നു പ്രലോഭനങ്ങൾ പോലെയാണ്, അതായത് ഒന്ന് സുവിശേഷത്തെ പഞ്ചസാരയിൽ പൊതിയുക, അതിൽ വെള്ളം ചേർക്കുക,  രണ്ട്, പീഢനം. മൂന്ന് ദൈവം നമ്മെ കൈവിട്ടും എന്ന തോന്നൽ. ഒലിവിൻ തോട്ടത്തിലും കുരിശിലും വച്ച് യേശുവും ഈ പരീക്ഷണാനുഭവത്തിലൂടെ കടന്നുപോയി. യേശു പറയുന്നു: “പിതാവേ, എന്തുകൊണ്ട് എന്നെ കൈവെടിഞ്ഞു?”. ചില സമയങ്ങളിൽ ഒരുവന് ആത്മീയമായ ഈ വരൾച്ച അനുഭവപ്പെടുന്നു. എന്നാൽ നാം അതിനെ ഭയപ്പെടരുത്. പിതാവ് നമ്മെ പരിപാലിക്കുന്നു. എന്തെന്നാൽ അവിടത്തെ ദൃഷ്ടിയിൽ നാം വിലയേറിയവരാണ്. ഇവിടെ പ്രധാനം, ആത്മാർത്ഥതയും നമ്മുടെ ധീര സാക്ഷ്യം വിശ്വാസ സാക്ഷ്യവും ആണ്, അതായത്, മറ്റുള്ളവരുടെ മുമ്പാകെ യേശുവിനെ അംഗീകരിക്കുക, സൽക്കർമ്മം തുടരുക എന്നിവയാണ്.

പരിശുദ്ധ കന്യകാ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം

നിരാശയ്ക്കു കീടങ്ങാതെ ദൈവത്തിനും, അവിടത്തെ കൃപയ്ക്കും എല്ലായ്പ്പോഴും നമ്മെത്തന്നെ സമർപ്പിക്കുന്നതിന്, വിശ്വാസത്തിൻറെയും ദൈവപരിപാലനയിലുള്ള ആശ്രയത്തിൻറെയും മാതൃകയായ ഏറ്റം പരിശുദ്ധയായ കന്യാകാമറിയം നമ്മെ സഹായിക്കട്ടെ. എന്തെന്നാൽ ദൈവകൃപ എന്നും തിന്മയെക്കാൾ ശക്തമാണ്.

ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

അഭയാർത്ഥികൾക്കായുള്ള ലോകദിനം

ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയവെ, ശനിയാഴ്ച (20/06/20) അഭയാർത്ഥികൾക്കായുള്ള ലോകദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിച്ചത് അനുസ്മരിച്ചു.

മഹാമാരിയും അഭയാർത്ഥികളും

കൊറോണവൈറസ് സംജാതമാക്കിയിരിക്കുന്ന പ്രതിസന്ധി അഭയാർത്ഥികൾക്കും മതിയായ സംരക്ഷണവും അവരുടെ ഔന്നത്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിൻറെ ആവശ്യകത എടുത്തുകാട്ടുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഓരോ മനുഷ്യവ്യക്തിയുടെയും, വിശിഷ്യ, തങ്ങൾക്കും സ്വന്തം കുടുംബങ്ങൾക്കും അപകടകരമായ അവസ്ഥയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ, ഫലപ്രദമായ സംരക്ഷണത്തനു വേണ്ടിയുള്ള നവീകൃതമായ പരിശ്രമത്തിനു വേണ്ടിയുള്ള തൻറെ പ്രാർത്ഥനയിൽ ഒന്നു ചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

മഹാമാരിയും പരിസ്ഥിതിയും

കോവിദ് 19 മഹാമാരിയുടെ മറ്റൊരു വശം, അത്, മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മനനത്തിന് വഴിതെളിച്ചു എന്നതാണെന്ന് പാപ്പാ പറഞ്ഞു. 

ഈ മഹാമാരിക്കാലത്തെ അടച്ചുപൂട്ടലുകൾ മലിനീകരണം കുറയ്ക്കുകയും ഗതാഗതത്തിരക്കും ശബ്ദകോലാഹലവുമൊഴിഞ്ഞ നിരവധി പ്രദേശങ്ങളുടെ സൗന്ദര്യം വീണ്ടും കണ്ടെത്തുക സാധ്യമാക്കുകയും ചെയ്തെന്ന് പാപ്പാ അനുസ്മരിച്ചു. 

വീണ്ടും പ്രവർത്തനനിരതമായിരിക്കുന്ന ഇപ്പോൾ നമ്മൾ പൊതുഭവനത്തിൻറെ പരിപാലനത്തിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും അടിത്തട്ടിൽ നിന്നു ജന്മംകൊള്ളുകയും ഈ ദിശോന്മുഖമായി ചരിക്കുകയും ചെയ്യുന്ന നിരവധിയായ സംരംഭങ്ങളെോടുള്ള മതിപ്പ് പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു.

റോമിലെ ടൈബർ നദിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു സംരംഭം പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അതു പോലുള്ള നിരവധി പ്രവർത്തനങ്ങൾ പലയിടത്തും നടക്കുന്നുണ്ടെന്ന് അനുസ്മരിച്ച പാപ്പാ മൗിലകമായ ഈ പൊതുനന്മയെക്കുറിച്ചു ഉപരിയവബോധമുള്ള ഒരു പൗരസമൂഹത്തിൻറെ രൂപവത്ക്കരണത്തിന് ഇത് സഹായകമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ലോക “പിതൃദിനം”

ഈ ഞായറാഴ്ച “പിതൃദിനം” ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. എല്ലാ അപ്പന്മാർക്കും തൻറെ സാമീപ്യവും പ്രാർത്ഥനയും പാപ്പാ ഉറപ്പു നല്കി. 

ഒരു പിതാവിൻറെ ദൗത്യനിർവ്വഹണം അത്ര എളുപ്പമല്ല എന്നു പറഞ്ഞ പാപ്പാ എല്ലാ പിതാക്കന്മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ സകലരെയും ക്ഷണിച്ചു. 

സ്വർഗ്ഗത്തിലിരുന്നു, നമുക്കു സംരക്ഷണമരുളുന്ന, അതായത് ഇഹലോകവാസം വെടിഞ്ഞ, പിതാക്കന്മാരെയും പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ അലോഷ്യസ് ഗൊൺസാഗ

ഈ ഞായറാഴ്ച വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെ തിരുന്നാൾ ആയിരുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്താൽ നിറഞ്ഞ ഒരു യുവാവായിരുന്നു ഈ വിശുദ്ധനെന്നും ഒരു പകർച്ചവ്യാധ്യയുണ്ടായപ്പോൾ രോഗികളെ പരിചരിക്കാൻ ഇറങ്ങിയ അദ്ദേഹം റോമിൽ വച്ച് ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞുവെന്നും പറഞ്ഞു.

ലോകമെമ്പാടുമുള്ള യുവതയെ പാപ്പാ വിശുദ്ധ അലോഷ്യസ് ഗൊൺസാഗയ്ക്ക് സമർപ്പിക്കുകയും ചെയ്തു.

സമാപനാശംസകൾ

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവർക്കും വിനിമയമാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചവർക്കും നല്ലൊരു ഞായർ ആശംസിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന, പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2020, 12:13