തിരയുക

സാമൂഹ്യ ആരോഗ്യ സുരക്ഷാ അകലം പാലിച്ചും മൂഖാവരണം ധരിച്ചും  വത്തിക്കാനിൽ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുചേരുന്ന വിശ്വാസികൾ, 07/06/2020 സാമൂഹ്യ ആരോഗ്യ സുരക്ഷാ അകലം പാലിച്ചും മൂഖാവരണം ധരിച്ചും വത്തിക്കാനിൽ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുചേരുന്ന വിശ്വാസികൾ, 07/06/2020 

കോവിദ് 19 നെതിരായ പോരാട്ടത്തിൽ വിജയഗീതം പാടാറായിട്ടില്ല, പാപ്പാ!

കൊറോണവൈറസിൻറെ മുന്നേറ്റത്തിന് തടയിടാനുദ്ദേശിച്ചു നല്കപ്പെടുന്ന നിയമങ്ങളുടെ പാലനം ഇനിയും നാം തുടരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് സംക്രമണം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങളുടെ പാലനം സശ്രദ്ധം തുടരണമെന്ന് മാർപ്പാപ്പാ.

ഞായറാഴ്ച (07/06/20) താൻ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കെടുത്തവരെ പ്രാർത്ഥനയുടെ അവസാനം, ആശീർവ്വാദാനന്തരം പ്രത്യേകം അഭിവാദ്യം ചെയ്യവെ അവരുടെ സാന്നിധ്യത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ കോവിദ് 19 രോഗത്തിനെതിരായ പോരാട്ടത്തിൽ ഇനിയും അതീവ കരുതലോടെ മുന്നോട്ടു പോകേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

ഈ പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ സാന്നിധ്യം ദ്യോതിപ്പിക്കുന്നത്, മഹാമാരിയുടെ അതിരൂക്ഷ ഘട്ടം ഇറ്റലി തരണം ചെയ്തു കഴിഞ്ഞു എന്നാണെന്ന് പറഞ്ഞ പാപ്പാ വിജയഗീതം പാടാൻ സമയമായിട്ടില്ലെന്നും ജാഗരൂഗത ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.

കോവിദ് മഹാമാരിയുമയി ബന്ധപ്പെട്ട, നിലവിലുള്ള നിയമങ്ങൾ സശ്രദ്ധം പാലിക്കേണ്ടത് ആവശ്യമാണെന്നും കാരണം, കൊറോണവൈറസിൻറെ മുന്നേറ്റത്തിന് തടയിടാനുദ്ദേശിച്ചുള്ളതാണ് ആ നിയമങ്ങളെന്നും പാപ്പാ പറഞ്ഞു

ദൗർഭാഗ്യവശാൽ മറ്റു ചിലനാടുകളിൽ കൊറോണ വൈറസിന് അനേകർ ഇരകളാകുന്നുണ്ടെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച (05/06/20) ഒരു നാട്ടിൽ ഈ മഹാമാരിമൂലം ഒരു മിനിറ്റിൽ ഒരാൾ വീതം മരിച്ചുവീണ ഭീകരമായ അവസ്ഥ സംജാതമായ തിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

അന്നാട്ടിലെ ജനതയോടും രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള സാമീപ്യവും പാപ്പാ അറിയിക്കുകയും പ്രാർത്ഥനയാൽ അവരുടെ ചാരത്തായിരിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 

08 June 2020, 15:36