തിരയുക

തലചായ്ക്കാൻ ഇടമില്ലാതെ ഒരു മേൽനടപ്പാതയ്ക്കടിയിലും മുകളിലും അഭയാർത്ഥികൾ തലചായ്ക്കാൻ ഇടമില്ലാതെ ഒരു മേൽനടപ്പാതയ്ക്കടിയിലും മുകളിലും അഭയാർത്ഥികൾ 

അഭയാർത്ഥികളുടെ സംരക്ഷണത്തിനായി കൈ കോർക്കുക!

തങ്ങൾക്കും സ്വന്തം കുടുംബങ്ങൾക്കും അപകടകരമായ അവസ്ഥയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ, ഫലപ്രദവും നവീകൃതവുമായ സംരക്ഷണ യത്നത്തിനായുള്ള തൻറെ പ്രാർത്ഥനയിൽ ഒന്നു ചേരാൻ ഫ്രാൻസീസ് പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് സംജാതമാക്കിയിരിക്കുന്ന പ്രതിസന്ധി അഭയാർത്ഥികൾക്കും മതിയായ സംരക്ഷണവും അവരുടെ ഔന്നത്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിൻറെ ആവശ്യകത എടുത്തുകാട്ടുന്നുവെന്ന് പാപ്പാ.

ഞായഴാഴ്ച (21/06/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചവരെ പ്രാർത്ഥനാനന്തരം സംബോധന ചെയ്യുകയായിരുന്ന ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (20/06/20) അഭയാർത്ഥികൾക്കായുള്ള ലോകദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിച്ചത് അനുസ്മരിക്കവെയാണ് ഇതു പറഞ്ഞത്.

ഓരോ മനുഷ്യവ്യക്തിയുടെയും, വിശിഷ്യ, തങ്ങൾക്കും സ്വന്തം കുടുംബങ്ങൾക്കും അപകടകരമായ അവസ്ഥയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ, ഫലപ്രദവും നവീകൃതവുമായ സംരക്ഷണ യത്നത്തിനായുള്ള തൻറെ പ്രാർത്ഥനയിൽ ഒന്നു ചേരാൻ എല്ലാവരെയും തദ്ദവസരത്തിൽ പാപ്പാ ക്ഷണിച്ചു.

കോവിദ് 19 മഹാമാരിയുടെ മറ്റൊരു വശം, അത്, മനുഷ്യനും പരിസ്ഥതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മനനത്തിന് വഴിതെളിച്ചു എന്നതാണെന്ന് പാപ്പാ പറഞ്ഞു. 

ഈ മഹാമാരിക്കാലത്തെ അടച്ചുപൂട്ടലുകൾ മലിനീകരണം കുറയ്ക്കുകയും ഗതാഗതത്തിരക്കും ശബ്ദകോലാഹലവുമൊഴിഞ്ഞ നിരവധി പ്രദേശങ്ങളുടെ സൗന്ദര്യം വീണ്ടും കണ്ടെത്തുക സാധ്യമാക്കുകയും ചെയ്തത് പാപ്പാ അനുസ്മരിച്ചു. 

പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്ന ഇപ്പോൾ നമ്മൾ പൊതുഭവനത്തിൻറെ പരിപാലനത്തിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും താഴെത്തട്ടിൽ നിന്നു തുടങ്ങി ഈ പരിസ്ഥിതിപരിപാലന ദിശോന്മുഖമായി നീങ്ങുന്ന നിരവധിയായ സംരംഭങ്ങളെോടുള്ള മതിപ്പ് പാപ്പാ വെളിപ്പെടുത്തി.

റോമിലെ ടൈബർ നദിയുടെ പരിപാലനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു സംരംഭം പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അതു പോലുള്ള നിരവധി പ്രവർത്തനങ്ങൾ പലയിടത്തും നടക്കുന്നുണ്ടെന്ന് അനുസ്മരിച്ച പാപ്പാ അത്യന്താപേക്ഷിതമായ ഈ പൊതുനന്മയെക്കുറിച്ച് ഉപരിയവബോധമുള്ള ഒരു പൗരസമൂഹത്തെ വാർത്തെടുക്കാൻ ഇത് സഹായകമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 

23 June 2020, 10:34