തിരയുക

Vatican News
ഉണർവ്വിന്റെ വെളിച്ചമായി... ഉണർവ്വിന്റെ വെളിച്ചമായി... 

"ക്രിസ്തു ജീവിക്കുന്നു”:ഉണര്‍വ്വുള്ള യുവതികള്‍

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 19-21 വരെയുള്ള ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെപറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

19. ഉണര്‍വ്വുള്ള യുവതികള്‍

വിവേകമതികളായ ഒരു സംഘം യുവതികളെ പറ്റിയും സുവിശേഷത്തിൽ പറയുന്നുണ്ട്. അവർ സജ്ജീകൃതരും കാത്തിരിക്കുന്നവരുമായിരുന്നു. അതേസമയം മറ്റുള്ളവർ ശ്രദ്ധയില്ലാത്തവരും ഉറങ്ങുന്നവരുമായിരുന്നു.(മത്താ. 25:1-13).നമുക്കും യഥാർത്ഥത്തിൽ നമ്മുടെ യൗവനത്തെ വ്യഗ്രതയോടെ ചിലവഴിക്കാം. ജീവിതത്തിന്റെ ഉപരിതലത്തിലെ പടനീക്കി കൊണ്ട് പകുതി ഉറങ്ങി കൊണ്ട് അർത്ഥപൂർണ്ണമായ ബന്ധങ്ങൾ വളർത്താനോ ജീവിതത്തിന്റെ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ അനുഭവിക്കാനോ കഴിവില്ലാതെ ജീവിക്കാം. ഇങ്ങനെ നിസ്സാരവും സത്താരഹിതവുമായ ഭാവിയെ കെട്ടിപ്പിടുത്താം. അല്ലെങ്കിൽ നമ്മുടെ യൗവനത്തെ മനോഹരവും മഹത്തരവുമായ കാര്യങ്ങൾക്കായി പരിശ്രമിച്ചു കൊണ്ട് ജീവനും ആന്തരിക സംഘർഷം നിറഞ്ഞ ഭാവിയെ പടുത്തുയർത്താം.

സുവിശേഷത്തിൽ ക്രിസ്തു പങ്കുവെച്ച മണവാളനെ കാത്തിരുന്ന പത്തു  കന്യകമാരുടെ ഉപമയെക്കുറിച്ച് പാപ്പാ ഈ  ഖണ്ഡികയിൽ സൂചിപ്പിക്കുന്നു. ഉണർവ്വോടെ വിളക്കുകളോടൊപ്പം പാത്രത്തിൽ എണ്ണയും കരുതി അർദ്ധരാത്രിയിൽ മണവാളൻ വന്നാലും എതിരേൽക്കുവാൻ കാത്തിരുന്ന,തയ്യാറായിരുന്ന    മണവാളനോടൊപ്പം വിരുന്നിനു  പ്രവേശിച്ച വിവേകമതികളായ കന്യകമാരെ കുറിച്ചും എണ്ണയില്ലാതെ അടഞ്ഞുപോയ വിളകളുമായി മണവാളന്റെ വിരുന്നിന് പ്രവേശനം ലഭിക്കാതെ പോയ വിവേകശൂന്യരായ കന്യകമാരെ കുറിച്ചും ഓർമ്മിപ്പിക്കുന്ന പപ്പാ നമ്മുടെ യുവത്വത്തെ ഉണർവ്വോടെ ജീവിച്ച് ജീവനും ആന്തരീക സമ്പത്തും സ്വന്തമാക്കുന്ന വരായിരിത്തീരുകയോ അല്ലെങ്കിൽ യൗവനത്തെ വ്യഗ്രതയിൽ സ്നാനപ്പെടുത്തി നഷ്ടങ്ങളുടെ ഭാവി  പടുത്തുയർത്തുകയോ ചെയ്യാമെന്ന് വ്യക്തമാക്കുന്നു. (കടപ്പാട്. പിഒസി പ്രസിദ്ധീകരണം)

നമുക്ക് നൽകപ്പെട്ടിരിക്കുന്നത് ഈ ഒരൊറ്റ ജന്മമാണ്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാനുള്ള ജന്മം. ജീവിതത്തിലെ ഏറ്റവും മനോഹരവും ഊർജ്ജവും നിറഞ്ഞ ഒരു കാലഘട്ടമാണ് യുവത്വം. വിവേകമതികളായ യുവതികളും വിവേകശൂന്യരായ കന്യകമാരെ   പോലെതന്നെ മണവാളൻ വരാൻ വൈകിയപ്പോൾ കിടന്നുറങ്ങി. എന്നാൽ ഉറക്കത്തിലും ഉണർവ്വുള്ളവരായിരുന്നു. ഈ ഉണർവ്വ്  തങ്ങളുടെ ഭവനത്തിൽ നിന്നും ഇറങ്ങുന്നതിനു മുമ്പേ അവരിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് വിളക്കുകളോടൊപ്പം എണ്ണയും  കരുതിയത്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും അനുകൂലമായ ഫലം സ്വന്തമാക്കാൻ നമുക്ക് എല്ലാ ഉപായങ്ങളും നല്‍കപ്പെട്ടിരിക്കുന്നു. അവയെ വിവേകപൂർവ്വം ഉപയോഗിക്കുമ്പോഴാണ് ജീവിതത്തിൽ നന്മകളുടെയും,  വിശുദ്ധിയുടെയും, സ്നേഹത്തിന്റെയും വിരുന്നിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

കടലിനെ സൃഷ്ടിച്ച ദൈവം അതിനെ ഉപയോഗിക്കാൻ മനുഷ്യന് വെളിച്ചം പകർന്നു. ആ പ്രകാശത്തെ മനുഷ്യൻ ഉപയോഗിച്ചപ്പോൾ അതിൽ നിന്നും വഞ്ചിയും,  തോണിയും, കപ്പലുകളും ജന്മമെടുത്തു.  ഓരോ വ്യക്തിയിലും ദൈവം ഒരുപാട് സാധ്യതകളെ നിക്ഷേപിച്ചിരിക്കുന്നു. യുവത്വം സാധ്യതകൾക്ക് ജന്മം കൊടുക്കേണ്ട സമയമാണ്. വിവേകമതികളായ കന്യകമാരെ പോലെ ജീവിതസാഹചര്യങ്ങളിൽ വിളക്കുകള്‍ അണഞ്ഞ് പോകുമ്പോഴും വീണ്ടും തെളിയിക്കാനുള്ള എണ്ണ എന്ന സാധ്യതയെ മുന്നിൽ കണ്ട് അയക്കപ്പെടുന്ന ദേശങ്ങളിലേക്ക് ഇറങ്ങി പുറപ്പെടുമ്പോൾ നമുക്ക് നൂറുമേനി ഫലം പുറപ്പെടുവിക്കാൻ കഴിയും. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് കാറ്റും, കോളും, ഒറ്റപ്പെടലും, അവഹേളനവും നിറഞ്ഞ ജീവിതത്തെ അസാധാരണമായ വിധത്തിൽ അതിജീവിച്ചവനാണ് യുവാവായ ക്രിസ്തു. ജനനം മുതൽ മരണം വരെ ക്രിസ്തു എന്ന യുവാവിനെ വെല്ലുവിളികളുടെ ആയിരം കൈകൾ പൊതിഞ്ഞു നിന്നിരുന്നു. എന്നാൽ തന്റെ ചെറു ജീവിതത്തിലൂടെ പൂർത്തീകരിക്കണമെന്ന് സ്വർഗ്ഗം ആവശ്യപ്പെട്ട ദൗത്യത്തെ പൂർത്തിയാക്കി കൊണ്ടാണ് ക്രിസ്തു യാത്രയായത്. ക്രിസ്തുവിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തുകയും ഏതിരുട്ടിലും വീഴാതിരിക്കാനും വീണാലും വിളക്ക് അണഞ്ഞു പോകാതിരിക്കാനും നമ്മെ അവിടുന്ന് സഹായിക്കുകയും ചെയ്യട്ടെ.

20. ഉത്ഥാന ശക്തിയോടെ ക്രിസ്തു പറയുന്നു "എഴുന്നേൽക്കുക"

നിങ്ങളുടെ ആന്തരിക സജീവത്വവും, സ്വപ്നങ്ങളും, ആവേശവും, ശുഭാപ്തിവിശ്വാസവും, ഉദാരതയും നഷ്ടപ്പെട്ടുവെങ്കിൽ യേശു നിങ്ങളുടെ മുൻപിൽ നിൽക്കുന്നു. വിധവയുടെ വൃദ്ധനായ മകന്റെ മുന്നിൽ നിൽക്കുന്നതുപോലെ. തന്റെ ഉത്ഥാനത്തിന്റെ സർവ്വ ശക്തിയോടും കൂടി അവിടുന്ന് നിർബന്ധിക്കുന്നു. “യുവാവേ ഞാൻ നിന്നോടു പറയുന്നു: എഴുന്നേൽക്കൂ”(ലൂക്ക 7: 14) 21. നിങ്ങളുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിലേക്ക് വെളിച്ചം വീശാൻ ദൈവജനത്തിന്റെ മറ്റുള്ള അനേകം പാഠങ്ങള്‍ക്കും കഴിയും എന്നത് തീർച്ചയാണ്. അതിൽ ചിലത് എല്ലാം താഴെ വരുന്ന അദ്ധ്യായങ്ങളിൽ പഠന വിധേയമാക്കുന്നുണ്ട്. (കടപ്പാട്.പിഒസി പ്രസിദ്ധീകരണം)

ഉത്ഥാനത്തിന്റെ സർവ്വ ശക്തിയോടെ ക്രിസ്തു നമ്മോടു പറയുന്നു "എഴുന്നേൽക്കുക" യുവത്വം ഊർജ്ജം പകരുന്നത് പോലെ തന്നെ നമ്മെ നിരാശയിലേക്ക് വേഗം വഴുതിവീഴാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാലമാണ്. ജീവിതത്തിൽ ആയിരം സാധ്യതകൾ മുന്നിൽ ഉണ്ടായിരുന്നിട്ടും അവയെ നിസ്സാരമായി കരുതി ചെറിയ ഓളങ്ങളിൽ ജീവിതത്തോണി ഒന്ന് ആടിയുലഞ്ഞപ്പോൾ പ്രത്യാശ നഷ്ടപ്പെട്ട് ആത്മഹത്യയിൽ ജീവൻ നഷ്ടപ്പെടുത്തിയ എത്രയെത്ര യുവജനങ്ങളെ  നാം പത്രത്തിൽ വായിക്കുന്നു. ജീവിതത്തിൽ ദുരന്തങ്ങളിലൂടെയും,  രോദനങ്ങളിലൂടെയും,  ഒറ്റപ്പെടുത്തലിലൂടെയും,  പരാജയങ്ങളിലൂടെയും, ഏകാന്തതയിലൂടെയും കടന്നുപോകാത്ത ആരാണുള്ളത്. ഭൂമിയിൽ പിറന്നു വീണ ഓരോ മനുഷ്യനും ഏതെങ്കിലും രീതിയിൽ പ്രതികൂല സാഹചര്യങ്ങളുടെ കടന്നുപോകുന്നുണ്ട്. അപ്പോഴൊക്കെ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കാത്തിരിപ്പുകളുമാണ് അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ക്രിസ്തുവോളം നാമാരും അപമാനിതരാക്കപ്പെടുന്നില്ല. ക്രിസ്തുവോളം നാമാരും ഒറ്റപ്പെടുത്തപ്പെടുന്നില്ല. ക്രിസ്തുവോളം ആരും സഹിക്കുന്നില്ല. ക്രിസ്തു വോളം ആരും ക്രൂശിക്കപ്പെടുന്നില്ല. അങ്ങനെയെങ്കിൽ നമുക്ക് ശക്തിപകരാൻ, ജീവൻ പകരാൻ ഉത്ഥാനം ചെയ്ത ക്രിസ്തു പുതിയ ചക്രവാളങ്ങളിലേക്ക്, പുതിയ ദിശയിലേക്ക് തോണി തുഴയാൻ, പുതിയ വശത്തേക്ക് വലിയ ഇറക്കാൻ എഴുന്നേൽക്കാൻ ആഹ്വാനം ചെയ്യുന്നു. നിരാശയുടെയും കഷ്ടപ്പാടുകളുടെയും യാമങ്ങളിൽ നിന്ന് പുറത്തു കൊണ്ട് വന്ന്, പുതുമത്സ്യവും, അപ്പവും ഒരുക്കിവെച്ച് പുതിയ പ്രഭാതത്തിലെ പ്രാതൽ കഴിക്കാൻ ക്രിസ്തു നമ്മെ വിളിക്കുന്നു. നമുക്ക് ഉണർന്നു  എഴുന്നേൽക്കാം.

27 June 2020, 21:09