തിരയുക

2020.05.07 Messa Santa Marta 2020.05.07 Messa Santa Marta 

ദൈവം നയിക്കുന്ന ജനതയുടെ കൂട്ടായ്മയാണ് സഭ

മെയ് 7-Ɔο തിയതി വ്യാഴാഴ്ച : സാന്താ മാര്‍ത്തയിലെ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  പൗലോസ്ലീഹായുടെ പ്രഭാഷണം
യേശുവിനെക്കുറിച്ച് അന്ത്യോക്യായിലെ ജനങ്ങളോടു ഉത്ഥിതനായ ഈശോയെക്കുറിച്ച് സംസാരിക്കുന്നതിന് ആമുഖമായി പൗലോസ് അപ്പസ്തോലന്‍ രക്ഷാകരചരിത്രം വിവരിക്കുന്നത് ആദ്യവായന നടപടി പുസ്തത്തില്‍നിന്നും പാപ്പാ ചൂണ്ടിക്കാട്ടി (നടപടി 13, 13-25).  രക്ഷാകര ചരിത്രം ഒരു കഥയാണ്. അത് ഒരു ജനത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെയും, ദൈവം അവര്‍ക്കു നല്കിയ വാഗ്ദാനങ്ങളുടെയും കഥയാണെന്ന് പാപ്പാ ആമുഖമായി വിശദീകരിച്ചു. ദൈവം അബ്രാഹത്തെ ജനതകള്‍ക്കു പിതാവായി നല്കി. ജനം അബ്രാഹത്തിനും തലമുറകള്‍ക്കുമൊപ്പം ചരിച്ചു. പൗലോസിനോട് അന്ത്യോക്യായിലെ മതാചാര്യന്മാര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് ജനങ്ങളോടു പരസ്യമായി സംസാരിക്കാന്‍ അവശ്യപ്പെട്ടപ്പോള്‍, അതുകൊണ്ടാണ് ശ്ലീഹ രക്ഷാകര ചരിത്രത്തിന്‍റെ ആരംഭത്തിലേയ്ക്കു പോയത്.

2. ക്രിസ്തീയത വിശ്വാസസംഹിതയല്ല
ക്രിസ്തീയത ഒരു വിശ്വാസസംഹിതയാണോ എന്നു ചോദിച്ചാല്‍ അതേ, വിശ്വാസസംഹിതയാണ്. എന്നാല്‍ അതു മാത്രമല്ലെന്നും പാപ്പാ വിവരിച്ചു. ക്രിസ്തീയത വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, വിശ്വാസസത്യങ്ങള്‍ക്കൊപ്പം, അവയെല്ലാം നമ്മിലേയ്ക്ക് എത്തിക്കാന്‍ ദൈവം ഒരു ജനത്തിന്‍റെ ജീവിതത്തിലും ചരിത്രത്തിലും ചെയ്ത വാഗ്ദാനങ്ങളും അവയുടെ പൂര്‍ത്തീകരണങ്ങളുമുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്. അതിനാല്‍ ക്രിസ്തീയതയെ ഒരു ധര്‍മ്മപ്രബോധന സംഘമായി മാത്രം കാണരുത്. ദൈവവും ധാര്‍മ്മിക തത്വങ്ങളുമുള്ള സ്ഥാപന കാഴ്ചപ്പാടിനും അപ്പുറം, അത് ദൈവത്താല്‍ തിരഞ്ഞെടുത്തു നയിക്കപ്പെടുന്ന ഒരു ജനത്തിന്‍റെ ഭാഗമായിരിക്കുന്നതിലാണ് ക്രിസ്തീയതയെന്ന് പാപ്പാ സമര്‍ത്ഥിച്ചു. അതിനാല്‍ ക്രിസ്തീയത ഒരു ധര്‍മ്മസ്ഥാപനമായിട്ടോ, ധാര്‍മ്മികാദര്‍ശങ്ങളുടെ വന്‍ പ്രസ്ഥാനമായിട്ടോ കൊട്ടിഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, നന്മയുടെ സ്വാതന്ത്ര്യത്തിനായി ദൈവം വിളിച്ച്, തിരഞ്ഞെടുത്ത നയിച്ച ഒരു ജനതയാണ് ക്രൈസ്തവര്‍ പാപ്പാ പ്രസ്താവിച്ചു.

3.  ദൈവത്തില്‍ ആശ്രയിക്കുന്ന കൂട്ടായ്മ
ക്രൈസ്തവര്‍ ദൈവജനത്തിന്‍റെ ഭാഗം എന്ന ആശയത്തിനു പകരം, ധാര്‍മ്മികമൂല്യങ്ങളില്‍ മുറുകെപ്പിടിക്കുകയും, നിയമാനുഷ്ഠാനത്തിനും ധാര്‍മ്മികമൂല്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു സമുന്നത സഖ്യത്തിന്‍റെ ആഢ്യത്വം അവകാശപ്പെടുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാപ്പാ പറഞ്ഞു. ക്രൈസ്തവരെ നിയമാനുഷ്ഠാനത്തിലൂടെ സ്വര്‍ഗ്ഗം പ്രാപിക്കുന്നവരും, അല്ലാത്തവര്‍ നരകത്തില്‍ നിപതിക്കേണ്ടവരുമാണെന്ന ചിന്തയിലും സുരക്ഷാബോധത്തിലും കഴിഞ്ഞുകൂടുന്നവരായിത്തീരാന്‍ സാധ്യതയുണ്ടെന്നും, ഈ മനോഭാവം ശരിയല്ലെന്നും പാപ്പാ വ്യക്തമാക്കി. ക്രൈസ്തവരായ നാം ഒരു സമൂഹത്തിന്‍റെയും, ദൈവജനത്തിന്‍റെയും ഭാഗമാണെന്ന ശരിയായ ധാരണ ആവശ്യമാണെന്ന് പാപ്പാ നിഷ്കര്‍ഷിച്ചു.

4. രക്ഷയുടെ ചരിത്രവും ഒരു ജനവും
പൗലോസ് അപ്പോസ്തലന്‍ വിവരിക്കാന്‍ ശ്രമിച്ചത് ദൈവം തിരിഞ്ഞെടുത്തു നയിച്ച ഒരു ജനതയുടെ ഭാഗമായിരുന്നു ക്രിസ്തു എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കാണെന്ന് പാപ്പാ വ്യക്തമാക്കി. അബ്രാഹത്തിലൂടെ ദൈവം വിളിച്ച ജനത്തിന്‍റെ ഭാഗമായിട്ടാണ് ക്രിസ്തു പിന്നീട് ജെസ്സെയുടെ ഗോത്രത്തില്‍ ജനിച്ചതെന്നും പാപ്പാ വചനഭാഗത്തുനിന്നും ആവര്‍ത്തിച്ചു. അബ്രാഹം മുതല്‍ ഒരു ജനത്തിന് ദൈവം നല്കിയ വാഗ്ദാനങ്ങള്‍ യേശുവില്‍ പൂര്‍ത്തീകരിക്കുന്നത് വിശുദ്ധഗ്രന്ഥത്തിന്‍റെ ഏടുകളില്‍ കാണാമെന്നും പാപ്പാ വിശദീകരിച്ചു. അവിടെ ന്യായാധിപന്മാരും പ്രവാചകന്മാരും വിശുദ്ധരും പാപികളും ഒക്കെ ഒരു ജനത്തിന്‍റെ ഭാഗമായിരുന്നു. ക്രിസ്തുവിനെ അനുഗമിച്ച വലിയ ജനവലിക്കും തങ്ങള്‍ ദൈവജനത്തിന്‍റെ ഭാഗമാണെന്ന അവബോധമുണ്ടായിരുന്നു. താന്‍ സഭയിലെ അംഗവും ദൈവജനത്തിന്‍റെ ഭാഗവുമാണെന്ന വാസനാഗുണമില്ലാത്തൊരു ക്രൈസ്തവന്‍ സ്വയം ന്യായീകരിക്കുമെങ്കിലും, അയാള്‍ ഒരു യഥാര്‍ത്ഥ ക്രൈസ്തവനല്ലെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

5. ദൈവത്തില്‍ പ്രത്യാശിക്കുന്ന  സമൂഹം
രക്ഷണീയ ചരിത്രത്തെക്കുറിച്ചും, സഭയാകുന്ന ഒരു ജനത്തിന്‍റെ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും നന്മയെക്കുറിച്ചും അവബോധമില്ലാത്ത ക്രൈസ്തവര്‍ യഥാര്‍ത്ഥ ക്രിസ്തീയതയില്‍നിന്നും അപഭ്രംശം സംഭവിച്ചവരാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. കൂട്ടായ്മയുടെയും ദൈവിക രക്ഷയുടെയും ജനതതിയുടെ ചരിത്രം മറന്ന്, പ്രമാണങ്ങളിലും, ധാര്‍മ്മികതയിലും മുറുകെപ്പിടിച്ച് സഭയുടെ ആഢ്യത്വം അവകാശപ്പെടുന്നവര്‍ ദൈവത്തിന്‍റെ കരുണയും സ്നേഹവും മറന്നു ജീവിക്കുന്ന മതാനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യക്കാരായി മാറുവാന്‍ ഇടയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ ദൈവികവാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു ദൈവത്തിന്‍റെ കൈപിടിച്ചു നടന്ന ഒരു ജനതയുടെ ഭാഗമാകാം നമുക്കെന്നും, പാളിച്ചകളും പാപവീഴ്ചകളുമുള്ള സമൂഹമാണെങ്കിലും ദൈവത്തിന്‍റെ പതറാത്ത സ്നേഹത്തിലും വറ്റാത്ത കാരുണ്യത്തിലും പ്രത്യാശയര്‍പ്പിച്ചു മുന്നേറാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

6. തെറ്റിപ്പോകാത്തതും അപ്രമാദിത്യമുള്ളതും 
അനുദിനം നാം രാവിലെ പാടി പ്രാര്‍ത്ഥിക്കുന്ന സഖറിയായുടെ മനോഹരമായ പ്രവചനഗീതവും (ലൂക്കാ 1, 67-79), സായാഹ്നപ്രാര്‍ത്ഥനയിലെ മറിയത്തിന്‍റെ സ്തോത്രഗീതവും (ലൂക്കാ 1, 46-56) പ്രതിഫലിപ്പിക്കുന്നതുപോലുള്ള പതറാത്ത വിശ്വാസത്തിന്‍റെ മനസ്സാക്ഷി വളര്‍ത്തിയെടുത്ത്, ദൈവത്തിന്‍റെ വിശുദ്ധിയുള്ളതും വിശ്വസ്തരുമായ ജനതയായി ജീവിക്കാനാണു പരിശ്രമിക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഒന്നും രണ്ടും വത്തിക്കാന്‍ കൗണ്‍സിലുകള്‍ പ്രബോധിപ്പിക്കുന്നതുപോലെ, ദൈവജനത്തിന്‍റെ വിശ്വസ്തതയുള്ള കൂട്ടായ്മയില്‍ വിശ്വാസത്തിന്‍റെ പൂര്‍ണ്ണിമയും, അതിനുള്ള അവബോധവുമുണ്ട്. ഇങ്ങനെയുള്ളൊരു വിശ്വാസം തെറ്റിപ്പോകാത്തതും അപ്രമാധിത്യമുള്ളതുമുണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

07 May 2020, 13:42