തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സാന്താമാർത്താ മന്ദിരത്തിലെ കപ്പേളയിൽ, ദിവ്യപൂജാർപ്പണ വേളയിൽ 02/05/20 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സാന്താമാർത്താ മന്ദിരത്തിലെ കപ്പേളയിൽ, ദിവ്യപൂജാർപ്പണ വേളയിൽ 02/05/20 

ഭരണാധികാരികൾക്കായി പാപ്പാ പ്രാർത്ഥിക്കുന്നു!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രതിസന്ധികളുടെ വേളകളിൽ ജനനന്മയെക്കരുതി ഐക്യത്തിൽ വർത്തിക്കണമെന്ന് മാർപ്പാപ്പാ.
“നമുക്കൊരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (02/05/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അന്നർപ്പിച്ച ദിവ്യബലിവേളയിൽ നടത്തിയ പ്രാർത്ഥന ആവർത്തിച്ചുകൊണ്ട് ഇപ്രകാരം ഓർമ്മിപ്പിക്കുന്നത്.
“സ്വന്തം ജനങ്ങളുടെ സംരക്ഷണച്ചുമതലയുള്ള ഭരണാധികാരികൾക്ക് കർത്താവ് കരുത്തേകുന്നതിനും, പ്രതിസന്ധികളുടെ അവസരങ്ങളിൽ ജനനന്മയെക്കരുതി ഏറെ ഐക്യത്തിൽ വർത്തിക്കണമെന്നും സംഘർഷമല്ല ഐക്യമാണ് മഹത്തരമെന്നും അവർ മനസ്സിലാക്കുന്നതിനും വേണ്ടി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
സൃഷ്ടിനടത്തുകയെന്ന തൻറെ ദൗത്യം ദൈവം മനുഷ്യനെ ഏല്പിച്ചുവെന്ന് മാർപ്പാപ്പാ “സുവിശഷപ്രഭാഷണംസാന്തമാർത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (02/05/20)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

പ്രസ്തുത ട്വിറ്റർസന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“തൊഴിൽ എന്ന പദമാണ് ബൈബിൾ ദൈവത്തിൻറെ സൃഷ്ടികർമ്മത്തെ ദ്യോതിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്: “ദൈവം തൻറെ ജോലി പൂർത്തിയാക്കി” (ഉൽപ്പത്തി 2,2). ഈ ദൗത്യം ദൈവം മനുഷ്യനെ ചുമതലപ്പെടുത്തി: തൊഴിൽ, മനുഷ്യൻറെ വിളിയാണ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

അന്നുതന്നെ പാപ്പാ “ജപമാല” (#Rosary) എന്ന ഹാഷ്ടാഗോടുകൂടിയ ഒരു സന്ദേശവും ട്വിറ്ററിൽ കണ്ണിചേർത്തു.
അത് ഇങ്ങനെ ആയിരുന്നു: “മെയ് മാസത്തിൽ നമുക്ക്, വീട്ടിൽ കൊന്തനമസ്ക്കാരം ചെല്ലുന്നതിൻറെ മനോഹാരിത വീണ്ടും കണ്ടെത്താം! മഹാമാരിയിൽ നിന്നു നമ്മെ രക്ഷിക്കുന്നതിനും ജീവിതം ശാന്തമായി സാധാരണഗതിയിലേക്കു വീണ്ടും വരുന്നതിനും വേണ്ടി കർത്താവിനോടു മാദ്ധ്യസ്ഥ്യം വഹിക്കാൻ നമുക്ക് ഒരോ ജപമാലപ്രാർത്ഥനയുടെയും അവസാനം മറിയത്തോട് അപേക്ഷിക്കാം”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

02 May 2020, 15:11